Current Date

Search
Close this search box.
Search
Close this search box.

Editor's Picks

ഇന്ത്യയിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങള്‍

ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ നടത്തിയ അക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രായേലിന് പിന്തുണയുമായെത്തിയ രാജ്യങ്ങളില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഫലസ്തീനില്‍ 75 വര്‍ഷമായി ഇസ്രായേല്‍ എന്ന സയണിസ്റ്റ് അധിനിവേശ രാഷ്ട്രം തുടരുന്ന യുദ്ധ ഭീകരതയും ആക്രമണങ്ങളെയും അപലപിക്കാനോ പ്രസ്താവനയിറക്കാനോ തയാറാകാത്ത മോദി ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പ് പോരാട്ടത്തെ അപലപിക്കാനും ഇസ്രായേലിന് പിന്തുണയറിയിക്കാനും ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ഇസ്രായേലിനെ സഹോദരതുല്യമായി കാണുന്ന യു.എസും ഫ്രാന്‍സും യു.കെയുമടക്കമുള്ള പാശ്ചാത്യന്‍, യൂറോപ്യന്‍ രാഷ്ട്ര തലവന്മാരും ഇസ്രായേലിന് നിരുപാധിക പിന്തുണയുമായി മിന്നല്‍ വേഗത്തില്‍ രംഗത്തുവന്നിരുന്നു. സമാനമായിരുന്നു മോദിയുടെ പ്രസ്താവനയും.

ആയുധമിടപാട് അടക്കം ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും ഇസ്രായേലുമായി മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഈ രാജ്യങ്ങളെല്ലാം അത്യാധുനിക യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിന്റെ സിംഹഭാഗവും ഇസ്രായേലില്‍ നിന്നാണ്. അതിനാല്‍ തന്നെ തങ്ങളുടെ ചങ്ങാതി രാഷ്ട്രത്തിന് ഒരു ആപത്ത് പറ്റുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് അവരുടെ ബാധ്യതയാണ്. അത് മുന്‍കാലങ്ങളിലും അവര്‍ തെളിയിച്ചതാണ്.

എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി, ഇത്തരം രാഷ്ട്രങ്ങളില്‍ നിന്നെല്ലാം ഫലസ്തീന് നിരുപാധിക പിന്തുണയറിയിച്ചും ഇസ്രായേലിന്റെ ക്രൂരതകളെ അപലപിച്ചും വലിയ രീതിയിലുള്ള പൊതുജനമുന്നേറ്റമാണ് ഉയര്‍ന്നു വന്നത്. യു.എസ്, യു.കെ, റഷ്യ, ഫ്രാന്‍സ്, കൊളംബിയ, ഓസ്‌ട്രേലിയ, ഗള്‍ഫ് രാഷ്ട്രങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ തലസ്ഥാനത്തും പ്രധാന നഗരങ്ങളിലുമെല്ലാം നൂറുകണക്കിന് പേരാണ് ഫലസ്തീനികള്‍ക്കും ഗസ്സക്കും പിന്തുണയുമായി തെരുവിലിറങ്ങിയത്. ഇവിടങ്ങളിലെല്ലാം ഭരണകൂടം ഒന്നുകില്‍ ഈ വിഷയത്തില്‍ ഇസ്രായിലിനോടൊപ്പമോ അല്ലെങ്കില്‍ മൗനിയോ ആയിരുന്നു. എല്ലായിടത്തും പൊലിസിന്റെയും ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത്.

ഇസ്രായേലിനെതിരെ ശബ്ദിക്കുന്നതിന് ഇത്തരം രാഷ്ട്രങ്ങളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പൊതുകൂട്ടായ്മകളുടെയും എന്‍.ജി.ഒകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. എന്നാല്‍ പലയിടത്തും പ്രകടനങ്ങള്‍ പൊലിസ് തടയുകയും സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ആഴ്ചകളില്‍ നാം വാര്‍ത്തകളിലൂടെ കണ്ടതുമാണ്.

സമാനമായ അറസ്റ്റ് പോലുള്ള സ്ഥിതിവിശേഷങ്ങള്‍ നമ്മുടെ രാജ്യത്തും കണ്ടു എന്നതും നാം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഫലസ്തീനികള്‍ക്ക് വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐക്യദാര്‍ഢ്യ റാലി നടത്തിയത് നമ്മുടെ രാജ്യത്ത് ആണ് എന്നതും എടുത്തുപറയേണ്ടത്. ഒക്ടോബര്‍ ഏഴിനു ശേഷം ഗസ്സക്കു മേല്‍ ഇസ്രായേല്‍ ആരംഭിച്ച ബോംബിങ്ങിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായത് കഴിഞ്ഞ ദിവസം കോഴിക്കോട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിലായിരുന്നു. ഫലസ്തീനെ പിന്തുണച്ചും ഇസ്രായേല്‍ നരനായാട്ടിനെയും ഈ വിഷയത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും ജമാഅത്തെ ഇസ്ലാമി, സി.പി.എം, സമസ്ത, കെ.എന്‍.എം, എസ്.ഐ.ഒ, എസ്.എഫ്.ഐ, സോളിഡാരിറ്റി തുടങ്ങിയ നിരവധി സംഘടനകളും മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റികളും മുസ്ലിം ജമാഅത്തുകളും സംയുക്തമായും അല്ലാതെയും ചെറുതും വലുതുമായ പരിപാടികളും ഇന്ത്യയില്‍ സംഘടിപ്പിച്ചു.

 

എന്നാല്‍, രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സമാനമായ ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ മോദിയുടെ പൊലിസ് നേരിട്ടത് വേറിട്ട രീതിയിലാണ്. ഇസ്രായേലിനോടുള്ള തങ്ങളുടെ കടപ്പാട് അറിയിക്കാന്‍ വേണ്ടി ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി പരിസരത്ത് നടത്തുന്ന പ്രതിഷേധ പരിപാടികളെയെല്ലാം നേരത്തെ തന്നെ പൊലിസ് വിലക്കിയിരുന്നു. ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നതിനും പ്രകടനം നടത്തുന്നതും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ജാഗ്രത കാട്ടിയിരുന്നു. വിലക്ക് ലംഘിച്ച് കഴിഞ്ഞ ആഴ്ച എസ്.എഫ്.ഐ നടത്തിയ ഇസ്രായേല്‍ എംബസി മാര്‍ച്ചിനെയും കഴിഞ്ഞ ദിവസം എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ ജന്തര്‍ മന്ദറിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചിനെയും ഡല്‍ഹി പൊലിസ് നേരിട്ടത് ക്രൂരമായിട്ടായിരുന്നു. മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും അവര്‍ക്കെതിരെ ലാത്തി പ്രയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പുരുഷ പൊലിസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം വന്നതും നാം കണ്ടതാണ്. ഹമാസ് ഭീകര സംഘടനയാണോ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളാണോ എന്ന കാര്യത്തിലായിരുന്നു പല നേതാക്കള്‍ക്കിടയിലും രണ്ടഭിപ്രായം ഉടലെടുത്തത്. കെ.കെ ശൈലജ ടീച്ചര്‍, പി ശ്രീരാമകൃഷ്ണന്‍, വി.ടി ബല്‍റാം, ശശി തരൂര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടായിരുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേരള പൊലിസ് കേസെടുത്തതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Related Articles