Current Date

Search
Close this search box.
Search
Close this search box.

ഹൂതി ആക്രമണം: ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലേക്കോ ?

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗള്‍ഫ് മേഖല വീണ്ടും ഹൂതി-അറബ് സഖ്യസൈന്യത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ മൂര്‍ധന്യാവസ്ഥയിലെത്തി എന്നു പറയുന്നതാകും ശരി. യെമനിലെ ഹൂതി വിമത സൈന്യത്തിനെതിരെ വര്‍ഷങ്ങളായി സൗദി-യു.എ.ഇ നേതൃത്വം നല്‍കുന്ന സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ നാം നിരന്തരം കേള്‍ക്കാറുള്ള വാര്‍ത്തയാണ്.

യെമനില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള (ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള) സര്‍ക്കാരിനെ പിന്തുണക്കുകയും സര്‍ക്കാര്‍ സൈന്യത്തിന് സായുധ-സാമ്പത്തിക പിന്തുണ നല്‍കാനും വേണ്ടി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരെ യെമനില്‍ നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഹൂതികള്‍ സൗദി അറേബ്യയെയും യു.എ.ഇയെയും ലക്ഷ്യമിട്ട് നിരന്തരം ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും നടത്താറുണ്ട്. രണ്ടു വിഭാഗത്തിന്റെയും ആക്രമണങ്ങള്‍ക്കിരയാകുന്നതും കൊല്ലപ്പെടാറുള്ളതും പതിവ് യുദ്ധങ്ങളെ പോലെ സാധാരണക്കാര്‍ ആണെന്നതാണ് ബാക്കി പത്രം.

ഇതിന്റെ മൂര്‍ഛിച്ച അവസ്ഥയും സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന ഇടപെടലുകളുമാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായിട്ടുള്ളത്. ജനുവരിയില്‍ മൂന്നാഴ്ചക്കിടെ യു.എ.ഇയെയും തലസ്ഥാനമായ അബൂദബിയെയും ലക്ഷ്യമിട്ട് മൂന്ന് തവണയാണ് ഹൂതികള്‍ വ്യോമാക്രമണം നടത്തിയത്. ജനുവരി 17ന് നടന്ന ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് വിദേശ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. യു.എ.ഇയിലെ സര്‍ക്കാര്‍ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ ടാങ്കറുകള്‍ക്കും അബൂദബി വിമാനത്താവളത്തിന് സമീപവുമാണ് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നത്. വലിയ നാശനഷ്ടവും യു.എ.ഇക്കുണ്ടായിരുന്നു. ഇതിന് മറുപടി ഉണ്ടാകുമെന്ന് യു.എ.ഇ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തൊട്ടടുത്ത ദിവസം യു.എ.ഇയുടെ പിന്തുണയുള്ള സൗദി സഖ്യസേന യെമനില്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു. അതും കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും സഖ്യസേന യെമനില്‍ വ്യോമാക്രമണം നടത്തി. സമാനമായ രീതിയില്‍ സൗദിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോയുടെ പ്ലാന്റിന് നേരെയും ഹൂതികള്‍ നിരന്തരം ആക്രമണം നടത്താറുണ്ട്.

യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തടങ്കല്‍ പാളയത്തിനു നേരെയായിരുന്നു ഇത്തവണ വ്യോമാക്രമണം. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സആദയിലെ ജയിലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി പറഞ്ഞെങ്കിലും ഹൂതികള്‍ അത് തള്ളുകയായിരുന്നു. രണ്ടാമതും അബൂദബിയെ ലക്ഷ്യമിട്ടെത്തിയ ആക്രമണ പദ്ധതി യു.എ.ഇ സൈന്യം തകര്‍ക്കുകയായിരുന്നു.

യെമനിലെ സഖ്യസേനയുടെ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദുബൈ എക്‌സ്‌പോക്ക് നേരെ ആക്രമണമുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും ഒടുവിലായി തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ യു.എ.ഇക്കു നേരെ മൂന്നാമതും ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. അബൂദബിക്കു നേരെ വന്ന ഹൂതികളുടെ മിസൈല്‍ തടഞ്ഞിട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആദ്യമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍ഡസോഗ് യു.എ.ഇ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ഹൂതികളുടെ ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈല്‍ എമിറാത്തി സൈന്യം തകര്‍ത്ത് നശിപ്പിച്ചെന്നും അതിന്റെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ തകര്‍ന്നു വീണുവെന്നും ആളപായമൊന്നും ഇല്ലെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഹൂതി വിമതര്‍ യു.എ.ഇക്കു നേരെ മിസൈലാക്രമണം നടത്തുന്നതിനിടെ പൗരന്മാര്‍ക്ക് യു.എസ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അടുത്ത ഏതാനും ദിവസത്തേക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് പൗരന്മാരോട് ആവശ്യപ്പെട്ടത്. കോവിഡ് 19ന്റെ ഭീതിക്കു പുറമെ ഹൂതികളുടെ മിസൈലാക്രമണ ഭീതിയും ഇപ്പോള്‍ യു.എ.ഇയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.എ.ഇയിലെ പ്രധാന ടൂറിസം, ബിസിനസ് ഹബ്ബുകള്‍ ലക്ഷ്യമിട്ടായിരിക്കും തങ്ങളുടെ മിസൈലാക്രമണമുണ്ടാവുകയെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയത്. യെമനില്‍ പതിറ്റാണ്ടുകളായി നലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യു.എന്നും യു.എസും മറ്റു ലോകരാഷ്ട്രങ്ങളും നിരന്തരം ചര്‍ച്ച നടത്താറുണ്ടെങ്കിലും ഒന്നും ഇതുവരെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയത്തിലെത്താറില്ല. വിഷയത്തിന് ഉടന്‍ പരിഹാരം കാണാനായില്ലെങ്കില്‍ സൗദിക്കും യു.എ.ഇക്കും ഗള്‍ഫ്് മേഖലക്കും ഒന്നാകെ അത് അപകടകരമാണ്. മേഖലയില്‍ ആശങ്ക സൃഷ്ടി്കകാനും കരിനിഴല്‍ വീഴ്ത്തുന്നതിനുമാണ് ഇത് ഇടയാക്കുക. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ ഇരു രാജ്യങ്ങളിലും ജോലി ചെയ്യുന്നതിനാല്‍ ഇന്ത്യയെയും ബാധിക്കുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്.

Related Articles