Current Date

Search
Close this search box.
Search
Close this search box.

പിന്നാക്ക സമുദായങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ മഹാന്‍

”ഈ തൂക്കക്കുറവുള്ള മനുഷ്യന്‍ ഒരു ഭാരിച്ച സമൂഹത്തെ തോളിലേറ്റി നടന്നു. നിലപാടുകളില്‍ കാര്‍ക്കശ്യം കാത്തുസൂക്ഷിച്ച നേതാവാണ് സിദ്ധീഖ് ഹസന്‍ സാഹിബ്. സിദ്ധീഖ് ഹസന്‍ സാഹിബ് എന്നും ഒരു ആവേശമായിരുന്നു. പ്രവര്‍ത്തകര്‍ക്ക് മുന്നേറാനുള്ള ആവേശം. ഇന്ത്യയിലെ പിന്നോക്കം പോയ സമൂഹങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കിയ മഹാ മനുഷ്യനാണ് സിദ്ധീഖ് ഹസന്‍ സാഹിബ്. അദ്ദേഹം തുടങ്ങിവെച്ച ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. കേരളത്തിലും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം തുടങ്ങിവെച്ച ഒരുപാട് ബൃഹത് പദ്ധതികളുണ്ട്.

അദ്ദേഹത്തിന്റെ കണ്ണുകളില്‍ നാം കണ്ടത്, അദ്ദേഹത്തിന്റെ മുഖത്ത് നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത് ആത്മീയതയുടെ ഉള്ളടക്കമുള്ള ഒരു തീക്ഷ്ണതയായിരുന്നു. ആത്മീയതയും തീക്ഷ്ണതയും ഇടകലര്‍ന്ന കണ്ണുകള്‍ അല്‍പ്പമൊന്നുമല്ല നമ്മെ തഴുകി ഉണര്‍ത്തിയത്. അതില്‍ നാം എല്ലാവരും പ്രവര്‍ത്തന നിരതാരാകുകയായിരുന്നു. ആ ഊര്‍ജത്തിന്റെ വിളക്കാണ് ഇപ്പോള്‍ അണഞ്ഞു പോയത്. അദ്ദേഹത്തെ നാം മലക്കുകളുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്. മലക്കുകള്‍ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ആറു വര്‍ഷം മുമ്പ് തന്നെ അദ്ദേഹം മലക്കുകളെ സ്വീകരിക്കാന്‍ തയ്യാറായി നിന്നിരുന്നു”.

ഇന്ന് കാലത്ത് ആരിഫ് അലി സാഹിബ് നടത്തിയ ഹൃസ്വ പ്രഭാഷണം മനസ്സില്‍ തട്ടുന്നതായിരുന്നു. മുന്‍ തലമുറയെ കുറിച്ച് ശേഷം വന്നവരുടെ വാക്കുകള്‍ എന്നും പ്രസക്തമാണ്. ഇന്നലെ വൈകീട്ട് തുടങ്ങിയ ജനസഞ്ചയനം മയ്യിത്ത് എടുക്കുമ്പോഴും അവസാനിച്ചിരുന്നില്ല. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ആയിരക്കണക്കിന് പേര്‍ ആ മയ്യിത്തിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തി. ഓരോ അഞ്ചു മിനുറ്റ് ഇടവിട്ട് ആളുകള്‍ നമസ്‌കാരം നിര്‍വഹിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരെ ആളുകള്‍ വന്നിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പെട്ടവര്‍ അവിടെ എത്തിയിരുന്നു. അസുഖം കാരണം സിദ്ധീഖ് ഹസന്‍ സാഹിബ് സജീവമായ കര്‍മ്മ മണ്ഡലത്തില്‍ നിന്നും മാറി നിന്നിട്ട് കുറച്ചു കാലമായി. എങ്കിലും പ്രസ്ഥാനവും പ്രവര്‍ത്തകരും അദ്ദേഹത്തെ നേതാവ് എന്ന് വിളിച്ചു. ‘അമീര്‍’ എന്നത് അദ്ദേഹത്തിന്റെ പേരല്ലേ എന്ന് ഒരുക്കല്‍ ഒരു അമുസ്ലിം സുഹൃത്ത് എന്നോടു ചോദിച്ചിരുന്നു.

പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റിയ നേതാവാണ് സിദ്ദീഖ് ഹസന്‍ സാഹിബ് എന്നതിന് അദ്ദേഹത്തിന്റെ മയ്യിത്ത് സന്ദര്‍ശിക്കാന്‍ വന്ന ജനം തെളിവാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വഴിത്തിരിവിന്റെ കാലത്ത് സമര്‍ത്ഥമായി പ്രസ്ഥാനത്തെ നയിച്ച കര്‍മ്മയോഗി. ആറടി മണ്ണില്‍ ആ ജീവിതം അവസാനിക്കുമ്പോഴും നാം തിരിച്ചറിയുന്നു, അദ്ദേഹം വിട്ടേച്ചു പോയ വെളിച്ചം ഇനിയും നമ്മെ മുന്നോട്ട് നയിക്കും തീര്‍ച്ച.

Related Articles