ചൊവ്വാഴ്ചയാണ് അസമിലെ ദാരംഗ് ജില്ലയിലെ സിപാജറില്‍ കുടിയേറ്റക്കാരെന്നാരോപിച്ച് 800ഓളം ന്യൂനപക്ഷ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ അസം സര്‍ക്കാരും പൊലിസും ചേര്‍ന്ന് ആരംഭിക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് തങ്ങളുടെ വീട് വിട്ടൊഴിയേണ്ടിവരുമെന്ന ഭീതിയുയര്‍ന്നതോടെ ഈ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സായുധസജ്ജരായ പൊലിസ് സമരക്കാരെ നേരിടാനെത്തുകയും വ്യാഴാഴ്ച സമരക്കാര്‍ക്കുനേരെ ക്രൂരമായ രീതിയില്‍ വെടിവെച്ചതും രാജ്യത്ത് വലിയ രീതിയില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. കുടിയൊഴിപ്പിക്കലിനെതിരെ സമാധാനപരമായ രീതിയില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ പ്രകോപനമൊന്നുമില്ലാതെയാണ് പൊലിസ് തുരുതുരാ വെടിവെച്ചത്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ധോല്‍പൂറിലും സിപജര്‍ ഗ്രാമത്തിലുമായി അയ്യായിരം പേരാണ് ഭവനരഹിതരായത്. രണ്ട് പള്ളികളും ഒരു മദ്‌റസയും പൊലിസ് തകര്‍ത്തിട്ടുണ്ട്.
സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നീ ഗ്രാമീണരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചിതറിയോടയ ഗ്രാമീണര്‍ക്കുനേരെ പൊലിസ് തുടര്‍ച്ചയായി വെടിവെക്കുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്കുനേരെ പത്തോളം വരുന്ന പൊലിസുകാര്‍ അലറിയടുക്കുകയും ലാത്തിയും തോക്കും ഉപയോഗിച്ച് അടിക്കുകയും കുത്തുകയും ചെയ്യുന്നത് വീഡിയോവില്‍ കാണാം. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലിസ് സ്ഥലത്ത് നിന്നും നീങ്ങുന്നത്. മരിച്ചയാളുകള്‍ക്ക് എത്ര വെടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ.
സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ കല്ലെറിയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് സൂപ്രണ്ട് (എസ് പി) ദാരംഗ് സുശാന്ത് ബിശ്വ ശര്‍മ്മ പറയുന്നത്. സംഭവത്തില്‍ ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലിസുകാരോടൊപ്പം ഉണ്ടായിരുന്ന മാധ്യമ ഫോട്ടോഗ്രാഫറുടെ ചെയ്തികള്‍ ഏറെ ഞെട്ടിക്കുന്നതാണ്. സംഘര്‍ഷ രംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിയമിച്ച ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുകളില്‍ തുടര്‍ച്ചയായി ചാടുകയും ചവിട്ടുകയും ചെയ്ത് അരിശം തീര്‍ക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മൃതദേഹത്തെ പോലും ക്രൂരമായി അപമാനിച്ച ഫോട്ടോഗ്രാഫറുടെയും പൊലിസിന്റെയും നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച ബിജോയ് ബോണിയെന്ന ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വെടിവെപ്പ് നടത്തിയ പൊലിസുകാര്‍ക്കെതിരെ കേസെടുക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ അസം സര്‍ക്കാരോ അധികൃതരോ ഇതുവരെ താറായിട്ടില്ല.
അസം കുടിയൊഴിപ്പിക്കലിന് പിന്നിലെ രാഷ്ട്രീയവും ലക്ഷ്യവും ചര്‍ച്ച ചെയ്താല്‍ ഇതിനെല്ലാമുള്ള ഉത്തരം നമുക്ക് ലഭിക്കും. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് അസമില്‍ ഭരണം നടത്തുന്നത്. അസമില്‍ ബംഗാളി സംസാരിക്കുന്ന മുഴുവന്‍ പേരെയും ഒഴിപ്പിക്കുമെന്നും തുടര്‍ന്ന് ഈ ഭൂമി തദ്ദേശീയരായ ഭൂരഹിതര്‍ക്ക് നല്‍കുമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം നടപ്പിലാക്കുന്ന നടപടികളാണ് അസമില്‍ ആരംഭിച്ച സംഘര്‍ഷം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കലും വെടിവെപ്പും നടത്തിയതെന്നത് കൂടി വ്യക്തമായാല്‍ സംഘ്പരിവാര്‍ അജണ്ട കൃത്യമായി പൊലിസ് നടപ്പാക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം. അസമില്‍ നിരവധി മുസ്ലിം കുടുംബങ്ങള്‍ ഇത്തരത്തില്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. മുഖ്യമന്ത്രി ഹിമന്തയുടെ സഹോദരനാണ് ദാംരഗ് ജില്ലയുടെ പൊലിസ് സൂപ്രണ്ട് സുശാന്ത് ബിശ്വ ശര്‍മ്മയെന്ന് കൂടി അറിഞ്ഞാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം വളരെ വ്യക്തമാകും. അതിനാല്‍ തന്നെ ഈ നരനായാട്ട് തികച്ചും ആസൂത്രിതമായിരുന്നുവെന്ന് നമുക്ക് സംശയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പ്രസ്താവനയിറക്കി കൈകഴുകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കുടിയൊഴിപ്പിക്കല്‍ തുടരുമെന്നും പൊലിസ് അവരുടെ ജോലിയാണ് ചെയ്തതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദവും ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ്.
കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ദാരംഗിലെ ധല്‍പൂര്‍ ഗ്രാമത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബി.ജെ.പി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള വിവിധതരം വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. പതിറ്റാണ്ടുകളായി മുസ്ലിംകള്‍ താമസിച്ചുവന്നിരുന്ന ഭൂമിയില്‍ നിന്നാണ് ഒരു സുപ്രഭാതത്തില്‍ കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടത്. കൃഷി ചെയ്താണ് ഇവര്‍ ജീവിതം പുലര്‍ത്തിപ്പോരുന്നത്. ഇവരുടെ കുടിലുകള്‍ തകര്‍ക്കുകയും കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1970കള്‍ മുതല്‍ ഇവിടെ താമസിക്കുന്നവരാണിവര്‍.
സിപജ്ഹറിലെ ധോല്‍പൂര്‍ ശിവ് മന്ദിറിന് ചുറ്റുമുള്ള നദീതട പ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ വേണ്ടിയാണെന്ന പേരിലാണ് കഴിഞ്ഞ ദിവസം പോലിസ് ക്രൂരമായ നരനായാട്ട് നടത്തിയത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പലരും കൈവശപ്പെടുത്തിയെന്ന പേരിലാണ് മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത് കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കല്‍ നടത്തുന്നത്. ഗോരുഖുട്ടിയില്‍ ഒരു ‘കാര്‍ഷിക പദ്ധതി’ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ പൊളിച്ചുമാറ്റുന്നതെന്നും ഏകദേശം 5,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് താമസിക്കാനാവശ്യമായ സ്ഥലമോ വീടോ സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. അസമില്‍ കൈയേറിയ ക്ഷേത്രഭൂമി ഒഴിപ്പിക്കാനെന്ന പേരില്‍ മുന്‍പും ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ഒഴിപ്പിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പ്രത്യേക രാഷ്ട്രീയ ലാഭം മുന്നില്‍ക്കണ്ട് സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ ബില്ലുകളും അസമിലെ മുസ്ലിംകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത്. അവര്‍ക്കെതിരെയുള്ള അടുത്ത നീക്കമാണ് പുതിയ നടപടിയെന്നും വളരെ വ്യക്തമാണ്.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL