Current Date

Search
Close this search box.
Search
Close this search box.

ഒരു ‘മഹാദുരന്ത’ത്തിന്റെ പേരാണ് ഇസ്രായേൽ!

പൊട്ടിതെറിക്കുന്ന ബോംബുകൾക്കും, പതിക്കുന്ന മിസൈലുകൾക്കും ജീവനോളം വിലയുണ്ട്. ആക്രമണം നടത്തുന്ന ഇസ്രായേൽ ഇത് നല്ലതുപോലെ മനസ്സിലാക്കുന്നു. ഫലസ്തീനികളുടെ ഭൂമിയിൽ നിന്ന് അവസാനത്തെ ഫലസ്തീനിയെയും ഇല്ലായ്മ ചെയ്യുന്ന വംശീയ ഉന്മൂലന ശ്രമത്തിനാണ് 2021 മെയ് 10ന് ഇസ്രായേൽ ആരംഭം കുറിച്ചത്. ഇന്നലെയും (19.05.2021) ഇസ്രായേൽ ബോംബാക്രമണം ഗസ്സ മുനമ്പിൽ വിരാമമില്ലാതെ തുടരുകയാണ്. ഇന്നലത്തെ ആക്രമണത്തിൽ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിൽ പതിമൂന്ന് വർഷത്തിനിടയിൽ നാല് തവണയാണ് ഇസ്രായേൽ വലിയ സൈനിക ആക്രമണങ്ങൾ നടത്തിയിട്ടുള്ളത്. മെയ് 10ലെ ഏറ്റവും പുതിയ ആക്രമണത്തെ തുടർന്ന് 64 കുട്ടികൾ ഉൾപ്പെടെ 227 ഫലസ്തീനികൾ കൊല്ലപ്പെടുകയും, 1600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഭാഗത്തുനിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും, 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വർണവിവേചന, പീഡന കുറ്റകൃത്യം നടത്തികൊണ്ടിരിക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിലപാട് പ്രഖ്യാപനം വളരെ കൃത്യമാണ്. ലോക തലത്തിൽ ഇസ്രായേൽ വിരുദ്ധ തരംഗം രൂപപ്പെടുകയാണ്. ലോകം ഇസ്രായേലിനെതിരെ ശബ്ദങ്ങൾ ഉയർത്തുകയുമാണ്. ഒരുപക്ഷേ, രാഷ്ട്രമെന്ന നിലയിൽ ഓരോ രാഷ്ട്രത്തിന്റെ നിലപാടുമാണത്.

യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിന് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യക്ഷിയായ ഹംഗറി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ ചൊവ്വാഴ്ച (18.05.2021) വിളിച്ചുചേർത്ത വീഡിയോ സംഭാഷണത്തിൽ സംബന്ധിക്കുന്ന് 26 വിദേശകാര്യ മന്ത്രിമാർ അറിയിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് വാദിച്ച യു.എസ് പ്രസി‍ഡന്റ് ജോ ബൈ‍‍ഡൻ ബിന്യമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തുകയും, വെടിനിർത്തലിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം പ്രഹസനമാണെന്ന് വിലയിരുത്തുമ്പോഴും, ഫലസ്തീൻ വിഷയത്തെ അവഗണിക്കാതിരിക്കാൻ മാത്രം സമ്മർദ്ദം ലോക തലത്തിൽ ഉയരുന്നുവെന്നതാണ് ഇതിലെ യാഥാർഥ്യം. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ തുടർന്നുകൊണ്ടിരിക്കുന്നതിനിടെ, വിവിധ രാഷ്ട്രങ്ങളും രാഷ്ട്രങ്ങളിലെ പൗരന്മാരും ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ജോർദാൻ രാജാവ് അബ്ദുല്ല തിങ്കളാഴ്ച (19.05.2021) സംസാരിക്കുകയും, ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകോപനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും അഭിപ്രായപ്പെട്ടു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ‘വേണ്ട, ഫലസ്തീൻ വംശഹത്യ’ എന്ന മുദ്രവാക്യം ഉയർത്തി ഇസ്രായേൽ ആക്രമണത്തിനെതിരെ അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഇസ്രായേൽ എംബസിക്ക് സമീപം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഇസ്രായേലിന് 735 മില്യൺ ഡോളറിന്റെ ആയുധം വിൽക്കാനുള്ള യു.എസ് നീക്കത്തെ ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു. ഇസ്രായേലിന്റെ ഗസ്സയിലെ റെഡ് ക്രസന്റ് ഓഫീസ് ആക്രമണത്തെ ഖത്തർ അപലപിച്ചു. ഇസ്രായേലിനെതിരെ പാക്കിസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു ഇസ്രായേലുകാരന് 23 ഫലസ്തീനികൾ അന്യായമായി കൊല്ലപ്പെടുന്നവെന്ന കണക്ക് രാഷ്ട്രങ്ങളും പൗരന്മാരും മറക്കുന്നില്ലെന്നതിന്റെ സൂചനയാണിത്.

2008നും 2021നുമിടയിൽ 5739 ഫലസ്തീനികളും 251 ഇസ്രായേലുകാരുമാണ് കൊല്ലപ്പെട്ടത്. ഒരു ഇസ്രായേലുകാരന് 23 ഫലസ്തീനികൾ കൊല്ലപ്പെടുന്നുവെന്ന് യു.എൻ കണക്കുകൾ വ്യക്തമാക്കുന്നു. പതിമൂന്ന് വർഷത്തിനിടയിൽ, 1255 (22 ശതമാനം) കുട്ടികളും, 565 സ്ത്രീകളും (10 ശതമാനം) ഫല്സീൻ ഭാഗത്തുനിന്നും, 121 (48 ശതമാനം) സുരക്ഷാ സേന ഇസ്രായേൽ ഭാഗത്തുനിന്നും കൊല്ലപ്പെട്ടതായി യു.എൻ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അധിനിവേശ ഇസ്രായേൽ നിർമിക്കുന്നത് അസ്വസ്ഥതയുടെ രാഷ്ട്രമല്ലാതെ മറ്റൊന്നുമല്ല. 1920 ഏപ്രിൽ 25 സാൻ റെമോ കോൺഫറൻസിൽ വെച്ച് ബ്രിട്ടന് ഫലസ്തീന്റെ നിയന്ത്രണം ലഭിക്കുന്നതിന് മുമ്പ്, ഏകദേശം ആറ് ശതമാനമായിരുന്നു ജൂത ജനസംഖ്യ. 1947 മുതൽ 1950 വരെ ഇസ്രായേൽ സയണിസ്റ്റ് സേന നടത്തയി ‘നക്ബ’യിൽ (Catastrophe) അല്ലെങ്കിൽ ‘മഹാദുരന്ത’ത്തിൽ 750000 ഫലസ്തീനികളെ പുറത്താക്കുകയും, ചരിത്രപരമായ ഫലസ്തീനിന്റെ 78 ശതമാനം പിടിച്ചെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 22 ശതമാനം വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിക്കപ്പെടുകയുമായിരുന്നു. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ സേന ചരിത്രപരമായ ഫലസ്തീന്റെ എല്ലാ മേഖലകളും അധിനിവേശം നടത്തുകയും, മൂന്ന് ലക്ഷം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്നും ഫലസ്തീനികളെ ജറൂസലമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും കുടിയൊഴിപ്പിക്കുന്നത് ഇസ്രായേൽ അവിരാമം തുടർന്നുകൊണ്ടിരിക്കുന്നു.

ഫലസ്തീൻ ഭൂമയിൽ ജൂത സമൂഹങ്ങൾ നിയമവിരദ്ധമായി നിർമിച്ചതാണ് ഇസ്രായേൽ വാസസ്ഥലങ്ങൾ (settlements). നിലവിൽ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും 250 (130 ഔദ്യോഗികം, 120 അനൗദ്യോഗികം) നിയമവിരുദ്ധ വാസസ്ഥലങ്ങളിലായി 600000നും 750000നുമിടയിൽ ഇസ്രായേൽ കുടിയേറ്റക്കാർ താമസിക്കുന്നു. ഇസ്രായേൽ ജനസംഖ്യയെക്കാൾ വേഗതയിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായേൽ കുടിയേറ്റക്കാരുടെ ജനസംഖ്യ വർധിക്കുന്ന കാഴ്ച. ഇസ്രായേലിന്റെ 6.8 മില്യൺ ജൂത ജനസംഖ്യയുടെ ഏകദേശം 10 ശതമാനവും ഈ അധിനിവേശ ഫലസ്തീൻ മേഖലകളിലാണ് താമസിക്കുന്നത്. ഇസ്രായേൽ എത്ര ഭീബത്സമായാണ് അധിനിവേശം നടത്തികൊണ്ടരിക്കുന്നത് എന്നതിന്റെ വ്യക്തമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നിലവിൽ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

ചൈന ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വലിയ റോക്കറ്റായ ‘Long March 5B Yao-2’ന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിന് പടിഞ്ഞാറ് പതിച്ചതായി 2021 മെയ് 9ന് അൽജസീറ വാർത്ത റിപ്പോർട്ട് ചെയതിരുന്നു. ലോകം മുഴുവനും ശ്വാസം അടക്കിപ്പിടിച്ച് വളരെ ശ്രദ്ധയോടെ സാറ്റലൈറ്റ് സ്ക്രീനുകളിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. അയൽദേശങ്ങളെ മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്ന് പറയപ്പെടുന്ന റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന അങ്കലാപ്പിൽ സാമൂഹിക മാധ്യമങ്ങൾ തിരയന്നുവരും കുറവായിരുന്നില്ല. ഇതുതന്നെയാണ് ഇസ്രായേൽ നഗരങ്ങളിലേക്ക് ഫലസ്തീനികളെ റോക്കറ്റകുൾ വിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്. ഫലസ്തീൻ റോക്കറ്റുകൾ തങ്ങൾക്ക് മേൽ എപ്പോഴും പതിക്കാമെന്ന ഭയം ഇസ്രായലിനെ ഒരടി പിന്നോട്ടടിപ്പിക്കുക തന്നെ ചെയ്യും. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന അമേരിക്ക ഫലസ്തീനികൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നത് കാണാതെ പോകരുത്!

Related Articles