Current Date

Search
Close this search box.
Search
Close this search box.

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാനുമായുള്ള ബന്ധം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ആരോപണങ്ങൾ ഉയർത്തി 2017 ജൂൺ അഞ്ചിന് ഈജ്പിത്, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ ഖത്തറുമായി സാമ്പത്തിക-നയതന്ത്ര ബന്ധം വിച്ഛേദിക്കുകയായിരുന്നു. ദോഹ ആസ്ഥാനമായുള്ള അൽജസീറ മാധ്യമ ശൃംഖല അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള പതിമൂന്ന് ആവശ്യങ്ങളാണ് ഉപരോധം പിൻവലിക്കുന്നതിന് ഈ രാഷ്ട്രങ്ങൾ മുന്നോട്ടുവെച്ചത്. കര-വ്യോമ-നാവിക ഉപരോധത്തോട് ഖത്തർ ചെറുത്തുനിന്നു. തുടക്കം മുതൽക്കെ ഖത്തർ ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ മുന്നോട്ടുപോയി. അങ്ങനെ, യു.എസ് പ്രസിഡന്റായിരുന്ന ഡൊണൾഡ് ട്രംപിന്റെ അവസാന നാളുകളിലെ മധ്യസ്ഥ ശ്രമങ്ങൾക്ക് ശേഷം, ജി.സി.സി അംഗങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങൾ സൗദി മരുഭൂമി നഗരമായ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കുന്നതിന് ധാരണയിലെത്തി.

ഗൾഫ് രാഷ്ട്രങ്ങൾ ഉപരോധം പിൻവലിക്കുന്നതോടൊപ്പം പ്രതിസ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള തയാറെടുപ്പുകൾ തുടരുന്നതായി കാണാവുന്നതാണ്. ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്ന് ഈജിപ്ഷ്യൻ-യു.എ.ഇ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞതായി രണ്ട് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ 2021 ജനുവരി 20ന് റോയിറ്റേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു. ഖത്തർ സാമ്പത്തിക സഹായമുള്ള അൽജസീറ മാധ്യമ ശൃംഖലയും, സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും ഈജിപ്തിന് നേരെ പുതിയ നിലപാട് സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ പ്രതിഷേധ ഇടപെടലുകൾ ലോകം ചർച്ച ചെയ്യരുതെന്നാവും ഈജിപ്ത് ഇതിലൂടെ കണക്ക് കൂട്ടുന്നത്. അറബ് വസന്തം പോലെ പടർന്ന സ്വാതന്ത്ര്യാഹ്വാനങ്ങൾക്ക് ഇനിയും ഭാവിയുണ്ടെന്നത്, വരാനിരിക്കുന്ന വസന്തത്തെ തടഞ്ഞുനിർത്താനാവില്ലന്നതുപോലെ സത്യമാണ്.

2021 ജനുവരി 18ലാണ് ഖത്തർ-യു.എ.ഇ-ഈജിപ്ത് നേരിട്ടുള്ള ആദ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത്. അങ്ങനെ ഉപരോധാനന്തരമുള്ള ആദ്യ വാണിജ്യ വിമാനം ഖത്തറിൽ നിന്ന് ഈജിപ്തിലേക്ക് പറന്നു. യു.എ.ഇയിലെ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനം എത്തി തൊട്ടുടനെയാണ് ദോഹയിൽ നിന്ന് വമാനം ഈജിപ്തിലേക്ക് പറന്നത്. ജനുവരി 11ന് ഖത്തർ-സൗദി വിമാന സർവീസുകളും പുനഃസ്ഥാപിച്ചിരുന്നു. നിലവിൽ ഓരോ രാഷ്ട്രങ്ങളും നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. യു.എ.ഇ, ഖത്തർ ഔദ്യോഗിക പ്രതിനിധികൾ കഴിഞ്ഞ തിങ്കളാഴ്ച (2021 ഫെബ്രുവരി 22) കുവൈത്തിൽ ആദ്യ കൂടിക്കാഴ്ച നടത്തിയിതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. അൽഉല കരാർ നടപ്പിൽവരുത്തുന്നതിന് സംയുക്തമായ നടപടിക്രമങ്ങളും സംവിധാനങ്ങളും കുവൈത്ത് കൂടിക്കാഴ്ചയിൽ രാഷ്ട്രങ്ങൾ ചർച്ച ചെയ്തു. വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും രാഷ്ട്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗൾഫ് കൂട്ടായ്മ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും, രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും താൽപര്യം പരിഗണിച്ച് സംയുക്തമായ ഗൾഫ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും, മേഖലയിൽ സമൃദ്ധിയും സ്ഥിരതയും നേടിയെടുക്കാനും ഗൾഫ് രാഷ്ട്രങ്ങൾ ഊന്നിപറഞ്ഞതായി എമിറേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കിയിരുന്നു.

ഖത്തറും ഈജിപ്തും തമ്മിൽ ഉപരോധനാന്തരമുള്ള ആദ്യ ചർച്ചക്ക് 2021 ഫെബ്രുവരി 23ന് കുവൈത്തിൽ തുടക്കിമിട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങളുണ്ടായിണ്ടും യു.എ.ഇ-ഖത്തർ കൂടിക്കാഴ്ചയിൽ നയതന്ത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകൾ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നതുപോല, അവസാനിക്കാത്ത സങ്കീർണതകൾ നിലനിർത്തുന്നതുമാണ്. മുൻ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാഷ്ട്രങ്ങളോടുള്ള പുതിയ യു.എസ് ഭരണകൂടത്തിന്റെ നിലപാട് ഇനിയും വ്യക്തമല്ല. ജോ ബൈഡൻ അധികാരത്തിലേറി ഇതുവരെ സംഭാഷണം നടത്തിയത് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദുമായാണ്. ഈയവസരത്തിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എസ് സ്വീകരിക്കുന്ന നിലപാടും രാഷ്ട്രങ്ങൾക്കിടയിൽ തുടരുന്ന ചർച്ചയോടൊപ്പം നിർണായകമാണ്.

Related Articles