Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തിനും മതേതരത്വത്തിനും ഭാവിയുണ്ട്

ഇന്ത്യ എന്ന വലിയ രാജ്യത്ത് കര്‍ണാടക ഒരു സംസ്ഥാനം മാത്രം. എങ്കിലും ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു മധുര പ്രതികാരത്തിന്റെ രുചിയുണ്ട്. സുപ്രീം കോടതി പോലും വിമര്‍ശിക്കാന്‍ ഇടയായ വിദ്വേഷ പ്രചാരണങ്ങളാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആഭ്യന്തര മന്ത്രി കര്‍ണാടകത്തില്‍ നടത്തിയത്. നിലവിലെ ബി ജെ പി സര്‍ക്കാര്‍ നിയമസഭയെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയിലെ വലിയ വിഭാഗത്തിന്റെ മത സ്വാതന്ത്രം ഇല്ലാതാക്കിയത്. മുസ്ലിംകള്‍ മാത്രമല്ല ബി ജെ പി ഭരണത്തില്‍ കൃസ്ത്യാനികളും പീഡനം അനുഭവിച്ചു. പ്രതികരിക്കാന്‍ സമയം കിട്ടിയപ്പോള്‍ ജനം പ്രതികരിച്ചു. അതാണ് കര്‍ണാടക നല്‍കുന്ന സൂചന.

തെക്കേ ഇന്ത്യയില്‍ നിന്നും ഫാസിസത്തെ താല്‍ക്കാലികമായി കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞു എന്നത് ആശ്വാസമാണ്. അതൊരു ആശ്വാസം മാത്രമായി നില്‍ക്കും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം മതേതരത്വത്തിന്റെ വിജയമാണ് എന്ന് ഉറപ്പിച്ചു പറയാം. ഈ വിജയത്തിന്റെ മാറ്റ് എത്രകാലം പാര്‍ട്ടിക്ക് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും എന്നിടത്താണ് മതേതരത്തിന്റെ ഭാവി നിലകൊള്ളുന്നത്.

എന്ത് കൊണ്ട് ബി ജെ പി തോറ്റു എന്നതിനേക്കാള്‍ പ്രസക്തം എന്ത് കൊണ്ട് കോണ്‍ഗ്രസ് ജയിച്ചു എന്നത് തന്നെയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒരിക്കല്‍ പോലും വര്‍ഗീയ രാഷ്ട്രീയത്തോടു രാജിയായില്ല എന്നത് പ്രത്യേകം എടുത്തു പറയണം. പല്ലും നഖവും ഉപയോഗിച്ച് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ഫാസിസത്തെ നേരിട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് ഡി.എസ് എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ശിവകുമാറില്‍ വലിയ വിശ്വാസം വന്നു. ഹിജാബിനെ ഒരു വെറുപ്പിന്റെ ആയുധമാക്കി സംഘപരിവാര്‍ മാറ്റിയപ്പോള്‍ ഹിജാബ് ധരിക്കുന്ന സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് രംഗത്ത് കൊണ്ട്‌വന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ച മാര്‍ജിന്‍ നോക്കിയാല്‍ അറിയാം സംസ്ഥാനത്തെ ജനങ്ങളുടെ വെറുപ്പിനോടുള്ള മനോഭാവം.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍്ഗ്രസ് നിലനില്‍ക്കാന്‍ വേണ്ടത് ഈ ഡി.എസ് മോഡലാണ്. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ വാദത്തെ മതേതരത്വം കൊണ്ട് പ്രതിരോധിക്കുക മാത്രമല്ല അത് പൊതുജനത്തിന് മനസ്സിലാവുകയും വേണം. വടക്കേ ഇന്ത്യന്‍ മോഡല്‍ ഒരു അഴകൊഴമ്പന്‍ മോഡല്‍ കൊണ്ട് എന്നും ഗുണം ലഭിക്കുക സംഘപരിവാരിനു തന്നെ. അപ്പോഴും നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചു. പക്ഷെ ആ വിജയം അവര്‍ക്ക് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തുടരാന്‍ കഴിഞ്ഞില്ല. വിജയത്തില്‍ ഉണ്ടാകുന്ന അത്യാഹ്ലാദം വല്ലാത്ത ദോഷമായി മാറുകയും ചെയ്യും. കര്‍ണാടക ഒരു പാഠമായി ഉള്‍ക്കൊള്ളുക. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുക. ഇന്ത്യയില്‍ അപ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭാവിയുണ്ട്.

Related Articles