Current Date

Search
Close this search box.
Search
Close this search box.

പ്രബോധനത്തില്‍ അവിശ്വാസികളുടെ സഹായം

ഖുറൈശികളുടെ ദ്രോഹങ്ങള്‍ ദുസ്സഹമായപ്പോള്‍ പ്രവാചകന്‍ സഖീഫ് ഗേത്രക്കാരുടെ സഹായം തേടി ത്വാഇഫിലേക്ക് പുറപ്പെട്ടു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കലായിരുന്നു ഉദ്ദേശം. നബി (സ) സൈദിബ്‌നുഹാരിസിനേയും കൂട്ടി രഹസ്യമായിട്ടായിരുന്നു യാത്ര. ഒരു സവാരിമൃഗത്തെപോലും കിട്ടിയില്ല. മക്ക മുതല്‍ ത്വാഇഫ് വരെ നടക്കുകയായിരുന്നു. പക്ഷേ, അങ്ങേയറ്റം  നിരാശാജനകമായ പ്രതികരണമായിരുന്നു ത്വാഇഫുകാരില്‍നിന്നുണ്ടായത്. തന്റെ ദൗത്യത്തിന്റെ പരാജയം ഖുറൈശികളെ ആഹ്ലാദിപ്പിക്കാതിരിക്കാന്‍ ഈ സഹായാഭ്യര്‍ത്ഥന പരസ്യപ്പെടുത്തരുതെന്ന അപേക്ഷപോലും അവര്‍ ചെവിക്കൊണ്ടില്ല. മാത്രമല്ല അവര്‍ പ്രവാചകനെ നിന്ദിക്കുകയും അവഗണിക്കുകയും ഉടന്‍ തങ്ങളുടെ പട്ടണം വിട്ടുപോയിക്കൊള്ളണമെന്ന് ശാസിക്കുകയും തെണ്ടികളേയും തെരുവ്പിള്ളേരെയും അദ്ദേഹത്തിന്റെ പിന്നാലെ പറഞ്ഞുവിടുകയും ചെയ്തു. അവര്‍ ശകാരിക്കുകയും, കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്തുകൊണ്ടിരുന്നു. കല്ലേറുകൊണ്ട് പവാചകന്റെ ശരീരത്തില്‍ ഒരുപാട് പരിക്കുകള്‍ പറ്റി. കാലിലൂടെ രക്തം ഒലിച്ചിറങ്ങി. സൈദിബ്‌നുഹാരിസ് നബിക്കുനേരെ വന്ന അക്രമങ്ങള്‍ തടുത്തുകൊണ്ടിരുന്നു.

അദ്ദേഹം അവിടെ നിന്നോടി. റബീഅയുടെ മക്കളായ ഉത്ബയുടേയും ശൈബയുടേയും തോട്ടത്തില്‍ അഭയം കണ്ടെത്തുവോളം ഓടി. അവര്‍ തിരിച്ചുപോയപ്പോള്‍ അദ്ദേഹം മുന്തിരിവള്ളികളുടെ തണലില്‍ വിശ്രമിച്ചുകൊണ്ടിരുന്നത് റബീഅയുടെ മക്കള്‍ കാണുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രവാചകന്‍ വിനയാന്വിതനായി പ്രാര്‍ത്ഥിച്ചു.: ” അല്ലഹുവെ, എന്റെ ബലഹീനതയേയും കഴിവില്ലായ്മയേയും ജനങ്ങള്‍ക്കിടയില്‍ എന്റെ നിസ്സാരതയേയും പറ്റി നിന്നോട് മാത്രമേ കരിണാവാരധിയായ നാഥാ എനിക്ക് പരാതിപ്പെടാനുള്ളു. നീ ദുര്‍ബലരുടെ നാഥനാണ്. നീ എന്റേയുംനാഥനാണ്. എന്നെ നീ ആര്‍ക്കണ് ഏല്‍പിച്ചുകൊടുക്കുന്നത്.? എന്നെ കീഴടക്കിക്കളയുന്ന ശത്രുക്കള്‍ക്കോ.? പരിഹസികോകുകയും നിന്ദിക്കുകയും ചെയ്യുന്ന അപരിചിതര്‍ക്കോ?. നിനക്ക് എന്നോട് ക്രോധമില്ലെങ്കില്‍ എനിക്ക് ഒന്നും പ്രശ്‌നമല്ല.” അദ്ദേഹത്തിന്റെ വിഷമാവസ്ഥകണ്ട് ഉത്ബയും ശൈബയും അവരുടെ ക്രൈസ്തവ ഭൃത്യന്‍ അദ്ദാസ് വശം ഒരു കുല മുന്തിരി നബിക്ക് കൊടുത്തയച്ചു. ‘ബിസ്മില്ല’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അത് ഭക്ഷിക്കാനാരംഭിച്ചത്. ഇത്‌കേട്ട അദ്ദാസ് ചോദിച്ചു.: ‘ഈ നാട്ടുകാരാരും പറയാത്ത വാക്യമാണല്ലോ അത് ?” പ്രവാചകന്‍ അവന്റെ നാട്ടിനേയും മതത്തേയും കുറിച്ച് ചോദിച്ചു. അവന്‍ നിനമവാക്കരനായ ക്രൈസ്തവനാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ : ” പുണ്യവാളനായ യൂനുസിന്റെ നാട്ടുകാരനാണല്ലേ.”  ” യൂനുസിനെ താങ്കള്‍ അറിഞ്ഞതെങ്ങനെ?” അദ്ദാസ്. പ്രവാചകന്‍ ഖുര്‍ആനിലെ യൂനുസ് നബിയ കുറിച്ചുള്ള ഭാഗങ്ങള്‍ കേള്‍പിച്ചശേഷം പറഞ്ഞു: ”യൂനുസ് എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനാണ്. ഞാനും പ്രവാചകനാണ്.” ഇതുകോട്ടപ്പോള്‍ അദ്ദാസ് നബിയുടെ ശിരസ്സിലും കൈകളിലും ചുംബിച്ച് ഇസ്‌ലാം മതം വിശ്വസിച്ചു.

തങ്ങള്‍ക്കെതിരെ ത്വാഇഫ്കാരോട് സഹായത്തിന് അഭ്യര്‍ത്ഥിച്ച വിവരം മക്കയില്‍ അറിഞ്ഞിരുന്നതിനാല്‍, ഈ ചുറ്റുപാടില്‍ പ്രവാചകന്ന്  ത്വാഇഫില്‍നിന്ന് മക്കയില്‍ പ്രവേശിക്കന്‍ പ്രയാസം നേരിട്ടു. സംഭവം മനസ്സിലാക്കിയ മുത്ഇമിബ്‌നു അദിയ്യും പുത്രന്മാരും സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുമ്പോട്ടുവന്നു. പ്രവാചകന്റെ മൂത്താപ്പ അബൂതാലിബിന്റെ സുഹൃത്തും ബഹുദൈവാരാധകനുമായിരുന്നു മുത്ഇമ്. അദ്ദേഹവും മക്കളും സായുധരായി നബിയെ മക്കയിലേക്ക് അനുഗമിക്കുകയുണ്ടായി. പ്രവാചകന്ന് താന്‍ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും നബി കഅ്ബ പ്രദിക്ഷണം ചെയ്യുമ്പോള്‍ കാവല്‍ നില്‍ക്കുകയും  ചെയ്തിരുന്നു. പിന്നീട് ഹിജ്‌റവരേയുള്ള മൂന്ന് വര്‍ഷക്കാലം പ്രവാചകന്‍ മക്കയില്‍ മുത്ഇമിബ്‌നു അദിയ്യിന്റെ സംരക്ഷണത്തിലായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍യുദ്ധത്തില്‍ നബിക്കെതിരെ ഇദ്ദേഹവും പങ്കെടുത്തിരുന്നു. യുദ്ധവേളയില്‍ മുത്ഇമുമായി ഏറ്റുമുട്ടേണ്ടിവന്നാല്‍ വധിക്കരുതെന്നും അഭയം നല്‍കണമെന്നും പ്രവാചകന്‍  സഹാബിമാരെ പ്രത്യേകം അറിയിച്ചിരുന്നുവെങ്കിലും മുത്ഇം മരിക്കുവോളം യുദ്ധംചെയ്യുകയാണുണ്ടായത്.

പ്രവാചകന്റെ ഹിജറ പലായനത്തിനുവേണ്ടി ആവശ്യമായ ഒട്ടകങ്ങളെയും മറ്റും രഹസ്യമായി പരിപാലിച്ച് തയാറാക്കിനിറുത്തിയതും നബിക്കും അബുബക്കറിനും ഗൂഡമായ മാര്‍ഗങ്ങളിലൂടെ മദീനയിലെത്താന്‍ വഴികാട്ടിയായി പോയതും ഇസ്‌ലാം സ്വീകരിക്കാത്ത ബഹുദൈപാരാധകനായ ഉറൈഖിത് ആയിരുന്നു. പരമരഹസ്യവും സുപ്രധാനവുമായ ഒരു ദൗത്യത്തിന് ബഹുദൈവാരാധകരുടെ സഹായസഹകരണങ്ങള്‍ ഉപയോഗപ്പെടുത്തിയത് പിന്‍ഗാമികള്‍ക്ക് മാതൃകയാകാന്‍വേണ്ടിയാവാനേ തരമുള്ളൂ.

                                

                                

Related Articles