Editors Desk

ബി.ജെ.പി പറയാന്‍ ഉദ്ദേശിക്കുന്നത് തന്നെയാണിത്

വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ മാത്രം നടത്തി പാര്‍ലമെന്റിലേക്ക് ജയിച്ചു വന്ന എം.പിയാണ് ബി.ജെ.പിയുടെ പ്രഗ്യാ സിങ് താക്കൂര്‍. ഭോപ്പാലില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു വന്ന അവര്‍ 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി കൂടിയാണ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സയെ വീര ദേശാഭിമാനിയായി അവതരിപ്പിച്ച് അവര്‍ നിരന്തരം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതിപക്ഷത്തിന്റെയും മറ്റു ഭാഗത്തു നിന്നും ഉണ്ടാവാറുണ്ടെങ്കിലും വീണ്ടും അതേ പരാമര്‍ശവുമായി പ്രഗ്യാ സിങ് രംഗത്തുവരാറാണുള്ളത്.

കഴിഞ്ഞയാഴ്ച അവരെ പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയിലും അംഗമായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. വ്യാഴാഴ്ച വീണ്ടും പാര്‍ലമെന്റില്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ് പ്രഗ്യ രംഗത്തു വന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

‘ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചു’ എന്നായിരുന്നു രാഹുല്‍ പരാമര്‍ശിച്ചത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മനസ്സിലുള്ളതാണ് പ്രഗ്യയിലൂടെ പുറത്തു വരുന്നതെന്നും ഇത് ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദുഃഖകരമായ ദിനമാണെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ പറഞ്ഞത് തന്നെയാണ് സത്യം, ബി.ജെ.പിക്കും ആര്‍.എസ്.എസിനും പറയാനുള്ളത് അവര്‍ ഇതുപോലുള്ള ഓരോ അംഗങ്ങളെക്കൊണ്ട് പറയിപ്പിക്കുകയാണ്. അല്ലെങ്കില്‍ അതിന് അവസരം നല്‍കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചെയ്യുന്നത്. പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിപക്ഷത്തിന്റെയോ പൊതുജനത്തിന്റെയോ കണ്ണില്‍ പൊടിയിടാന്‍ തീരുമാനം പുനപരിശോധിക്കും എന്ന് മാത്രം.
നേരത്തെയും ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

രാഷ്ട്രീയ സ്വയം സേവകിന്റെ പാഠശാലയില്‍ നിന്നും വര്‍ഗ്ഗീയ രാഷ്ട്രീയം പറഞ്ഞും പയറ്റിയുമാണ് പ്രഗ്യ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനകത്തേക്ക് കയറുന്നത്. ഇതിനായി വെള്ളവും വളവും നല്‍കി എക്കാലത്തും അവരുടെ കൂടെയുള്ളത് ബി.ജെ.പിയുമാണ്. നാല് ലക്ഷത്തോളം വോട്ടിനാണ് അവര്‍ വിജയിച്ചു വന്നത് എന്നത് തന്നെ അവരുടെ വര്‍ഗ്ഗീയ രാഷ്ട്രീയം എങ്ങിനെ കൃത്യമായി വിജയിച്ചു എന്നതിന് തെളിവാണ്.

2008ല്‍ മാലേഗാവ് ബോംബ് സ്ഫോടന കേസില്‍ പ്രതിചേര്‍ത്താണ് 2008 ഒക്ടോബറില്‍ അവരെ മുംബൈ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. നിരവധി തവണ അവര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അവരുടെ കുറ്റകൃത്യത്തിന്റെ ആഴം മുന്‍നിര്‍ത്തി ജാമ്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍ 2017ല്‍ ജാമ്യം ലഭിക്കുകയും ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തരാക്കുകയുമായിരുന്നു.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അവര്‍ പിന്നീട് ബി ജെ പി യില്‍ ചേര്‍ന്ന് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു.
സ്‌ഫോടന കേസ് പ്രതിക്ക് എല്ലാവിധ ആദരവും പിന്തുണയും നല്‍കുന്നതിന്റെ ഫലമായാണ് ബി.ജെ.പി അവരെ പാര്‍ലമെന്റ് പ്രതിരോധ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാണ്. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രഗ്യക്കെതിരെ നടപടിയെടുക്കണം എന്ന് പറഞ്ഞ് സമയം കളയാനില്ലെന്നാണ് അദ്ദേഹം ഒടുവിലായി പറഞ്ഞത്. അതിനാല്‍ തന്നെ ബി.ജെ.പി പറയാന്‍ ഉദ്ദേശിക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും ഇനിയും പ്രഗ്യയിലൂടെ തന്നെ പുറത്തുവരുന്നത് വരും ദിവസങ്ങളിലും നമുക്ക് കാണാം.

Facebook Comments
Show More
Close
Close