Current Date

Search
Close this search box.
Search
Close this search box.

ഹരിദ്വാര്‍ കലാപാഹ്വാനം; കണ്ടില്ലെന്ന് നടിക്കരുത്

കഴിഞ്ഞയാഴ്ചയാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍മ്മ സന്‍സദ് എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ മുസ്ലിംകള്‍ക്കെതിരെ അതിരൂക്ഷമായ രീതിയില്‍ പരസ്യമായ കലാപാഹ്വാനം ഉയര്‍ത്തിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ തടസ്സം നില്‍ക്കുന്ന എല്ലാവരെയും കൊന്നൊടുക്കണമെന്നും അതില്‍ ഏറ്റവും പ്രധാനം മുസ്ലിംകളാണെന്നും അവരെ കൊല്ലാന്‍ മതിയായ ആയുധങ്ങള്‍ ശേഖരിച്ചുവെക്കണമെന്നുമാണ് സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അണികളോട് ആഹ്വാനം ചെയ്തത്. നിറഞ്ഞുതിങ്ങിയ സദസ്സില്‍ ഹര്‍ഷാരവത്തോടെയാണ് കലാപാഹ്വാനത്തെ അണികള്‍ സ്വീകരിച്ചത്.

ഡിസംബര്‍ 17 മുതല്‍ 19 വരെ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിലുടനീളം മുസ്ലിംകള്‍ക്കെതിരെ വിദ്വേഷവും വെറുപ്പും പകയും ജനിപ്പിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. സമ്മേളനത്തില്‍ സംസാരിച്ച വിവിധ തീവ്ര ഹിന്ദുത്വ സംഘടന നേതാക്കള്‍ മുസ്ലീങ്ങളെ വംശീയ ഉന്മൂലനം നടത്തണമെന്നും ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത കേന്ദ്രങ്ങള്‍ ആക്രമിക്കാനും ആഹ്വാനം ചെയ്തു.

ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറിയായ സാധ്വി അന്നപൂര്‍ണ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നാണ് ആഹ്വാനം ചെയ്തത്. അവരുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. അതിനായി വേണ്ട ആയുധങ്ങള്‍ ശേഖരിക്കുക. 20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണെന്നും അന്നപൂര്‍ണ സദസ്സിനോട് പറഞ്ഞു.

സര്‍ക്കാരുകള്‍ ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ 1857-ലെ കലാപത്തേക്കാള്‍ ഭയാനകമായ ഒരു യുദ്ധം ഞങ്ങള്‍ നടത്തുമെന്നാണ് സ്വാമി ആനന്ദ് സ്വരൂപ് സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഞങ്ങള്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്കടക്കം പരിശീലനം നല്‍കുന്നുണ്ടെന്നും പറഞ്ഞു.

മ്യാന്‍മറിലെ പോലെ മാത്രമേ ഇന്ത്യയിലെയും മുസ്ലിംകളെ കൊന്നൊടുക്കാനാവൂ എന്നും ഇതിനായി പൊലീസും രാഷ്ട്രീയക്കാരനും പട്ടാളവുമ
ടക്കം ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്ലിംങ്ങളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്നാണ് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പ്രസംഗിച്ചത്. സമ്മേളനം സമാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിലൂടെയാണ് കലാപാഹ്വാനം പുറംലോകമറിഞ്ഞത്.

രാജ്യം ഭരിക്കുന്ന ബി.ജെ.പിയുമായും അതിന്റെ ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളുകളാണ് സമ്മേളനത്തില്‍ പ്രസംഗിച്ചവരെല്ലാം. ഇവര്‍ കേന്ദ്ര മന്ത്രിമാരുമൊത്തും ബി.ജെ.പി നേതാക്കളുമൊത്തും വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും പിന്നാലെ പുറത്തു വന്നിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് എന്നിവരുമൊത്തുള്ള ഫോട്ടോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. മുസ്ലിംകള്‍ക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായയും മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ സമ്മേളനത്തിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതിയും ഉയര്‍ന്നിട്ടും പരിപാടിയില്‍ പ്രസംഗിച്ചവര്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലിസും ഭരണകൂടവും തയാറായിട്ടില്ല. കേവലം രണ്ടാള്‍ക്കെതിരെ മാത്രമാണ് പൊലിസ് കേസെടുത്തത്. മാത്രമല്ല, ഇതേ അജണ്ടയുമായി ധര്‍മ്മ സന്‍സദ് സമ്മേളനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപിക്കുകയാണ് സംഘാടകര്‍ ചെയ്യുന്നത്. അതിനവര്‍ക്ക് കിട്ടുന്ന ഊര്‍ജം ഹിന്ദുത്വ ഭരണകൂടത്തിന്റെയും അവരുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന പൊലിസിന്റെയും പരസ്യമായ പിന്തുണയാണ്. അതിനുള്ള തെളിവാണ് വരും ദിവസങ്ങളില്‍ ഗാസിയാബാദ്, അലീഗഢ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും സമ്മേളനം നടത്തുമെന്നുള്ള സംഘാടകരുടെ പ്രഖ്യാപനം. പൊലിസും ഭരണകൂടവും ഇവരുടെ പ്രസംഗത്തില്‍ തെറ്റായി ഒന്നും കണ്ടില്ലെന്ന വിശ്വാസത്തിലാണ് അവര്‍ കൂടുതല്‍ ഊര്‍ജവുമായി മുന്നോട്ടുപോകുന്നത്.

വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ മറ്റൊരു ഉദ്ദേശ്യമെന്ന് വ്യക്തമാണ്. അമ്പേ പരാജയപ്പെട്ട സംസ്ഥാന ഭരണത്തിലെ പോരായ്മകള്‍ മറച്ചുവെക്കാന്‍ ഓരോ വര്‍ഷവും വര്‍ഗ്ഗീയതയുടെ ആഴം കൂട്ടുകയാണ് സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്നത് എന്ന് നമുക്ക് വ്യക്തമാകും.

രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും വിഷയത്തില്‍ അവലംബിക്കുന്ന മൗനവും ഏറെ അപകടമാണ്. ഒറ്റപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളോ നേതാക്കളോ സംഭവത്തിനെതിരെ ട്വീറ്റ് ചെയ്തു എന്നതില്‍ കവിഞ്ഞ് വിഷയം ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനോ പാര്‍ലമെന്റിനകത്ത് എത്തിക്കാനോ ആര്‍ക്കും ആയിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ ഈ വിഷയത്തിലുള്ള പരാജയം കൂടിയാണ് ഹിന്ദുത്വ ശക്തികള്‍ മുതലെടുക്കുന്നതും ഒരു വിഭാഗത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അവരുടെ പ്രഖ്യാപിച്ച ലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ അവര്‍ക്ക് ഊര്‍ജം നല്‍കുന്നതും എന്നും നാം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.

Related Articles