വിശ്വാസാദര്‍ശക്കാരോട് മാന്യമായ വസ്ത്രം ധരിക്കാനാണ് ഇസ്ലാം കല്‍പിക്കുന്നത്. ശരീരഭാഗങ്ങള്‍ വെളിപ്പെടുന്നത് സ്ത്രീകള്‍ കാര്യമാത്രമായ ഗൗരവത്തോടെ കാണണമെന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാടാണ്. ഒരു വിശ്വാസിനി ഹിജാബ് ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍, അത് ദൈവിക കല്‍പനകളെ ധിക്കരിക്കലാണ്. ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒരാളുടെ ചോയ്സാണെങ്കില്‍, അവരെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലത്. ഇസ്ലാം വഴികാണിക്കുന്ന ജീവിതരീതി താല്‍പര്യപ്പെടുന്നവര്‍, പിന്തുടരുന്നവര്‍ അവരുടെ വസ്ത്രരീതിയില്‍ ചോയ്സെടുക്കുന്നതിനെ, പ്രത്യയശാസ്ത്രത്തെ പരിപൂര്‍ണമായി ഉള്‍കൊള്ളുന്നതിലെ വീഴ്ചയായേ കാണാനാവൂ. പ്രവാചക പത്നിമാരോടും സ്വഹാബി വനിതകളോടും മൂടുപടങ്ങള്‍ താഴ്ത്തിയിടാന്‍ ഇസ്ലാം കല്‍പിച്ചുവെങ്കില്‍, ഇന്നത്തെയും നാളത്തെയും തലമുറയിലെ സ്ത്രീകള്‍ക്കും അത് ബാധകമാണെന്നതില്‍ സംശയമില്ല. ഇസ്ലാം കല്‍പിക്കുന്നത് മുറപോലെ പിന്തുടരുന്നതില്‍നിന്ന് ഒരാളെ വിലക്കുന്നതെന്തും അയാളുടെ ഏറ്റക്കുറച്ചിലുള്ള ഇസ്ലാമിക ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍, ഹിജാബ് ധരിക്കാതിരിക്കുന്ന വിശ്വാസിനിയെ അറസ്റ്റ് ചെയത് വധിക്കുന്നതിനെ ഇസ്ലാമികമായി കാണാനും കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി മരണമല്ല; ശിക്ഷണമാണ്, അഭ്യൂദയവുമാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനിലുണ്ടായ സംഭവം, ഇസ്ലാമിക വസ്ത്രരീതികളെയും വ്യക്തി സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ചര്‍ച്ചകള്‍ ഒരിക്കല്‍ക്കൂടി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇസ്ലാമും ഇറാനിലെ ശീഈസവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും വശങ്ങളെ മുന്‍നിര്‍ത്തി, ഇസ്ലാമിനെയും ശീഈസത്തെയും വേറിട്ടുകാണുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇറാനിലെ ഇസ്‌ലാമിക വസ്ത്രരീതികളെ സംബന്ധിച്ച സംവാദങ്ങള്‍ പുരോഗമിക്കുന്നത്. ഇറുകിയ പാന്റ്‌സ് ധരിച്ചതിനും ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാത്തതിനുമാണ് മഹ്‌സ അമീനിയെ അറസ്റ്റ് ചെയ്തതെന്ന് തെഹ്‌റാന്‍ പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ റഹീമി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് രാജ്യം അനുശാസിക്കുന്ന വസ്ത്രരീതി പിന്തുടര്‍ന്നില്ലെന്നതിനാല്‍, ഇറാന്‍ ധാര്‍മിക പൊലീസ് കുര്‍ദിസ്ഥാന്‍ പ്രവിശ്യയില സഖിസിലെ മഹ്സ അമീനിയെ സെപ്റ്റംബര്‍ 13നാണ് അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലായിരിക്കെ പൊലീസ് മര്‍ദനമേറ്റ് മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്ന മഹ്‌സ അമീനി സെപ്റ്റംബര്‍ 16നാണ് മരിക്കുന്നത്. തുടര്‍ന്ന്, സഖിസില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രങ്ങള്‍ രംഗത്തുവന്നു. ഇറാനെതിരെ കേള്‍ക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആര്‍പ്പുവിളികളാണ്.
ഇറാനിലെ സംഭവം, സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മേല്‍ അധികാരം പ്രയോഗിക്കുന്ന ഇസ്‌ലാമിക രാഷ്ട്രമെന്ന നിലയിലാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. പൊലീസിന്റെ ഉപദ്രവമേറ്റാണ് മഹ്‌സ അമീനി മരിച്ചതെന്ന് ഇറാന്‍ അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും. മഹ്‌സ അമീനിയുടെ മരണത്തില്‍ യു.എസ് അപലപിക്കുകയും ഇറാന്‍ ധാര്‍മിക പൊലീസിനും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ യു.എസ് ഭരണകൂടം കൂടുതല്‍ ഉപരോധ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കാനഡയും തിങ്കളാഴ്ച ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. 2015ലെ ആണവ കരാര്‍ (Joint Comprehensive Plan of Action) പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കൂടുതല്‍ ഉപരോധമുണ്ടാകുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെയും പരാജയപ്പെട്ട ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചയുടെ പുരോഗതി വീണ്ടും അനിശ്ചിതത്വത്തിലാവുകയാണ്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്ന ഇറാന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്പെയിന്‍, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങള്‍ 16 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരെ ലോക രാഷ്ട്രങ്ങള്‍ നടപടി സ്വീകരിക്കുമ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ‘ശീഈ ഇസ്‌ലാമും’ ‘സുന്നി ഇസ്‌ലാമും’ ആണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj