Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാംഭീതി ഒഴിയുന്ന പടിഞ്ഞാറ്

islamop.jpg

ഇസ്‌ലാമിനെ അപരവല്‍ക്കരിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴായി നടന്നിട്ടുണ്ട്. മുന്‍കാല പ്രവാചകന്മാരായ മൂസാ നബിയും ഈസാ നബിയും അവതരിപ്പിച്ച ആദര്‍ശങ്ങളുടെ പരിഷ്‌കൃത രൂപമായിട്ടാണ് ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ജൂത-ക്രൈസ്തവ മതവിഭാഗങ്ങളിലെ മേലാളന്മാരും പ്രമാണിമാരും ആദ്യകാലം മുതല്‍ തന്നെ ഇസ്‌ലാമിനെ വേട്ടയാടാന്‍ ശ്രമിച്ചത് സ്വാഭാവികം മാത്രം. അതുപോലെ ഇസ്‌ലാം മുന്നോട്ടു വെച്ച വിട്ടുവീഴ്ചയില്ലാത്ത ജീവിതക്രമവും സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ക്ക് ദഹിക്കാത്ത ഒന്നായിരുന്നു. ആശയപരം എന്നതിനേക്കാള്‍ രാഷ്ട്രീയവും സാമൂഹ്യവുമായ എതിര്‍പ്പുകളാണ് ഇസ്‌ലാമിന് ഏറെയും നേരിടേണ്ടി വന്നിട്ടുള്ളത്.

ഇന്നത്തെ പാശ്ചാത്യന്‍ ലോകം ഇസ്‌ലാമിന് നേരെ വെച്ചുപുലര്‍ത്തുന്ന അയിത്ത മനോഭാവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തികച്ചും രാഷ്ട്രീയപരം മാത്രമായി ഒതുങ്ങേണ്ടിയിരുന്ന ഖുദ്‌സ് വിമോചന പോരാട്ടത്തെ മതവര്‍ണം നല്‍കി അവതരിപ്പിച്ചതും അതിനെ കുരിശുയുദ്ധങ്ങള്‍ എന്ന് വിശേഷിപ്പിച്ചതും പടിഞ്ഞാറായിരുന്നു. പോപ്പ്, ജറുസലേം എന്നീ ചേരുവകളൊടൊപ്പം മറുഭാഗത്ത് മുസ്‌ലിം എന്നത് കൂടിയായപ്പോള്‍ തികച്ചും മതപരമായ പോരാട്ടമായി ആ യുദ്ധ പരമ്പരകള്‍ മാറി. യഥാര്‍ത്ഥത്തില്‍ ഈജിപ്തിലെ ഫാത്തിമി രാജവംശവും യൂറോപ്യന്‍ സഖ്യസേനയും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ വിശുദ്ധമായി കണ്ടിരുന്ന ഖുദ്‌സ് വിഷയം ഉള്‍പ്പെട്ടതാണ് കുരിശുയുദ്ധങ്ങള്‍ എന്ന പേരില്‍ പാശ്ചാത്യര്‍ ഈ പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ കാരണം. അന്നുമുതല്‍ ഇസ്‌ലാമും മുസ്‌ലിംകളും തങ്ങളുടെ രാഷ്ട്രീയ-മത പ്രതിയോഗികളാണ് എന്ന തരത്തിലാണ് പടിഞ്ഞാറ് പെരുമാറിയത്. യൂറോപിനെ അന്ധകാരത്തില്‍ നിന്ന് വൈജ്ഞാനിക പ്രഭയിലേക്ക് വഴിനടത്തിയത് മധ്യകാലത്ത് ഉണ്ടായ നവോത്ഥാനമാണ്. എന്നാല്‍ നവോത്ഥാനത്തിന് പിന്നിലെ മുസ്‌ലിം സംഭാവനകളെ തമസ്‌കരിച്ചുകൊണ്ട് യൂറോപ്പ് അതിന്റെ ആദ്യ മുസ്‌ലിം വിരുദ്ധ വിസ്മൃതി രേഖപ്പെടുത്തി. മധ്യകാലത്തിന് ശേഷം രാഷ്ട്രീയപരമായും വൈജ്ഞാനികമായും യൂറോപ്പ് ലോകത്തിന്റെ അധിപന്മാരായിത്തീര്‍ന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചെന്നെത്തിയ യൂറോപ്യന്‍ പര്യവേക്ഷണ സംഘങ്ങള്‍ ക്രമേണ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി മാറ്റി.

സാമ്രാജ്യത്വത്തിന് നാന്ദി കുറിച്ച ഈ കോളനിവല്‍ക്കരണ കാലത്ത് ഏറെ അനുഭവിച്ചതും മുസ്‌ലിംകളായിരുന്നു. നെപ്പോളിയന്റെ ഫ്രാന്‍സ് ലോകം വെട്ടിപ്പിടിക്കാനുള്ള മുന്നേറ്റത്തില്‍ മുസ്‌ലിം നാടുകളെയും പ്രദേശങ്ങളെയും കീഴടക്കുകയും വികലമായ പാശ്ചാത്യന്‍ സംസ്‌കാരത്തെ അന്നാടുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ നാഗരികതയെയും സംസ്‌കാരത്തെയും മായ്ച്ചുകളഞ്ഞ് മുസ്‌ലിം പൊതുബോധത്തെ പാശ്ചാത്യന്‍ സംസ്‌കാരത്തില്‍ നിര്‍മിച്ചെടുക്കാന്‍ പോര്‍ച്ചുഗലും ബ്രിട്ടനുമടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുകയുണ്ടായി. ഇസ്രായേലിനെ ഇസ്‌ലാമിനെതിരെയുള്ള ജൂത വൈരികളായി അവതരിപ്പിച്ചതും സ്ഥാപിച്ചതും പടിഞ്ഞാറിന്റെ കുബുദ്ധിയായിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം അധിക മുസ്‌ലിം നാടുകളും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെങ്കിലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് ബഹുദൂരം വ്യതിചലിച്ച, അധികാര സുഭദ്രതയില്ലാത്ത രാഷ്ട്രങ്ങളായി അവ മാറി. അവയ്ക്ക് പര്‌സപരം പോരടിക്കാനുള്ള ആയുധങ്ങളും സന്നാഹങ്ങളും പാശ്ചാത്യര്‍ ഒരുക്കി നല്‍കി. ഇന്ന് പശ്ചിമേഷ്യ അടക്കമുള്ള മുസ്‌ലിം നാടുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പിന്നില്‍ കൈകൊട്ടി ചിരിക്കുന്നതും പാശ്ചാത്യന്‍ മുസ്‌ലിം വിരുദ്ധ ശക്തികളാണ്. ഏറ്റവും അവസാനമായി ഇസ്‌ലാമിക ഖിലാഫത്തിനെ വികലമായി ചിത്രീകരിക്കാനും ഇസ്‌ലാമിക ജിഹാദിനെ മലിനമാക്കാനുമുള്ള ഉപകരമണായി അവതരിപ്പിക്കപ്പെട്ടതായിരുന്നു ഐസിസ്. അതിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും അതിന്റെ മറപിടിച്ച് ചരടുവലികള്‍ നടത്തുന്നതും പാശ്ചാത്യന്‍ ശക്തികള്‍ തന്നെയാണ്.

ലോകത്ത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവയാണ് ഇസ്‌ലാമും ക്രൈസ്തവതയും ജൂദായിസവും അടക്കമുള്ള സെമിറ്റിക് മതങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബി(സ) അവതരിപ്പിച്ച നവീകൃത ആദര്‍ശത്തെ പുണരാന്‍ തയ്യാറായില്ലെങ്കിലും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ജനതകളായി അവശേഷിക്കുന്നവരാണ് അവര്‍. ഈ വൈദിക മതങ്ങള്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്കപ്പുറം വൈരം മാറ്റിവെച്ച് പരസ്പരം ഐക്യത്തിന്റെയും ഒരുമയുടെയും ആശയങ്ങളാണ് കൈമാറേണ്ടത്. ഇസ്‌ലാം എത്രയൊക്കെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ലണ്ടനില്‍ മേയറായും ജര്‍മനിയില്‍ പാര്‍ലമെന്റ് സ്പീക്കറായും സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി നേതാക്കളായുമൊക്കെ മുസ്‌ലിംകള്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇസ്‌ലാം ഭീതി എന്നത് കേവല മാധ്യമ പ്രചരണം മാത്രമാണെന്നും ബുദ്ധിയുള്ള ലോകജനത ഇസ്‌ലാമിനെ അംഗീകരിക്കുന്നുവെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല. അഭയാര്‍ത്ഥി പ്രതിസന്ധിയും യൂറോപ്യന്‍ നാടുകളിലേക്കുള്ള മുസ്‌ലിം ഒഴുക്കും തീര്‍ച്ചയായും ഇസ്‌ലാമിനെ മുന്‍വിധിയില്ലാതെ പുണരേണ്ട അവസ്ഥയിലേക്ക് സമീപഭാവിയില്‍ തന്ന യൂറോപിനെ മാറ്റും. പോപ്പ് അടക്കമുള്ള ക്രിസ്ത്യന്‍ മേധാവികള്‍ മുസ്‌ലിം നേതാക്കന്മാരുമായും ഇസ്‌ലാമിക പണ്ഡിതന്മാരുമായും കൂടിക്കാഴ്ചകളും സൗഹൃദ സംഭാഷണങ്ങളും നടത്തുന്നത് ശുഭസൂചനകളാണ് നല്‍കുന്നത്. ലോകത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അറുതി വരുത്താന്‍ മത-രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സൗഹൃദ കൂട്ടായ്മകള്‍ കൊണ്ട് സാധിക്കും.  

Related Articles