Current Date

Search
Close this search box.
Search
Close this search box.

ഗസ്സ മുനമ്പിലെ ഇബ്രാഹീം അബൂ ഔദ ഹാപ്പിയാണ് !

തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനുസ് നഗരത്തിലാണ് ഇബ്രാഹീം അബൂ ഔദ താമസിക്കുന്നത്. 34കാരനായ അബൂ ഔദ ഉപരോധിക്കപ്പെട്ട തീരപ്രദേശത്തെ കാട ഫാം നടത്തിപ്പുകാരനാണ്. യൂറോപിന്റെ തണുത്ത കാലവസ്ഥയിൽ നിന്ന് മിഡിൽ ഈസ്റ്റിലെ ചൂടിലേക്ക് അഭയാർഥികളായി വന്നെത്തുന്ന കാടകളെ പിടിക്കുന്നത് ഗസ്സയിലെ തൊഴിൽരഹിതരുടെ പ്രധാന വരുമാന മാർഗമായി മാറിയിരിക്കുന്നു. തങ്ങളുടെ അന്നത്തിനായി അവരത് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കുന്നു. അവരിൽ ഒരാൾ മാത്രമാണ് അബൂ ഔദ; എന്നാൽ അവരിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. അഞ്ച് വർഷം മുമ്പാണ് അബൂ ഔദ കാടകളെ പിടിക്കുന്നവരിൽ (Quail hunters) നിന്ന് കുറച്ച് മുട്ടകൾ വാങ്ങുകയും, തന്റെ വീടിന്റെ മേൽക്കൂരയിലെ ഏതാനും ചില കൂടുകളിൽ കാടകളെ വളർത്താൻ തുടങ്ങുകയും ചെയ്യുന്നത്. തുടർന്ന് വീടിന്റെ അടുത്ത് ചെറിയൊരു സ്ഥലം വാടകക്കെടുത്ത് കാട വളർത്തൽ വിപുലപ്പെടുത്തിയപ്പോൾ, ആവശ്യക്കാർ വർധിക്കുന്നു. ഇപ്പോൾ, പ്രതിമാസം ലാഭമായി 500 ഡോളറാണ് അബൂ ഔദ കൈപ്പറ്റുന്നത്. തൊഴിലില്ലാതെ ജീവിക്കുന്ന ഒരുപാട് പേരിൽ അബൂ ഔദ ജോലി കണ്ടെത്തുമ്പോഴും ധാരാളം പേർ തൊഴിലില്ലാതെ ജീവിതം നയിക്കുന്നവരാണെന്ന് അൽജസീറയുടെ റിപ്പോർട്ട് പറഞ്ഞുനിർത്തുന്നു.

ഗസ്സ പതിനാല് വർഷമായി ഇസ്രായേൽ ഉപരോധത്തിലാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമായ രീതിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, ഗസ്സയിലെ ഫലസ്തീനികളുടെ പ്രധാന വരുമാനമായ മത്സ്യബന്ധനം. തൊഴിലില്ലായ്മ നിരക്ക് 2005ൽ 40 ശതമാനമായിരുന്നെങ്കിൽ 2021ൽ 56 ശതമാനമായിരിക്കുന്നുവെന്ന് യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ പ്രസിദ്ധീകരിച്ച കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണ് ദൃശ്യമാകുന്നത്. അതോടൊപ്പം, 68 ശതമാനത്തിലധികം കുടുംബങ്ങൾ അല്ലെങ്കിൽ 1.3 മില്യൺ ആളുകൾ കടുത്തതോ മിതമോ ആയ രീതിയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി യു.എന്നിന്റെ ഒ.സി.എച്ച്.എയുടെ (Office for the Coordination of Humanitarian Affairs) കണക്കുകൾ വ്യക്തമാക്കുന്നു. ഗസ്സയിലെ ദാരിദ്ര നിരക്ക് 60 ശതമാനവും അതിൽ 42 ശതമാനം കടുത്ത രീതിയുലമാണെന്ന് പി.സി.ബി.എസ് (Palestinian Cetnral Bureau of Statistics) 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു പ്രധാന പ്രതിസന്ധി ദിവസവും പതിനാറ് മണിക്കൂർ വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നതാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്നോ അല്ലെങ്കിൽ വെസ്റ്റ് ബാങ്കിലേക്കോ അയക്കുന്ന അന്താരാഷ്ട്ര തപാലുകൾ നിലവിൽ ജോർദാൻ, ഇസ്രായേൽ വഴിയാണ് കടന്നുപോകുന്നത്. രണ്ടായാലും അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് അയക്കപ്പെടുന്നത് ഇസ്രായേലാണ് പരിശോധിക്കുന്നത്. കാരണം അധിനിവേശ മേഖലകളിലേക്കുള്ള ചരക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. അതിനാൽതന്നെ, ഫലസ്തീൻ അതോറിറ്റി കഴിഞ്ഞ ഞായറാഴ്ച (07/02/2021) സ്വന്തമായി തപാൽ കോഡ് ഉപയോഗിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. തപാൽ കോഡ് തയാറാക്കാനുള്ള പദ്ധതി ഫലസ്തീൻകാരുടെ തപാൽ സുഗമമാക്കുന്ന ഫലസ്തീൻ വിലാസ സംവിധാനം (Addressings ystem) സ്ഥാപിക്കാനാണ് ഫലസ്തീൻ അതോറിറ്റി ശ്രമിക്കുന്നത്. ഈയൊരു നടപടിയിലൂടെ അധിനിവേശ മേഖലകളിലേക്ക് ചരക്കുകൾ എത്തിക്കുന്നത് എളുപ്പമാക്കാനും, പരമാധികാരം ദൃഢീകരിക്കാനുമാണ് ഫല്‌സതീൻ അതോറിറ്റി ലക്ഷ്യംവെക്കുന്നത്.

അധിനിവേശ ഫലസ്തീൻ മേഖലയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിധി (05/02/2021) ഫല്‌സതീൻ മനുഷ്യാവകാശ വിഭാഗങ്ങൾ വളരെയധികം സ്വാഗതം ചെയ്തായി അൽജസിറയടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാരണം, ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയ ഗസ്സ മുനമ്പിൽ 2014ലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധ സമയത്ത് നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിധി. ഐ.സി.സി പ്രോസിക്യൂട്ടർ ഫാതു ബിൻസൂദയോട് ഉടൻ നടപടി കൈകൊള്ളാനും ആഹ്വാനം ചെയ്തിരിക്കുന്നു. അപ്രകാരം, ഇസ്രായേൽ-ഫലസ്തീൻ സായുധ വിഭാഗങ്ങൾ മേഖലയിൽ നാശം വിതയ്ക്കുകയും, കൂടുതൽ സിവിലയന്മാരുൾപ്പെടെ ഫലസ്തീൻ ഭാഗത്ത് നിന്ന് 2251 പേരും കൂടുതൽ സൈനികരുൾപ്പെടെ ഇസ്രായേൽ ഭാഗത്ത് നിന്ന് 74 പേരും മരിക്കുകയും ചെയ്ത 50 ദിവസത്തെ യുദ്ധം ഇതിനകം ഐ.സി.സിയുടെ അഞ്ച് വർഷത്തെ പ്രാഥമിക അന്വേഷണത്തിന് വിഷയമായിരിക്കുന്നു. കിഴക്കൻ ജറുസലം, ഗസ്സ മുനമ്പ് ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ യുദ്ധം കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അല്ലെങ്കിൽ നടക്കുന്നുണ്ടെന്നും വിശ്വസിക്കാൻ ന്യായമായ അടിസ്ഥാനമുണ്ടെന്ന് ഫാതു ബിൻസൂദ 2019ൽ പറഞ്ഞിരുന്നു. ഫലസ്തീൻ യുദ്ധക്കുറ്റ ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ഐ.സി.സിയുടെ വിധിയെ ഹമാസ് ഉൾപ്പെടെയുള്ള സംഘടനകൾ അഭിവാദ്യം ചെയ്തിട്ടുമുണ്ട്.

വ്യത്യസ്ത പ്രതിസന്ധികളാൽ ഉഴുതുമറിയുന്ന ഫലസ്തീനും ജനതക്കും പുതിയൊരു മാറ്റത്തിനുള്ള സമയമായിരിക്കുന്നുവെന്നാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലോകത്തെ അറിയിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി ഫലസ്തീൻ വിഭാഗങ്ങൾ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിൽ കൈറോവിൽ രണ്ട് ദിവസത്തെ ചർച്ചക്ക് തിങ്കളാഴ്ച (08/02/2021) തുടക്കം കുറിച്ചിരുന്നു. രണ്ട് ദിവസത്തെ ചർച്ചയുടെ അവസാനം, സമയവിവരപട്ടിക അംഗീകരിക്കുമെന്ന് ഫത്ഹും ഹമാസും മറ്റും 12 ഫലസ്തീൻ വിഭാഗങ്ങളും സംയുക്ത പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. പാർലമെന്റ്-പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകൾ യഥാക്രമം മെയ് 22നും ജൂലൈ 31നുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 15 വർഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പാണെങ്കിലും, ഫത്ഹും ഹമാസും ഒത്തിതീർപ്പിലെത്തിയെന്നത് വലിയ പ്രാധാന്യത്തോടെയാണ് ഇസ്രായേൽ അധിനിവേശ മേഖല രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർ കാണുന്നത്. 2006ലാണ് ഇരു രാഷ്ട്രീയ പാർട്ടികൾ വിരുദ്ധ ചേരിയിലായി ഏറ്റുമുട്ടാൻ തുടങ്ങുന്നത്. 2006ലെ തെരഞ്ഞെടുപ്പിൽ ഹമാസ് അപ്രതീക്ഷിതമായി വിജയം നേടുകയും, ഫത്ഹ് പാർട്ടി ഹമാസിന്റെ വിജയത്തെ അംഗീകരിക്കാതിരിക്കുകയും, മേഖലകളെ അടിസ്ഥാനമാക്കി ഭരണം വിഭജിക്കപ്പെടുകയും ചെയ്യുന്നു. അപ്രകാരം ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്ന ഫത്ഹ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും, 2007ൽ ഹമാസ് ഗസ്സ മുനമ്പിലും അധികാരം കൈയാളുന്നു. ഈ വർഷമാണ് ഇസ്രായേൽ ഗസ്സക്ക് മേൽ ഉപരോധമേർപ്പെടുത്തുന്നത്. സംഘർഷങ്ങളുടെയും ഉപരോധങ്ങളുടെയും നീണ്ട വർഷങ്ങൾക്ക് ഫലസ്തീൻ തെരഞ്ഞെടുപ്പ് കുറച്ചെങ്കിലും പരിഹാരം കണ്ടെത്തുമെന്ന് കരുതാം. ഫത്ഹ്-ഹമാസ് ഒത്തുതീർപ്പ് ആ വഴിയിലേക്കുള്ള തുടക്കമാകട്ടേ!

Related Articles