Economy

ക്ഷേമത്തിനും ക്ഷാമത്തിനുമിടയിലാണ് വരും നാളുകള്‍

മനുഷ്യന് ഒരേയൊരു വായയും ആമാശയവും കുടലുമേയൊള്ളൂ. അവന്റെ കഴിവിന്റെ ശേഷിയും പരിമിതമാണ്. കാരണം, അവനൊറ്റ ശരീരവും ബുദ്ധിയും മാത്രമാണുള്ളത്. ഇത് മനുഷ്യന്റെ പോഷകഗുണാത്മകമായ ആവശ്യങ്ങളിലുള്ള സംതൃപ്തിയുടെ സാധ്യതകളെത്തന്നെ പരിമിതപ്പെടുത്തുന്നു.

വരും നാളുകളെ തീരുമാനിക്കുന്നത് ക്ഷേമമാകുമോ? അതോ മനുഷ്യന്‍ അവന്റെ തന്നെ വീഴ്ച കാരണം പട്ടിണി കിടന്ന് മരിക്കുമോ? സാങ്കേതികമായ കുതിച്ചുചാട്ടം തൊഴിലില്ലായ്മക്ക് കാരണമായേക്കുമോ? വികസ്വര രാജ്യങ്ങള്‍ക്കിടയിലും വികസിത രാജ്യങ്ങള്‍ക്കിടയിലും നിലവിലുള്ള വൈരുധ്യം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന് ലോകം സാക്ഷിയാകുമോ? അതല്ല, ഇത്തരം വികസനങ്ങളും പുരോഗതിയും ഈ വൈരുധ്യാത്മകതയെ പരിഹരിക്കാനോ സമാഗതമായ ദുരിതങ്ങള്‍ക്കും തൊഴിലില്ലായ്മക്കും അറുതി വരുത്താനോ മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്താനോ പര്യാപ്തമാകുമോ? വിവിധ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത കാരണം ക്ഷയിച്ച് കൊണ്ടിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയും അവശ്യ വസ്തുക്കളുടെയും ഉല്‍പാദനത്തിന് ഇത് സഹായകമാകുമോ? ഇരുപത്തൊന്നാം നൂറ്റാണ്ടിനിടയില്‍ മനുഷ്യര്‍ സ്വയം ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവയൊക്കെത്തന്നെയും. സാങ്കേതികമായ മുന്നേറ്റത്തിലൂടെയുള്ള വരുമാനത്തില്‍ സമകാലികര്‍ സംതൃപ്തരല്ലെന്നതാണ് ‘ആഗോള പട്ടിണി’യെക്കുറിച്ച് നിലനില്‍ക്കുന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും പറഞ്ഞ് തരുന്നത്. ലോകമിപ്പോള്‍ അമിതമായ ജനസംഖ്യാ സാന്ദ്രീകരണത്തിലേക്ക് ചെന്നെത്തിയിട്ടുണ്ടെന്നതാണ് അശുഭാപ്തിവിശ്വാസക്കാരായ ചില സാമ്പത്തിക വിദഗ്ദ്ധര്‍ പരിതപിക്കുന്നത്.

എന്നാല്‍ ജനസംഖ്യാപരമായ ഈ വര്‍ദ്ധനവ് എല്ലായിടത്തും സ്വാഭാവികമായും സംഭിവിക്കുന്നതാണെന്ന നിരീക്ഷണമാണ് ശുഭാപ്തിവിശ്വാസക്കാരായ ചിലര്‍ക്ക് മുന്നോട്ട് വെക്കാനുള്ളത്. ‘ദരിദ്രന്റെ സുപ്ര ശൂന്യമാണെങ്കിലും അവന്റെ കിടപ്പറ സമ്പന്നമാണ്’ എന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഒരു രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചാല്‍ സ്വാഭാവികമായും അവിടെ ദാരിദ്ര്യവുമുണ്ടാകും. അതുപോലെ തന്നെ ഒരു രാജ്യം അതിസമ്പന്നമാണെങ്കില്‍ അവിടെ ജനസംഖ്യ സ്വാഭാവികമായും കുറവുമായിരിക്കും. ഭൂമി പരിമിതമാണെന്നും അതിലുള്ള കൃഷിക്കനുയോജ്യമായ എണ്ണപ്പെട്ട ഹെക്ടറുകള്‍ക്കപ്പുറം ഫലഭൂയിഷ്ടമായ മറ്റൊരു ഭൂമി ഉണ്ടാക്കിയെടുക്കാനാകില്ല എന്നത് പോലെ നിര്‍ണ്ണിതമായ ഈ ഭൂമികളില്‍ പരിമിതമായ ഉല്‍പന്നങ്ങള്‍ മാത്രമേ ഉണ്ടാക്കാനാകൂ എന്ന ചിലരുടെ വാദങ്ങള്‍ അവരുടെ തെറ്റായ ധാരണകള്‍ മാത്രമാണ്. ജോണ്‍ ഫ്രോസ്റ്റ് ‘കിതാബുല്‍ ഗദ്'(നാളെയുടെ ചരിത്രം) എന്ന തന്റെ ഗ്രന്ഥത്തില്‍ ചോദിക്കുന്നുണ്ട്: രണ്ടായിരം വര്‍ഷക്കാലത്തിന് ശേഷവും ഈ ഭൂമിയില്‍ ഓരോരുത്തര്‍ക്കും അവനാവശ്യമായത് മാത്രം നല്‍കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇനിയിവിടെ ഉടലെടുക്കുമോ?

ക്ലോഡ് ഫെമോണ്‍ പറയുന്നു: വികസിത രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്ന് എനിക്ക് മനസ്സിലായത് അവര്‍ നേരിടുന്ന പുതിയ പ്രതിസന്ധികളെ തരണം ചെയ്യാനുതകുന്ന പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അവര്‍ തല്‍പരരല്ല എന്നതാണ്. കഴിഞ്ഞ കാലങ്ങളില്‍ പ്രായോഗിക തലത്തില്‍ വ്യാപകമായി കൊണ്ടുവരപ്പെട്ട സാങ്കേതിക പുരോഗതി ഉല്‍പന്നങ്ങളുടെ വളര്‍ച്ചാ സാധ്യതകളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാങ്കേതിക വളര്‍ച്ച അനിവാര്യമായിത്തീര്‍ന്ന മേഖലകളില്‍ മാത്രമല്ല, അല്ലാത്തിടത്തും ഇത് ഉപഭോഗ പ്രാപ്തിയെ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ സഹായകമാകുന്ന ഉപഭോഗ വിപണിയിലിപ്പോള്‍ വലിയ തോതിലുള്ള മത്സരങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പത്ര മാധ്യമങ്ങളും പരസ്യങ്ങളും വ്യാജ വാര്‍ത്തകളും വിപണന മേഖലയിലെ സാധ്യതകളെക്കുറിച്ചും ഓഹരികളെക്കുറിച്ചും ജനങ്ങളെ കൃത്യമായി പ്രലോഭിപ്പിച്ച് കൊണ്ടേയിരിക്കുന്നു. മനുഷ്യ പുരോഗതിയുടെ വികാസത്തിന് നാച്ചുറല്‍ സയന്‍സിനെക്കാളും ഹുമാനിറ്റീസാണ് ഇപ്പോള്‍ പ്രാധാന്യം കൈവന്നിരിക്കുന്നത്. അതിനാല്‍ തന്നെ സമ്പല്‍സമൃദ്ധി നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നാം ബോധവാന്മരാകേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകള്‍ നാച്ചുറല്‍ സയന്‍സിന്റെതായിരുന്നുവെങ്കില്‍ സമകാലിക നൂറ്റാണ്ട് തീര്‍ത്തും ഹുമാനിറ്റീസിന്റെത് മാത്രമാണ്.

 

വിവ.മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Facebook Comments
Related Articles
Close
Close