Current Date

Search
Close this search box.
Search
Close this search box.

ആത്മസംസ്‌കരണത്തിന്റെ ചെറിയ പെരുന്നാള്‍

പരിശുദ്ധ റമദാനിന്റെ പുണ്യങ്ങളെല്ലാം കരസ്ഥമാക്കി ചെറിയ പെരുന്നാളിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം. ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിയില്‍ കടഞ്ഞെടുത്ത ആത്മീയ-ശാരീരിക നേട്ടങ്ങള്‍ക്ക് കോട്ടം തട്ടാതെ അടുത്ത റമദാന്‍ വരെ കാത്തുസൂക്ഷിക്കാനുള്ള സന്നാഹ ദിനമാണ് ഈദ് ദിനം.

സന്തോഷരാവില്‍ സകുടുംബം ഈദ് മുസ്വല്ലയിലേക്ക് നടന്നു നീങ്ങുമ്പോള്‍ പ്രവാചകന്‍ കാണിച്ചു തന്ന മാതൃകകള്‍ സ്വായത്തമാക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കണം. ഒപ്പം പരസ്പരം താങ്ങായി തണലായി മറ്റുള്ളവരെയും സന്തോഷത്തില്‍ അണിചേര്‍ക്കണം. ഒട്ടേറെ അശുഭ സംഭവങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞ വര്‍ഷം റമദാന്‍-പെരുന്നാള്‍ ദിനങ്ങള്‍ വന്നെത്തിയത്. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ എന്ന മഹാമാരിക്കും തൊട്ടുപിന്നാലെ വന്ന പ്രളയത്തിന്റെയും ദുരിതപര്‍വങ്ങളള്‍ക്കിടെയായിരുന്നു നാം ഈദ് ആഘോഷിച്ചത്. അതിനാല്‍ തന്നെ ഈദ് ദിനം മറ്റുള്ളവരെ ചേര്‍ത്തു നിര്‍ത്താനും ആശ്വാസമാകാനും കൂടെ നില്‍ക്കാനും മലയാളികള്‍ പഠിച്ച നാളുകള്‍ കൂടിയായിരുന്നു അത്.

റമദാനില്‍ വിശ്വാസി ആര്‍ജിച്ചെടുത്ത വിശ്വാസ ദൃഢത വരുന്ന റമദാന്‍ വരെ കാത്തു സൂക്ഷിക്കാന്‍ പലപ്പോഴും നമ്മള്‍ക്ക് സാധിക്കാറില്ല. ഇത്തരം ദുരന്ത വാര്‍ത്തകള്‍ വരുമ്പോഴാണ് പിന്നീട് നാം എല്ലാം മറന്ന് അല്ലാഹുവോട് സഹായം തേടാറുളളത്. കടുത്ത വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും നാളുകളിലൂടെയാണ് ഇത്തവണ റമദാന്‍ കടന്നു പോയത്. റമദാന്‍ അവസാന നാളുകളില്‍ വീണ്ടും പഴയ നിപ പകര്‍ച്ചവ്യാധി തലപൊക്കിയത് തെല്ലൊരാശങ്കയോടെയാണ് നാം ഉറ്റു നോക്കുന്നത്.

പുത്തന്‍ വസ്ത്രങ്ങളും അത്തറിന്റെ മണവും മൈലാഞ്ചിയുമണിഞ്ഞ് കുഞ്ഞുങ്ങളെയും കൂട്ടി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് സന്ദര്‍ശിച്ചും വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിച്ചും നാം പെരുന്നാള്‍ ലഹരിയില്‍ മുഴുകുമ്പോള്‍ പെരുന്നാളിന് മുഖത്ത് സന്തോഷം കൊണ്ടുവരാന്‍ പ്രയാസപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട് എന്ന കാര്യം മറക്കരുത്. പെരുന്നാല്‍ വസ്ത്രം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പുറത്തിറങ്ങാത്ത കുടുംബങ്ങള്‍ ഉണ്ട് എന്നത് നമ്മുടെ സകാത്ത്-റിലീഫ് പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്തവരായി ആരുമുണ്ടാകാന്‍ പാടില്ല എന്നത് ഉറപ്പു വരുത്തേണ്ടത് നാട്ടില്ലെ മഹല്ല്-സകാത്ത് കമ്മിറ്റികളുടെ ബാധ്യതയാണ്.

ഫാഷിസ്റ്റ് ഭരണം വീണ്ടും അധികാരത്തില്‍ എത്തിയ സന്ദര്‍ഭത്തിലാണ് നാം ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ഭീതിയോടെയാണ് നാം കേള്‍ക്കുന്നത്. അവരെയും പ്രാര്‍ത്ഥനയില്‍ ഉള്‍പപ്പെടുത്താന്‍ നാം മറക്കരുത്.

തക്ബീര്‍ ധ്വനികള്‍ പോലും ഉരുവിടാന്‍ കഴിയാതെ നിലക്കാത്ത വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ നോമ്പും പെരുന്നാളും കൊണ്ടാടുന്ന അനവധി കുടുംബങ്ങള്‍ മുസ്‌ലിം ലോകത്തുണ്ട്. അവരുടെ ദുരിതം നാം കാണാതെ പോകരുത്. ഉയിഗൂറിലെയും ഗസ്സയിലെയും ഫലസ്തീനിലെയും സിറിയയിലെയും യെമനിലെയും സഹോദരങ്ങളെ നാം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. ഇവിടങ്ങളിലെല്ലാം തക്ബീര്‍ ധ്വനികള്‍ക്ക് പകരം ടാങ്കറുകളുടെയും മിസൈലുകളുടെയും കാതടപ്പിക്കുന്ന ശബ്ദമാണ് പെരുന്നാള്‍ രാവിലും കേള്‍ക്കാന്‍ കഴിയുക.

പെരുന്നാള്‍, അഭയാര്‍ത്ഥി ക്യാംപുകളില്‍ ആഘോഷിക്കുന്ന പതിനായിരങ്ങളാണ് മറ്റൊരു ഭാഗത്തുള്ളത്. സ്വന്തം നാടും വീടുമുപേക്ഷിച്ച് അഭയാര്‍ത്ഥികളാകാന്‍ നിര്‍ബന്ധിതരായവര്‍. മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടവര്‍. പിറക്കും മുമ്പേ അനാഥരായവര്‍. ബാല്യ-കൗമാരത്തിലെ കളിചിരികള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ വേണ്ടി പടപൊരുതുന്നവര്‍. ഇവര്‍ക്കെല്ലാം ഇടയില്‍ നിന്നാണ് ലോകം പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഇതൊന്നും മറന്നാകരുത് നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍.

Related Articles