Current Date

Search
Close this search box.
Search
Close this search box.

നോക്കുകുത്തിയായൊരു ഭരണകൂടം

കോവിഡ് ലോകത്താകെ പിടിമുറുക്കിയിട്ട് വര്‍ഷം ഒന്ന് കഴിയുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇപ്പോഴും ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ഇന്ത്യക്ക് മുകളിലായി അമേരിക്ക മാത്രമാണുള്ളത്. ഓര്‍ക്കാപ്പുറത്തുണ്ടായ ലോക്ക് ഡൗണ്‍ കൊണ്ടും, മറ്റു നിയന്ത്രണങ്ങള്‍ കൊണ്ടും വാക്‌സിന്‍ എത്തിച്ചിട്ടുപോലും കോവിഡിന്റെ സംഹാര താണ്ഡവത്തിന് തടയിടാനായിട്ടില്ല.

കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കേണ്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം നോക്കുകുത്തിയായി നില്‍ക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ ഇയാംപാറ്റകളെ പോലെ ശ്മാശനങ്ങളില്‍ കത്തിയമരുമ്പോഴും ഇതൊന്നും അറിയാത്ത മട്ടില്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ക്യാംപയിന്‍ കൂടുതല്‍ സജീവമാക്കുന്നതിനെക്കുറിച്ചാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ചിന്തിക്കുന്നത്.

ദീര്‍ഘകാലം ബി.ജെ.പി ഭരിക്കുകയും നരേന്ദ്ര മോദി മുഖ്യമന്ത്രി പദവി അലങ്കരിക്കുകയും ചെയ്ത ഗുജറാത്തിലാണ് കോവിഡ് ഭയാനകമായ അവസ്ഥയിലെത്തി നില്‍ക്കുന്നത്. ഇവിടെ രോഗികള്‍ ആശുപത്രിക്ക് പുറത്ത് കാത്തുകെട്ടിക്കിടന്ന് റോഡരികിലും തെരുവിലും വെച്ച് മരണപ്പെടുകയാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, ഭോപ്പാല്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും വ്യത്യസ്തമല്ല. മിക്ക ആശുപത്രികളും നിറഞ്ഞുകവിഞ്ഞു. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിന് ഇല്ല. ചിലയിടങ്ങളിലൊക്കെ ഒരു ബെഡില്‍ രണ്ടു പേരാണ്. ആവശ്യത്തിന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമില്ല. അത്യാസന്ന നിലയിലായ രോഗികളെ പോലും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഇവിടങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.

കോവിഡ് ബാധിച്ച് മരിച്ചുവീഴുന്ന മൃതദേഹങ്ങള്‍ അടക്കം ചെയ്യാനോ സംസ്‌കരിക്കാനോ ആകാതെ ആശുപത്രിക്ക് പുറത്ത് കൂട്ടിയിട്ട് കിടക്കുന്ന അവസ്ഥയും നാം കണ്ടതാണ്. ശ്മാശനങ്ങളും മൃതദേഹം ദഹിപ്പിക്കുന്ന ഇടങ്ങളുമെല്ലാം തിങ്ങിനിറഞ്ഞു. ഗത്യന്തരമില്ലാതെ പൊതുമൈതാനങ്ങളില്‍ ചിതയൊരുക്കി കത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്.

തീര്‍ത്തും ഭയാനകമായ അവസ്ഥയില്‍ ലോകമാധ്യമങ്ങള്‍ മുഴുവന്‍ ക്യാമറ മുഖം തിരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യയിലേക്കാണ്. അന്താരാഷ്ട്ര തലത്തിലെ പ്രധാന വാര്‍ത്ത തലക്കെട്ടുകളില്‍ ഒന്ന് ഇന്ത്യയിലെ കോവിഡിന്റെ സംഹാരതാണ്ഡവും അത് നേരിടുന്നതിലെ ഭരണകൂടത്തിന്റെ പരാജയവുമാണ്. മിക്ക രാഷ്ട്രങ്ങളും ഇന്ത്യയിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തികഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലോകം ഒന്നടങ്കം രാജ്യത്തെ ഭരണാധികാരികളെ വിമര്‍ശിക്കിമ്പോഴും തന്റെ വിദേശയാത്രകകള്‍ മാറ്റിവെക്കേണ്ടി വന്നതിലെ ആകുലതയിലാണ് പ്രധാനമന്ത്രിയും പരിവാരങ്ങളും. കോവിഡ് രാജ്യത്തെ ജനങ്ങളെ മുക്കികൊന്നാലും ഏതു വിധേനയും പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യം.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. വാക്‌സിന്‍ കൃത്യമായി എത്തിച്ചു നല്‍കേണ്ട കേന്ദ്രം വാക്‌സിന്റെ വില വര്‍ധിപ്പിക്കുകയും സംസ്ഥാനത്തിനോട് സ്വന്തം നിലക്ക് വാക്‌സിന്‍ സംഘടിപ്പിക്കാനുമാാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് മൂലം ഒന്നാമത്തെ ഡോസ് എടുത്ത് നിശ്ചിത ദിവസത്തിനകം രണ്ടാമത്തെ ഡോസ് എടുക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ആശങ്കയിലാണ്.

മാത്രവുമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ ഇന്ത്യ ഓക്‌സിജന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന്റെ കണക്കും പുറത്തുവന്നിട്ടുണ്ട്. 9294 മെട്രിക് ടണ്‍ ഓക്സിജനാണ് 2020-21 വര്‍ഷത്തിലും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലുമായി കേന്ദ്രസര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. ഇപ്പോള്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഓക്സിജന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് രാജ്യം. കേന്ദ്രത്തിന്റെ ഈ നിലപാടിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

പ്രതിസന്ധികള്‍ക്കിടെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം നടത്തി. എല്ലാവരും ഉറ്റു നോക്കിയ വാര്‍ത്തസമ്മേളനമായിരുന്നു അത്. എന്നാല്‍ ഒരു മൈതാനപ്രസംഗം പോലെ എല്ലാവരോടും സമാധാനിക്കാനും സംയമനം പാലിക്കണമെന്നും കോവിഡിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞ് തലയൂരുകയാണ് അദ്ദേഹം ചെയ്തത്. ഇതുവരെ എന്ത് ചെയ്തു ഇനിയെന്തൊക്ക ചെയ്യാനുണ്ട്, ഓക്‌സിജന്‍ ക്ഷാമം, വാക്‌സിന്‍ ക്ഷാമം തുടങ്ങിയവ എങ്ങിനെ നേരിടാം എന്നിവയെക്കുറിച്ചൊന്നും ഒരക്ഷരം പറഞ്ഞില്ല. ഏറ്റവും ഒടുവിലായി കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഉന്നത് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് പറഞ്ഞ് തടിയൂരിയിരിക്കുയാണ് ഇപ്പോള്‍ മോദി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ യാതൊരു നിശ്ചയവുമില്ലാത്ത ഭരണകൂടവും ഈ രാജ്യത്തെ മറ്റൊരു പ്രതിസന്ധിയാണ്..

Related Articles