Current Date

Search
Close this search box.
Search
Close this search box.

യു.പിയിലെ മുസ്ലിം വേട്ടയുടെ അവസാനത്തെ ഇരയാണ് അല്‍താഫ്

കഴിഞ്ഞ ഒക്ടോബറിലാണ് ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ കാണാന്‍ പോയ മലയാളികളായ മുഹ്‌സിന, മാതാവ് നസീമ, ഏഴു വയസ്സുകാരനായ മകന്‍ ആതിഫ് എന്നിവരെ യു.പി പൊലിസ് നിസ്സാര കാരണം ആരോപിച്ച് ജയിലിലടച്ചത്. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ ബന്ധുവിനെ കാണാന്‍ ജയിലിലെത്തിയത് എന്ന് ആരോപിച്ചാണ് ആഴ്ചകളോളം മൂവരെയും യു.പി പൊലിസ് ജയിലിലടച്ചത്. ഇതില്‍ പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്ന പ്രായമായ മാതാവിനെയും ചെറിയ കുട്ടിയും ഉണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനെയും മകനെയും കാണാനായി ഏതെ പ്രതീക്ഷയോടെ എത്തിയ ഇവരെയാണ് തങ്ങള്‍ക്ക് പരിചയമില്ലാത്ത അന്യ നാട്ടില്‍ അന്യായമായി യു.പി പൊലിസ് മനുഷ്യത്വരഹിതമായി തുറങ്കിലടച്ചത്. ഹിന്ദി ഭാഷ പോലും വശമില്ലാത്ത ഇവര്‍ ഏറെ ഭയപ്പാടോടെയും നിസ്സഹായതോടെയുമാണ് ജയില്‍ ദിനങ്ങള്‍ തള്ളിനീക്കിയത്.

സെപ്റ്റംബര്‍ 23നാണ് ഇവര്‍ ലഖ്‌നൗവിലെത്തിയത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതികളെ കാണാനായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിചാരണ നടന്നത്. തുടര്‍ന്ന് ജയിലിലെത്തിയ ഇവരെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പം മറ്റൊരു കുടുംബം കൂടി ജയിലില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചാണ് കോവിഡ് ടെസ്റ്റ് നടത്തിയതും. എന്നാല്‍ ഇവരുടേത് മാത്രം വ്യാജമാണെന്ന് ആരോപിക്കുകയായിരുന്നു.
ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ലഖ്‌നൗ ജയിലില്‍ ഇവര്‍ നേരിട്ട ക്രൂരതകളും പൊലിസിന്റെ പകപോക്കല്‍ നടപടികളെക്കുറിച്ചുമെല്ലാം പുറത്തുവന്ന ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ഇതേ ഉത്തര്‍പ്രദേശില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത അല്‍ത്താഫ് എന്ന മുസ്ലിം യുവാവ് കൊല്ലപ്പെടുന്നത്. പൊലിസ് കസ്റ്റഡിയിലിരിക്കെ ടോയ്‌ലറ്റില്‍ വെച്ച് തൂങ്ങിമരിച്ചു എന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ സെല്ലിനകത്തോ ടോയ്‌ലറ്റിലോ കയര്‍ കെട്ടി തൂങ്ങാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ലെന്നും പൊലിസ് കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ആരോപിച്ച് അല്‍താഫിന്റെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി സെല്ലിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ടോയ്‌ലെറ്റില്‍ രണ്ടടി മാത്രം ഉയരത്തില്‍ താഴ്ഭാഗത്തുള്ള ടാപ്പില്‍ ചെറിയ കയറിട്ട് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇങ്ങിനെയുള്ള ഫോട്ടോയാണ് പൊലിസ് പുറത്തുവിട്ടിരുന്നത്. ഒരാള്‍ക്ക് കഷ്ടിച്ച് മുട്ടുകുത്തി ഇരിക്കാനുള്ള ഉയരം മാത്രം. ഈ ഒരു ഉയരത്തില്‍ നിന്നുകൊണ്ട് അഞ്ചടി ഉയരമുള്ള ആള്‍ക്ക് തൂങ്ങി മരിക്കാന്‍ കഴിയില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒന്നാണ്. അതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ടാവുക സ്വാഭാവികമാണ്.

യു.പിയിലെ നഗ്ല സയ്യിദ് അഹ്റോളി സ്വദേശിനിയായ പെണ്‍കുട്ടിയെയും കൂട്ടി ഒളിച്ചോടിയെന്നാരോപിച്ചാണ് അല്‍താഫിനെതിരെ സദര്‍ പൊലിസില്‍ പരാതി ലഭിക്കുന്നതും കേസില്‍ ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ച അല്‍താഫ് ചോദ്യം ചെയ്യുന്നതിനിടെ ടോയ്‌ലെറ്റില്‍ പോകണമെന്നാവശ്യപ്പെടുകയും സെല്ലിനകത്തെ ടോയ്‌ലറ്റില്‍ പോയ അദ്ദേഹത്തെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് പൊലിസ് ടോയ്‌ലെറ്റില്‍ പോയി നോക്കിയപ്പോള്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് തിരക്കഥ. ഷാള്‍ ഉപയോഗിച്ചാണ് അദ്ദേഹം തൂങ്ങിയതെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചോദ്യം ചെയ്യലിനിടെ പരാതിക്കാരുടെ സമ്മര്‍ദ്ദം മൂലം അല്‍താഫിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പിതാവ് അടക്കം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലിസിനും യു.പി സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ടി, ബി.എസ്.പി, കോണ്‍ഗ്രസ്, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. ആസന്നമായ യു.പി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്.

മുസ്ലിംകളെയും ദലിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ അജണ്ടയുമായാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന യോഗി ആതിഥ്യനാഥിന്റെ സര്‍ക്കാര്‍ യു.പിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും വര്‍ഗ്ഗീയ കാര്‍ഡിറക്കി ഭൂരിപക്ഷ വര്‍ഗ്ഗീയത പ്രചരിപ്പിച്ച് വോട്ടുകള്‍ നേടാനും പ്രീണിപ്പിച്ച് ലാഭം കൊയ്യാനുമുള്ള രാഷ്ട്രീയ നേട്ടത്തിനാണ് സംഘ്പരിവാരം ലക്ഷ്യമിടുന്നത്. അതിനായി അരയും തലയും മറുക്കി പണിയെടുക്കുകയാണ് ഹിന്ദുത്വ സംഘടനകളും മാധ്യമങ്ങളും. എന്നാല്‍ ഇതിനെതിരെ പട പൊരുതാന്‍ കരുത്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ അഭാവവും നമുക്ക് അവിടെ കാണാം. അധികാരമോഹം കൊണ്ട് ഛിന്നഭിന്നമായ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. ഇത്തവണയും സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ യു.പിയിലെ മുസ്ലിംകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത ദുരന്തമായിരിക്കും അത് സമ്മാനിക്കുക എന്നതില്‍ സംശയമില്ല.

Related Articles