Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണം ഫലസ്തീന്‍ കുട്ടികളുടെ മാനസികാവസ്ഥയെ തകര്‍ക്കുമ്പോള്‍

ഫലസ്തീന് നേരെയുള്ള ഇസ്രായേലിന്റെ അതിക്രമങ്ങള്‍ ഓരോന്നായി പുറത്തു വരുന്ന വേളയിലെല്ലാം ലോകം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവിടുത്തെ കുരുന്നുകളുടെ മാനസികാവസ്ഥകളും മാനസിക വളര്‍ച്ചക്കു നേരെ സംഭവിക്കുന്ന വീഴ്ചകളും. മെയ് മാസത്തില്‍ ഇസ്രായേല്‍ ഗസ്സ മുനമ്പിന് നേരെ വര്‍ഷിച്ച ബോംബിങ്ങില്‍ കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളും തന്നെയായിരുന്നു. ലോകത്ത് തന്നെ വലിയ രീതിയില്‍ മാനസിക പീഡനം അനുഭവിക്കുന്നവരാണ് ഫലസ്തീന്‍ ബാല്യങ്ങള്‍.

വളര്‍ന്നു വരുന്ന സമയത്ത് അവര്‍ നേരിടുന്ന ഭയവും അപമാനവും അവരുടെ ശാരീരികവും മാനസികവലുമായ വളര്‍ച്ചക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതിന്റെ ഫലമെന്നോണം ചെറുപ്പക്കാരെ അത് ബാധിക്കുന്നുമുണ്ട്. ഗസയില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ ഏറ്റവും പുതിയ സൈനിക ആക്രമണം കുട്ടികള്‍ക്ക് വലിയ ആഘാതമാണ് വരുത്തിവെച്ചത്. തങ്ങളുടെ ഉറ്റവരും ഉടയവരും വീടുകളും ബോംബാക്രമങ്ങള്‍ക്ക് വിധേയമാകുന്നതിന് നേര്‍ സാക്ഷികളായവരില്‍ പ്രകടമായ പെരുമാറ്റ വ്യതിയാനങ്ങള്‍ കാണുന്നതായും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

കഴിഞ്ഞ 13 വര്‍ഷമായി ഇത്തരം മാനസിക ആഘാതങ്ങള്‍ക്കിടയിലൂടെയാണ് ഫലസ്തീന്‍ കുട്ടികള്‍ കടന്നുപോകുന്നത്. ഓരോ ആക്രമണത്തിലും, ആഘാതമേല്‍ക്കുന്ന ഒരു പുതിയ തലമുറ ആളുകളുണ്ടാകുന്നു. ഗസ്സയില്‍ ഒരിടവും കുട്ടികള്‍ക്ക് സുരക്ഷിതമല്ല. ഇസ്രായേല്‍ അവസാനം നടത്തിയ ബോംബിങ്ങില്‍ 66 കുട്ടികളടക്കം 253 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിനടുത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അവരില്‍ പലരും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും അതിക്രമണങ്ങളില്‍ ഇരയായവരില്‍ പകുതിയിലധികവും 18 വയസ്സിന് താഴെയുള്ളവരാണ്. ഗാസയിലെ ശരാശരി 15 വയസുകാരന്‍ നാല് പ്രധാന ഇസ്രായേലി ആക്രമണങ്ങളളെ അതിജീവിച്ചവരാകും. ഏതെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഒരാളെയെങ്കിലും ഗാസയിലെ മിക്കവാറും എല്ലാവര്‍ക്കും നേരിട്ട് പരിചയമുള്ളവരാകും.

മുഴുവന്‍ കുടുംബങ്ങളെയും ഇത് ബാധിക്കുന്നു. ഗസയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവ കാരണം കഷ്ടപ്പെടുന്ന മുതിര്‍ന്നവരുടെ സംരക്ഷണയിലാണ് കുട്ടികള്‍ ജീവിക്കുന്നത് എന്നതും നാം അറിയേണ്ടതുണ്ട്.

2006 മുതല്‍ ഇസ്രയേല്‍ ഉപരോധം മൂലം 20 ദശലക്ഷത്തിലധികം ഫലസ്തീനികളാണ് ഗസ മുനമ്പില്‍ മോശമായ സാമ്പത്തിക സാഹചര്യങ്ങളില്‍ കഷ്ടപ്പെടുന്നത്.ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കാണിത്.

അതേസമയം, ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ അടിപതറാതെ നെഞ്ചുറപ്പോടെ നേരിടുന്ന കുട്ടികളുടെ തലമുറയും വളര്‍ന്നു വരുന്നത് ഫലസ്തീന് മാത്രം അവകാശപ്പെടാവുന്ന അഭിമാനമാണ്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഇത്തരത്തില്‍ ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല. തങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന സ്വന്തം ഉമ്മയും ഉപ്പയും സഹോദരിയും സഹോദരനും മറ്റു കുടുംബാംഗങ്ങളും കണ്‍മുന്നില്‍ അതിഭീകരമായി കൊല്ലപ്പെടുന്നതിന് നേര്‍ സാക്ഷികളായ പിഞ്ചു കുഞ്ഞുങ്ങളുടെ മാനസിക നില തകരുകയും മാനസിക വളര്‍ച്ചയെ ബാധിക്കുന്നതും നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് അന്താഷ്ട്ര സമൂഹം.

ഇത്തരത്തില്‍ പല കുട്ടികളും ഇപ്പോഴും അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. പലരും മാനസിക രോഗത്തിന് ചികിത്സയും കൗണ്‍സിലിങ്ങും മരുന്നും തുടരുകയാണ്. യു.എന്‍, റെഡ് ക്രസന്റ്, റെഡ് ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ ജീവകാരുണ്യ സംഘടനകളുടെയും എന്‍.ജി.ഒകളുടെയും ഇടപെടലുകളാണ് ഇവരുടെ ഇത്തരം വൈകല്യങ്ങള്‍ ശമിപ്പിക്കുന്നതിന് ഏക ആശ്വാസം. എന്നാല്‍ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാവുന്നത് വരെ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ നിസ്സഹായമായ ആ മുഖം നാം ഇനിയും കണ്ടുകൊണ്ടേയിരിക്കും.

Related Articles