Current Date

Search
Close this search box.
Search
Close this search box.

എല്ലാറ്റിനും മതത്തെ പഴിചാരുമ്പോള്‍

bloood.jpg

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം മതങ്ങളാണെന്ന് ദ്യോതിപ്പിക്കുന്ന പ്രസ്താവനകള്‍ക്കും പ്രചാരണങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. എന്തൊക്കെയോ കാരണങ്ങളാല്‍ അങ്ങനെയൊരു ധാരണ ചിലരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ട്. പ്രസ്തുത ധാരണയെ പ്രതിഫലിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാകൂര്‍ നടത്തിയ പ്രസ്താവന. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് രാഷ്ട്രീയ ദര്‍ശനങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെക്കാള്‍ ആളുകള്‍ കൊല്ലപ്പെട്ടതെന്നാണ് എഫ്. നരിമാന്‍ രചിച്ച സൊരാഷ്ട്രിയന്‍ മതത്തെ കുറിച്ച പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആ പ്രസ്താവന എത്രത്തോളം വസ്തുനിഷ്ഠമാണെന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്.

മനുഷ്യചരിത്രത്തിലുണ്ടായിട്ടുള്ള സംഘട്ടനങ്ങളിലൂടെ കണ്ണോടിച്ചാല്‍ തന്നെ വ്യക്തമാക്കുന്നതാണ് യാഥാര്‍ഥ്യം. ചാള്‍സ് ഫിലിപ്‌സും അലന്‍ അക്‌സല്‍റോഡും ചേര്‍ന്ന് രചിച്ച Encyclopedia of Wars എന്ന ഗ്രന്ഥത്തില്‍ അവര്‍ എണ്ണിയിട്ടുള്ള 1736 യുദ്ധങ്ങളില്‍ 123 എണ്ണം മാത്രമാണ് മതപരമായ കാരണങ്ങളാല്‍ സംഭവിച്ചതായി എണ്ണിയിരിക്കുന്നത്. അഥവാ ആകെ യുദ്ധങ്ങളുടെ ഏഴ് ശതമാനത്തിലും താഴെ മാത്രം. അവയില്‍ കൊല്ലപ്പെട്ടത് ആകെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ രണ്ട് ശതമാനത്തില്‍ താഴെ ആളുകളും. ലക്ഷങ്ങളെ കൊലക്ക് കൊടുത്ത ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ മതത്തിന്റെ പേരില്‍ ആയിരുന്നില്ലല്ലോ. നെപ്പോളിയന്‍ നടത്തിയ യുദ്ധങ്ങളും അമേരിക്കന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും കൊറിയ- വിയറ്റ്‌നാം യുദ്ധങ്ങളുമൊന്നും മതത്തിന്റെ അക്കൗണ്ടില്‍ വരവുവെക്കാന്‍ സാധ്യമല്ല. 1997ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Black Book of Communism എന്ന പുസ്തകം പറയുന്നത് ഏറ്റവുമധികം ആളുകള്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് കമ്മ്യൂണിസത്തിന്റെ പേരിലാണെന്നാണ്. 94 ദശലക്ഷം പേരുടെ മരണത്തിന് അത് കാരണമായിട്ടുണ്ടെന്നാണ് അത് പറയുന്നത്.

ഇന്നും നമ്മുടെ രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആളുകള്‍ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം രാഷ്ട്രീയവും അതിലെ പിടിവലികളുമാണെന്നത് പത്ര മാധ്യമങ്ങൡലൂടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല. പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ പോലും ലക്ഷ്യം രാഷ്ട്രീയമാണെന്നതാണ് വസ്തുത. ചിലര്‍ക്ക് അധികാരത്തിലെത്താനും അധികാരം ഉറപ്പിക്കാനുമുള്ള മാര്‍ഗങ്ങളാണത്. അതുകൊണ്ടു തന്നെ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നവര്‍ക്ക് മാത്രമേ മതമാണ് ഏറ്റവുമധികം ആളുകളെ കുരുതികൊടുത്തിട്ടുള്ളതെന്ന് പറയാനാവൂ.

Related Articles