History

പ്രഥമ ഖലീഫ അബൂബക്കര്‍ രാഷ്ട്രത്തെ നയിച്ചതെങ്ങനെ?

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മരണ ശേഷം മുസ്‌ലിം സമൂഹം അനുഭവിച്ച പ്രതിസന്ധികളെ അബൂബക്കര്‍(റ) യുക്തിയോടെയും സ്ഥൈര്യത്തോടയുമാണ് അഭിമുഖീകരിച്ചത്. രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുത്ത അബൂബക്കര്‍(റ)വിന് മുന്നിലെ പ്രധാന പ്രശ്‌നമായിരുന്നു മുര്‍തദ്ദുകളുമായി (ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവര്‍) ബന്ധപ്പെട്ട പ്രശ്‌നം. ഈയൊരു പ്രതിസന്ധിയെ എങ്ങനെ അബൂബക്കര്‍(റ) നേരിട്ടു എന്നതിലൂടെ അദ്ദേഹത്തിന്റെ ഭരണ മികവ് ദര്‍ശിക്കാവുന്നതാണ്. ഇപ്രകാരം അബൂബക്കര്‍(റ) രാഷ്ട്രത്തിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചു. രാഷ്ടങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുകയും, ഇറാഖും സിറിയയും വിജയിച്ചടക്കുകയും ചെയ്തു. അങ്ങനെ, ഇസ്‌ലാമിക അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് നിയമങ്ങളും വകുപ്പുകളും സമൂഹത്തില്‍ സ്ഥാപിതമാവുകയാണ്.

അബൂബക്കര്‍(റ)വിന്റെ കാലത്തെ സമൂഹത്തിന്റെ സവിശേഷതകള്‍:

ഇസ്‌ലാമിക ഖിലാഫത്തിന്റെ തുടക്കത്തില്‍ എങ്ങനെയാണ് മുസ്‌ലിം സമൂഹം ഉണ്ടായിരുന്നതെന്ന് പഠിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യങ്ങളാണ് താഴെകൊടുക്കുന്നത്.
ഒന്ന്: മൊത്തത്തില്‍, ഇസ്‌ലാമിന്റെ പൂര്‍ണമായ അര്‍ഥതലങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുന്ന മുസ്‌ലിം സമൂഹമായിരുന്നു അബൂബക്കര്‍(റ) ഭരണം നടത്തിയിരുന്ന കാലത്തുണ്ടായിരുന്നത്. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം, പരലോക വിശ്വാസം, ദീനീ അധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ അതീവ ജാഗ്രത, ചരിത്രത്തിലെ മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് തെറ്റുകള്‍ ഏറ്റവും കുറഞ്ഞ സമൂഹം, ദീന്‍ അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമായിരുന്നു, അയല്‍വാസികളുമായും കുടുംബക്കാരുമായി ഊഷ്‌ളമായ ബന്ധം, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക തുടങ്ങിയ ഒരുപാട് പ്രത്യേകതകള്‍ ഒരുമിച്ചുചേരുന്ന സമൂഹമായിരുന്നു പ്രഥമ ഖലീഫ അബൂബക്കര്‍(റ) ഭരണം നടത്തിയിരുന്ന കാലത്തെ സമൂഹമെന്ന് പറയാവുന്നതാണ്. എന്നാല്‍, എല്ലാവരിലും ഈ ഗുണങ്ങള്‍ ഉണ്ട് എന്നതല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അത് ഒരു സമൂഹത്തിലും സാധ്യമല്ല. പ്രവാചകന്‍ മുഹമ്മദ്(സ)യുടെ സമൂഹത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയും, ഉള്ളില്‍ ഇസ്‌ലാമിനോട് ശത്രുത വെച്ചുപുലര്‍ത്തിയിരുന്ന കപടവിശ്വാസികളും(), ദുര്‍ബല വിശ്വാസികളും, വഞ്ചിക്കുന്നവരും, തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവരും, പ്രയാസപ്പെടുത്തുന്നവരും ഉണ്ടായിരുന്നു. എല്ലാവരെയും ഒരേ അളവില്‍ മനസ്സിലാക്കുക സാധ്യമല്ല. അതുപോലെ, എല്ലാവരെയും ഒരുപോലെ മാറ്റിയെടുക്കാനും കഴിയില്ല. കാരണം, വിശ്വാസം ഉള്‍കൊണ്ടവരില്‍ മാത്രം സംഭവിക്കുന്ന വലിയ അര്‍ഥത്തിലുള്ള മതപരമായ അധ്യാപനങ്ങളാണത്.

രണ്ട്: സമുദായം() എന്താണ് എന്നതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥ ദര്‍ശിക്കാന്‍ കഴിയുന്ന സമൂഹമായരുന്നു. കേവലം ഭാഷയുടെയോ, ഭൂമിയുടെയോ, ചില നന്മകളുടെയോ അടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെട്ട ഒരു വിഭാഗമായിരുന്നില്ല. ഇത്തരത്തില്‍ സമൂഹം ഏകീകരിക്കപ്പെട്ടിരുന്നത് ജാഹിലിയ്യ കാലത്തായിരുന്നു. ഇതില്‍നിന്ന് ഒരു സമൂഹം രൂപപ്പെടുകയാണെങ്കില്‍ അത് ജാഹിലിയ്യ സമൂഹമായിരിക്കും. എന്നാല്‍, ഇസ്‌ലാമിക സമൂഹം ദൈവിക സമൂഹമാണ്. അത് ഭാഷ, നിറം, വര്‍ഗം, സമീപ ദേശം എന്നിവ പരിഗണിക്കാതെ സമൂഹത്തെ വിശ്വാസവുമായി ബന്ധിപ്പിക്കുന്ന സമൂഹമായിരുന്നു. ചരിത്രത്തില്‍ ഇസ്‌ലാമിക സമൂഹത്തിലല്ലാതെ മറ്റൊരു സമൂഹത്തിലും ഇത് സാക്ഷാത്കൃതമായിട്ടില്ല. പക്ഷാപാതിത്വവും, ദേശീയതയും, വര്‍ഗീയതയും, നിറത്തിന്റെ പേരിലുള്ള വിവേചനവുമില്ലാത്ത ഒരു സമൂഹത്തെ മറ്റെവിടെയും കാണുക സാധ്യമല്ല. ഇസ്‌ലാമിക സമൂഹം അറിബിയെയും, ഹബശക്കാരനെയും, റോമക്കാരനെയും, പേര്‍ഷ്യക്കാരനെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തുനിര്‍ത്തുകയാണ്.

മൂന്ന്: ദീനീ നിര്‍ദേശങ്ങളും കല്‍പനകളും അടിസ്ഥാനമാക്കികൊണ്ടുള്ള ധാര്‍മിക നിയമങ്ങളില്‍ നിലനിന്നിരുന്ന ധാര്‍മിക സമൂഹമായിരുന്നു. ഈ നിയമങ്ങള്‍ രണ്ട് വ്യക്തികള്‍ക്കിടയിലെ ബന്ധം എങ്ങെയായിരിക്കണം എന്നത് മാത്രമല്ല ഉള്‍കൊള്ളുന്നത്. അത് വിശ്വാസി സമൂഹത്തിന്റെ പ്രധാന സവിശേഷതയാണെങ്കിലും. ഈ സമൂഹം ശരീരഭാഗങ്ങള്‍ കാണിച്ച് നടക്കുന്നതിലും, സ്ത്രീയും പുരുഷനും കൂടിചേരുന്നതിലും, വാക്കുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും സൂചന കൊണ്ടും മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതിലും, മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്നതിലുമെല്ലാം ഉന്നതമായ ധാര്‍മികത പ്രകടിപ്പിക്കുന്നു. രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, ചിന്താപരവും, ആവിഷ്‌കാരപരവുമായ വിവിധങ്ങളായ മേഖലകള്‍ ഉള്‍കൊള്ളുന്ന ധാര്‍മികതയാണ് ഇസ്‌ലാമിക സമൂഹത്തിന്റേത്. അതില്‍ വഞ്ചനക്കും അസത്യത്തിനും സ്ഥാനമില്ല.

നാല്: ജാഗ്രതയും നിരന്തര പരിശ്രമവുമുള്ള മഹത്തരമാര്‍ന്ന സമൂഹമായിരുന്നു, അത് ഉന്മേഷത്തോടെ സജീവ പ്രവര്‍ത്തനത്തിന് പ്രത്സാഹിപ്പിക്കുന്ന സമൂഹമായിരുന്നു, സമയത്തെ കൊല്ലുന്ന ഒരു വിഭാഗമായിരുന്നില്ല.

അഞ്ച്: ഏത് സമയത്തും എന്തിനും സന്നദ്ധമായ സമൂഹമായുരന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് വേണ്ടി മാത്രമായിരുന്നില്ല, എല്ലാ കാര്യത്തിനും അവര്‍ തയാറാവുകയും സന്നദ്ധമാവുകയും ചെയ്തിരുന്നു.

ആറ്: ആരാധനാകാര്യങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സമൂഹമായിരുന്നു. അത് അവരുടെ പ്രവര്‍ത്തനത്തില്‍ പ്രകടവുമാണ്. നിര്‍ബന്ധ കാര്യങ്ങളിലും, സുന്നത്തുകാര്യങ്ങളിലും മാത്രമല്ല നിര്‍വഹിച്ചിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും അവ ദൃശ്യമായിരുന്നു. ഭരണാധികാരി, അധ്യാപകന്‍, കച്ചവടക്കാരന്‍, ഭര്‍ത്താവ് എന്ന നിലയിലെല്ലാം സമുന്നത മാതൃക കാഴ്ചവെച്ച സമൂഹമായുരന്നു.
ഇതെല്ലാം അബൂബക്കര്‍(റ) ഭരണം നടത്തിയിരുന്ന കാലത്തിന്റെ സവിശേഷതയാണ്. ഈ സവിശേഷതകളാണ് മുസ്‌ലിം സമൂഹത്തിന്റെ മഹത്വത്തെ ആകാശ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുന്നത്. ഇതിലൂടെ ഇസ്‌ലാം വിശാലമായ അര്‍ഥത്തില്‍ വളരെ പെട്ടെന്നുതന്നെ വ്യാപിക്കുകയും ചെയ്തു. ഇസ്‌ലാം കേവലം അമ്പതില്‍ താഴെ വര്‍ഷങ്ങള്‍ കൊണ്ട് പടിഞ്ഞാറിലെ ദേശങ്ങള്‍ മുതല്‍ കിഴക്കായി ഇന്ത്യ വരെയും വ്യാപിച്ചു. അങ്ങനെ ബലാല്‍ക്കാരമില്ലാതെ, അടിച്ചമര്‍ത്തലില്ലാതെ ഇസ്‌ലാം ദേശങ്ങളില്‍നിന്ന് ദേശങ്ങളിലേക്ക് കുതിക്കുകയായിരുന്നു. അത്ഭുതകരമായ ഇസ്‌ലാമിന്റെ പ്രായോഗികതയാണ് ഇസ്‌ലാമിലേക്ക് ആളുകളെ ആകര്‍ഷിച്ചത്.

വൈദേശിക ഇടപെടലുകള്‍ക്കെതിരെ പോരാടിയ അബൂബക്കര്‍(റ)വിന്റെ രാഷ്ട്രീയം:

അറേബ്യന്‍ ഉപദ്വീപില്‍ മാത്രമുണ്ടായിരുന്ന ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനം പേര്‍ഷ്യയുടെയും റോമിന്റെയും തൊട്ടടുത്ത് കിടക്കുന്ന ഗോത്രങ്ങളിലേക്ക് വ്യാപിച്ചു. എന്നാല്‍, ഈ രണ്ട് രാഷ്ട്രങ്ങളും ഇസ്‌ലാമിക ഭരണത്തിന്റെ കീഴിലേക്ക് വന്നിരുന്നില്ല. പ്രവാചകന്‍(സ)യുടെ മരണ വാര്‍ത്തയറിഞ്ഞ ഈ ഗോത്രങ്ങളെല്ലാം ഇരു രാജ്യങ്ങളായ പേര്‍ഷ്യയുമായും റോമുമായും കൂടിചേര്‍ന്നു. തുടര്‍ന്ന് റോമും പേര്‍ഷ്യയും മുസ്‌ലിംകള്‍ക്കെതിരില്‍ ഈ ഗോത്രങ്ങളെ അണിനിരത്തി. പ്രവാചകന്‍ മുഹമ്മദ്(സ) മരണത്തിന് ശേഷം, അബൂബക്കര്‍(റ)വിനെ സംബന്ധിച്ചിടത്തോളം ഈ വൈദേശിക പിന്തുണയോടുകൂടി വരുന്ന സൈന്യത്തെ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അബൂബക്കര്‍(റ) ഉസാമത്ത് ബിന്‍ സൈദിന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് സൈന്യത്തെ അയച്ചു. അത്, മുസ്‌ലിംകള്‍ക്കെതിരില്‍ ഈ ഗ്രോത്രങ്ങള്‍ യുദ്ധ തയാറെടുപ്പ് നടത്തുന്നില്ലെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.

അതോടൊപ്പം, അബൂബക്കര്‍(റ) ഖാലിദ് ബിന്‍ സഈദ് ബിന്‍ ആസിനെ സൈനിക തലവനായി നിയോഗിച്ച് സിറിയയുടെ പ്രാന്തപ്രദേശങ്ങളിലേക്കും, അംറ് ബിന്‍ ആസിനെ തബൂക്കിലേക്കും ദൗമത്ത് ജന്‍ദലിലേക്കും, അലാഅ് ബിന്‍ ഹദറമിയെ ബഹറൈനിലേക്കും(ഗള്‍ഫ് അറേബ്യയുടെ എല്ലാ തീരങ്ങളും), മുസന്ന ബിന്‍ ഹാരിസ് അശ്ശൈബാനിയെ ബഹ്‌റൈനിലെ ഉത്തരാവാദിത്വത്തിന് ശേഷം ദക്ഷിണ ഇറാഖിലേക്കും അയക്കുകയുണ്ടായി. പേര്‍ഷ്യയുട കീഴിലായിരുന്ന ഇറാഖിലെ അറേബ്യന്‍ ക്രിസ്ത്യന്‍ വിഭാഗമായ ‘സുജാഹ് അത്തമീമിയ്യ’ മുസ്‌ലിംകളുടെ ശക്തി കണ്ടപ്പോള്‍ ഇറാഖിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. മുസ്‌ലിംകള്‍ അബൂബക്കര്‍(റ)വിന്റെ നേതൃത്വത്തിന് കീഴില്‍ ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തനക്ഷമതയോടെയും മുന്നേറി. അവര്‍ ഉത്തര ഭാഗത്തുളള അതിര്‍ത്തികളെല്ലാം സംരക്ഷിച്ചു. റോമിന്റെയും പേര്‍ഷ്യയുടെയും തൊട്ടടുത്ത വടക്കന്‍ അതിര്‍ത്തിയില്‍, കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായി അലാഅ് ബിന്‍ ഹദറമിയെയും, നജ്ദിന്റെ വടക്ക് ഭാഗത്തായി ഖാലിദ് ബിന്‍ വലീദിനെയും, ദൗമത്തുല്‍ ജന്‍ദലില്‍ അംറ് ബിന്‍ ആസിനെയും, സിറിയയുടെ പ്രാന്തപ്രദേശങ്ങളില്‍ ഖാലിദ് ബിന്‍ സഈദിനെയും കാണാന്‍ കഴിയുന്നതാണ്. ഉസാമത്ത് ബിന്‍ സൈദിന്റെ നേതൃത്വത്തലുള്ള സൈന്യത്തെ കുറിച്ച് പരാമര്‍ശിക്കേണ്ടതില്ലല്ലോ!

അവലംബം:  islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Facebook Comments

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker