Current Date

Search
Close this search box.
Search
Close this search box.

വംശീയത ശാപമായി മാറുന്ന ജര്‍മനി

വംശീയത ജര്‍മനിയുടെ ശാപമായി മാറുന്നു എന്നാണ് വാര്‍ത്തകള്‍. ബെര്‍ലിന്‍ പട്ടണം അതിന്റെ പരിമിതികള്‍ അനുഭവിച്ചു വരുന്നു. വെളുക്കാത്തവരുടെ നാട് എന്നതാണ് ഇവിടുത്തെ മുഖ്യ വിഷയം. കറുത്തവരെ തീരെ പ്രവേശിപ്പിക്കാത്ത ഇടങ്ങള്‍ പോലും ജര്‍മനിയിലുണ്ട് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. സ്‌കൂളുകളില്‍ അധ്യാപകര്‍ പോലും കുട്ടികളോട് വംശീയമായി ഇടപഴകുന്നു എന്നിടത്താണ് കാര്യങ്ങള്‍ ചെന്ന് നില്‍ക്കുന്നത്.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ജര്‍മനിയില്‍ സജീവമാകുന്നു എന്നാണു വാര്‍ത്ത. ജര്‍മ്മന്‍കാര്‍ അല്ലാത്തവരോട് തികഞ്ഞ അസഹിഷ്ണുത എന്നതാണ് അവരുടെ മുഖമുദ്ര. പേര് ചോദിച്ച് ഏതു നാട്ടുകാരന്‍ എന്ന ചോദ്യം ഒഴിവാക്കാന്‍ പലരും പേര് മാറ്റിയ അനുഭവം വരെ ജര്‍മനിയില്‍ നിലനില്‍ക്കുന്നു. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രവണതകളെ ശക്തമായി എതിര്‍ക്കുന്നു എന്ന് വരുമ്പോളും ഇത്തരം നിലപാടുകള്‍ ദിനേന വര്‍ധിച്ചു വരുന്നു. നാസികളെ പരസ്യമായി ന്യായീകരിക്കുന്ന വിഭാഗങ്ങള്‍ പോലും നാട്ടില്‍ സുലഭമാണ്. അതെസമയം സര്‍ക്കാര്‍ പ്രതിനിധി പറയുന്നത് ‘നാസികളുടെ യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കിയല്ല പലരും അവരെ പിന്തുണക്കുന്നത്. ഒരു താല്‍ക്കാലിക വികാരം എന്ന നിലയില്‍ മാത്രമാണ്’.

വംശീയതയുടെ ഇരകളായവര്‍ #Me two കാമ്പയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ തന്നെ ശക്തമായ ഒരു രാജ്യത്തു നടക്കുന്ന ഇത്തരം പ്രവണത ഭീതിയോടെയാണ് ആ നാട്ടുകാരില്‍ അധികവും നോക്കി കാണുന്നത്. വ്യത്യസ്ത ദേശക്കാര്‍ ഒന്നിച്ചു ഇടപഴകാനുള്ള വേദികള്‍ ഉണ്ടാക്കി കൊണ്ടുവരികയും അതിനു പ്രോത്സാഹനം നടത്താന്‍ സമ്മാനം നല്‍കുകയും ചെയ്യുക എന്നത് വരെ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്നു.

‘ജര്‍മനി വെളുത്തവര്‍ക്കു മാത്രം’ എന്ന മുദ്രാവാക്യം വലിയ ദുരന്തമായി തീരും എന്നത് അധികം ജര്‍മന്‍കാരും തിരിച്ചറിയുന്നു. അതെ സമയം വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് ജന സ്വാധീനം വര്‍ധിച്ചു വരുന്നു എന്നത് അവഗണിക്കാന്‍ കഴിയില്ല എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. അതിരു കടന്ന ദേശീയതക്ക് ഒരിക്കല്‍ വില നല്‍കിയവരാണ് ജര്‍മന്‍കാര്‍. ഈ വര്‍ഷം ആരംഭത്തില്‍ യു എന്‍ നടത്തിയ ഒരു പഠനത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം ആഫ്രിക്കന്‍ വേരുള്ള ജനത വംശീയതയുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ജര്‍മനിയിലെ വശീയതക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികൡ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

കാമ്പയിന്റെ ഭാഗമായി പലരും ദിനേനെയെന്നോളം അവരുടെ അനുഭവങ്ങളുമായി രംഗത്തു വരുന്നു. ആഫ്രിക്കക്കു പുറമെ ഇന്‍ഡോനേഷ്യ,ഫിലിപ്പൈന്‍, അറബ് രാജ്യങ്ങള്‍ തുടങ്ങി കിഴക്കന്‍ യൂറോപ്പ് വരെ വംശീയതയുടെ ഇരകളാകുന്ന അനുഭവമാണ് പലരും പങ്കു വെക്കുന്നത്. പ്രമുഖ ഫുട്‌ബോളറായ ജര്‍മനിയുടെ ദേശീയ താരം ഓസില്‍ പോലും ഈ വംശീയതക്കിരയായിരുന്നു.

Related Articles