Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ സൈനിക അട്ടിമറി നടന്നില്ലെന്ന്..

‘ഇത് ഞങ്ങളുടെ പ്രതിജ്ഞയാണ് – സ്വന്തത്തോടും, സുഡാന്‍ ജനതയോടും, അന്താരാഷ്ട്ര സമൂഹത്തോടുമുള്ള ഞങ്ങളുടെ പ്രതിജ്ഞ. ജനാധിപത്യ പരിവര്‍ത്തനം പൂര്‍ത്തീകരിക്കാനും, കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനും, സമാധാനപരമായിരിക്കുന്നിടത്തോളം രാഷ്ട്രീയ ഇടപെടല്‍ നിര്‍ത്തിവെക്കാതിരിക്കാനും, ഭരണഘടനാ പ്രഖ്യാപനങ്ങളുടെ പരിധിയില്‍ വരുന്നതും പിന്‍വലിച്ചിട്ടില്ലാത്തതുമായ ഭാഗങ്ങള്‍ അനുവദിച്ചുനല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ദേശീയ വ്യാപ്തിയുള്ള സിവിലിയന്‍ സര്‍ക്കാറിന് അധികാരം കൈമാറാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍, അതിന് തടസ്സമാകുന്ന ഏതൊരു ഇടപെടലില്‍ നിന്ന് പരിവര്‍ത്തനത്തെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. രാജ്യത്തെ പൗരന്മാരെ സുഡാന്‍ സൈന്യം കൊലചെയ്യുന്നില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ അന്വേഷണ ഏജന്‍സികളുണ്ട്.’ – കഴിഞ്ഞ ഞായറാഴ്ച അല്‍ജസീറ പ്രതിനിധി റസൂല്‍ സര്‍ദാറുമായുള്ള അഭിമുഖത്തില്‍ സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താല്‍ അല്‍ ബുര്‍ഹാന്‍ പറഞ്ഞ വാചകങ്ങളാണിത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലും, വിവിധ പട്ടണങ്ങളിലും ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ ജനങ്ങളെ അല്‍പമെങ്കിലും ശാന്തമാക്കാന്‍ ശ്രമിക്കുകയാണ് സൈനിക തലവന്‍. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. അത് ശക്തമായ നിയമലംഘനമായി മാറുകയും ചെയ്തിരുന്നു. വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ ശ്രമിക്കുന്ന സൈനിക മേധാവി പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. അതിലൊന്നാണ് പരിവര്‍ത്തന കാലയളവിന് ശേഷമുള്ള സര്‍ക്കാറില്‍ പങ്കാളിയാവില്ലെന്ന നവംബര്‍ ഏഴിലെ അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഒക്ടോബര്‍ 25ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം ഉയര്‍ന്ന രാജ്യവ്യാപകമായ പ്രതിഷേധത്തെ സൈന്യം അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. സൈന്യത്തിനെതിരെ ഖാര്‍തൂമിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് അധ്യാപകര്‍ ഞായറാഴ്ച പ്രതിഷേധിച്ചിരുന്നു. ഖാര്‍തൂമില്‍ നിന്ന് 80 അധ്യാപകരെ അറസ്റ്റ് ചെയ്തതായി അധ്യാപക യൂണിയന്‍ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സൈനിക മേധാവി പറയുന്നു. എന്നാല്‍, സൈന്യം അതിനെതിരായി സമാധാനപരമായി പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. ഇതുവരെ പ്രതിഷേധത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും, ഏകദേശം 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന്‍ ഡോക്ടര്‍മാരുടെ സ്വതന്ത്ര കേന്ദ്ര കമ്മിറ്റി അറിയിച്ചു. എന്നാല്‍, പ്രതിഷേധിക്കാരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നാണ് സൈനിക മേധാവിയുടെ പ്രതികരണം.

ഞായറാഴ്ച രാവിലെ അട്ടിമറിക്കെതിരെ നടന്ന പല റാലികള്‍ക്ക് നേരെയും സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. എസ്.പി.എയാണ് (Sudanese Professionals Association) നിയമലംഘനത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 2019 ഏപ്രിലില്‍, രാജ്യത്ത് ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഉമര്‍ അല്‍ബശീറിനെ നീക്കം ചെയ്യുന്നതിലേക്ക് നയിച്ച പ്രക്ഷോഭിത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്ന വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയാണ് എസ്.പി.എ. ‘സുഡാനിലെ ജനത സൈനിക അട്ടിമറിയെ തള്ളിക്കളയുന്നു. യാതൊരു ചര്‍ച്ചയും പങ്കാളിത്തവുമില്ലെന്നാണ്’ എസ്.പി.എയുടെ നിലപാട്. അട്ടിമറിക്ക് ശേഷം ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് മറികടക്കാന്‍ ടെക്‌സറ്റ് സന്ദേശങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിലൂടെയാണ് നിയമലംഘനത്തിനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. തെരുവില്‍ ബാരിക്കേഡുകള്‍ വെച്ചും ടയറുകള്‍ കത്തിച്ചും സൈനിക ഭരണത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉയര്‍ത്തുന്ന മദ്രവാക്യം, സിവിലിയന്‍ സര്‍ക്കാര്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പാണ് എന്നാണ്.

സൈനിക അട്ടിമറിക്കെതിരെ അന്താരാഷ്ട്ര വിമര്‍ശനം ഉയരുകയും, പ്രതികാര നടപടിയുടെ ഭാഗമായി അന്താരാഷ്ട്ര സഹായം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സിവിലിയന്‍ ഭരണത്തിലേക്ക് ഉടന്‍ മടങ്ങണമെന്ന് അന്താരാഷ്ട്ര സമൂഹം ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഇത് അട്ടിമറിയല്ല, പരിവര്‍ത്തന സമയത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ജനറല്‍ അല്‍ ബുര്‍ഹാന്‍ ഊന്നിപ്പറയുന്നത്. എന്നിരുന്നാലും, സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയിലെത്തുന്നതിന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുമായും നേതാക്കളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബുര്‍ഹാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തടസ്സങ്ങളുണ്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ജസീറ പ്രതിനിധി റസൂല്‍ സര്‍ദാര്‍ ഖാര്‍തൂമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൈനികര്‍ക്കും സിവിലയന്മാര്‍ക്കുമിടയിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വഴികളെ കുറിച്ചും പുറത്താക്കപ്പെട്ട സിവിലിയന്‍ ഭരണാധികാരി അബ്ദുല്ല ഹംദോകുമായും സൈനിക മേധാവി അല്‍ ബുര്‍ഹാനുമായും വ്യത്യസ്ത ചര്‍ച്ച അറബ് ലീഗ് ഉന്നതതല പ്രതിനിധികള്‍ ഞായറാഴ്ച നടത്തിയിരുന്നു. സുഡാനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സൈന്യം എത്രമാതം അനുകൂലമാണെന്നതാണ് പ്രശ്‌ന പരിഹാരത്തിലെ ദൂരം.

Related Articles