Current Date

Search
Close this search box.
Search
Close this search box.

ഹിജ്റ നല്‍കുന്ന പ്രചോദനങ്ങള്‍

നബി (സ) മക്കയില്‍നിന്ന് യസ്രിബിലേക്ക് ഹിജ്റ (പലായനം/ദേശത്യാഗം) നടത്തി 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹിജ് റ കലണ്ടര്‍ രൂപം കൊണ്ടത്. ഇസ്ലാം കേവലം മതമല്ല; പ്രത്യുത സത്യശുദ്ധമായ ആദര്‍ശാടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ സംസ്‌കാരവും നാഗരികതയും കൂടിയാണ്. ഇസ്ലാമിക നാഗരികതയുടെ തനിമയും മേന്മയും വിളംബരം ചെയ്യുന്നതാണ് മുസ്ലിംകളുടെ ആചാര-സമ്പ്രദായങ്ങളും ചിഹ്നങ്ങളും അടയാളങ്ങളും.

സമഗ്ര സമ്പൂര്‍ണമായ തൗഹീദിന് പല മാനങ്ങളുണ്ട്. ഏകീകരണവും ഉദ്ഗ്രഥനവും തൗഹീദിന്റെ തേട്ടമാണ്. ഒരു സമുദായം പല നാഗരികതകളെയും സമ്പ്രദായങ്ങളെയും അനുധാവനം ചെയ്യുമ്പോഴുള്ള വിഗ്രഥനവും തജ്ജന്യമായ വിനാശവും ചെറുത്തുകൊണ്ടു കൂടിയാണ് തൗഹീദ് (ഏകദൈവ വിശ്വാസം) ഭദ്രവും സുശക്തവുമാക്കേണ്ടത്. മഹാനായ ഉമര്‍ (റ) ഹിജ്റ കലണ്ടര്‍ നിര്‍മിതിയിലൂടെ ചെയ്തത് അതാണ്. തൗഹീദിന്റെ ഉള്‍ക്കാഴ്ചയാണ് അതിനു പ്രേരകം. വേറെയും ഉദാഹരണങ്ങളുണ്ട്. മസ്ജിദിന്റെ പല മൂലകളിലായി അങ്ങിങ്ങ് ചിതറിയ രീതിയില്‍ റമദാനില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുന്നത് കണ്ടപ്പോള്‍ അതിനെ ഒരു ഇമാമിന്റെ പിന്നില്‍ ഏകീകരിച്ചത് വഴി, ഒരുമയാണ് പെരുമ എന്ന പാഠം അല്ലെങ്കില്‍ ജമാഅത്തി(കൂട്ടായ്മ)ലാണ് ബര്‍കത്ത് എന്ന സത്യം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉമര്‍ (റ).

പല സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പലവിധ കാലഗണന സൃഷ്ടിച്ചേക്കാവുന്ന ആശയക്കുഴപ്പവും അതുവഴിയുള്ള പ്രശ്ന സങ്കീര്‍ണതകളും ഒഴിവാക്കേണ്ടതാണെന്ന ഉറച്ച ചിന്തയാല്‍ ഒരു ഏകീകൃത കലണ്ടര്‍ വേണമെന്ന് ഉമര്‍ ചിന്തിച്ചു; വിഷയത്തില്‍ വിപുലമായ കൂടിയാലോചന നടത്തി. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ നബിയുടെ ജനനത്തെയും വേറെ ചിലര്‍ നബിയുടെ വിയോഗത്തെയും കലണ്ടറിന് അടയാളമാക്കാമെന്ന് പറഞ്ഞു. ഉമറിന് ഈ നിര്‍ദേശങ്ങള്‍ സ്വീകാര്യമായില്ല. ഇസ്ലാം ഒട്ടും അനുവദിക്കാത്ത വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് ഇടം നല്‍കിയേക്കുമെന്ന ശങ്കയാണ് നിരാകരിക്കാന്‍ കാരണം. നബി പറഞ്ഞിട്ടുണ്ടല്ലോ: ”ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രന്‍ ഈസായെ വാഴ്ത്തിയതു പോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനും (അബ്ദുഹു വറസൂലുഹു) ആണെന്ന് പറയുക.” സത്യസാക്ഷ്യവചനത്തിലും മുസ്ലിംകള്‍ ഇങ്ങനെ തന്നെയാണ് പറയുന്നത്. നബി (സ) ഏതൊരു സൃഷ്ടിയെയും പോലെ അല്ലാഹുവിന്റെ അടിമ (അബ്ദ്) ആണെന്ന കാര്യം ആദ്യം പറഞ്ഞതിന് ശേഷമാണ് പ്രവാചകത്വത്തെ അംഗീകരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. നബി (സ) ഉള്‍പ്പെടെ പ്രവാചകന്മാരെയെല്ലാം അബ്ദ് എന്നാണ് ഖുര്‍ആന്‍ ആദരപൂര്‍വം വിശേഷിപ്പിച്ചത്. ഇങ്ങനെ ശിര്‍ക്കിന്റെ സകല കവാടങ്ങളും കൊട്ടിയടക്കാന്‍ ഉമര്‍ (റ) അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ചരിത്രത്തിന്റെ ഭാഗമായ ഒരു വൃക്ഷത്തോട് ജനങ്ങളില്‍ അനാശാസ്യമായ ആദരവ് കണ്ടപ്പോള്‍ ഉമര്‍ അത് മുറിച്ചുമാറ്റാന്‍ ഉത്തരവിടുകയായിരുന്നു (മയ്യിത്ത് നമസ്‌കാരത്തിന് റുകൂഉം സുജൂദും ഇല്ലാത്തത്, പ്രസ്തുത കര്‍മം പരേതനുള്ള പ്രണാമമായി ചിലരെങ്കിലും മൂഢമായി ധരിക്കാന്‍ ഇടയുള്ളതുകൊണ്ടുമാവാം).

ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സൗരാഷ്ട്ര മതം, ബഹായിസം, മാര്‍ക്സിസം, ഗാന്ധിസം തുടങ്ങി പലതും ചരിത്ര പുരുഷന്മാരുടെ നാമത്തില്‍ അറിയപ്പെടുമ്പോള്‍ ഇസ്ലാം അങ്ങനെയല്ല അറിയപ്പെടുന്നത്. മുഹമ്മദീയര്‍ എന്ന് വിളിച്ചുകൊണ്ട് ഇസ്ലാമിന്റെ ഈ സവിശേഷതയെ തല്ലിപ്പൊളിക്കാന്‍ പാശ്ചാത്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പലവിധ ശ്രമങ്ങളെ മുസ്ലിം ലോകം എതിര്‍ത്തതും ഇക്കാരണത്താല്‍ തന്നെ. നബിയുടെ വിയോഗം സംഭവിച്ചപ്പോള്‍ അതിരറ്റ പ്രവാചക സ്നേഹത്താല്‍ ആ വസ്തുത ഉള്‍ക്കൊള്ളാനാവാതെ, നബി മരിച്ചുവെന്ന് പറയുന്നവരുടെ തല കൊയ്യുമെന്ന് പറഞ്ഞുപോയ ഉമര്‍ കലണ്ടര്‍ ഉണ്ടാക്കുമ്പോള്‍ പുലര്‍ത്തിയ ജാഗ്രത നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ദീര്‍ഘമായ ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം, നബിയുടെ പിതൃവ്യ പുത്രനും പുത്രീ ഭര്‍ത്താവും പില്‍ക്കാലത്ത് നാലാം ഖലീഫയുമായ അലി (റ) യസ് രിബി(മദീന)ലേക്കുള്ള ഹിജ്റ അടയാളമാക്കാമെന്ന് നിര്‍ദേശിച്ചു. ഈ ആദര്‍ശ സമൂഹത്തിന്റെ പ്രഥമ തലമുറ ആദര്‍ശ മാര്‍ഗത്തില്‍ വരിച്ച ഉജ്ജ്വല ത്യാഗത്തിന്റെ ആവേശകരമായ സ്മരണകള്‍ ലോകാന്ത്യം വരെ നിലനിര്‍ത്തുകയും അങ്ങനെ നിത്യ പ്രചോദനമായിത്തീരുകയും ചെയ്യണമെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. ഇന്ന് പ്രസ്തുത സദുദ്ദേശ്യം വേണ്ടുംവിധം പുലരുന്നുണ്ടോ എന്നത് സമുദായം ഗൗരവപൂര്‍വം ആത്മപരിശോധന നടത്തേണ്ട സംഗതിയാണ്.

വിഗ്രഹങ്ങള്‍ പല ഇനമുണ്ട്: പ്രത്യക്ഷ വിഗ്രഹങ്ങളുണ്ട്; പരോക്ഷ വിഗ്രഹങ്ങളുമുണ്ട്. ചിരിക്കാനാവാത്ത, കരയാനാവാത്ത, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കളിമണ്‍ വിഗ്രഹങ്ങളെക്കാള്‍ മാരകമാണ് പരോക്ഷ വിഗ്രഹങ്ങള്‍. ചരിത്രത്തിലെ ഏറ്റവും ത്യാഗപൂര്‍ണമായ ഹിജ്റ നടത്തിയത് മുസ്ലിംകള്‍- ക്രൈസ്തവര്‍-ജൂതര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആദരണീയനായ ഇബ്റാഹീം നബിയാണ്. ‘അദ്ദേഹം നടത്തിയ പ്രാര്‍ഥനയില്‍, ‘ബിംബങ്ങള്‍ക്ക് അടിപ്പെട്ട് വിധേയരായി അധഃപതിക്കുന്നതില്‍നിന്ന് എന്നെയും എന്റെ സന്തതികളെയും അകറ്റിമാറ്റി രക്ഷപ്പെടുത്തേണമേ…’ (ഖുര്‍ആന്‍ 14:35) എന്ന് പറയുന്നുണ്ട്. ബിംബങ്ങള്‍ (അസ്വ് നാം ) എന്ന് ബഹുവചനത്തില്‍ പറയുമ്പോള്‍ പലയിനം വിഗ്രഹങ്ങള്‍ എന്ന വിവക്ഷയുണ്ട്. അദ്ദേഹം പാരമ്പര്യം എന്ന വിഗ്രഹത്തെയും ശിര്‍ക്കിന്റെ കളിമണ്‍ വിഗ്രഹത്തെയും തകര്‍ത്തതുപോലെ തന്റെ ദേശത്യാഗത്തിലൂടെ ‘സങ്കുചിത ദേശീയത’ എന്ന വിഗ്രഹത്തെയും തകര്‍ത്തിട്ടുണ്ട്. ഇബ്റാഹീമീ മില്ലത്തില്‍, ഇബ്റാഹീമീ പരമ്പരയിലെ മുഹമ്മദ് നബിയും തന്റെ ഹിജ്റയിലൂടെ ഇത്തരം ദേശീയതയുടെ വിഗ്രഹ ഭഞ്ജനം നടത്തുകയുണ്ടായി. ഹിജ്റകള്‍ നഗരങ്ങളെയും നല്ല നാഗരികതകളെയും സൃഷ്ടിക്കും.

ഇബ്റാഹീം നബി മക്ക എന്ന മുസ്ലിം ലോക തലസ്ഥാനത്തിന് ബീജാവാപം ചെയ്തെങ്കില്‍ മുഹമ്മദ് നബി മദീനക്ക് രൂപം നല്‍കി. മദീനയിലെത്തിയ മുസ്ലിംകള്‍ ഒന്നര വര്‍ഷത്തോളം മക്കക്ക് പകരം വിരുദ്ധ ദിശയിലുള്ള ഫലസ്ത്വീനിലേക്ക് മുഖംതിരിച്ച് പ്രാര്‍ഥിച്ചതിന്റെ പൊരുള്‍, ശരിയല്ലാത്ത ദേശീയതാ വികാരത്തിന്റെ അവസാനത്തെ അംശത്തെപ്പോലും ഇല്ലാതാക്കുകയെന്നതാണ്. ഊതിവീര്‍പ്പിച്ച തീവ്ര ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി പൗരന്മാരെ വഴിതെറ്റിച്ച് നാശം വിതക്കുന്ന ഈ ദുഷിച്ച കാലത്ത് ഹിജ്റയുടെ ഓര്‍മകള്‍ ഒരുപാട് ഉള്‍ക്കാഴ്ചകള്‍ നമുക്കേകുന്നുണ്ട്. ദേശീയത അര്‍ഥശൂന്യമായ ഭൂമി പൂജയായി മാറരുത്. ദേശസ്നേഹം ദേശവാസികളോടുള്ള സ്നേഹമാണ്. അതുകൊണ്ടാണ് നബി മദീനയിലെത്തിയ ശേഷം, മക്കയില്‍ ക്ഷാമം കൊണ്ട് ജനം വലയുന്നെന്നറിഞ്ഞപ്പോള്‍ ധാരാളം ധാന്യങ്ങള്‍ അവിടേക്ക് കയറ്റിയയച്ച് സഹായിച്ചത്.

സത്യപ്രബോധനത്തെ തടസ്സപ്പെടുത്താന്‍ പ്രകോപനങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുക, വിഷയത്തെ അതിന്റെ മര്‍മത്തില്‍ നിന്നും തെറ്റിക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ സത്യനിഷേധികള്‍, വിശിഷ്യാ സ്വേഛാധിപതികള്‍ എന്നും പ്രയോഗിക്കാറുണ്ട്. സത്യപ്രബോധകര്‍ പ്രകോപിതരാവുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്നത് വളരെ മൗലികമായ കാര്യമാണ്. പ്രതിയോഗികളൊരുക്കുന്ന കെണികളില്‍ കുടുങ്ങി വഴിതെറ്റരുത്. സത്യനിഷേധികളുടെ ലക്ഷ്യം മുഖ്യ വിഷയത്തില്‍നിന്ന് വഴിതെറ്റിക്കുക എന്നതാണ്. അത് വിജയിക്കാനനുവദിക്കരുത്. ആകയാല്‍ പ്രതിയോഗികളുടെ ഹീനമായ കുതന്ത്രങ്ങളില്‍നിന്ന് വിവേകപൂര്‍വം ഒഴിഞ്ഞുമാറുക എന്ന അടവ് സ്വീകരിക്കേണ്ടിവരും. ഹിജ്റ ആ അര്‍ഥത്തില്‍ ഒരടവും തന്ത്രവുമാണ്; എക്കാലത്തും പ്രസക്തമായ സമര്‍ഥ തന്ത്രം.

വിശുദ്ധ ഖുര്‍ആനില്‍ ഹിജ്റയും ജിഹാദും ‘ഹാജറൂ വ ജാഹദൂ’ എന്ന് ചേര്‍ത്തു പറഞ്ഞിരിക്കുന്നു. ഹിജ്റയാണ് ആദ്യം പറഞ്ഞത്. വളരെ ചിന്തനീയമാണിത്. മെച്ചപ്പെട്ട ബദലിന് വേണ്ടി നല്ല മേച്ചില്‍ പുറങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്സാഹപൂര്‍വമായ അന്വേഷണം, തിന്മകളില്‍നിന്ന് നന്മയിലേക്കുള്ള മാറ്റം, ദുഷിച്ച സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെട്ട് നല്ല ചുറ്റുപാടിലേക്ക് കൂടുമാറല്‍ എന്നീ അര്‍ഥങ്ങളിലെല്ലാം ഹിജ്റ നിത്യ പ്രസക്തമാണ്. അത്തരമൊരു ഹിജ്റാ വികാരം സത്യവിശ്വാസികളില്‍ എപ്പോഴുമുണ്ടാകണം. വിള മെച്ചപ്പെടുത്താന്‍ കൃഷിയില്‍ പറിച്ചുനടല്‍ എന്ന പ്രക്രിയയുണ്ട്. ഇതുപോലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സല്‍ഫലം കിട്ടാന്‍ പറിച്ചുനടല്‍ വേണ്ടിവരും. ഹിജ്റ ഒരുതരം ട്രാന്‍സ്പ്ലാന്റേഷന്‍ കൂടിയാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി നാം നാടുവിട്ട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതുവഴി സുവര്‍ണാവസരങ്ങള്‍ ലഭിച്ച് സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെ പലതും ലഭിക്കും. ആദര്‍ശ മാര്‍ഗത്തിലെ നേട്ടങ്ങളും ഇതുപോലെയാണ്.

വളരെ വൃത്തിഹീനമായ ചളിക്കുണ്ടില്‍ നാം അകപ്പെട്ടു എന്നു കരുതുക. അതില്‍നിന്ന് കയറാതെ അവിടെ നിന്നുകൊണ്ടുതന്നെ വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണമായും വൃത്തിയാക്കാന്‍ സാധിച്ചെന്ന് വരില്ല. മറ്റൊരു പ്രതലത്തിലേക്ക് മാറി നിന്ന് വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ അത് വേഗം നടക്കും; ഫലപ്രദവുമായിരിക്കും. സംസ്‌കരണ വിഷയത്തില്‍ ഇതും വളരെ പ്രസക്തമാണ്. ചീത്ത കൂട്ടുകെട്ടില്‍ തുടര്‍ന്നും ദുഷിച്ച കെട്ടുപാടുകളില്‍തന്നെ കഴിഞ്ഞുകൂടിയും പൂര്‍ണ സംസ്‌കരണം സുസാധ്യമല്ല. ഇവിടെ തികഞ്ഞ ഹിജ്റാ വികാരത്തോടെ ദുഷിച്ച സാഹചര്യത്തില്‍ നിന്നുള്ള അകന്നു നില്‍പ് അനിവാര്യമാണ്. സംസ്‌കരണ യത്‌നങ്ങളില്‍ ഇത്തരം ഹിജ്റകള്‍ നടക്കണം. അങ്ങനെ നടക്കാത്തതാണ് പരിവര്‍ത്തനം ഉദ്ദേശിച്ച രീതിയില്‍ നടക്കാത്തതിന്റെ കാരണം.

തൈര് കടഞ്ഞാല്‍ വെണ്ണ ലഭിക്കും; പിന്നെയുള്ളത് മോരാണ്. അത് വീണ്ടും വീണ്ടും കടഞ്ഞ് സമയവും അധ്വാനവും വിഭവങ്ങളും പാഴാക്കരുത്. മറിച്ച് പുതിയ തൈര് കണ്ടെത്തി കടയണം. അതേപോലെ നിന്നേടത്ത് തന്നെ നിന്ന് തിരിഞ്ഞു കളിക്കരുത്. പുതിയ മനുഷ്യരെ തേടണം; പുതിയ വൃത്തങ്ങളെയും പ്രദേശങ്ങളെയും കണ്ടെത്തണം. അതിനാലാണ് നബി മക്കയിലെ യത്നം നിര്‍ത്തി മദീനയിലേക്ക് മാറിയത്.

ഞങ്ങള്‍ ദുര്‍ബലരായിരുന്നു; ന്യൂനപക്ഷമായിരുന്നു; സാഹചര്യം വളരെ പ്രതികൂലമായിരുന്നു- ഇത്യാദി ക്ഷമാപണ ശൈലിയിലുള്ള ദുര്‍ബല ന്യായങ്ങളും വിലാപങ്ങളും മാത്രമായി കാലം കഴിക്കുക എന്നത് ഒരു ആദര്‍ശ സമൂഹത്തിന് എക്കാലവും തുടരാവുന്ന ഒന്നല്ല. ഒന്നുകില്‍ പ്രതികൂല സാഹചര്യത്തെ മാറ്റിപ്പണിയാനും പ്രതിബന്ധങ്ങളെ തുടച്ചുനീക്കാനും പരമാവധി യത്നിക്കണം. അങ്ങനെ വരുമ്പോള്‍ പലപ്പോഴും പ്രതിസന്ധികള്‍ സാധ്യതകളായി മാറിയെന്ന് വരും. അല്ലാത്ത പക്ഷം നല്ലതായ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാനും പറിച്ചു നടലിന് ത്യാഗപൂര്‍വം വിധേയരാവാനും സന്നദ്ധമാവണം. ഇക്കാര്യത്തില്‍ പാരമ്പര്യമാകുന്ന വേരുകള്‍, ബന്ധുമിത്രാദികള്‍, സൗകര്യങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ ഒരിക്കലും പ്രതിബന്ധമാവരുത്. വിശുദ്ധ ഖുര്‍ആന്‍ 4:97 ചിന്താപൂര്‍വം വിശകലനം ചെയ്താല്‍ ഈ വസ്തുത ഗ്രഹിക്കാവുന്നതാണ്.

ഖലീലുല്ലാഹി ഇബ്റാഹീം (അ) ഇറാഖില്‍നിന്ന് ഹിജാസിലെ മക്ക(ബക്ക)യിലേക്കും മൂസാ നബി ഈജിപ്തില്‍നിന്ന് ഫലസ്ത്വീനിലേക്കും ഹിജ്റ ചെയ്യുകയുണ്ടായി. പ്രവാചകന്മാരായ ലൂത്വും ഇസ്ഹാഖും യൂസുഫും ഒക്കെ ഹിജ്റ ചെയ്തവരാണ്. ഇവരാരും ജന്മദേശം എന്ന കേവല വിചാരത്തെ മഹത്വവത്കരിച്ച് തല്‍സ്ഥിതിയില്‍ ചടഞ്ഞുകൂടുകയുണ്ടായില്ല. ധൈര്യപൂര്‍വം ദേശത്യാഗം ചെയ്തപ്പോള്‍ പുതിയ നല്ല മേച്ചില്‍ പുറങ്ങള്‍ അല്ലാഹു അവര്‍ക്ക് തുറന്നു കൊടുത്തു. ഇന്നും ഏതോ അര്‍ഥത്തിലുള്ള ദേശത്യാഗം – ഹിജ്റ നടക്കുന്നുണ്ട്; നടക്കേണ്ടതുമുണ്ട് (ഉദാ: ഫലസ്ത്വീനികള്‍, മ്യാന്മര്‍ അഭയാര്‍ഥികള്‍). എന്നാല്‍ അന്ന് മക്കയില്‍ നിന്നുള്ള മുഹാജിറുകള്‍ക്ക് മദീനയില്‍ ലഭിച്ചതുപോലുള്ള അഭയമോ സഹായ സഹകരണമോ ലഭിക്കുന്നില്ലെന്നത് ഒരു ദുഃഖ സത്യമാണ്. ഒന്നുകില്‍ മുഹാജിര്‍, അല്ലെങ്കില്‍ അന്‍സ്വാര്‍ എന്നിവയില്‍ ഏതെങ്കിലുമൊരു റോള്‍ ചരിത്രം നമ്മിലേല്‍പിക്കുമ്പോള്‍ അത് ആവേശപൂര്‍വം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ന് പലേടങ്ങളിലും ‘മുഹാജിറൂന്‍ വലാ അന്‍സ്വാറ ലഹും’ (മുഹാജിറുകളുണ്ട്; അവരെ സഹായിക്കാന്‍ അന്‍സ്വാറുകളില്ല) എന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഹിജ്റ സാര്‍ഥകമാകണമെങ്കില്‍ സമയോചിതമായി ഈ സഹായവും (നുസ്വ്റത്ത്) ഉണ്ടാകണം. ഹിജ്റത്തും നുസ്വ് റത്തും പരസ്പര പൂരകമായി ഭവിച്ചപ്പോഴാണ് അന്ന് യസ് റിബില്‍ മദീനയെന്ന മാതൃകാ രാഷ്ട്രവും ഒരുത്തമ നാഗരികതയും പിറവി കൊണ്ടത്. തികച്ചും നിസ്സഹായരും നിസ്വരുമായി അന്യദേശത്ത് കുടിയേറുമ്പോഴുണ്ടാകുന്ന പ്രശ്നസങ്കീര്‍ണതകള്‍ നിരവധിയാണ്. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വംശീയ പ്രശ്നങ്ങളില്‍ മിക്കതും തദ്ദേശീയരെന്ന് കരുതപ്പെടുന്നവരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അപരിഹൃതമായി തുടരുന്ന/ തുടര്‍ന്നേക്കാവുന്ന ഈ പ്രശ്നം ദിവസങ്ങള്‍ക്കകം പൂര്‍ണമായും പരിഹൃതമായ അത്ഭുത ദൃശ്യമാണ് പതിനാല് ശതകങ്ങള്‍ക്ക് മുമ്പ് മദീനയില്‍ കണ്ടത്. പിന്നീടത് ഒരിക്കലും പ്രശ്നമായതേയില്ല. തൗഹീദിന്റെ ഉദ്ഗ്രഥന ശേഷി, നബിയുടെ അനിതര സാധാരണമായ വിശിഷ്ട നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും സല്‍ഫലം എന്നിവ നമുക്കേകുന്ന പ്രചോദനം വളരെ വലുതാണ്.

മദീനയിലേക്കുള്ള ഹിജ്റക്ക് വേണ്ടി നബി നടത്തിയ മുന്നൊരുക്കങ്ങളും വിദഗ്ധമായ ആസൂത്രണവും തന്ത്രവുമൊക്കെ സമുദായത്തിന് എക്കാലവും മികച്ച പാഠങ്ങളാണ്. ഖിബ് ല , അറബി ഭാഷ എന്നിവ പോലെ മുസ്ലിം ലോകത്തെ ഏകീകരിക്കാനുതകുന്ന ഒന്നാണ് ഉമര്‍ (റ) തുടക്കം കുറിച്ച ഹിജ്റ കലണ്ടര്‍. ഉമര്‍ (റ), അലി (റ) എന്നിവരുള്‍പ്പെടെയുള്ള ഇസ്ലാമിന്റെ പ്രഥമ തലമുറ ലാക്കാക്കിയ നന്മകളും പ്രയോജനങ്ങളും പുലരണമെങ്കില്‍ ഈ കലണ്ടറിനെ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഈ കലണ്ടറിനെ ഫലപ്രദമായി പരിഷ്‌കരിച്ചാല്‍ ആഗോള തലത്തില്‍ തന്നെ മുസ്ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് അത് ഏറെ സഹായകമാകും. 2015-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ആഗോള ഹിജ് രീ കലണ്ടര്‍ കോണ്‍ഫറന്‍സ് ഈ ദിശയിലെ നല്ലൊരു നീക്കമായിരുന്നു. തുര്‍ക്കിയിലെ മതകാര്യ വകുപ്പായിരുന്നു ഇതിന് വേദിയൊരുക്കിയത്. ഡോ. യൂസുഫുല്‍ ഖറദാവി അടക്കം 121 പ്രമുഖ പണ്ഡിതര്‍ അതില്‍ പങ്കെടുക്കുകയും ആഗോള മുസ്ലിം കലണ്ടര്‍ സാധ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായോ എന്നറിയില്ല.

മാനവതയുടെ ആദിമതവും പ്രകൃതി മതവുമായ ഇസ്ലാം വിശ്വമതമാണ്. വിശ്വ പൗരന്മാരെയാണ് അത് വാര്‍ത്തെടുക്കുന്നത്. വിശ്വാസി സമൂഹത്തെ ആഗോളാടിസ്ഥാനത്തില്‍ ഏകീകരിച്ച് ഉദ്ഗ്രഥിക്കുന്ന, ഇസ്ലാമിന്റെ ആദര്‍ശ സംസ്‌കാര-സമ്പ്രദായങ്ങളുടെ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന ഒന്നായി ഹിജ്റ കലണ്ടര്‍ വിളംബംവിനാ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles