Current Date

Search
Close this search box.
Search
Close this search box.

2022ൽ അമേരിക്ക ഗർഭച്ഛിദ്രം നിരോധിക്കുമോ?

ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് അവകാശം നൽകുന്ന 1973ലെ ചരിത്രപരമായ ‘റോ വി വേഡ്’ വിധി സുപ്രീം കോടതി റദ്ദാക്കുമോയെന്നത് യു.എസിലെ പുതുവർഷ ചർച്ചകളിൽ പ്രധാനമാണ്. ദശാബ്ദങ്ങളായി, യു.എസിലെ യാഥാസ്ഥിതിക വലതുപക്ഷം ‘റോ വി വേഡ്’ വിധി റദ്ദാക്കുന്നതിന് ശക്തമായ പ്രചാരണമാണ് രാജ്യത്ത് നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഏറ്റെടുക്കുകയും ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ പിന്തുണക്കുകയും ചെയ്ത പ്രസ്ഥാനം സ്റ്റേറ്റ്, ഫെഡറൽ തലങ്ങളിൽ യാഥാസ്ഥിതിക നിയമനിർമാതാക്കളെ തെരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുകയും, യു.എസ് സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ജസ്റ്റിസുമാരെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ, യു.എസിൽ ഗർഭച്ഛിദ്ര അവകാശത്തിനെതിരെയുള്ള പോരാട്ടം നിർണായക വിജയത്തിന്റെ വക്കിലാണെന്ന് പറയാം. 2022ൽ, യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള സുപ്രീം കോടതി, 15 ആഴ്ച ഗർഭധാരണത്തിന് ശേഷം ഗർഭച്ഛിദ്രം നിരോധിക്കുന്ന മിസിസിപ്പി നിയമം ഉയർത്തിപ്പിടിക്കാനുള്ള തയാറെടുപ്പിലാണ്. അത് ‘റോ വി വേഡ്’ റദ്ദാക്കുകയും, പഴയ വിധികളിൽ വലിയ ദാർശനിക വിള്ളൽ ഉണ്ടാക്കുകയും ചെയ്യുന്നതാണ്.

ഗർഭച്ഛിദ്രത്തെ സംബന്ധിച്ച ചോദ്യത്തിൽ ഗർഭധാരണം സ്വാതന്ത്ര്യമാണോ അല്ലയോ (Pro-life, or Pro-choice) എന്നതിനെ ഭരണഘടന പിന്തുണക്കുന്നില്ല. പകരം, ഭരണഘടന സ്റ്റേറ്റിലെ ജനതയുടെയോ, ഒരുപക്ഷേ കോൺഗ്രസിന്റെയോ പ്രശ്‌നത്തെ ജനാധിപത്യ പ്രക്രിയയിലൂടെ പരിഹരിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണെന്ന് സുപ്രീം കോടതി ന്യായാധിപൻ ബ്രട്ട് കവനോഗ്- മിസിസിപ്പി നിയമത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ചുള്ള വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. ഒമ്പതംഗ കോടതിയിലെ പുതിയ യാഥാസ്ഥിതിക ഭൂരിപക്ഷമായ ആറ് ജസ്റ്റിസുമാരിൽ ഒരാളാണ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 2018ൽ നിയമിച്ച കാവനോഗ്. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഗർഭച്ഛിദ്ര അവകാശ വിരുദ്ധ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് യു.എസിൽ പുതിയ യുദ്ധത്തിലേക്ക് നയിക്കുന്ന ഏകദേശം 50 വർഷം മുമ്പത്തെ വിധിയിൽ പുനഃപരിശോധനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഞങ്ങൾ എവിടെക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് ഞാൻ ആശങ്കയിലാണ്. ഇപ്പോൾ, കോടതി എങ്ങനെയാണ് കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നത് എന്നതിനെ കുറിച്ച് പ്രത്യേകിച്ചും. കോടതിയിലെ ഭൂരിപക്ഷം ജസ്റ്റിസുമാരുടെ സാക്ഷ്യം കേൾക്കുമ്പോൾ, അവർ ‘റോ വി വേഡ്’ വിധിക്കെതിരെ തിരിയുമെന്നാണ് തോന്നുന്നത്. ഇത് വളരെ നിരാശാജനകമാണ് -നാഷണൽ ഓർഗനൈസേഷൻ ഓഫ് വിമൻ പ്രസിഡന്റ് ക്രിസ്റ്റ്യൻ നൂൻസ് അൽജസീറയോട് വ്യക്തമാക്കിയിരുന്നു. ഗർഭച്ഛിദ്രം അവകാശമായി കാണുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന സ്‌റ്റേറ്റിൽ ഇവ്വിഷയകമായി ശക്തമായ സംവാദാന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. 2022ന്റെ പുതുവർഷാരംഭത്തോടെ യു.എസ് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷിയാവാൻ പോവുകയാണ്. ‘റോ വി വേഡ്’ വിധിയെ ഉൾകൊള്ളുന്നത് യു.എസിലെ മില്യൺകണക്കിന് സ്ത്രീകളെയാണ് ബാധിക്കുകയെന്ന് പ്രോ-ചോയ്‌സ് ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രോ-ചോയ്‌സ് ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവെച്ച ഗവേഷണം, പ്രത്യുൽപാദന പ്രായത്തിലുള്ള (13 മുതൽ 44 വരെ) ഏകദേശം 40 മില്യൺ സ്ത്രീകൾ ഗർഭച്ഛിദ്ര അവകാശങ്ങൾക്കെതിരെ നയം സ്വീകരിച്ച സംസ്ഥാനങ്ങളിലും, അതേസമയം 26 മില്യൺ സ്ത്രീകൾ ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് പിന്തുണ പ്രകടിപ്പിച്ച സംസ്ഥാനങ്ങളിലും താമസിക്കുന്നവരാണെന്ന് സൂചിപ്പിക്കുന്നു. ‘റോ വി വേഡ്’ വിധി റദ്ദാക്കുകയാണെങ്കിൽ 26 യു.എസ് സ്‌റ്റേറ്റുകൾ ഗർഭച്ഛിദ്രം നിരോധിക്കാൻ ഉറപ്പായോ അല്ലെങ്കിൽ സാധ്യതയോ ഉണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

സുപ്രീം കോടതിയുടെ നിരീക്ഷണം യു.എസ് കോൺഗ്രസിലെ ഫെഡറൽ നിയമനിർമാണത്തിന് പുതിയ പ്രചോദനം നൽകുന്നതാണ്. സെപ്റ്റംബറിൽ, യു.എസ് പ്രതിനിധി സഭ ആദ്യമായി 218ൽ 211 വോട്ട് ചെയ്ത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നിയമം പാസാക്കിയിരുന്നു. ഇത് സ്‌റ്റേറ്റിന്റെ നിരോധന-നിയന്ത്രണങ്ങളിൽ നിന്ന് ഗർഭച്ഛിദ്ര അവകാശങ്ങളെ സംരക്ഷിക്കുന്നതാണ്. എന്നാൽ, ബിൽ സെനറ്റിൽ മുന്നോട്ടുപോകാൻ സാധ്യതയില്ല. കാരണം, യു.എസ് സെനറ്റിൽ ബില്ലിന് 48 ഡമോക്രാറ്റിക് അംഗങ്ങളുടെയും, പ്രസിഡന്റ് ജോ ബൈഡന്റെയും പിന്തുണയുണ്ടെങ്കിലും, സെനറ്റിലെ 100ൽ 50 സീറ്റുകൾ കൈവശമുള്ള റിപ്പബ്ലിക്കൻ അംഗങ്ങളിൽ ഭൂരിപക്ഷവും ബില്ലിനെ എതിർക്കുന്നവരാണ്. രണ്ട് വനിതാ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മർക്കോവ്സ്‌കിയും മാത്രമാണ് പ്രത്യുൽപാദന അവകാശ ബിൽ പരിഗണിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇത് നിയമനിർമാണത്തിന് തടസ്സമാകുന്നില്ല.

Related Articles