Current Date

Search
Close this search box.
Search
Close this search box.

ഭീകരതയെ ഇസ്‌ലാമിന് മേല്‍ കെട്ടിവെക്കുമ്പോള്‍

Francois-Hollande.jpg

ഭീകരതക്ക് മതമില്ലെന്നും അത് മുഴുവന്‍ മനുഷ്യര്‍ക്കും എതിരാണെന്നും ലോക നേതാക്കളടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കാറുണ്ടെങ്കിലും ഓരോ ഭീകരാക്രമണവും നടക്കുമ്പോള്‍ അതിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റിന്റെ പ്രസ്താവന. ഫ്രാന്‍സിലെ നീസില്‍ ട്രക്കുപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സംഭവത്തിന്റെ ‘തീവ്രവാദ സ്വഭാവം’ നിരാകരിക്കാനാവില്ലെന്നും ഫ്രാന്‍സ് ഒന്നടങ്കം ‘ഇസ്‌ലാമിക തീവ്രവാദ ഭീഷണി’യുടെ നിഴലിലാണെന്നുമാണ് ഒലാന്റ് പറഞ്ഞത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പിടിമുറുക്കുന്ന ‘ഇസ്‌ലാമോഫോബിയ’യില്‍ നിന്ന് ഫ്രഞ്ച് പ്രസിഡന്റ് പോലും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണിത്.

ട്രക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയ തുനീഷ്യന്‍ വംശജനായ മുഹമ്മദ് ലഹീജ് ബൂഹിലാലിന് ഏതെങ്കിലും മതവുമായി ബന്ധമുള്ളതിന്റെ തെളിവുകളൊന്നുമില്ലെന്നും ഏകാകിയായിരുന്നു അയാളെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മുസ്‌ലിം നാമധാരി എന്നതിനപ്പുറം ഇസ്‌ലാമിന്റെ അധ്യാപനകങ്ങളൊന്നും ജീവിതത്തില്‍ പാലിക്കാത്ത, കടുത്ത മദ്യപാനിയും പന്നിമാംസം ഉപയോഗിക്കുന്നയാളുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധു തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അക്രമിയെ കുറിച്ച പ്രാഥമിക വിവരങ്ങള്‍ പോലും അറിയാന്‍ ശ്രമിക്കാതെ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ഒരു വ്യക്തി ഒരു മതവിഭാഗത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നടത്തുന്ന പ്രസ്താവനയിറക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? രാജ്യത്തെ തീവ്രവലതുപക്ഷത്തെ തൃപ്തിപ്പെടുത്തി അതിലൂടെ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇതിലൂടെ നടത്തുന്നതെന്ന് വ്യക്തം.

മുസ്‌ലിംകള്‍ക്കിടയില്‍ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, എല്ലാ മതവിഭാഗങ്ങള്‍ക്കിയിലും ഇത്തരക്കാര്‍ ഉണ്ടെന്നുള്ളതും നിരാകരിക്കാനാവാത്ത വസ്തുതയാണ്. ഭീകരതയുടെ ഒന്നാമത്തെ ഇരകള്‍ മുസ്‌ലിംകളാണെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. ഭീകരതയെ ശക്തമായി തള്ളിപ്പറയുന്നവരും എതിര്‍ക്കുന്നവരുമാണ് പൊതുവെ മുസ്‌ലിംകള്‍. അന്യായമായി ഒരു ചെറുജീവിയുടെ ജീവനെടുക്കുന്നത് പോലും എതിര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. പ്രസ്തുത മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെ നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരരാവാന്‍ സാധിക്കുക! എന്നാല്‍ ഈ വസ്തുതകളെയെല്ലാം അവഗണിച്ച് സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഭീകരമുദ്ര ചാര്‍ത്തുന്നവര്‍ യഥാര്‍ഥ ഭീകരരെ മാത്രമാണ് സഹായിക്കുന്നത്. ഇത്തരം നിലപാടുമായി മുന്നോട്ടു പോകുന്നവര്‍ക്ക് ഭീകരതയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനോ ചികിത്സിക്കാനോ സാധിക്കില്ല.

Related Articles