Current Date

Search
Close this search box.
Search
Close this search box.

വെളിച്ചത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍

ഫറോവയുടെ കൊട്ടാരത്തില്‍ പ്രതീക്ഷയോടെയായിരുന്നു മാന്ത്രികന്‍ കയറി ചെന്നത്. ഞങ്ങള്‍ ജയിച്ചാല്‍ എന്ത് സമ്മാനം എന്നതായിരുന്നു അവരുടെ ചോദ്യം. ‘നിങ്ങള്‍ എന്റെ അരികില്‍ എന്നും ആദരിക്കപ്പെടുന്നവരാകും’. ഫറോവയുടെ മറുപടി അവരെ തൃപ്തരാക്കി. മത്സരം നടന്നു. മൂസയുടെ വടിയുടെ മുന്നില്‍ അവരുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടു. ‘ഞങ്ങള്‍ ലോക രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു’ എന്ന് മറുപടി പറയാന്‍ പിന്നീട് അവര്‍ക്കു അധിക സമയം വേണ്ടി വന്നില്ല. അപ്പോഴും ഫറോവയുടെ ഭീഷണി ഉയര്‍ന്നു വന്നു. ‘ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ വിപരീതമായി ഛേദിക്കും’. അപ്പോഴും അവര്‍ പറഞ്ഞ മറുപടി ‘നീ ഈ ലോകത്തു മാത്രം വിധിക്കുന്നവനാണ്’ എന്നായിരുന്നു. മൂസയുടെ അമാനുഷിക പ്രവര്‍ത്തനം കേവലം മാജിക്കല്ല എന്ന് തിരിച്ചറിവാണ് അവരെ വിശ്വാസത്തില്‍ എത്തിച്ചത്.

ഒരാളുടെ ഇസ്ലാം അയാളാണ് തീരുമാനിക്കേണ്ടത്. ദീനിലേക്കു കടന്നു വരാന്‍ ആര്‍ക്കും മറ്റൊരാളുടെ സമ്മതം ആവശ്യമില്ല. ഇസ്ലാം പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക. അതിന്റെ അടിസ്ഥാനം ഏകദൈവ വിശ്വാസമാണ്. ഒരേ സമയം ഒരുപാട് ദൈവങ്ങളുടെ പിടിയില്‍ നിന്നും മനുഷ്യനെ ഏക ദൈവത്തിലേക്ക് മോചിപ്പിക്കുന്നു എന്നത് പോലെ ഭൂമിയിലെ അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ വിമോചനം കൂടിയാണ് ഇസ്ലാം. പുറത്തു നിന്നും നോക്കുന്നവര്‍ക്ക് ഇസ്ലാമിന്റെ ഏതു വശമാണ് കൂടുതല്‍ ആകര്‍ഷണമായി തോന്നിയത് എന്ന് അവരാണ് തീരുമാനിക്കേണ്ടത്.

നജ്മല്‍ ബാബു ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തോട് പല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. ആ ചോദ്യങ്ങളുടെ അവസാനമായിരുന്നു അദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണം. അദ്ദേഹവും കുടുംബവും തമ്മില്‍ അടിസ്ഥാന വിഷയത്തിലാണ് വ്യത്യാസം ഉണ്ടായിരുന്നത്. ഇസ്ലാം മതത്തിന്റെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരമായിരുന്നില്ല. ജീവന്‍ പോകുന്നതോടെ ഒരാളുടെ വ്യക്തി സ്വാതന്ത്രവും നഷ്ടമാകും എന്നതാണ് ഇതിലൂടെ നമുക്ക് കിട്ടുന്ന പാഠം.

ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജോയ് നജ്മല്‍ ബാബുവായത്. ഒരാളുടെ വിശ്വാസം അയാള്‍ മാത്രം തീരുമാനിച്ചാല്‍ പോര കുടുംബവും കൂടി ഉള്‍ക്കൊള്ളണം എന്ന വിചിത്ര വാദമാണ് ഇപ്പോള്‍ നടക്കുന്നത്. നജ്മല്‍ ബാബുവിനെ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ മറമാടിയാല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ അത് ഇസ്ലാമിന് വല്ല ഗുണവും ചെയ്‌തെങ്കിലോ എന്നവര്‍ ചിന്തിച്ചു കാണും.

നജ്മല്‍ ബാബു കാരണം മറ്റൊരാള്‍ കൂടി ഇസ്ലാമിലേക്ക് വന്നിരിക്കുന്നു. പ്രതിഷേധ സൂചകമായി ഇസ്ലാമാകാമോ എന്നത് മറ്റൊരു ചോദ്യമാണ്. ഒരാള്‍ ഇസ്ലാമാകാന്‍ ഇസ്ലാം മുഴുവന്‍ പഠിച്ചിട്ടു വേണം എന്ന് പറയാന്‍ കഴിയില്ല. താന്‍ നിലനില്‍ക്കുന്ന പ്രതലത്തെക്കാള്‍ ഉത്തമമാണ് അപ്പുറത്തുള്ള പ്രതലം എന്ന് മനസ്സിലാക്കിയാല്‍ അതും ഒരു കാരണമാണ്. വൈകാരികമായി ഉള്‍ക്കൊള്ളേണ്ട ഒന്നല്ല വിശ്വാസം എന്നത് ശരിയാണ്. ഇസ്ലാം കേവലം ഒരു വിശ്വാസമല്ല. അതൊരു ജീവിത രീതിയാണ്. ഒരാള്‍ ഇസ്ലാമാകുക എന്നത് കൊണ്ട് വിവക്ഷ അയാളുടെ ജീവിത്തത്തില്‍ സാരമായ മാറ്റം ഉണ്ടാകുക എന്നത് തന്നെയാണ്. അതെ സമയം പണ്ടും ഇന്നും പലരും ദീന്‍ സ്വീകരിക്കുന്നത് വിശ്വാസികളുടെ ജീവിതത്തിലെ അനുഭവങ്ങള്‍ കണ്ടു കൊണ്ടാകും. മുസ്ലിമായി ജീവിക്കാനും മരിക്കാനും വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ് കമല്‍ സി ചവറ മതത്തിലേക്ക് കടന്നു വന്നത്.

‘അവര്‍ ഒരു തന്ത്രം ഉപയോഗിച്ച്, അല്ലാഹുവും. തന്ത്രം പ്രയോഗിക്കാന്‍ ഉത്തമന്‍ അല്ലാഹു തന്നെ’ എന്നാണു പ്രമാണം. ഇസ്ലാം ഒരു ചര്‍ച്ചയാകാന്‍ നജ്മല്‍ ബാബുവിനോട് കുടുംബം ചെയ്ത പ്രവര്‍ത്തി ഒരു കാരണമാകും. നജ്മല്‍ ബാബുവും ഇപ്പോള്‍ കമലും കണ്ട ഒരു വിമോചന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഈ വിശ്വാസത്തിനു കരുത്തുണ്ട് എന്ന് കൂടി അത് ലോകത്തെ ബോധ്യപ്പെടുത്തും.

വരുന്നവരെ നാം തുറന്നു സ്വാഗതം ചെയ്യുക. പരലോക മോക്ഷമാണ് മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന് അവരെ ബോധ്യപ്പെടുത്തണം. കത്തിയെരിഞ്ഞ നജ്മലിന്റെ ചിതയിലെ തീനാളങ്ങള്‍ സമൂഹത്തിനു പ്രകാശം നല്‍കും എന്നുറപ്പാണ്. അല്ലാഹുവിന്റെ വെളിച്ചത്തെ ഊതിക്കെടുത്താല്‍ ശ്രമിക്കുന്നവര്‍ എന്നും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

 

Related Articles