Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി നിലക്കുമ്പോള്‍

Aqsa-masjid.jpg

കഴിഞ്ഞ ദിവസം (ജൂലൈ 14) മസ്ജിദുല്‍ അഖ്‌സയുടെ കോമ്പൗണ്ടിലുണ്ടായ ഏറ്റുമുട്ടല്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിടാനും അവിടത്തെ ജുമുഅ നമസ്‌കാരം വരെ തടയാനുള്ള കാരണമായി ഉപയോഗിച്ചിരിക്കുകയാണ് അധിനിവേശ ഭരണകൂടം. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയായ മസ്ജിദുല്‍ അഖ്‌സ ബാങ്ക് വിളിയും നമസ്‌കാരവുമില്ലാത്ത രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിന്ന്. ഖുദ്‌സ് നഗരത്തിന്റെ ഇസ്‌ലാമിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങള്‍ തുടച്ചു നീക്കാന്‍ പതിറ്റാണ്ടുകളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു നടപടിയുണ്ടായതില്‍ അത്ഭുതമൊന്നുമില്ല. റോഡുകളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയും വിശുദ്ധ അഖ്‌സയുടെ സമീപത്ത് ഖനനത്തിന്റെ പേരില്‍ കിടങ്ങുകള്‍ തീര്‍ത്തും അവരത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. നിരന്തരം ആസൂത്രിതമായി മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലേക്ക് ഇരച്ചു കയറ്റങ്ങള്‍ നടത്തുന്നതും അതിന്റെ ഭാഗമായിട്ട് തന്നെയാണ്.

മസ്ജിദുല്‍ അഖ്‌സക്കും ഖുദ്‌സിനും വേണ്ടി ശബ്ദമുയര്‍ത്തേണ്ട അറബ് മുസ്‌ലിം ലോകത്തെ ഭരണകൂടങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങളിലും പരസ്പര സംഘര്‍ഷങ്ങളിലും വ്യാപൃതമായിരിക്കുന്ന നിലവിലെ സാഹചര്യം ഖുദ്‌സ് നഗരത്തെ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് അധിനിവേശ ഭരണകൂടം കാണുന്നത്. രണ്ട് ഇസ്രയേല്‍ പോലീസുകാരുടെയും മൂന്ന് ഫലസ്തീനികളുടെയും മരണത്തിന് കാരണമായ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് ശേഷം മസ്ജിദില്‍ ജുമുഅക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്രയേല്‍ നടപടി ലോക മുസ്‌ലിംകളില്‍ ഞെട്ടലുണ്ടാക്കേണ്ടതാണ്. മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കാരം പോലും വിലക്കപ്പെടുന്ന കാലം അതിവിദൂരമല്ലെന്ന് മസ്ജിദുല്‍ അഖ്‌സ ഡയറക്ടര്‍ ഉമര്‍ അല്‍കസ്‌വാനിയെ പോലുള്ളവര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രയേല്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ മസ്ജിദുല്‍ അഖ്‌സയെ അവരുടെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ളതാണെന്നും അദ്ദേഹം ഉണര്‍ത്തിയിരുന്നു.

അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ അജണ്ടയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ഫലസ്തീന്‍ പ്രശ്‌നത്തെ ആ സ്ഥാനത്തു നിന്നും നീക്കാനുള്ള ശ്രമങ്ങളാണ് സയണിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചു എന്നു പറഞ്ഞാല്‍ തെറ്റാവില്ല. അറബ് ലോകത്തെ അനൈക്യവും ഛിദ്രതയും ശക്തിപ്പെടുത്തുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പോലും യഥാര്‍ഥ ഗുണഭോക്താക്കള്‍ ഇസ്രയേലാണെന്ന് മിഡിലീസ്റ്റിലെ പല പ്രമുഖ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവിലെ പ്രതിസന്ധി മുതലെടുത്ത് സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്താന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഇസ്രയേലിലില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ സാധിച്ചാല്‍ ഫലസ്തീനികളുമായിട്ടുള്ള ചര്‍ച്ചയില്‍ അവരോട് കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ ആവശ്യപ്പെടാനുള്ള അവസരമാണത് തുറക്കുകയെന്ന് പറഞ്ഞത് ഇസ്രയേല്‍ മന്ത്രിയായ അയൂബ് കാറ തന്നെയാണ്. ഈ വിഷയത്തില്‍ മുസ്‌ലിം ലോകം കാണിക്കുന്ന അലംഭാവം വിശുദ്ധ മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന ഫലസ്തീന്‍ മണ്ണ് സയണിസ്റ്റുകള്‍ക്ക് പതിച്ചു കൊടുക്കുന്നതിനാണ് സഹായിക്കുക. അത് തിരിച്ചറിഞ്ഞ് യുക്തിയോടെ പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ക്ക് സാധിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Related Articles