Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഇംറാൻ ഖാൻ രാജിവെക്കണം?

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. പാർലമെന്റിൽ ഇംറാൻ ഖാനെതിരായി അവിശ്വാസ പ്രമേയം കൊണ്ടുവരാനും, 2018 മുതൽ രാജ്യം ഭരിക്കുന്ന അദ്ദേഹത്തിന്റെ സർക്കാറിനെ താഴെയിറക്കാനുമുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. തലസ്ഥാനമായി ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച (25.03.2022) രാവിലെ പാർലമെന്റ് യോഗം ചേർന്നിരുന്നു. ഇംറാൻ ഖാന്റെ പാക്കിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് (PTI) പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനെ നീക്കം ചെയ്യുന്നതിനുള്ള നിർണായക വോട്ടെടുപ്പ് ഒരാഴ്ചക്കുള്ളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് -നവാസ് (PMLN), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) എന്നീ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് ഇംറാൻ ഖാനെ പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിലേറിയെ ഖാന് വിനയായതും അഴിമതി ആരോപണങ്ങളാണ്. സാമ്പത്തിക കെടുകാര്യസ്ഥത, മുതിർന്ന മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണം, നിയോജക മണ്ഡലത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ പരാജയം, പാർട്ടി വിമതർക്കെതിരെയുള്ള ആക്രമണാത്മക പ്രസ്താവനകൾ എന്നിവയാണ് പി.ടി.ഐ പാർലമെന്റേറിയനായ നൂർ അലം ഖാൻ തന്റെ പാർട്ടിക്കെതിരെ തിരിയാനുള്ള കാരണമായി കാണുന്നത്. ദേശീയ അസംബ്ലിയിലെ 24 വിമതർക്കൊപ്പമുള്ള സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് ഇംറാൻ ഖാന്റെ പാർട്ടിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്തയാഴ്ചയിൽ നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി, ഇംറാൻ ഖാനെതിരെ വലിയ ശക്തി പ്രകടനമാണ് പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്. പി.എം.എൽ.എൻ പാർട്ടിയുടെയും നവാസ് ശരീഫിന്റെയും രാഷ്ട്രീയ കോട്ടയായ ലാഹോറിൽ നിന്ന് ശനിയാഴ്ച (26.03.2022) ആരംഭിച്ച ‘ലോങ് മാർച്ചി’ൽ പതിനായിരങ്ങളാണ് അണിനിരന്നത്. ‘ഞങ്ങൾ ഇസ്‌ലാമാബാദിലെത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി രാജിവെക്കും’ -എന്നാണ് നവാസ് ശരീഫിന്റെ മകളും രാഷ്ട്രീയ പിൻഗാമിയുമായ മറിയം നവാസ് മാർച്ച് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. ഇംറാൻ ഖാൻ ഭരണകൂടത്തിനെതിരെ തലസ്ഥാനത്തേക്ക് പുറപ്പെട്ടത് പി.എം.എൽ.എന്നിന്റെ അണികൾ മാത്രമല്ല, ജംഇയ്യത്തുൽ ഉലമാഇൽ ഇസ്‌ലാം (എഫ്) പാർട്ടി മേധാവി ഫസലുറഹ്‌മാനും ആയിരത്തോളം പ്രവർത്തകരും മാർച്ചിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം, ഇംറാൻ ഖാൻ പ്രതിപക്ഷ പ്രകടനത്തിനെതിരെ തലസ്ഥാനത്ത് അണികളോട് ഞായറാഴ്ച (27.03.2022) അണിനിരക്കാൻ ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് അണികളെ ഉത്‌ബോധിപ്പിക്കുകയും ചെയ്തു. ഇംറാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ പ്രവർത്തകർ ഫൈസാബാദ് ഇന്റർചേഞ്ചിന് സമീപമുള്ള പരേഡ് ഗ്രൗണ്ടിൽ അതിരാവിലെ എത്തുകയും, പാർട്ടി ഗാനത്തിന് ചുവടുവെക്കുകയും, ‘ഇംറാൻ അധികാരം തുടരട്ടെ’ എന്ന് മുദ്രവാക്യം ഉയർത്തുകയും ചെയ്തു. ‘ഇത് വിദേശ ഗൂഢാലോചനയാണെന്നും, ഇതിന് വിദേശത്ത് നിന്നാണ് സഹായം വന്നെത്തുന്നതെന്നും’ ഇംറാൻ ഖാൻ ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഞായറാഴ്ച ഇസ്‌ലാമാബാദിലേക്ക് ഒഴുകിയെത്തിയത്. സംഘർഷം തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അർധ സൈനിക വിഭാഗം ഉൾപ്പെടെ 13000 ത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. തലസ്ഥാനത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം ആരെയാണ് വിശ്വാസത്തിലെടുക്കുക?

‘ഇതെല്ലാം അവരുടെ സ്വയം രക്ഷക്കുള്ളതാണ്. പ്രധാനമന്ത്രി ഇംറാൻ ഖാൻ അവരുടെ അഴിമതി ക്ഷമിക്കാൻ പോകുന്നില്ലെന്നത് അവരെ വരിഞ്ഞുമുറുക്കുകയാണ്’- പി.എം.എൽ.എന്നിനെ നയിക്കുന്ന നവാസ് ശരീഫ് സഹോദരങ്ങളെയും, പി.പി.പിയുടെ തലവനായ മുൻ പ്രസിഡന്റ് ആസിഫ് സർദാരിയെയും പരാമർശിച്ച് പി.ടി.ഐ അംഗവും വിദേശകാര്യ പാർലമെന്ററി സെക്രട്ടറിയുമായ അൻദലീബ് അബ്ബാസ് അൽജസീറയോട് വ്യക്തമാക്കിയിരുന്നു. സർക്കാറിന്റെ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള ശ്രമത്തിലാണ് ഇംറാൻ ഖാൻ. പഞ്ചാബ് മുഖ്യമന്ത്രിയായി മടങ്ങിവരാൻ വളരെക്കാലമായി ശ്രമിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് -ഖാഇദ് (PMLQ) നേതാവ് പർവേസ് ഇലാഹിയെയാണ് ഇംറാൻ ഖാൻ നോട്ടമിട്ടിരിക്കുന്നത്. ഇംറാൻ ഖാന്റെ ആശ്രിതനായ ഉസ്മാൻ ബുസ്ദറാണ് ഇപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി. പാക്കിസ്ഥാനിലെ കൂടുതൽ ജനസംഖ്യയുള്ളതും സമ്പന്നവുമായ പ്രവിശ്യയാണ് പഞ്ചാബ്. രാജ്യത്തെ പ്രധാനമായ രണ്ടാമത്തെ സിവിലിയൻ പദവി വഹിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രിയാണ്. അവിശ്വാസ വോട്ടെടുപ്പിൽ ഇംറാൻ ഖാനെ പിന്തുണക്കുന്നതിന് പകരമായി പി.എം.എൽ.ക്യൂവിന്റെ ഇലാഹിക്ക് മുഖ്യമന്ത്രി സ്ഥാനം ഇംറാൻ ഖാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സർക്കാർ വക്താവ് ഹസൻ ഖവാർ നിഷേധിക്കുന്നുണ്ടെങ്കിലും. പി.ടി.ഐ പാർട്ടിയുടെയും സഖ്യകക്ഷികളുടെയും സഹായത്തോടെ അവിശ്വാസ വോട്ടെടുപ്പിനെ പരാജയപ്പെടുത്താനുള്ള ശമ്രത്തിലാണ് ഇംറാൻ ഖാൻ. പ്രതിപക്ഷത്തെ ‘കള്ളന്മാരുടെ കൂട്ടം’ എന്ന് വിമർശിക്കുന്ന ഇംറാൻ ഖാൻ അവിശ്വാസ വോട്ടെടുപ്പിനെ പരാജയപ്പെടുത്തുമെന്ന പ്രത്യാശയാണ് പ്രകടിപ്പിക്കുന്നത്.

ഇംറാൻ ഖാനെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുത്തുന്നതിനുള്ള ശക്തി 342 അംഗ ദേശീയ അസംബ്ലിയിൽ തങ്ങൾക്കുണ്ടെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഖാന്റെ ഭരണകക്ഷിയിലെ 20ഓളം അംഗങ്ങളുടെ കൂറുമാറ്റവും സഖ്യകക്ഷിയിലെ വിള്ളലും അധികാരം നിലനിർത്താൻ ആവശ്യമായ കേവല ഭൂരിപക്ഷത്തിൽ കുറവ് വരുത്തിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, കൂറുമാറിയവരെ വാരാന്ത്യത്തിനുള്ളിൽ തിരികെ കൊണ്ടുവരാൻ ഇംറാൻ ഖാന് കഴിയേണ്ടതുണ്ട്. അതിനിടെ, ഇംറാൻ ഖാന്റെ സഖ്യ സർക്കാറിൽ നിന്ന് പുറത്തുപോകുമെന്ന് നാല് അംഗങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുകയാണ്. അതേസമയം, 2018ലെ തെരഞ്ഞെടുപ്പിൽ 176 വോട്ടുകൾ നേടി അധികാരത്തിൽ വന്ന പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഇംറാൻ ഖാനെ ദുർബലപ്പെടുത്തുകയുമാണ്. ഇംറാൻ ഖാനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കാൻ വേണ്ടത് 172 വോട്ടാണ്. ഈയൊരു സാഹചര്യത്തിൽ അവിശ്വാസ വോട്ടെടുപ്പിനെ പരാജയപ്പെടുത്തുകയെന്നത് ഇംറാൻ ഖാന് എളുപ്പമല്ല. ഒപ്പം, രാജ്യത്തെ ശക്തമായ സൈനിക പിന്തുണ ഇംറാൻ ഖാന് കുറയുന്നതായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Related Articles