Current Date

Search
Close this search box.
Search
Close this search box.

ബുള്‍ഡോസര്‍ രാജിലെത്തിനില്‍ക്കുന്ന ഹിന്ദുത്വം

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിടുക എന്ന കൃത്യമായ പദ്ധതിയാണ് സംഘ്പരിവാര്‍ ഭരണകൂടം രാജ്യത്തിന്റെ മുക്കുമൂലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷ ഉന്മൂലത്തിന്, കൃത്യമായി പറഞ്ഞാല്‍ മുസ്ലിം വംശഹത്യക്ക് മണ്ണൊരുക്കുന്ന പണി ആരംഭിച്ചതായി സമീപകാല സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ നമുക്ക് മനലസ്സിലാകും. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹത്തിനിടയില്‍ നേരത്തെ തന്നെ വളര്‍ത്തിയെടുത്ത അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും മുതലെടുത്ത് ആള്‍ക്കൂട്ടക്കൊലയും പശുക്കൊലയും മുഖ്യധാര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാധാരണ സംഭവമാക്കി മാറ്റുന്നതിലും സംഘ്പരിവാര്‍ വിജയിച്ചു.

നേരത്തെ ഉത്തര്‍പ്രദേശിലും ഏതാനും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മാത്രം മുഴച്ചുനിന്നിരുന്ന മുസ്ലിം വിരുദ്ധ വംശീയതയും പശുക്കൊലകളും വിദ്വേഷപ്രചാരണങ്ങളും കലാപാഹാന്വങ്ങളും ഇന്ന് ഇന്ത്യയിലെ ഏതാണ്ടെല്ലാം സംസ്ഥാനത്തും പടര്‍ന്നു പന്തലിച്ചതായി നമുക്ക് കാണാം. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരവും അതിന് പിന്നാലെ അരങ്ങേറിയ ഡല്‍ഹി വംശീയ കലാപത്തിനും ശേഷം ഇപ്പോള്‍ സമാനമായ വംശീയാതിക്രമങ്ങളും കലാപങ്ങളും വര്‍ധിതാവേശത്തോടെ നടപ്പാക്കുകയാണ് സംഘ്പരിവാര്‍.

രണ്ടു വര്‍ഷത്തെ കോവിഡിന്റെ ഇടവേളക്ക് ശേഷം കര്‍ണാടകയിലെ ഹിജാബ് നിരോധനത്തോടെയാണ് തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ വീണ്ടും കളം നിറഞ്ഞാടുന്നത്. പിന്നാലെ ഹിന്ദു മഹാ പഞ്ചായത്ത് എന്ന പേരില്‍ വ്യാജ സന്യാസിമാര്‍ മുസ്ലിംകള്‍ക്കെതിരെ കലാപാഹ്വാനത്തിന് വാളെടുക്കാനും അപരമത വിദ്വേഷവും കടുത്ത വര്‍ഗ്ഗീയ വിഷവും അണികളില്‍ കുത്തിവെക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ പുറത്തുവന്നതും നാം കണ്ടു.

ഇതിന് പിന്നാലെയാണ് സുവര്‍ണാവസരത്തിനായി തക്കം പാര്‍ത്തിരുന്ന ഹിന്ദുത്വ സംഘടനകള്‍ ശ്രീരാമന്റെ ജന്മദിനമായ രാമനവമിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മുസ്ലിംകള്‍ക്കെതിരായ കലാപം ഇളക്കിവിടാന്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. എട്ട് സംസ്ഥാനങ്ങളിലാണ് ആക്രമണം പരിധിവിട്ട് കലാപത്തിലേക്കെത്തിയത്. ഗുജറാത്ത്,മധ്യപ്രദേശ്, ജാര്‍ഖണ്ഡ്,വെസ്റ്റ് ബംഗാള്‍,ന്യൂഡല്‍ഹി,ഗോവ,കര്‍ണാടക,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട റാലികള്‍ക്കിടെയായിരുന്നു ആക്രമണങ്ങളെല്ലാം. ഹിന്ദു ദൈവമായ രാമന്റെ ജന്മദിനം ആഘോഷിക്കുന്ന ഹിന്ദു ഉത്സവമായ രാമനവമിയുടെ ആഘോഷത്തോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ വലിയ ഘേഷയാത്രകള്‍ നടത്തുകയും റാലി മുസ്ലിം പള്ളികള്‍ക്കും മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും എത്തുകയും ചെയ്യുമ്പോള്‍ അനൗണ്‍സ്‌മെന്റ് ജീപ്പിലൂടെ മുസ്ലിംകള്‍ക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്യുകയുമായിരുന്നു അവരുടെ നേതാക്കന്മാര്‍. ഇതില്‍ ആവേശം പൂണ്ട അണികളാണ് പള്ളികളും സ്ഥാപനങ്ങളും വീടുകളുമടക്കം തീവെച്ച് നശിപ്പിച്ചത്. മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും മാത്രം തെരഞ്ഞുപിടിച്ചാണ് കലാപമഴിച്ചുവിട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നാം പത്ര-മാധ്യമങ്ങളില്‍ കണ്ടതാണ്.

ഏറ്റവും ഒടുവിലായി ഇതേ അക്രമസംഭവങ്ങള്‍ നടന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റമെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിംകളുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭരണകൂടം തകര്‍ക്കുന്ന കാഴ്ചയിലെത്തി നില്‍ക്കുകയാണ്.
തങ്ങളുടെ സമ്പാദ്യവും വീടും വീട്ടുപകരണങ്ങളും ഒറ്റ നിമിഷം കൊണ്ട് കണ്‍മുന്നില്‍ തകര്‍ന്നടിയുന്നത് കാണേണ്ടി വന്ന വീട്ടമ്മമാരെയാണ് അവിടെ നാം കണ്ടത്. മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് അധികൃതരുടെ പൊളിക്കല്‍ നടപടി.

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായ മേഖലകളിലാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത് എന്നത് കൃത്യമായി മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഏതാനും സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ച് താല്‍ക്കാലികമായി പൊളിക്കല്‍ നടപടിക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹത്തിന്റെ അവസാന അത്താണിയായി സുപ്രീം കോടതി മാറിയിരിക്കുന്ന ദയനീയ കാഴ്ചയും ഇപ്പോള്‍ നമുക്ക് കാണാം.

ഇന്ത്യന്‍ ജുഡീഷ്യറിയെ കൂടി സംഘ്പരിവാര്‍ അപ്പാടെ വിഴുങ്ങുന്ന കാലം വരെ നമുക്ക് നീതിയുടെ നുറുങ്ങുവെട്ടം ലഭിച്ചേക്കും. എന്നാല്‍, രാജ്യത്ത് സര്‍വാധിപത്യം സ്ഥാപിച്ച് മുന്നേറുന്ന സംഘ്പരിവാറിനെതിരെ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങാത്തിടത്തോളം വേറെ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്താന്‍ ഇപ്പോള്‍ നമുക്ക് തരമില്ല.

Related Articles