Current Date

Search
Close this search box.
Search
Close this search box.

എന്‍.സി.ആര്‍.ടി സിലബസില്‍ ബാക്കിയാവുക ഗോഡ്സെയും സവര്‍ക്കറും

സമീപ ഭാവിയില്‍ ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയോട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതിന് നേതൃത്വം നല്‍കിയ ധീര നായകന്മാരെക്കുറിച്ചുമൊക്കെ ചോദിച്ചാല്‍ അവര്‍ ഒരുപക്ഷേ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറയുക സംഘ്പരിവാര്‍ നേതാക്കളുടെ പേരുകളായിരിക്കും. അത് കേട്ട് നമ്മള്‍ ഞെട്ടുമെങ്കിലും അതിനവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം അവരുടെ മുന്നിലുള്ള ചരിത്രങ്ങളിലും പുസ്തകങ്ങളിലുമെല്ലാം സത്യത്തെ കാവി വര്‍ണ്ണത്തില്‍ മുക്കിയിട്ടുണ്ടാകും. ഇങ്ങിനെ തന്നെ മുന്നോട്ടു പോകുകയാണെങ്കില്‍ രാഷ്ട്ര പിതാവായ ഗാന്ധിജിക്ക് പകരം ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെക്കുറിച്ചാകും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയമുണ്ടാവുക.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിനുള്ള എല്ലാ പണികളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനായി ഉന്നത വിദ്യാഭ്യാസ രംഗം മുതല്‍ താഴെ തട്ടില്‍ പ്രീ പ്രൈമറി, നഴ്‌സറി വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തിന് വരെ അവര്‍ കാവി നിറം ചാര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ യാതൊന്നും സംഭാവന ചെയ്യുകയോ സമരത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ മരുന്നിന് പോലും പറയാനില്ലാത്ത സംഘ നേതൃത്വം ആകെ ചെയ്തത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെഴുതി നല്‍കി എന്നതാണ്. മേലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു സമരത്തിനും രംഗത്തിറങ്ങില്ലെന്നും തങ്ങളോട് മാപ്പാക്കണമെന്നും പറഞ്ഞ് ബ്രീട്ടീഷ് മേലാളന്മാര്‍ക്ക് മാപ്പെഴുതി നല്‍കി ആന്തമാനിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ വീര സവര്‍ക്കറാണ് ഇവരുടെ റോള്‍ മോഡല്‍. മാത്രമല്ല ബ്രിട്ടീഷ് സൈന്യത്തിന്റെ ഷൂ നക്കികൊടുത്ത മറ്റൊരു ചരിത്രവും ഇവരുടെ പേരിലുണ്ട്.

അതിനാല്‍ തന്നെ ഈ സത്യത്തെ തേച്ചുമായ്ച്ചു കളയുക എന്നതായിരുന്നു അവര്‍ക്ക് മുന്നിലെ ആദ്യത്തെ ജോലി. ഇതിനായി ബി.ജെ.പിക്ക് അധികാരം കിട്ടിയ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലും കേന്ദ്ര സര്‍ക്കാരിന് കീഴിലെ എന്‍.സി.ആര്‍.ടിയും ( National Council of Educational Research and Training) ഈ വെട്ടിനിരത്തലുകള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിലെല്ലാം അവരുടെ ഉദ്യോഗസ്ഥരെ തിരുകി കയറ്റി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സയെ വീര പുരുഷനാക്കിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തയാളാക്കിയും ചിത്രീകരിച്ചതിനും നാം സാക്ഷ്യം വഹിച്ചതാണ്.

മാത്രമല്ല, സംഘ്പരിവാറിന്റെ മുഖ്യ ശത്രുക്കളുടെ പട്ടികയിലുള്ള മുസ്ലിംകളെയും കമ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും ഇത്തരം ചരിത്ര താളുകളില്‍ നിന്നും പിഴുതെറിയുന്നതും നാം കണ്ടതാണ്. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഗാന്ധി വധം, അടിയന്തരാവസ്ഥ തുടങ്ങിയവയെല്ലാം വെട്ടിനിരത്തി ഏറ്റവും ഒടുവിലായി ഇന്ത്യയെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിച്ചിരുന്ന ‘ജനാധിപത്യ’ത്തെ പോലും നീക്കം ചെയ്യുകയാണ് കേന്ദ്ര ഭരണകൂടം. കെമിസ്ട്രി പാഠപുസ്തകത്തില്‍ നിന്നും പീരിയോഡിക് ടേബിളും (ആവര്‍ത്തന പട്ടിക) ഇതിന്റെ കൂടെ വെട്ടിനിരത്തിയിട്ടുണ്ട്.

എന്‍.സി.ആര്‍.ടിയുടെ പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എന്ന പാഠഭാഗം പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് നിരോധനം, ഹിന്ദു മുസ്ലിം ഐക്യം, ഗുജറാത്ത് കലാപത്തിനുപിന്നാലെ അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ മോദി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍, അന്ന് അടല്‍ബിഹാരി വാജ്പേയി നരേന്ദ്രമോദിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശം, മുകള്‍ സദസുകളെക്കുറിച്ചുളള ഭാഗങ്ങള്‍, ഭരണഘടന നിര്‍മ്മാണം, പഞ്ചവത്സര പദ്ധതിയുടെ ആരംഭം, ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയ ഭാഗങ്ങളും ഈ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

സര്‍ക്കാരിനെതിരായ സമരങ്ങള്‍, നോട്ട് നിരോധനം, സി.എ.എ-എന്‍.ആര്‍.സി സമരങ്ങള്‍,ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്‍, നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ പ്രസ്ഥാനം തുടങ്ങിയവയും വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പകരം സംഘ്പരിവാര്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമായും ആറു മുതല്‍ 12ാം ക്ലാസ് വരെയുള്ള ക്ലാസുകളിലാണ് ഇത്തരത്തില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയത്. കുട്ടികളുടെ പഠനഭാരം കുറക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന എന്‍.സി.ആര്‍.ടിയുടെ ന്യായീകരണം നമ്മില്‍ ചിരി പടര്‍ത്തും.

ഇതിനെ മറികടക്കുക എന്നത് നമ്മുടെ മുമ്പില്‍ എളുപ്പമുള്ള കാര്യമല്ല. ചരിത്ര വസ്തുതകളെ നിരന്തരം പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചും ഓര്‍മിപ്പിച്ചും യഥാര്‍ത്ഥ ചരിത്രത്തെ പുനരവതരിപ്പിക്കുക എന്നത് മാത്രമാണ് സത്യാനന്തര കാലത്ത് ഓരോ ഇന്ത്യക്കാരനും ഇതിനെതിരെ ചെയ്യാനാവുക. സംഘ്പരിവാര്‍ നുണകളെയും വളച്ചൊടിക്കലുകളെയും അതിനേക്കാള്‍ വര്‍ധിത പ്രചാരണത്തോടെ നേരിട്ടില്ലെങ്കില്‍ സത്യം മണ്‍മറഞ്ഞ് പൂര്‍ണമായും കെട്ടുകഥകള്‍ മാത്രം ചരിത്ര പുസ്തകത്തില്‍ ഇടം പിടിക്കുന്ന കാലം വിദൂരമാകില്ല.

Related Articles