Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാലിദിന്റെ ജയില്‍ പ്രവേശത്തിന് മൂന്നാണ്ട് തികയുമ്പോള്‍

പൗരത്വ പ്രക്ഷോഭകാലത്തെ മുന്‍നിര വിദ്യാര്‍ത്ഥി പോരാളിയായിരുന്ന ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കൂടിയായ ഖാലിദിനെ 2020 സെപ്റ്റ്ംബര്‍ 13നാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്തെ ക്യാംപസുകളിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു ഖാലിദിനെ. 2020ലെ ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നും കലാപത്തിന് ആക്കം കൂട്ടിയെന്നുമാരോപിച്ചുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

എഫ്ഐആര്‍ 59/2020 പ്രകാരം ഐപിസി, 1967 ആയുധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യു.എ.പി.എ) കലാപം (സെക്ഷന്‍ 147 ഐപിസി), മാരകായുധം ഉപയോഗിച്ചുള്ള കലാപം (സെക്ഷന്‍. 148 ഐപിസി), കൊലപാതകം (സെക്ഷന്‍. 302 ഐപിസി), കൊലപാതകശ്രമം (സെക്ഷന്‍ 307 ഐപിസി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐപിസി) എന്നീ കുറ്റങ്ങള്‍ ആണ് ഉമറിനെതിരെ ചുമത്തിയത്.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് മുന്‍വിധിയുള്ള പ്രവൃത്തികള്‍ ചെയ്യുക തുടങ്ങിയവയാണ് ഇതിന് കീഴില്‍ വരിക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്നും ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് അക്രമത്തിന് പിന്നിലെന്നുമാണ് ഡല്‍ഹി പോലീസിന്റെ അവകാശവാദം.

2020 ഫെബ്രുവരി 23നും 26നും ഇടയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും തമ്മില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് ഉമറിനെതിരെയും ഡല്‍ഹി പൊലിസ് കേസെടുത്തിരിക്കുന്നത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.

മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും നിരവധി തവണയാണ് ഖാലിദിന്റെ ജാമ്യാപേക്ഷ വിവിധ കാരണങ്ങളാല്‍ തള്ളിയതും ജാമ്യം നിഷേധിക്കപ്പെട്ടതും. 2021 ഏപ്രില്‍ 15 ന് ഡല്‍ഹി കോടതി ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഖാലിദിന് എതിരെയുള്ള മറ്റ് വിവിധ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഒടുവില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 2022 ഡിസംബര്‍ 22ന് സുപ്രീം കോടതി ഒരാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.

‘അന്യായമായ നിയമ’ത്തിനെതിരെയായിരുന്നു സി എ എ വിരുദ്ധ പ്രതിഷേധമെന്നായിരുന്നു വിചാരണക്കിടെ ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നില്ല,
എല്ലാത്തിനെയും ഭീകരതയെന്ന് വ്യാഖ്യാനിക്കുന്ന കെണിയില്‍ കോടതി വീണു പോകരുതെന്നും ഉമര്‍ ഖാലിദ് പറഞ്ഞിരുന്നു.

തനിക്കെതിരെയുള്ള കേസ് എന്താണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നും പൊലിസിന്റെ മൊഴി കാരണമാണ് തനിക്ക് ഇത്രയും വര്‍ഷത്തെ തടങ്കല്‍ അനുഭവിക്കേണ്ടി വരുന്നതെന്നും അഭിഭാഷകന്‍ മുഖേന ഉമര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്രയും വര്‍ഷം ഉമര്‍ ജയിലില്‍ കഴിയുന്നത്. കേസില്‍ പൊലിസ് ആരോപണം സാധൂകരിക്കുന്ന മറ്റു തെളിവുകളൊന്നും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐ.പി.സി പ്രകാരം ആയുധ നിയമത്തിലെയും വസ്തുവകകള്‍ക്ക് നാശമുണ്ടാക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.

ഖാലിദിനും പൗരത്വ പ്രക്ഷോഭത്തിന്റെയും മറ്റും പേരില്‍ മുസ്ലിം ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരായ ഡല്‍ഹി പോലീസിന്റെ ആരോപണങ്ങളും കേസുകളും കെട്ടിച്ചമച്ചതാണെന്നും വിമതരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര, ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. തന്റെ മകന്‍ ജയിലില്‍ കിടക്കുന്നത് തനിക്കുവേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണെന്നാണ് ഖാലിദിന്റെ ഉമ്മ ഡോ സബീഹ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

അതേസമയം, ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. കേസ് നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടിവരുമെന്നും ഡോക്യുമെന്ററി തെളിവുകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുകയെന്നുമാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ബേല എം ത്രിവേദി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. ഉമര്‍ ഖാലിദിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles