Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഇടപെടലിലൂടെ സിറിയ വീണ്ടും കത്തുമ്പോള്‍

hyt.jpg

ഫ്രാന്‍സിന്റെയും യു.കെയുടെയും പിന്തുണയോടെ അമേരിക്കന്‍ സഖ്യസേന സിറിയയെ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങള്‍ നടത്തുന്നതാണല്ലോ സിറിയന്‍ യുദ്ധ ഭൂമിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍. സിറിയന്‍ ജനതക്കു മേല്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ബശ്ശാര്‍ അസദിന്റെ സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നു എന്നു പറഞ്ഞാണ് യു.എസിന്റെ ആക്രമണം. ശനിയാഴ്ച സിറിയയെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിട്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇക്കാര്യം യു.കെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആളപായങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

രാസായുധം കൈയില്‍ സൂക്ഷിച്ചു മറ്റു രാജ്യങ്ങള്‍ക്കെതിരെ യാതൊരു മടിയും കൂടാതെ അത് പ്രയോഗിക്കുന്ന അമേരിക്ക തന്നെയാണ് ഇക്കാരണം പറഞ്ഞ് യുദ്ധം ചെയ്യുന്നതെന്നാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. റഷ്യയും അമേരിക്കയും കൊമ്പുകോര്‍ക്കാനായി സിറിയയെ കരുവാക്കുമ്പോള്‍ ദുരിതം പേറുന്നത് പതിവു പോലെ സിറിയയിലെ സാധാരണക്കാരായ ജനതയാണ്.

സിറിയയുടെ പുതിയ സംഭവ വികാസങ്ങളില്‍ ലോകം തന്നെ രണ്ട് ചേരിയായി വാദപ്രദിവാദങ്ങള്‍ തുടരുകയാണ്. അമേരിക്കയെ പിന്തുണക്കുന്നവര്‍ ഒരു ഭാഗത്തും സിറിയയെ പിന്തുണക്കുന്നവര്‍ മറുഭാഗത്തും ചേരിതിരിഞ്ഞ് വാഗ്വാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. റഷ്യക്ക് പിന്തുണയുമായി സിറിയക്കു പുറമെ ഇറാനും ലബനാനിലെ ഹിസ്ബുള്ള വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മറുപക്ഷത്ത് യു.എസിന് പിന്തുണയുമായി ഫ്രാന്‍സ്,ബ്രിട്ടന്‍,ജര്‍മനി,തുര്‍ക്കി,ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യവും റഷ്യന്‍ സൈന്യവും ചേര്‍ന്ന് നടത്തുന്ന നരനായാട്ടിനെതിരെ നേരത്തെ തന്നെ ലോകം മുഴുവന്‍ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം റഷ്യ കിഴക്കന്‍ ഗൂതയില്‍ രാസായുധം പ്രയോഗിച്ചതോടെയാണ് ട്രംപ് അസദിനു നേരെ തിരിഞ്ഞത്. സ്വന്തം ജനതയെ കൂട്ടത്തോടെ കൊലപ്പെടുത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന മനുഷ്യ മൃഗമാണ് അസദെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇതോടെ സിറിയക്ക് പിന്തുണയുമായി സഖ്യകക്ഷിയായ റഷ്യ രംഗത്തു വന്നു.

റഷ്യയെ നേരിടാന്‍ സിറിയയിലേക്ക് മിസൈസുകള്‍ അയക്കുമെന്നായി പിന്നീട് ട്രംപ്. എന്നാല്‍ അങ്ങനെ മിസൈല്‍ വിക്ഷേപിച്ചാല്‍ അവ വെടിവച്ചിടുമെന്ന പ്രകോപനവുമായി റഷ്യയും രംഗത്തെത്തി. എങ്കില്‍, ഞങ്ങളുടെ മിസൈലുകളെയും റോക്കറ്റുകളെയും നേരിടാന്‍ റഷ്യ തയാറായിക്കോളൂ എന്ന് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സിറിയയെ ലക്ഷ്യമായി യു.എസ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. ഇതോടെ ശത്രുത രൂക്ഷമായ റഷ്യ ഇതിന് മറുപടി നല്‍കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

യു.എസിന്റെ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തു വന്നു. അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് സിറിയ മുന്നോട്ടു പോകുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും ഇത് സിറിയന്‍ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയേ ചെയ്യൂവെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു.

സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയ ഇടങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ വ്യോമാക്രമണം. എന്നാല്‍ ഇതിന്റെ കെടുതികള്‍ പൂര്‍ണമായും അനുഭവിക്കേണ്ടി വരിക കിഴക്കന്‍ ഗൂതയിലെയും ദമസ്‌കസിലെയും നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനതയാണെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ സിറിയയുടെയോ റഷ്യയുടെയോ സൈന്യമല്ല.

സിറിയ രാസായുധ പ്രയോഗം അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ വ്യോമാക്രമണം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. സിറിയന്‍ യുദ്ധത്തില്‍ പുതുതായി ഉയര്‍ന്നു വന്ന ഈ പ്രതിസന്ധി മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനും സിറിയന്‍ പ്രശ്‌നം അവസാനിക്കാതെ കത്തിച്ചു നിര്‍ത്താനും മാത്രമേ കാരണമാകൂ. പാശ്ചാത്യന്‍ ആയുധ വിപണി സജീവമാക്കാന്‍ സഖ്യരാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ നല്‍കി മേഖലയെ യുദ്ധ കലുഷിതമാക്കുക എന്ന ഒളിയജണ്ട ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

 

 

 

Related Articles