Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലാണോ ഫലസ്തീനികളുടെ പ്രശ്‌നം?

ഫലസ്തീനിലെ തീരപ്രദേശത്ത് നിന്ന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം നടത്തിയത് മെയ് 10നായിരുന്നു. പ്രശ്നം ചർച്ച ചെയ്യുന്നതിന് യു.എൻ സുരക്ഷാ സമിതി ജറൂസലമിൽ അടിയന്തര യോഗം വിളിക്കുകയും, ലോക നേതാക്കൾ യുദ്ധ സാഹചര്യം ഇല്ലാതാക്കുന്നതിന് ഇടപെടൽ നടത്തുകയും ചെയ്തു. ബൈത്തുൽ മഖ്ദിസിലെ ഇസ്രായേൽ സേനയുടെ നരനായാട്ട് ലോകം പ്രശ്നസങ്കീർണതയോടെ കാണുകയും, അപലപിക്കുകയും ചെയ്തു. 11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ, 66 കുട്ടികൾ ഉൾപ്പെടെ 260 ഫലസ്തീനികളും, രണ്ട് കുട്ടികൾ ഉൾപ്പെടെ 13 ഇസ്രായേലുകാരും കൊല്ലപ്പെട്ടു. മെയ് 21ന് ഈജിപ്തിന്റെ മധ്യസ്ഥതയോടെ വെടിനിർത്തൽ യാഥാർഥ്യമാവുകയും ചെയ്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രായേലിന്റെ ഫലസ്തീൻ സമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്നതാണ് ഫലസ്തീനികൾക്കെതിരെ ക്രൂരമായ പീഡനവും ആക്രമണവും അവസാനിക്കാതെ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യം സാക്ഷ്യപ്പെടുത്തുന്നത്. ഫലസ്തീനികളുടെ അന്ത്യം കാണുന്നത് വരെ അത് ഒരിക്കലും മാറുകയില്ലെന്നതിന് ചരിത്രവും വർത്തമാനവും സാക്ഷിയാണ്.

ഇസ്രായേലിന്റെ 11 ദിവസത്തെ ആക്രണമത്തിന് ആഴ്ചകൾക്ക് ശേഷം, വീണ്ടും ആക്രമണങ്ങൾ തുടർന്നു. അതിന് വെടിനിർത്തൽ കരാറുകളും, സമവായ ശ്രമങ്ങളും തടസ്സമാകുന്നില്ലെന്നത് വിചിത്രമായ കാര്യമൊന്നുമല്ല. കാരണം, ഇസ്രായേലിന്റ രാഷ്ട്രീയ നിലപാട് അതല്ലാതെ മറ്റൊന്നാകാൻ സാധ്യതയില്ലെന്നതാണ്. ഒടുവിലായി, ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് അഗ്‌നി ബലൂണുകൾ പ്രയോഗിച്ചുവെന്ന് ആരോപിച്ച് ജൂലൈ 4ന് രാത്രി ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. മെയ് മാസത്തിലെ ആക്രമണത്തിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തിയ നാലാമത്ത വ്യോമാക്രമണമാണ് ജൂലൈ 4ന് ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണം. രാജ്യത്തെ ദുരിതത്തിലാഴ്ത്തുകയും, കരകയറാനുള്ള യാതൊരു സാഹചര്യം സാധ്യമാക്കാതിരിക്കുകയും ചെയ്യുന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ നടപടികൾക്ക് വിവിധ ഉദാഹരണങ്ങൾ നിരത്താൻ കഴിയും. ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിനെ ഇസ്രായേൽ പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ഫലസ്തീൻ പ്രദേശങ്ങളിലേക്ക് ആവശ്യമായ ചില സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രായേൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നെങ്കിലും, കര-വ്യോമ-നാവിക മേഖലകളിൽ 14 വർഷമായി ഉപരോധം തുടരുകയാണ്. തുറന്ന ജയിലെന്ന് ഗസ്സയെ വിശേഷിപ്പിച്ചത് യു.എന്നാണ്. അത് അക്ഷരാർഥത്തിൽ ശരിയുമാണ്. കൊറോണ മഹാമാരി വ്യാപിച്ച പശ്ചാത്തലത്തിൽ ഫലസ്തീനികളുടെ ജീവിത സാഹചര്യം കൂടുതൽ സങ്കീർണമായി തീർന്നിരിക്കുകയാണ്.

ഇസ്രായേൽ പണിയെടുത്തുകൊണ്ടിരിക്കുന്നത് ഫലസ്തീൻ ഭൂമി കൈയേറി ഫലസ്തീനികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ്. ജൂതജനതയുടെ ദേശ-രാഷ്ട്രമാണ് ഇസ്രായേലെന്ന വിവാദ നിയമം സുപ്രീംകോടതി ജൂലൈ 8ന് ശരിവെച്ചത് അത്തരമൊരു ലക്ഷ്യ പൂർത്തീകരണത്തിന്റെ ഭാഗമാണ്. ഇസ്രായേൽ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ മോശമാക്കുന്ന വിധിയാണിത്. ഇതിലൂടെ ഭൂരിപക്ഷ വഭാഗത്തിൽ പെടാത്തവരെ പൂർണമായും പുറംതള്ളാൻ കഴിയും. ഫലസ്തീൻ പൗരന്മാർക്ക് ഇസ്രായേലിൽ വോട്ടുചെയ്യുന്നതിനും, വിവിധ തൊഴിലുകളിൽ ഭാഗമാകുന്നതിനും സാധിക്കുന്നുണ്ട്. എന്നിരുന്നാലും, താമസം, തൊഴിൽ വിപണി എന്നിവയിൽ വലിയ തോതിലുള്ള വിവേചനമാണ് നേരിടുന്നത്.

ഇസ്രായേൽ പൗരന്മാരായ ഫലസ്തീനികളെ വിവാഹം ചെയ്യുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും താമസിക്കുന്ന ഫലസ്തീനികൾക്ക് താമസവും, പൗരത്വവും തടയുന്ന വിവാദ നിയമം പുതുക്കാനുള്ള ഇടപെടൽ അത്തരത്തിലുള്ള ഇസ്രായേലിന്റെ മറ്റൊരു ശ്രമമായിരുന്നു. എന്നാൽ, അതിൽ ബിന്യമിൻ നെതന്യാഹുവിന് ശേഷം അധികാരത്തിലേറിയ നഫ്താലി ബെനറ്റിന്റെ സഖ്യ സർക്കാറിന് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. 120 പാർലമെന്റ് അംഗങ്ങളിൽ 59 പേർ പിന്തുണച്ചും 59 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തുകയും, രണ്ട് പേർ വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു. 1967 മുതൽ ഇസ്രായേലിലും ഇസ്രായേൽ അധനിവേശം ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്ന ഫലസ്തീനികൾക്ക് അനന്തമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതിന് പര്യാപ്തമാകുന്നതാണ് നിയമം. നിലവിൽ, ഫലസ്തീൻ പാർട്ടികൾ ഉൾപ്പെടുന്ന ഇസ്രായേൽ സഖ്യ സർക്കാറിന് അതീവ ജാഗ്രതയോടെയല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. തീവ്ര-ഇടത്-മധ്യ പാർട്ടികളുടെ സഖ്യത്തോടെ അധികാരത്തിൽ വന്ന നഫ്താലി ബെനറ്റിന് ഭരണത്തിൽ പ്രതിസന്ധികൾ ഏറെയാണ്. എട്ട് പാർട്ടികളുടെ സഖ്യമാണ് പുതിയ സർക്കാർ. 12 വർഷത്തെ ബിന്യമിൻ നെതന്യാഹുവിന്റെ അധികാര തുടർച്ചക്ക് അന്ത്യംകുറിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ് സഖ്യ സർക്കാർ രൂപീകൃതമായിരിക്കുന്നത്. ഇസ്രായേൽ ഭരണത്തിലെ ഈ അന്തഃസംഘർഷം ഒരളവിൽ ഫലസ്തീൻ വിരുദ്ധ ശ്രമങ്ങൾക്ക് പ്രതിരോധം തീർക്കുമെന്ന് പറയാവുന്നതാണ്.

കൂടാതെ, ഗസ്സയിലേക്കുള്ള വിദേശ സഹായം വൗച്ചർ വഴിയാക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ രംഗത്തെത്തിയിരിക്കുന്നു. ഇത് ഇസ്രായേൽ രാഷ്ട്രത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണെന്നാണ് ഇസ്രായേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. തകർത്തുതരിപ്പണമാക്കിയ ഫലസ്തീനിൽ വീണ്ടെടുപ്പ് സാധ്യമാകരുതെന്ന ഇസ്രായേലിന്റെ നയമായി ന്യായമായും സംശയിക്കാവുന്ന തീരുമാനമാണിത്. ഫലസ്തീനിലെ ഹമാസിനെയും അവരുടെ ആയുധശേഖരത്തെയും ശക്തിപ്പെടുത്തുന്നതിന് വിദേശത്തുനിന്ന് ലഭിക്കുന്ന സംഭാവന ഉപയോഗപ്പെടുത്തുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി ഉമർ ബാർ ലെവ് ജൂലൈ 13ന് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. 11 ദിവസത്തെ യുദ്ധത്തിന് ശേഷം ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിന് 500 മില്യൺ ഡോളർ ചെലവാകുമെന്നാണ് മാനുഷിക സംഘടനകൾ സൂചിപ്പിക്കുന്നത്. 2014ലെ യുദ്ധത്തിന് ശേഷം ഖത്തർ ഒരു ബില്യൺ ഡോളറിലധികം സാമ്പത്തിക സഹായം നിർമാണത്തിനും, ഗസ്സയിലെ ഇതര പദ്ധതികൾക്കായും നൽകിയിരുന്നു. കഴിഞ്ഞ മെയ് അവസാനത്തിൽ 500 മില്യൺ ഡോളർ നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. ‘ഹമാസിന്റെ കൈകളിലെത്തുന്ന, ഖത്തറിന്റെ ഗസ്സക്കുള്ള പണം പൂർണമായും സ്യൂട്ട്കേസുകളിലായിരിക്കുകയില്ല. ഹമാസും ഉദ്യോഗസ്ഥരും ഇതിലെ പ്രധാന ഭാഗം സ്വീകരിക്കുന്നുണ്ട്. വിദേശ സാമ്പത്തിക സഹായം ഭക്ഷ്യ വൗച്ചർ, മാനുഷിക സഹായത്തിനുള്ള വൗച്ചർ എന്നിങ്ങനെ എത്തിക്കാനുള്ള സംവിധാനമാണ് ബെനറ്റ് വിഭാവനം ചെയ്യുന്നത്. ഇസ്രായേൽ രാഷ്ട്രത്തിനെതിരെ ആയുധം വികസിപ്പിക്കാനുള്ള പണമായി അത് മാറാൻ പാടുള്ളതല്ല. സംവിധാനം ഇത്തരത്തിലായാൽ ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വികസിപ്പിക്കുന്നതിന് ഇസ്രായേൽ സഹായിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഉമർ ബാർ ലെവ് ഇസ്രായേൽ ആർമി റേഡിയോയോട് ചൊവ്വാഴ്ച പറഞ്ഞു.’ യൂറോപ്യൻ യൂണിയനും, യു.എന്നും ഭീകര സംഘടനയായി കാണുന്ന ഹമാസ് വിദേശ സഹായം ഗസ്സയിലെ സൈനികാവശ്യത്തിന് ഉപയോഗപ്പെടുത്തിന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മെയ് 10ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ അനന്തരഫലമായി ഗസ്സ മുനമ്പിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി വളരെ മോശമായതായി യു.എൻ, യൂറോപ്യൻ യൂണിയൻ, ലോക ബാങ്ക് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 11 ദിവസത്തെ ഇസ്രായേൽ ബോംബാക്രമണം 290-380 മില്യൺ ഡോളറിനിടയിൽ നഷ്ടമുണ്ടാക്കിയതായും, വീണ്ടെടുപ്പിനും പുനർനിർമാണത്തിനുമായി 345-485 മില്യൺ ഡോളറിനിടയിൽ കണ്ടെത്തേണ്ടതുണ്ടെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആർ.ഡി.എൻ.എ (Rapid Damage and Needs Assessment) റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധത്തെ തുടർന്ന് ഗസ്സ ജനസംഖ്യയുടെ 62 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. യുദ്ധത്തിന് മുമ്പുള്ള കണക്ക് പ്രകാരം തൊഴിലില്ലായ്മ 48 ശതമാനവും, പട്ടിണി 50 ശതമാനത്തിന് മുകളിലും ആയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഗസ്സ മുനമ്പ്. രണ്ട് മില്യൺ ഫലസ്തീനികളാണ് അവിടെ താമസിക്കുന്നത്. അതിൽ പകുതിയും 18 വയസ്സിന് താഴെ പ്രായമുള്ളവാരാണ്. 14 വർഷമായി ഈജിപ്തിന്റെയും ഇസ്രായേലിന്റെയും ഉപരോധത്തിലാണ് ഗസ്സയിലുള്ളവർ കഴിയുന്നത്. ഗസ്സയിലെ ദുരന്തപൂർണമായ മാനുഷിക സാഹചര്യം വിലയിരുത്തി 2020ൽ ജീവിതം അസാധ്യമാണെന്ന് യു.എൻ പ്രവചിച്ചിരുന്നു. ഗസ്സയിലെ ഫലസ്തീനികൾക്ക് സാമ്പത്തിക സഹായമായി അന്താരാഷ്ട്ര സമൂഹം കൂടുതൽ പിന്തുണ നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.

Related Articles