Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യതകള്‍ക്കുമേലുള്ള കടന്നുകയറ്റം

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയന്ത്രിക്കുന്ന വാട്‌സാപിന്റെ പുതിയ സ്വകാര്യത നയത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെങ്ങും. മിക്ക ആളുകള്‍ക്കിടയിലും ഇന്ന പ്രചരപ്രചാരണത്തിലുള്ള സോഷ്യല്‍ മീഡിയ മെസഞ്ചര്‍ ആപ്പ് ആയ വാട്‌സാപ് തങ്ങളുടെ ഉപയോഗ നിബന്ധനകളും സ്വകാര്യത നയങ്ങളും പരിശോധിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി ഒരു നോട്ടിഫിക്കേഷന്‍ അയച്ചതോടെ കൊണ്ടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്.

ഫെബ്രുവരി എട്ടു മുതല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചാറ്റിങ് വിവരങ്ങളുമടക്കം എല്ലാം വാട്‌സാപിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറുമെന്നാണ് വാട്‌സാപ് അറിയിച്ചിരിക്കന്നത്. മിക്ക ആളുകളും കമ്പനികളും തങ്ങളുടെ സ്വകാര്യ ജീവിതത്തിലും തൊഴില്‍ രംഗത്തെ ഔദ്യോഗിക ആശയവിനിമയ കൈമാറ്റത്തിനും രേഖകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം വാട്‌സാപ് ആണ് ഉപയോഗിക്കുന്നത്.

പ്രത്യേകിച്ചും ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് കോടിക്കണക്കിന് പേരാണ് വാട്‌സാപ് നിത്യജീവിതത്തിന്റെ ഭാഗമാക്കിയത്. കോവിഡ് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാട്‌സാപും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയകളുടെ ഉപയോഗം ഗണ്യമായ അളവില്‍ വര്‍ധിച്ചു. അതിനാല്‍ തന്നെ കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവിധ രീതിയിലുള്ള വിവരങ്ങള്‍ വാടസാപ് മുഖേന ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇവയെല്ലാം ഒരൊറ്റ ബട്ടണ്‍ പ്രസ് ചെയ്യുന്നതോടെ വാട്‌സാപ് അധികൃതര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ വ്യവസ്ഥ. ഇതില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി, സ്റ്റാറ്റസ് വിവരങ്ങള്‍, പേമെന്റ് വിവരങ്ങള്‍, ഡിവൈസ് ഡാറ്റ, കണക്ഷന്‍ ഡാറ്റ, കുക്കീസ്, ലൊക്കേഷന്‍ വിവരങ്ങള്‍, ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ഇവയെല്ലാം വാട്‌സാപിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് കമ്പനിക്കും അതിന് കീഴിലുള്ള ഏതാനും കമ്പനികളുമായും പങ്കിടുമെന്നുമാണ് പുതിയ വ്യവസ്ഥ.

ഫെബ്രുവരി എട്ടിനകം ഈ വ്യവസ്ഥ അംഗീകരിക്കാത്തവര്‍ക്ക് എന്നെന്നേക്കുമായി അക്കൗണ്ട് നഷ്ടപ്പെടുമെന്നാണ് കമ്പനി പറയുന്നത്. വാട്‌സാപ് നിത്യജീവിതത്തിന്റെ ഭാഗമായി കണക്കാക്കുന്ന വലിയൊരു വിഭാഗം ഇതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടം മനസ്സിലാക്കാതെ അക്കൗണ്ട് ഇല്ലാതാകുമോ എന്ന് ഭയന്ന് വ്യവസ്ഥകള്‍ അംഗീകരിച്ചുനല്‍കാനും ഇടയുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരും ഐ.ടി പ്രൊഫഷണല്‍സും തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്. ഇത് സ്വകാര്യതയുടെ മേലുള്ള മൗലികാവകാശ ലംഘനമാണെന്നാണ് പ്രധാന ആരോപണം. ഇതോടെയാണ് അപകടം മണുത്ത ഉപയോക്താക്കള്‍ വാട്‌സാപ് വിടാനും സമാനമായ മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തേടി പോകാനും ആരംഭിച്ചത്.

അവസരം മുതലെടുത്ത് വാട്‌സാപിന്റെ നിര്‍മാണത്തില്‍ പങ്കാളിയായ മുന്‍ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റനും മോക്‌സി മാര്‍ലിന്‍ സ്‌പൈകും ‘സിഗ്നല്‍’ എന്ന പേരിലുള്ള മെസഞ്ചര്‍ ആപ്പ് പുറത്തിറക്കുകയും തങ്ങളുടെ മുഖമുദ്ര തന്നെ സ്വകാര്യത സംരക്ഷണമാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ആളുകള്‍ കൂട്ടമായി സിഗ്നലിലേക്ക് ചേക്കേറുകയും വാട്‌സാപില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് വേഗത്തിലാവുകയും ചെയ്തു.

എന്നാല്‍ വാട്‌സാപില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് വ്യാപകമായതോടെ, ഞെട്ടിയ അധികൃതര്‍ പുതിയ വ്യവസ്ഥകള്‍ മെയ് 15 വരെ നടപ്പാക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പുതിയ നയം ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട് എന്നും ഇത് വ്യക്തമായി മനസ്സി

ലാക്കിയെടുക്കാന്‍ സമയം നല്‍കുമെന്നാണ് ഒടുവിലായി കമ്പനി അറിയിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്നും കോള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്നും ചാറ്റുകള്‍ എന്‍ഡ് റ്റു എന്‍ഡ് എന്‍സ്‌ക്രിപ്ഷനില്‍ തന്നെ തുടരുമെന്നുമാണ് അവസാനം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നത്. ഇതിനായി കോടികള്‍ മുടക്കി പത്ര-മാധ്യമങ്ങളില്‍ പരസ്യം ചെയ്യുകയാണ് ഇപ്പോള്‍ കമ്പനി. അതേസമയം, അവര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്ന് ഒരിടത്തും പറയാത്തതിനാല്‍ ഉപയോക്താക്കള്‍ പുതിയ ചുവടുമാറ്റത്തിന് എത്രത്തോളം വിലകല്‍പിക്കും എന്ന് സംശയമാണ്.

സോഷ്യല്‍ മീഡിയ ആപ്പുകള്‍ കാലാകാലവും അടക്കിവാഴാന്‍ ഒരു കമ്പനിക്കും കഴിയില്ല എന്നാണ് നമ്മുടെ മുന്നിലുളള ഉദാഹരണങ്ങള്‍, മുന്‍പ് ജനപ്രീതി നേടിയ ‘ഓര്‍ക്കൂട്ട്’ എന്ന മാധ്യമം ഫേസ്ബുക്കിന്റെ വരവോടെ അപ്രത്യക്ഷമായത് നമുക്കറിയാം. അതിനാല്‍ ആളുകള്‍ കൂടുതല്‍ സൗഹൃദപരവും സ്വകാര്യതയും സംരക്ഷിക്കുന്ന ആപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഒപ്പം തന്നെയാകും സഞ്ചരിക്കുക എന്ന് വിശ്വസിക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ.

Related Articles