Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയചാപ്പകുത്തലുകള്‍ക്ക് ഒരു നാട് വിധേയമാകുമ്പോള്‍

malappuram.jpg

പ്രസ്താവനകള്‍ വിവാദമായി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന അപക്വപരമായ പ്രസ്താവനകള്‍. മുന്‍പിന്‍ നോക്കാതെയുള്ള ഈ എടുത്തുചാട്ടങ്ങള്‍ വന്‍ വിവാദത്തിലേക്ക് നയിക്കാറുമുണ്ട്. അത്തരമൊന്നായിരുന്നു സംസ്ഥാന ദ്വേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി നടത്തിയ പ്രസ്താവന. മലപ്പുറമെന്നത് ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തും ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍കെട്ടിവെക്കുന്ന പ്രവണത സജീവമായിരിക്കുന്ന കാലമാണല്ലോ എന്ന് കരുതി പറഞ്ഞതാവും. പ്രത്യേകിച്ച് മലപ്പുറത്താവുമ്പോള്‍ പറയുകവയ്യ. എന്തുകൊണ്ട് മലപ്പുറം സവിശേഷമാക്കപ്പെടുന്നുവെന്നതിന് കാരണം അവിടെ മുസ്‌ലിംകള്‍ കൂടുതലുണ്ട് എന്നതുതന്നെയാണ്. കഴിഞ്ഞ കാലം പരിശോധിക്കുകയാണെങ്കില്‍ മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും അപരത്വം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളും സിനിമകളും വലിയതോതില്‍ വിജയിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഏറെ രാഷ്ട്രീയവിവാദമായ പ്രസ്താവനകളാലും മലപ്പുറം സവിശേഷമാക്കപ്പെടുന്നു. ഈയര്‍ത്ഥത്തില്‍ ഉപബോധമനസ്സില്‍ ‘മലപ്പുറംവിരുദ്ധ’ മനോഭാവം ഊട്ടിയുറപ്പിക്കാന്‍ ഈ പ്രസ്താവനകള്‍ക്കുമായിട്ടുണ്ട്.

കഴിഞ്ഞകാലങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ ഒന്നകൂടി എളുപ്പമാവും. ഒരുപ്രമുഖ രാഷ്ട്രീയനേതാവ് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ച് പരീക്ഷപാസാകുന്നവരാണെന്നും, മുസ്‌ലിം സമുദായം അനര്‍ഹമായി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതുപോലെ വേറെയുമുണ്ട് ഉദാഹരണങ്ങള്‍. മലപ്പുറത്ത് ജനസംഖ്യകൂടാന്‍ കാരണം മുസ്‌ലിം സ്ത്രീകള്‍ പന്നി പ്രസവിക്കുന്നത് പോലെ പ്രസവിക്കുന്നതു കൊണ്ടാണെന്നും, പുരുഷന്മാര്‍ മൂന്നും നാലും കെട്ടുന്നത് കൊണ്ടാണെന്നും സംഘ്പരിവാര്‍ സഹയാത്രികനും, ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അഭിപ്രാപ്പെട്ടിരുന്നു. ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറായ അദ്ദേഹത്തെ മതവൈരമുണ്ടാക്കുകയും, മലപ്പുറം പാകിസ്താനികള്‍ എന്ന് വിളിച്ചും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ജയിലിലടക്കാന്‍ ഇവിടെ ഒരു സര്‍ക്കാറും ധൈര്യം കാണിച്ചില്ല. അതേസമയം പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും പേരുപറഞ്ഞ് അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ കേസെടുക്കുകയും, കാലങ്ങളോളം ജയിലിലടക്കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ്.

മോദിയാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്നുള്ള പ്രസ്താവനകള്‍ വളരെ ഭീതിയോടെയാണ് ഉറ്റ് നോക്കികൊണ്ടിരിക്കുന്നത്. പലരുടെയും ഉള്ളുകള്ളികള്‍ വെളിവാക്കിതരുന്നുണ്ട് ഓരോ രാഷ്ട്രീയ പ്രസ്താവനകളും. പ്രസ്താവനകള്‍ക്ക് പ്രസക്തി ലഭിക്കണമെന്നാഗ്രഹിക്കുന്നത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴിവെച്ചതാണ് ചരിത്രം. അത്തരത്തില്‍ പ്രസ്താവനകളില്‍ ഏറെ ഇടംപിടിച്ചതും, സവിശേഷമാക്കപ്പെട്ടതുമായ സ്ഥലമാണ് മലപ്പുറം. പൊതുബോധത്തില്‍ വേരുറപ്പിക്കപ്പെട്ട മലപ്പുറം അപരത്വത്തിന് പുറമെ വര്‍ഗീയ ചാപ്പകുത്തി അധിക്ഷേപിക്കാനുള്ള കൊള്ളരുതാത്ത ഇടമായി മാറ്റാനുള്ള ശ്രമങ്ങളും തകൃത്യാ നടക്കുന്നുണ്ട്. അത്തരം കുത്സിത ശ്രമങ്ങളെ നാം ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ എല്ലാവിധ വേട്ടയാടലുകള്‍ക്കും പാത്രമാവുന്ന ന്യൂനപക്ഷങ്ങളെ വിഷംവമിക്കുന്ന നാവുകള്‍കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അത് ദിവാസ്വപ്‌നം മാത്രമായിരിക്കും.

Related Articles