Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍; ദ്വിരാഷ്ട്ര പരിഹാരവും അസ്തമിക്കുകയാണോ?

quds.jpg

കടുത്ത വംശീയവാദിയും മുസ്‌ലിം വിരുദ്ധനുമായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത് മുതല്‍ ഫലസ്തീന്‍-ഇസ്രയേല്‍ വിഷയത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് നടക്കുന്നത്. കുടിയേറ്റ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനങ്ങളും ഉത്തരവുകളും ഇസ്രയേല്‍ നേതാക്കളില്‍ നിന്നും വന്നു കഴിഞ്ഞു. നിരവധി പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുകയും വെസ്റ്റ്ബാങ്കും ഖുദ്‌സും ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും ആസൂത്രിതമായി തന്നെ നടക്കുന്നു. അമേരിക്കയുടെ എംബസി തെല്‍അവീവില്‍ നിന്നും ഖുദ്‌സിലേക്ക് മാറ്റുമെന്ന ട്രംപിന്റെ വാഗ്ദാനം ഇതിനെല്ലാം പ്രചോദനവും പ്രോത്സാഹനവുമായി മാറിയിരിക്കുകയാണെന്നാണ് മനസ്സിലാക്കേണ്ടത്.

മിഡിലീസ്റ്റില്‍ സമാധാനം സ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം തന്നെ വേണമെന്നില്ല എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാടു മാറ്റം കാലങ്ങളായി അമേരിക്കന്‍ അമേരിക്കന്‍ ഭരണകൂടം വിഷയത്തോട് സ്വീകരിച്ചിരുന്ന നിലപാടിലുള്ള മലക്കം മറിച്ചിലാണ്. ഇസ്രയേലിന് മേല്‍ ഇനിമുതല്‍ ഒരു വ്യവസ്ഥയും വെക്കില്ലെന്നും സംഘര്‍ഷത്തിന്റെ ഭാഗമായ ഇരുകക്ഷികളും ഒപ്പുവെക്കുന്ന ഉടമ്പടിയെ അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുകയെന്നും അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വെസ്റ്റ്ബാങ്കിനെ പൂര്‍ണമായും ഇസ്രയേലിന്റേതാക്കി ഫലസ്തീനികള്‍ക്ക് ഗസ്സയും സീനായും ചേര്‍ത്ത് രാഷ്ട്രം രൂപീകരിച്ചു നല്‍കാനുള്ള പദ്ധതിയെ കുറിച്ച ഇസ്രയേല്‍ മന്ത്രി അയ്യൂബ് കാറയുടെ വെളിപ്പെടുത്തലും ഇക്കാര്യത്തില്‍ അധിനിവേശ ശക്തികള്‍ എത്രത്തോളം മുന്നോട്ടു പോയി എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇസ്രയേല്‍ പ്രസിഡന്റ് റൂവിന്‍ റിവ്‌ലിന്‍ വെസ്റ്റ്ബാങ്കിനെ ഇസ്രേയേലിന്റെ ഭാഗമായി ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ ജീവിക്കുന്ന ഫല്‌സീനികള്‍ക്ക് ഇസ്രയേല്‍ പൗരത്വം നല്‍കി പ്രദേശത്തെ പൂര്‍ണമായും ഇസ്രയേലിന്റെ ഭാഗമാക്കാനാണ് ഇസ്രയേല്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

രക്ഷാസമിതി പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഒരു വിലയും കല്‍പിക്കാതെ അധിനിവേശകര്‍ മുന്നോട്ടു പോവുകയാണ്. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം കേവലം ഒരു മുസ്‌ലിം രാഷ്ട്രത്തിന്റെ പ്രശ്‌നമല്ല ഫലസ്തീന്‍. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയും പവിത്രമാക്കപ്പെട്ട മൂന്ന് മസ്ജിദുകളില്‍ ഒന്നും സ്ഥിതിചെയ്യുന്നത് അവിടെയാണ്. അതുകൊണ്ടു തന്നെ മുമ്പ് അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനം ഫലസ്തീന്‍ പ്രശ്‌നത്തിനുണ്ടായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ അഭിമാനം കൊണ്ടിരുന്ന അവര്‍ അതിന് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇസ്രയേല്‍ അനീതികള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ വേണ്ടവിധം ശബ്ദമുയര്‍ത്താന്‍ പോലും ലോകത്തെ മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നത് ദുഖകരമാണ്.

Related Articles