Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രചാരണങ്ങളെല്ലാം ഒറ്റ വിസില്‍ നാദത്തിലലിയിച്ച് ഖത്തര്‍

ഒരു രാഷ്ട്രത്തിനെതിരെ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ആസൂത്രിതമായ വിദ്വേഷ-കുപ്രചാരണങ്ങള്‍ ഒരുപക്ഷേ ഇതിന് മുന്‍പ് ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല. അത്രത്തോളം എതിര്‍പ്പുകളും അപവാദങ്ങളും ആരോപണങ്ങളുമാണ് ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത് മുതല്‍ ഖത്തറെന്ന കൊച്ചു രാഷ്ട്രം നേരിടാന്‍ തുടങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്നതിനെ തടയിടാന്‍ നോക്കിയവരില്‍ ഖത്തറിന്റെ അയല്‍രാജ്യങ്ങളാണ് അറബ് രാഷ്ട്രങ്ങള്‍ തന്നെയായിരുന്നു ഏറ്റവും മുന്‍പില്‍ എന്നതാണ് ഏറെ സങ്കടകരം.

ലോകകപ്പ് സാധാരണ നടക്കാറുള്ള സമയമായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഖത്തറെന്ന മരുഭൂമിയില്‍ കൊടുംചൂടായിരിക്കുമെന്നും കളിക്കാര്‍ക്ക് കളിക്കാന്‍ പോയിട്ട് ഗ്രൗണ്ടിലിറങ്ങാന്‍ പോലുമാകില്ലെന്നായിരുന്നു ആദ്യത്തെ പ്രചാരണം. ഖത്തര്‍ ഭൂവിസ്തൃതിയില്‍ ചെറിയ രാജ്യമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനും അധിവസിപ്പിക്കാനുമുള്ള സൗകര്യം ഇവിടെയില്ലെന്നുമായിരുന്നു മറ്റൊന്ന്.

പിന്നാലെ ഖത്തര്‍ മുസ്ലിം രാജ്യമാണെന്നും അവിടെ ഇസ്ലാമിക നിയമങ്ങള്‍ ആണ്, അവിടെ അപരിഷ്‌കൃത സംസ്‌കാരങ്ങള്‍ ആണുള്ളത്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ ഇല്ല, ലൈംഗീക ന്യൂനപക്ഷങ്ങളും അമുസ്ലിംകളും അഭയാര്‍ത്ഥികളും പീഡിപ്പിക്കപ്പെടുന്നു, അത്തരക്കാരെ അനധികൃതമായി ജയിലിലടക്കുന്നു, ഖത്തര്‍ ലോകകപ്പ് വേദി ഫിഫയില്‍ പണം നല്‍കി സ്വാധീനിച്ച് നേടിയെടുത്തതാണ്, ലോകകപ്പ് സമയത്ത് മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സാധിക്കില്ല എന്നിങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക. ഇതിനെയെല്ലാം സഹിഷ്ണുതയോടെയും സൗമ്യതയോടെയും മാത്രമാണ് ആ കൊച്ചുരാജ്യത്തിന്റെ ഭരണാധികാരികളും ലോകകപ്പിന്റെ നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമെല്ലാം നേരിട്ടത്. ഒരിക്കല്‍ പോലും അവര്‍ രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയായി രംഗത്തെത്തിയില്ല. അപ്പോഴെല്ലാം ലോകകപ്പ് ചരിത്രത്തിന്റെ തന്നെ ഭാഗമാക്കാനുള്ള തയാറെടുപ്പുകളുടെ തിരക്കിലായിരുന്നു അവര്‍.

വിദ്വേഷപ്രചാരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നിലെല്ലാം യൂറോപ്യന്‍ മാധ്യമങ്ങളും യു.എസ് മാധ്യമങ്ങളുമായിരുന്നു മുന്നിട്ടുനിന്നത്. ഇത് ഖത്തര്‍ വിരുദ്ധ ചേരികളും മറ്റു മാധ്യമങ്ങളും ഏറ്റുപിടിക്കുകയുമായിരുന്നു. ഇവര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളില്‍ ബഹുഭൂരിഭാഗവും വ്യാജപ്രചാരണങ്ങളായിരുന്നു. ഇതിന്റെ മൂല കാരണമെന്തെന്ന് പരിശോധിച്ചാല്‍ അത് ചെന്നെത്തുക ഖത്തര്‍ ഒരു മുസ്ലിം രാഷ്ട്രമായതുകൊണ്ട് മാത്രമാണെന്നാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വിട്ട് ലോകകപ്പിന് മറ്റു രാഷ്ട്രങ്ങള്‍ വേദിയായപ്പോഴെല്ലാം ഈ അസഹിഷ്ണുത നാം കണ്ടതാണ്. ആഫ്രിക്ക ലോകകപ്പിന് വേദിയായപ്പോള്‍ ഭീകരമായ വംശീയ വിദ്വേഷ പ്രചാരണവും വെറുപ്പുമാണ് ഇതേ മാധ്യമങ്ങളും ഒരു വിഭാഗവും പടച്ചുവിട്ടിരുന്നത്. അതിന്റെ നിരവധി വാര്‍ത്തകള്‍ നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതുമാണ്. മറ്റു രാഷ്ട്രങ്ങളിലുള്ള പോലെ ഖത്തറിന് അവിടുത്തെതായ നിയമങ്ങളും പരമാധികാരവും ഭരണഘടനയുമെല്ലാം ഉണ്ടാകും. അതനുസരിച്ചാകും അവര്‍ മുന്നോട്ടുപോവുകയും ചെയ്യുക.

ലോകകപ്പ് വേദി ഖത്തറില്‍ നിന്നും തട്ടിത്തെറിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഈ സഖ്യം. ഇതിനായി അനൗദ്യോഗിക മുന്നണി തന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഖത്തറിനെതിരായ നാല് അയല്‍രാഷ്ട്രങ്ങളുടെ ഉപരോധവും ഇതിന്റെ ഭാഗമായിരുന്നു. ഉപരോധം കൊണ്ട് ഒറ്റപ്പെട്ട ഖത്തറിന് ലോകകപ്പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വേദി നഷ്ടപ്പെടുമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ നിര്‍മാണങ്ങളെല്ലാം പറഞ്ഞതിലും നേരത്തെ പൂര്‍ത്തിയാക്കി കാണിച്ചുകൊടുത്താണ് ഖത്തര്‍ എല്ലാ ആരോപണത്തെയും നേരിട്ടത്. പിന്നാലെ തീവ്രവാദ ഫണ്ടിങ്, ഭീകര ബന്ധം എന്നിങ്ങനെയെല്ലാം ആരോപണങ്ങള്‍ തുരുതുരെ പടച്ചുവിട്ടു. എന്നാല്‍ ഒന്നുകൊണ്ടും ആ രാഷ്ട്രത്തെ തളര്‍ത്താനായില്ല. ഇതിനു പിന്നില്‍ ഖത്തര്‍ അമീറായ 42കാരന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും ലോകകപ്പ് സി.ഇ.ഒ ആയ നാസര്‍ അല്‍ ഖാതിറിന്റെയും ദൃഢനിശ്ചയവും അസാമാന്യമായ ഭരണമികവുമാണെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രവുമല്ല, ഒരു ടീം പോലെ ഫിഫ പ്രസിഡന്റും ലോകകപ്പ് കമ്മിറ്റിയുടെ ഒന്നിച്ചു നിന്നു എന്നതുമാണ്.

സ്റ്റേഡിയങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി ഇവിടങ്ങളില്‍ മത്സരങ്ങളും നടത്തി ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ച് ആരാധകര്‍ രാജ്യത്തേക്കൊഴുകാന്‍ തുടങ്ങിയപ്പോഴും യൂറോപ്യന്‍ മാധ്യമങ്ങള്‍ ഖത്തറിലെ കുറ്റവും കുറവുകളും മാത്രം നോക്കിനടക്കുകയായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും സന്ദര്‍ശിച്ച അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ നിരാശയായിരുന്നു ഫലം.

അവര്‍ വിചാരിച്ച രൂപത്തിലുള്ള ന്യൂസ് സ്റ്റോറികള്‍ കിട്ടാതെ വന്നപ്പോഴാണ് ഒടുവിലായി വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ അവര്‍ നിര്‍ബന്ധിതരായത്. അതിന്റെ ഭാഗമായിട്ടാണ് ഏറ്റവും ഒടുവിലായി ഖത്തറില്‍ ലോകകപ്പ് വേളയില്‍ മദ്യം, ഡേറ്റിങ്, സ്വവര്‍ഗലൈംഗീകത,മാന്യതയല്ലാത്ത വസ്ത്രം എന്നിവ രാജ്യത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് ഭരണകൂടത്തിന്റേതെന്ന പേരിലുള്ള അറിയിപ്പ്. എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ ഒരു അറിയിപ്പും ഇറക്കിയിട്ടില്ലെന്ന് ഖത്തര്‍ അധികൃതരും ഫിഫയും പറഞ്ഞതോടെയാണ് വ്യാജപ്രചാരകര്‍ മനപൂര്‍വം നിര്‍മിച്ചെടുത്ത ഒന്നായിരുന്നു അതെന്ന് മനസ്സിലായത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറില്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ടാകുമെന്നും നിയന്ത്രണങ്ങളും വേലിക്കെട്ടല്ല തങ്ങള്‍ ഒരുക്കുന്നതെന്നും ലോകത്തുള്ള മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും തങ്ങള്‍ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ ഇടക്കിടെ ആവര്‍ത്തിക്കേണ്ടി വന്നു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആരാധകരുടെ ഫാന്‍സ് ഷോ നടത്താന്‍ ഖത്തര്‍ കൂലിക്ക് ആളെ ഇറക്കിയെന്നായിരുന്നു ഒടുവിലത്തെ പ്രചാരണം.

എന്നാല്‍ ഇത്രയും കാലം മൗനവലംഭിച്ച ഖത്തര്‍ അമീറും ലോകകപ്പ് സി.ഇ.ഒയുമെല്ലാം ഒടുവില്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കും പശ്ചാത്യ ലോബിക്കുമെതിരെ തുറന്നടിച്ചു. ലോകകപ്പ് വേദിക്ക് നറുക്ക് വീണതു മുതല്‍ ഒരു വിഭാഗം തങ്ങള്‍ക്കെതിരെ കൃത്യമായ അജണ്ടയോടെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയായിരുന്നെന്നും വലിയ വെല്ലുവിളികളാണ് തങ്ങള്‍ നേരിട്ടതെന്നും പറഞ്ഞു. ഏറ്റവും ഒടുവിലായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഇക്കാര്യം ആവര്‍ത്തിച്ചു. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെത് കാപട്യമാണെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്.

ഇങ്ങനെ പത്തുവര്‍ഷത്തോളം ആരോപണങ്ങളുടെയും കള്ളക്കഥകളുടെയും അസ്ത്രങ്ങള്‍ ഏറ്റിട്ടും എല്ലാത്തിനെയും സഹിഷ്ണുതയോടെയും സഹാനുകമ്പത്തോടെയും നേരിട്ട് ലോകചരിത്രത്തില്‍ തന്നെ ഇന്നോളം കാണാത്ത അതിനൂതന സാങ്കേതിക വിദ്യങ്ങളും അതിവിശാലമായ സൗകര്യങ്ങളും അതിഥികളെ ഊഷ്മളമായി സ്വീകരിച്ചും ഖത്തറിലെത്തുന്ന ‘ശത്രുക്കളുടെ’ പോലും മനം നിറച്ച് കൈയടി നേടിയിരിക്കുകയാണ് ഇപ്പോള്‍ ഖത്തര്‍. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് മുഴങ്ങുന്ന കിക്കോഫ് വിസില്‍ നാദത്തിലൂടെ ഈ പൊള്ളയായ പ്രചാരണങ്ങളെല്ലാം അലിഞ്ഞില്ലാതാവുന്നതും കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.

Related Articles