Current Date

Search
Close this search box.
Search
Close this search box.

ചാന്ദ്രയാന്‍ പൂജിക്കാം; തൊപ്പി ധരിക്കാന്‍ പാടില്ല !

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍ 3ന്റെ വിക്ഷേപണത്തിന് മുന്‍പ് തിരുപ്പതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ എന്ന വാര്‍ത്തയും ബംഗളൂരുവില്‍ ഡ്യൂട്ടി സമയത്ത് ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്യുകയും അത് അഴിപ്പിക്കുകയും ചെയ്ത വാര്‍ത്തയും ഈ ആഴ്ചയാണ് നാം വായിച്ചത്. രണ്ടും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും ഇന്ത്യയിലെ സമകാലിക സാഹചര്യത്തില്‍ വളരെയേറെ അര്‍ത്ഥതലങ്ങളും സമാനതകളുമുള്ള വാര്‍ത്തകളാണിത്.

ഇന്ത്യയിലെ പൊതുഇടങ്ങളില്‍ ഒരു പ്രത്യേക മതവിഭാഗക്കാരുടെ ചിഹ്നങ്ങളോ വേഷവിധാനങ്ങളോ ആരാധനാ രീതികളോ കാണാനിടയാവുകയോ പ്രാക്ടീസ് ചെയ്യപ്പെടുകയോ ചെയ്താല്‍ അതിനെതിരെ ‘പൊതുബോധം’ ഉയരുകയും ശക്തമായ പ്രതിഷേധമുണ്ടാകുകയും കേസുകളും മാപ്പുപറച്ചിലും വരെയെത്തുന്നു കാര്യങ്ങള്‍. ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ട വ്യക്തികളെ സമൂഹമധ്യത്തില്‍ പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ മറ്റൊരു മതവിഭാഗത്തിന്റെ മതചിഹ്നങ്ങളോ ആരാധനകളോ പ്രവൃത്തികളോ ആകുമ്പോള്‍ അതിനെ പ്രശംസിച്ചും പുകഴ്ത്തിയും ഇതേ ‘പൊതുബോധം’ രംഗത്തുവരുന്നതുമാണ് നാം കാണാറുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ധാരാളം വാര്‍ത്തകള്‍ നാം കണ്ടു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മുകളില്‍ പരാമര്‍ശിച്ച രണ്ട് സംഭവങ്ങള്‍.

ബംഗളൂരുവിലെ മെട്രോപൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനിലെ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നയാള്‍ പച്ച നിറത്തിലുള്ള തൊപ്പി ധരിച്ചതിനെ ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീ ചോദ്യം ചെയ്യുകയും, നിങ്ങള്‍ വീട്ടിലും പള്ളിയിലുമാണ് മതം പ്രാക്ടീസ് ചെയ്യേണ്ടതെന്നും ജോലി സ്ഥലത്ത് പാടില്ലെത്തും ആക്രോശിക്കുന്നു. യൂണിഫോമിന്റെ ഭാഗമായി താങ്കള്‍ക്ക് തൊപ്പി ധരിക്കാന്‍ അനുവാദമുണ്ടോ എന്നും സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ തൊപ്പി ധരിക്കരുതെന്നും അത് ഊരി വെക്കണമെന്നും സ്ത്രീ ആവശ്യപ്പെടുന്നുണ്ട്.

താന്‍ എത്രയോ കാലമായി ഇങ്ങിനെ തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ ഇത്തരത്തില്‍ എതിര്‍ത്തിട്ടില്ലെന്നും കണ്ടക്ടര്‍ മറുപടി പറയുന്നു. ഒടുവില്‍ കണ്ടക്ടറോട് സ്ത്രീ തൊപ്പി അഴിപ്പിക്കുന്നുണ്ട്. തൊപ്പി അഴിച്ച് പോക്കറ്റിലിട്ട കണ്ടക്ടര്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും സ്ത്രീയോട് പറയുന്നുണ്ട്. ഈ സ്ത്രീ തന്നെ റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തത്. യാത്രക്കാരിയോട് വളരെ സൗമ്യമായാണ് കണ്ടക്ടര്‍ പെരുമാറുന്നത്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ബംഗളൂരുവില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് ലോഞ്ചില്‍ വെച്ച് നമസ്‌കരിച്ചതിനെതിരെ ഒരു വിഭാഗം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ലഖ്‌നൗവിലെ ലുലു മാളില്‍ വെച്ച് കുറച്ചാളുകള്‍ നമസ്‌കരിച്ചതും ചിലര്‍ വലിയ വിവാദമാക്കുകയും ഒടുവില്‍ മാള്‍ അധികൃതര്‍ ഇടപെടുകയും ചെയ്തിരുന്നു. ട്രെയിനില്‍ വെച്ചും കോളേജിലെ ക്ലാസ് മുറിയില്‍ വെച്ചും പാര്‍ക്കുകളില്‍ വെച്ചും ഓഫീസ് റൂമില്‍ വെച്ചും നമസ്‌കരിച്ചതിനെതിരെയും പരാതിയും അധിക്ഷേപവും ഉയര്‍ന്നിരുന്നു.

അടുത്തിടെ ബസ് കണ്ടക്ടര്‍ യാത്രക്കാരെ പുറത്തുനിര്‍ത്തി ബസിനകത്ത് വെച്ച് നമസ്‌കാരം നിര്‍വഹിച്ചുവെന്ന തരത്തില്‍ ഒരു വീഡിയോ ഇന്ത്യയില്‍ നടന്നതാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിന്റെ വസ്തുത അന്വേഷിച്ചപ്പോള്‍ വിദേശത്ത് നടന്നതാണെന്നും യാത്രക്കാര്‍ ബസില്‍ കയറുന്നതിനുള്ള സമയത്തിന് മുന്‍പ് നടന്നതാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ മതവിശ്വാസത്തിന്റെ ഭാഗമായി ചന്ദ്രക്കുറി തൊടുന്നതും പൂണൂല്‍ അണിയുന്നതും സിഖ് സമുദായക്കാര്‍ ടര്‍ബണ്‍ അണിയുന്നതും കന്യാസ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനും നമ്മുടെ രാജ്യത്ത് തടസ്സമൊന്നുമില്ല.

എന്നാല്‍ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കാനും ഒരു മതത്തിനെതിരെ ആളുകള്‍ക്കിടയില്‍ വിദ്വേഷവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കാനുമുള്ള മനപൂര്‍വ ശ്രമങ്ങള്‍ നമ്മുടെ രാജ്യത്ത് വലിയ അളവില്‍ നടക്കുന്നുണ്ട്. സംഘ്പരിവാര്‍ പ്രൊഫൈലുകളും അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന വ്യാജ പ്രൊഫൈലുകളുമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നത്. ലവ് ജിഹാദ്, ഹലാല്‍ ജിഹാദ്, ലാന്റ് ജിഹാദ് തുടങ്ങിയ പേരുകളില്‍ നിരവധി വ്യാജ കഥകളും ഇത്തരം പ്രൊഫൈലുകള്‍ പടച്ചുവിട്ടതും നാം കണ്ടതാണ്. അതിപ്പോഴും തുടരുകയാണ്. നാം ഇത് വായിക്കുമ്പോഴും പുതിയ കഥകള്‍ പടച്ചുകൊണ്ടിരിക്കുന്നതിന്റെ തിരക്കിലാണവര്‍.

അതേസമയം തന്നെ മറുവശത്ത്, ഒരു മതത്തിന്റെ ആചാരങ്ങളും ആരാധനകളും പൊതുഇടങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും മുറപോലെ നടക്കുകയും ചെയ്യുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തിന്റെ നെറുകയില്‍ തന്നെ ബഹിരാകാശ രംഗത്തെ കുതിച്ചുചാട്ടമായി വിശേഷിപ്പിക്കുന്ന ചാന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ ഔദ്യോഗിക സംവിധാനമായ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ തിരുപ്പതിയിലെ വെങ്കടാചലപതി ക്ഷേത്രത്തിലെത്തുകയും ചാന്ദ്രയാനു വേണ്ടി പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തുകയും ചെയ്തത്.

ചാന്ദ്രയാന്‍-3 പേടകം ക്ഷേത്രത്തിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അതിന്റെ ഒരു ചെറുമാതൃകയുമായാണ് സംഘം ക്ഷേത്രത്തിലെത്തിയത്. ഐ.എസ്.ആര്‍.ഒ സയന്റിഫിക് സെക്രട്ടറി ശാന്തനു ഭട്ട്വദേക്കറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രജ്ഞര്‍ എത്തിയത്. ഇതിന്റെ വാര്‍ത്തകളും വീഡിയോകളുമെല്ലാം മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്തയായതുമാണ്. നേരത്തെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ഒടുവില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം ഇത്തരം ഹൈന്ദവ വിശ്വാസപ്രകാരമുള്ള ചടങ്ങുകളും പൂജകളും നാം കണ്ടതാണ്. ഇതെല്ലാം രാജ്യത്തിന്റെ പൊതുവായ ആചാരത്തിന്റെയും അനുഷ്ടാനങ്ങളുടെയും ഭാഗമാണെന്നും ഇതെല്ലാം ഇന്ത്യയുടെ തനത് സംസ്‌കാരവും പരമ്പരാഗത രീതികളുമാണെന്ന് വരുത്തിതീര്‍ക്കാനുമാണ് ഈ കൂട്ടര്‍ ഇതിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര രാജ്യമെന്ന് കൊട്ടിഘോഷിക്കുകയും ഇതര മതങ്ങളുടെ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും അകറ്റി നിര്‍ത്തി അപരവത്കരിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ കാലങ്ങളായി തുടരുന്നത്. ഇതാണ് സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്ന ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തിന്റെ ആകെത്തുക എന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സാലാക്കാന്‍ കഴിയും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അവരുടെ സമസ്ത രംഗങ്ങളിലും തങ്ങള്‍ നിഷ്ടകര്‍ഷിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മാത്രം മതി എന്ന ഏകാധിപത്യ വാഴ്ചയുടെ പ്രതിരൂപമാണിത്.

ഇന്ത്യയെന്ന മതേതര-ബഹുസ്വര സമൂഹത്തില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അതുമുഖേന ഇതര മത-സമുദായങ്ങളെയും ന്യൂനപക്ഷ ജനതയെയും അരികുവത്കരിക്കുകയും അപരവത്കരിക്കുകയുമാണ് ഹിന്ദുത്വ ഇന്ത്യ നിര്‍മിക്കുന്നവരുടെ ലക്ഷ്യങ്ങള്‍. അതിനായി പൊതുജനങ്ങളുടെ മനസ്സ് പാകപ്പെടുത്താനുള്ള പ്രവൃത്തികളാണ് മേല്‍പ്പറഞ്ഞ സംഭവവികാസങ്ങളെല്ലാം.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

Related Articles