Current Date

Search
Close this search box.
Search
Close this search box.

ഒരു രാഷ്ട്രം പത്ത് വർഷം അനുഭവിച്ചത്!

മറ്റാരുടെയും സഹായമില്ലാതെ ആളുകൾക്ക് ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയുന്നുവെന്നത് സിറിയയിലെ ‘കൈറോ അമ്മാൻ ബാങ്കി’ന്റെ പ്രത്യേകതയാണ്. ബാങ്ക് കാർഡോ ഐഡിയോ കൂടാതെ മിഴിപടലത്തെ നിരീക്ഷിച്ച് (iris-scanning system) സ്വന്തം എക്കൗണ്ടുകൾ ഉപയോഗപ്പെടുത്താവുന്ന ബാങ്കിങ് മേഖലയിലെ പുതിയ കണ്ടുപിടുത്തം. ഫലപ്രദമായ രീതിയിൽ നിക്ഷേപം കൈമാറാനും, വ്യക്തികളുടെ ശാരീരിക പ്രത്യേകത (Biomterics) പരിശോധിക്കുന്നതാകയാൽ തട്ടിപ്പ് നടത്താൻ കഴിയാത്തതുമായ പുതിയ സംവിധാനമാണത്. ഇത് സിറിയൻ ബാങ്ക് സംവിധാനത്തിന്റെ മേന്മയായി എടുത്തുപറയുമ്പോൾ ഉയരുന്ന വ്യത്യസ്തങ്ങളായ ചോദ്യങ്ങളുണ്ട്. നിലവിലെ സിറിയൻ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖല ആ ചോദ്യത്തിന് വളരെ കൃത്യമായ മറുപടിയാണ് നൽകുന്നത്. ബാങ്ക് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെയും രാജ്യത്തിന്റെയും അവസ്ഥ അത്ര പുരോഗമനപരമല്ലെന്ന യുദ്ധ ഭൂമിയിലെ യാഥാർഥ്യവുമാണത്.

സിറിയൻ സാമ്പത്തിക രംഗം വളരെ ദുർഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വിലക്കയറ്റം രൂക്ഷമായികൊണ്ടിരിക്കുകയാണ്. സബ്‌സിഡി ഇന്ധനമുൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് 50 ശതമാനത്തിലേറെയാണ് സർക്കാർ വില ഉയർത്തിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണയാണ് വില വർധിക്കുന്നത്. പാചകവാതകത്തിന്റെയും വില വർധിച്ചിരിക്കുന്നു. 80 ശതമാനം സിറിയൻ അഭയാർഥികൾ ദാരിദ്രരേഖക്ക് താഴെയാണെന്ന് യു.എൻ.എച്.സി.ആർ വ്യക്തമാക്കുന്നു. രാജ്യത്തെ 9.3 മില്യൺ ഭക്ഷ്യ അരക്ഷിതാവസ്ഥയും, ഏകദേശം 4.5 കുട്ടികൾ പട്ടിണിയും നേരിടുന്നു. ലോകത്തെ മൂന്നിലൊന്ന് അഭയാർഥികളെ സൃഷ്ടിക്കുന്നത് സിറിയയാണ്. തെഴിലവസരങ്ങളും, വിദ്യാഭ്യാസവും, അടിസ്ഥാന സേവനങ്ങളും പരിമിതമായ അളവിൽ മാത്രമാണ് സിറിയൻ ജനതക്ക് ലഭ്യമാകുന്നത്. അയൽരാജ്യമായ ഇറാഖ്, തുർക്കി, ജോർദാൻ, ലബനാൻ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിൽ അഭയം തേടിയ സിറിയക്കാർ 5.5 മില്യണാണ്. ആഭ്യന്തരമായി ആറ് മില്യൺ പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. 2016ൽ യു.എൻ പുറത്തുവിട്ട അവസാന കണക്ക് പ്രകാരം സിറിയയിലെ മരണ നിരക്ക് നാല് ലക്ഷത്തിന് മുകളിലായിരുന്നു. 593000 സിറിയക്കാർ മരിച്ചുവെന്നാണ് സിറിയൻ യുദ്ധത്തെ വിലയിരുത്തുന്ന ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സിറിയൻ ഒബ്‌സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്‌സ്’ 2020 ഡിസംബറിൽ റിപ്പോർട്ട് ചെയ്തത്.

വീടുകളും, വിദ്യാലയങ്ങളും, ആശുപത്രികളും, അടിസ്ഥാന സൗകര്യങ്ങളും അടങ്ങുന്ന സിറിയയുടെ വലിയൊരു ഭാഗം വലിയ അളവിൽ യുദ്ധം കാരണമായി നശിക്കുകയും നശീകരണത്തിന് വിധേയമായികൊണ്ടിരിക്കുകയുമാണ്. ഒപ്പം, യു.എസ് ഭരണകൂടത്തിന്റെ ഉപരോധവും കൊറോണ വൈറസ് പ്രതിസന്ധിയും അവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള മോശം ദുരിതത്തിനാണ് സിറിയ സാക്ഷ്യംവഹിച്ചിരിക്കുന്നതെന്ന് യു.എൻ വിലയിരുത്തുന്നു. ജീവിതം തള്ളിനീക്കുന്ന സിറയക്കാരുടെ ആകെയുള്ള ആശ്വാസം സാമ്പത്തിക സഹായ പദ്ധതികൾ പ്രയോജനപ്രദമാകുന്നുവെന്നതാണ്. അന്നത്തിനായി കടം വാങ്ങേണ്ടി വരുന്ന ജനതക്ക് സാമ്പത്തിക സഹായം വളരെ ആശ്വാസമാണ്. പ്രതിമാസ സാമ്പത്തിക സഹായം ഡെബിറ്റ് കാർഡ് വഴി 1.8 മില്യൺ അഭയാർഥികൾക്ക് യൂറോപ്യൻ യൂണിയൻ സാമ്പത്തിക പിന്തുണയുള്ള ‘അടിയന്തര സാമൂഹിക സുരക്ഷാ ശൃംഖല’ (Emergency Social Safety Net) നൽകുന്നുണ്ടെന്നാണ് ‘ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ഏൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ്’ കണക്കുകൾ ചൂണ്ടികാണിക്കുന്നത്. 97 ശതമാനം സിറിയൻ കുടുംബവും ‘അടിയന്തര സാമൂഹിക സുരക്ഷാ ശൃംഖല’യിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുകയും, അതിലൂടെ അവർക്ക് പോഷകാഹാരം ലഭ്യമാക്കാൻ സാധിക്കുന്നതായും യു.എൻ ലോക ഭക്ഷ്യ പദ്ധതി വ്യക്തമാക്കുന്നു. ഈ സാമ്പത്തിക പദ്ധതി ചെറിയ രീതിയിലെങ്കിലും അവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് സഹായകരമാകുന്നു.

ഒരു രാഷ്ട്രത്തിന്റെ അസ്തിവാരം കീറിയ യുദ്ധത്തിന് പത്ത് വയസ്സാവുകയാണ്. 2011 മാർച്ച് 15ന് ജനാധിപത്യ നവീകരണം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്നീ ആഹ്വാനങ്ങളുമായി ദർആ, ദമസ്‌കസ്, അലപ്പോ തെരുവുകളിൽ വലിയ രീതിയിൽ പ്രതിഷേധം പൊട്ടിപുറപ്പെടുന്നു. ദീർഘകാലമായി ഭരണത്തിൽ തുടരുന്ന സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിനെ വിമർശിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ദർആ നഗരത്തിൽ ചുമർചിത്രങ്ങൾ വരച്ചതിനെ തുടർന്ന് അറസ്റ്റും പീഢനവും ആരംഭിച്ചപ്പോഴാണ് സിറിയൻ വിപ്ലവത്തിന് നാന്ദി കുറിക്കുന്നത്. പിന്നീട് ഭരണകൂടം എതിർശബ്ദങ്ങളെ അടിച്ചമർത്താനും അടിച്ചൊതുക്കാനും വ്യഗ്രത കാണിച്ചു. 2011 ജൂലൈയിൽ സിറിയൻ സൈന്യത്തിൽ നിന്ന് വേർപ്പെട്ട് ഒരു വിഭാഗം ‘ഫ്രീ സിറിയൻ ആർമി’ രൂപീകരിച്ചതായി പ്രഖ്യാപിക്കുന്നു. സിറിയൻ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് നീക്കണമെന്ന് ലക്ഷ്യംവെച്ച് പ്രവർത്തിച്ച വിമത വിഭാഗത്തിന്റെ പ്രവർത്തനം വിപ്ലവത്തെ ആഭ്യന്തര യുദ്ധമായി പരിവർത്തിപ്പിക്കുകയായിരുന്നു. 2012ലും പ്രക്ഷോഭം തുടർന്നു. 2013ൽ വ്യത്യസ്ത വിമത വിഭാഗങ്ങൾ രാജ്യത്തിന്റെ വ്യത്യസ്ത കോണിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഭരണകൂടത്തിന് അനുകൂലമായും പ്രതികൂലമായും ചെറിയ ചെറിയ വിഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് രാജ്യത്തെ ശിഥിലമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഇപ്പോൾ രാജ്യത്ത് പല വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. സിറിയൻ ഭരണകൂടം: 1970 മുതൽ 2000 വരെ ഹാഫിസ് അൽ അസദ് സിറിയൻ ഭരണചക്രം തിരിക്കുന്നു. പിതാവായ ഹാഫിസ് അൽ അസദിൽ നിന്ന് 2000ൽ അനന്തരമായി ലഭിച്ച അധികാരം മകൻ ബശ്ശാർ അൽ അസദ് ഏറ്റെടുക്കുന്നു. പ്രതിയോഗികളെ അടിച്ചമർത്തുക, ജനതക്കെതിരെ രാസായുധം പ്രയോഗിക്കുക, പതിനായിരങ്ങളെ പീഢിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്യുക തുടങ്ങുന്ന കൗശലങ്ങളിലൂടെ ബശ്ശാർ അൽ അസദ് ഭരണത്തുടർച്ച നിലനിർത്തുന്നു. ഫ്രീ സിറിയൻ ആർമി, സിറിയൻ നാഷനൽ ആർമി: 2011ൽ സിറിയൻ സൈന്യത്തിൽ നിന്ന് വേർപ്പെട്ടവരും, തുർക്കിയുടെയും വിവിധ ഗൾഫ് രാഷ്ട്രങ്ങളുടെയും പിന്തുണയുള്ള സിവിലിയന്മാരും ചേർന്ന് രൂപീകരിച്ച സായുധ ബ്രിഗേഡ് കൂട്ടായ്മയാണ് എഫ്.എസ്.എ (Free Syrian Army ). 2016 ഡിസംബറിൽ അലപ്പോയിൽ യുദ്ധം ആരംഭിച്ചത് മുതൽ എഫ്.സി.എ വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബിൽ പരിമിതമായ മേഖല കൈവശപ്പെടുത്തി. ഹയ്അത്ത് തഹ്‌രീർ അശ്ശാം (Hay’et Tahrir al-Sham): മുമ്പ് ജബ്ഹത്ത് ഫത്ഹ് അശ്ശാമും, ജബ്ഹത്ത് അന്നുസ്‌റയുമായിരുന്നു ഹയ്അത്ത് തഹ്‌രീർ അശ്ശാം. അസദ് ഭരണകൂടത്തിനെതിരായി അൽഖാഇദയുടെ ശാഖയെന്ന നിലയിൽ 2011ലാണ് ജബ്ഹത്ത് അന്നുസ്‌റ സിറിയയിൽ രൂപംകൊള്ളുന്നത്. 2017ൽ ഹയ്അത്ത് അത്തഹ്‌രീറിന് കീഴിൽ വിവിധ വിഭാഗങ്ങളുമായി ലയിച്ച് ജബ്ഹത്ത് ഫത്ഹ് അശ്ശാം പുനർനാമകരണം ചെയ്യുകയായിരുന്നു. ഒരു പാർട്ടിയെയോ സംഘടനയെയോ പിന്തുണയ്ക്കാതെ സ്വതന്ത്ര സാന്നിധ്യമായാണ് എച്.ടി.എസ് നിലവിൽ പ്രവർത്തിക്കുന്നത്. ഹിസ്ബുല്ല: ഇറാൻ പിന്തുണയുള്ള ശീഈ സായുധ സംഘമാണ് ഹിസ്ബുല്ല. ലബനാൻ ആസ്ഥാനമായുള്ള രാഷ്ട്രീയ സേനയുമാണത്. അസദ് സൈന്യത്തെ പിന്തുണയ്ക്കുന്നു. സിറിയയിലെ ഒരു പ്രദേശവും ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലില്ല. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്: കുർദ്-അറബ് മിലീഷ്യ സഖ്യമായ എസ്.ഡി.എഫ് 2015ലാണ് രൂപീകരിക്കപ്പെടുന്നത്. വൈ.പി.ജി പോരാളികളും, അറബ്-തുർക്ക്മാൻ-അർമേനിയൻ പോരാളികളുടെ ചെറിയ വിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കുർദുകളുടെ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളാണ് റഖ, ഖമാലിഷി, ഹസക്ക. ഐ.എസ്.ഐ.എൽ (ഐ.എസ്.ഐ.എസ്): 2012ന് ശേഷം, ആഭ്യന്തരമായി അസ്വസ്ഥത മൂർച്ഛിച്ച സാഹചര്യത്തിലാണ് ഐ.എസ്.ഐ.എൽ സിറിയയിൽ രൂപംകൊള്ളുന്നത്. 2014ൽ സൈന്യത്തിന്റെ അകമ്പടിയോടെ സുപ്രധാനമായ സ്ഥലങ്ങൾ പിടിച്ചെടുത്ത് ‘ഖിലാഫത്ത്’ പ്രഖ്യാപിക്കുന്നു. 2019 മാർച്ചിൽ ഐ.എസ്.ഐ.എൽ ‘ഖിലാഫത്ത്’ ഇല്ലാതാകുന്നു. പക്ഷേ, മേഖലയിൽ അവരുടെ സാന്നിധ്യം നേരിയ തോതിൽ പ്രത്യക്ഷമാണ്. 2014ൽ സിറിയയുടെയും ഇറാഖിന്റെയും മൂന്നിലൊന്ന് ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു.

യുദ്ധം രാജ്യത്ത് വിവിധ സായുധ വിഭാഗങ്ങളെ സൃഷ്ടിച്ചു. ദാരിദ്രം, തൊഴിലില്ലായ്മ, മോശപ്പെട്ട ജീവിത സാഹചര്യം നിത്യ അനുഭവമായി മാറുന്നു. പത്ത് വർഷം ഒരു രാജ്യത്തിന് വളരാൻ കഴിയില്ലെന്നതല്ല, മറിച്ച് നാശോന്മുഖമായി തീരുന്നുവെന്നതാണ് വേദനാജനകം. സാമ്പത്തിക സഹായം ചെറിയ അളവിൽ സഹായിക്കുന്നുവെങ്കിലും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിത കൈവരിച്ചിട്ടില്ല. ഒരു രാഷ്ട്രത്തിന്റെ തകർച്ചയാണ് ലോകം ഇതിലൂടെ കാണുന്നത്. അതാണ് ഒരു രാഷ്ട്രം പത്ത് വർഷമായി അനുഭവിക്കുന്നതും!

Related Articles