Current Date

Search
Close this search box.
Search
Close this search box.

റഷ്യയിൽ തുടക്കം കുറിച്ച ഇസ്ലാമിക് ബാങ്കിംഗ്, ഒരു സുപ്രധാന കാൽവെപ്പാണ്

പലിശ രഹിത ബാങ്കിംഗ് സംവിധാനത്തെ മുസ്ലിം സാമ്പത്തിക വിദഗ്ധരേക്കാൾ കൂടുതൽ പിന്തുണച്ചത് മുസ്ലിംകളല്ലാത്ത സാമ്പത്തിക, സാമൂഹിക, ബാങ്കിംഗ് മേഖലകളിലെ ബുദ്ധിജീവികളാണ് എന്നതാണ് വസ്തുത. നിലവിലുള്ള ബാങ്കുകളുടെ പോരായ്മകളെക്കുറിച്ച് സാമ്പത്തിക, ബാങ്കിംഗ് പണ്ഡിതന്മാർക്ക് നല്ല ബോധ്യമുണ്ട്, മാത്രമല്ല ലോകത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇസ്ലാമിക് ബാങ്കിംഗിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും അവരെല്ലാം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവർ ഇന്ത്യയിലും ഇത്തരം ബാങ്കിംഗ് സംവിധാനങ്ങൾ കൊണ്ട് വരുന്നതിന് വലിയ പിന്തുണയും നൽകിവരുന്നുണ്ട്.

റഷ്യയിൽ ഇസ്‌ലാമിക് ബാങ്കിംഗ് ആരംഭിച്ച വാർത്ത ലോകമെമ്പാടുമുള്ളവർക്ക് വലിയ സന്ദേശവും പ്രതീക്ഷയുമാണ് നൽകുന്നത്. പലിശ രഹിത ബാങ്കിംഗ് നല്ലൊരു ബദലായി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും പലിശ സമ്പ്രദായത്തിന്റെ പോരായ്മകളെക്കുറിച്ച് മനസ്സിലാക്കാനും ഇതിലൂടെ സാധ്യമാവുന്നുവെന്നതാണ് പ്രധാന കാര്യം. ഇസ്ലാമിൽ പലിശ അനുവദനീയമല്ലാത്തതിനാൽ, പലിശ രഹിത സംവിധാനത്തെ ഇസ്ലാമിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു. എന്നിരുന്നാലും ലോകത്തിലെ മറ്റ് മിക്ക മതങ്ങളും പലിശ ഇടപാടുകളെ അംഗീകരിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. 2023 സെപ്തംബർ 1 മുതലാണ് റഷ്യ ആദ്യമായി ഇസ്ലാമിക് ബാങ്കിംഗ് രാജ്യത്ത് തുടക്കം കുറിക്കുന്നത്. നാല് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ പരീക്ഷണ പദ്ധതിയാണിത്. റഷ്യയിൽ 250 ദശലക്ഷം മുസ്‌ലിംകൾ ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. അവർ വളരെക്കാലമായി രാജ്യത്ത് പലിശ രഹിത ബാങ്കിംഗ് സംവിധാനം ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ ആദ്യമായി നിയമനിർമ്മാണം വഴി ഇത് അനുവദിച്ചിരിക്കുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ രണ്ട് വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് തൃപ്തികരമായ സാഹചര്യം ഉണ്ടായതിന് ശേഷം ഇത് രാജ്യത്തുടനീളം നടപ്പാക്കുമെന്നാണ് അവിടന്നുള്ള വാർത്തകൾ പറയുന്നത്.

ഇസ്ലാമിക് ബാങ്കിംഗിന്റെ സവിശേഷതകൾ

ഇസ്ലാമിക് ബാങ്കിംഗ് ശരീഅത്ത് തത്വങ്ങളും ധാർമ്മിക മൂല്യങ്ങളും പാലിക്കുന്ന ഒന്നാണ്. പലിശയും അനിസ്ലാമിക ഇടപാടുകളും ഇത് അനുവദിക്കുന്നില്ല. കൊള്ളപ്പലിശ വായ്‌പയ്‌ക്കു പകരം ലാഭനഷ്‌ടത്തിൽ പങ്കുകാരാവുക എന്ന തത്വമാണ്‌ ഇസ്ലാമിക് ബാങ്കിംഗ് സ്വീകരിക്കുന്നത്‌. മദ്യം, ചൂതാട്ടം, മയക്കുമരുന്ന്, അധാർമിക ബിസിനസ്സുകൾ മനുഷ്യന് ഹാനികരവും നിഷിദ്ധമായി പ്രഖ്യാപിച്ചതുമായ എല്ലാ വിഭാഗങ്ങളെയും ഇസ്ലാമിക് ബാങ്കിംഗ് നിക്ഷേപങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദവും വഞ്ചനാപരവുമായ ഇടപാടുകൾക്കും ധനസഹായം ലഭിക്കുന്നില്ല. ഈ ബദൽ സംവിധാനത്തിലൂടെ സാമ്പത്തിക വികസനം ഉത്തേജിപ്പിക്കപ്പെടുമെന്നാണ് റഷ്യൻ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിൽ കാണുന്ന പരിമിതികൾ ഈ പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകും. പൊതുജനങ്ങളാൽ ബാങ്കുകളിൽ കൂടുതൽ മൂലധനം എത്തുകയും, വിദേശ രാജ്യങ്ങളുടെ- പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളുടെ നിക്ഷേപം ഈ ബാങ്കുകളിലൂടെ റഷ്യയിലെത്തുകയും ചെയ്യും, അതിന്റെ ഫലമായി റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ചുമത്തിയ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ എളുപ്പമാകുമെന്നും റഷ്യ വിചാരിക്കുന്നു.

ഇന്ത്യയിൽ

റഷ്യയെപ്പോലെ, നമ്മുടെ രാജ്യവും ഒരു ബഹുസ്വര സമൂഹമാണ്. ഇവിടുത്തെ മുസ്ലിം ജനസംഖ്യയും 20 കോടിയോളം വരും. പലിശ രഹിത ബാങ്കിംഗ് നമ്മുടെ രാജ്യത്തും വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. പലിശ രഹിത ബാങ്കിംഗിനെ മുസ്ലിം വിദഗ്ധരേക്കാൾ കൂടുതൽ പിന്തുണച്ചതും മുസ്ലിംകളല്ലാത്ത സാമ്പത്തിക, സാമൂഹിക, ബാങ്കിംഗ് മേഖലകളിലെ ബുദ്ധിജീവികളാണെന്നതും ഏറെ ശ്രദ്ധേയമാണ്. നിലവിലുള്ള ബാങ്കുകളുടെ പോരായ്മകളെക്കുറിച്ച് സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ പണ്ഡിതന്മാർക്ക് നല്ല ബോധ്യവുമുണ്ട്. മാത്രമല്ല ലോകത്തിലെ ഇസ്ലാമിക് ബാങ്കിംഗിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും അവർ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് അവർ ഇന്ത്യയിലും ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകിവരുന്നത്. ഇന്ത്യയ്ക്ക് പലിശരഹിത ബാങ്കിംഗിന്റെ പ്രസക്തിയും പ്രയോജനവും സംബന്ധിച്ച ഏറ്റവും ശക്തമായ പിന്തുണ ഡോ. ​​രഘുറാം രാജൻ കമ്മിറ്റിയുടെ ശുപാർശകളിൽ കാണാം.

2007-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷൻ, പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി സാമ്പത്തിക വിദഗ്ധനായ പ്രൊഫസർ രഘുറാം രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. രാജ്യത്ത് പലിശ രഹിത ബാങ്കിംഗ് ഏർപ്പെടുത്താൻ മറ്റ് പ്രധാന ശുപാർശകൾക്കൊപ്പം ആ സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ നിന്നുള്ള ഒരു ചെറിയ ഭാ​ഗം ഇങ്ങനെ വായിക്കാം- “വിശാലമായ അർത്ഥത്തിൽ ധനകാര്യ ഘടനയുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയാണ് പലിശയില്ലാത്ത ബാങ്കിംഗ് മേഖല… താരതമ്യേന വലിയ തോതിൽ പലിശയില്ലാത്ത ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു.” ( Committee on Financial Sector Reforms(CFSR) by Dr. Raghuram Rajan)

രാജ്യത്തെ മഹാനായ കാർഷിക ശാസ്ത്രജ്ഞൻ (ഹരിത വിപ്ലവത്തിന്റെ പിതാവ് ) മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിച്ച കർഷക ആത്മഹത്യയിൽ വിലപിക്കുന്ന പ്രൊഫസർ എം എസ് സ്വാമിനാഥൻ ഈ പ്രശ്നത്തിന് പരിഹാരമായി പലിശ രഹിത ബാങ്കിംഗ് നിർദ്ദേശിച്ചതും നമുക്കറിയാം. സീറോ പലിശ നിരക്കിലുള്ള Zone interset Lending (കർഷക ആത്മഹത്യകളുടെ ഈ പ്രതിസന്ധിക്കുള്ള പ്രധാന പരിഹാരമായിരിക്കാം ഇസ്ലാമിക് ബാങ്കിംഗ് എന്ന സ്വാമിനാഥന്റെ പ്രസ്താവനയും ( (ICIF 28 ഒക്‌ടോബർ 2021) നമ്മുടെ ശ്രദ്ധയിലുണ്ട്. ഹിന്ദു ദിനപത്രത്തിന്റെ (The Hindu 30 oct 2020 ) വാർത്ത പ്രകാരം തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ഒരു മുഖ്യ വെബിനാറിൽ, ഇന്ത്യയിലെ പലിശ രഹിത ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നത് ഒരു ദേശീയ ആവശ്യമാണെന്ന് വിവിധ പ്രഭാഷകർ ചൂണ്ടികാണിച്ചതും ശ്രദ്ധേയമാണ്. ദി ഹിന്ദു അതിന്റെ വാർത്തയ്ക്ക് തലക്കെട്ട് നൽകിയത് ഇങ്ങനെയാണ്- The need to make room for interest free Banking.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർ ഡിപ്പാർട്ട്‌മെന്റൽ ഗ്രൂപ്പ് പലിശ രഹിതമായ ഒരു വിൻഡോ ശുപാർശ ചെയ്തിരുന്നു. തുടക്കത്തിൽ പരമ്പരാഗത ബാങ്കിംഗിന് സമാനമായ ചില ലളിതവും സൗകര്യപ്രദവുമായ ബാങ്കിംഗ് ഉൽപ്പന്നങ്ങളും ക്രമേണ അതിനെ ഒരു ഇസ്ലാമിക് വിൻഡോ എന്ന നിലയിൽ അവതരിപ്പിക്കാമെന്നുമാണ് കണ്ടിരുന്നത്. ഇസ്ലാമിക് ബാങ്കിംഗ് വിൻഡോയെ Participatory Banking എന്ന് വിളിക്കാമെന്നും ആ ശുപാർശയിൽ പറയുന്നുണ്ട്. ( Report of Interdepartmental Group of RBI On Issue for introducing Islamic Banking in India and it’s Feasibility. Technical Analysis and RBI’s view August 2014)

2011 ഫെബ്രുവരിയിൽ, അൽ ബർക ഫിനാൻഷ്യൽ സർവീസസിലെ കേരള സർക്കാരിന്റെ 11 ശതമാനം ഓഹരികൾ ശരിവച്ചുകൊണ്ട് കേരള ഹൈക്കോടതി ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. കേരള ഹൈക്കോടതിയുടെ ഈ വിധിക്ക് ശേഷം രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ അന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. (Times of India dt 4Feb 2011)

സൺഡേ ഇന്ത്യൻ മാസികയുടെ ഇക്കണോമിക്‌സ് എഡിറ്ററായിരുന്ന ശ്രീ. പി.എസ്. മജുംദാർ എഴുതി: “ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക് ഫിനാൻസിന് അമ്പരപ്പിക്കുന്ന ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം. കാരണം ഇസ്ലാമിക ശരീഅത്ത് നിയമം ഇന്ത്യൻ സംസ്‌കാരത്തിൽ നിന്ന് അത്രയധികം വ്യത്യസ്തമല്ല എന്നതാണ് വസ്തുത…… യുകെ, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ വികസിത രാജ്യങ്ങൾക്ക് ഇസ്ലാമിക് ഫിനാൻസും ബാങ്കിംഗും സ്വീകരിക്കാൻ കഴിയുമെങ്കിൽ, നമ്മൾ ഇനി ഏത് സമയത്തിനായാണ് കാത്തിരിക്കുന്നത് എന്നതും പരിഗണിക്കേണ്ടതാണ്. ( The Sunday Indian (weekly) 10 Jan 2010)

ദോഹ ബാങ്ക് സി ഇ ഒ ശ്രീ. ആർ. സീതാരാമൻ, ഇസ്‌ലാമിക് ബാങ്കിംഗിലെ തന്റെ അസാധാരണ സേവനങ്ങളെ മാനിച്ച് Arab Asian Excellenc Award, Banker Award 2007 തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഇസ്‌ലാമിക് ബാങ്കിങ്ങിനുള്ള അന്തരീക്ഷം വളരെ അനുകൂലമാണെന്നും രാജ്യത്തെ ദാരിദ്ര്യ നിർമാർജനത്തിന് ഇത് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം 2009ൽ പറഞ്ഞിരുന്നു. (The Sunday indian April 2009) വിദഗ്ധരുടെ ദൃഷ്ടിയിൽ പലിശ രഹിത ബാങ്കിംഗ് സംവിധാനം രാജ്യത്തിന് വളരെ പ്രയോജനകരമാകുമെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഇനിയും അവതരിപ്പിക്കാൻ കഴിയും.

മ്യൂച്വൽ ഫണ്ട്

ഇന്ത്യയിൽ ഇസ്‌ലാമിക് ഫിനാൻസിലുള്ള താൽപ്പര്യത്തിനുള്ള മറ്റൊരു തെളിവാണ്, പല മ്യൂച്വൽ ഫണ്ടുകളും Sharia Complaint ആയി പ്രഖ്യാപിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് സ്വീകരിക്കുകയും ചെയ്തു എന്നത്. ഇതിൽ, Tata Ethical Fund, Nippon India ETF Sharia, Tauras Ethical fund എന്നിവ എടുത്തുപറയേണ്ടതാണ്. മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു പ്രമുഖ സ്ഥാപനമാണ് Taqwa Advisory and Sharia Solution(TASIS). ശരീഅത്ത് വിഷയങ്ങളിൽ വിദഗ്ധരായ പണ്ഡിതന്മാരും ആധുനിക സാമ്പത്തിക കാര്യങ്ങളിൽ അവഗാഹമുള്ള ബുദ്ധിജീവികളും അവർക്കുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്, ശരീഅത്തും ഇസ്‌ലാമികനിയമവും പരി​ഗണിച്ച് കമ്പനികളിൽ നിക്ഷേപം നടത്താനുള്ള ഒരു സംവിധാനവും അവർ ഉണ്ടാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട വശങ്ങൾ

ഇസ്‌ലാമിക് ബാങ്കിംഗിന്റെയും സാമ്പത്തിക വ്യവസ്ഥയുടെയും പിന്നിൽ ഇസ്‌ലാം മതത്തിന്റെ സാർവത്രികമായ തത്ത്വങ്ങളാണുള്ളത്. മുസ്‌ലിംകൾ വിശ്വസിക്കുന്ന ദൈവിക നിർദ്ദേശങ്ങളാണ് പ്രവാചകൻ (സ) മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും വിപ്ലവകരമായി നടപ്പാക്കിയത്. വിശ്വാസങ്ങളെയും ധാർമ്മികതയെയും തിരുത്തി, ദൈവഭക്തിയുടെയും പരലോക ബോധത്തിന്റെയും ഉത്തരവാദിത്തം ഹൃദയങ്ങളിൽ പകർന്നാണത് സാധ്യമാക്കിയത്. സാമ്പത്തികമായ കാര്യങ്ങളും നൈതികതയിൽ ബന്ധിക്കപ്പെട്ടിരുന്നുവെന്നും നാം തിരിച്ചറിയണം. അതുകൊണ്ടാണ് ഇസ്‌ലാമിക് ബാങ്കിംഗിലും ധനകാര്യത്തിലും നിഷിദ്ധമായതും അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ നിയന്ത്രണങ്ങൾ ഉണ്ടായത്. മുസ്ലികൾ ഇത്തരം ബാങ്കുകളിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണവും അവ ഇസ്ലാമിക തത്വങ്ങൾ സ്വീകരിക്കുന്നു എന്നത് തന്നെയാണ്.

ഈ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നുവെന്നും ഇതോട് ചേർത്ത് മനസ്സിലാക്കണം. അമുസ്‌ലിംകൾ വലിയ തോതിൽ ഇതിനോട് താൽപര്യം കാണിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. മലേഷ്യ ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ ബാങ്കുകളുടെ തൃപ്തികരമായ പ്രകടനമാണ് അതിനുള്ള പ്രധാന കാരണം. ബാങ്കുകളുടെ ആസ്തി വർധിക്കുകയും ലാഭ നിരക്ക് വളരെ മികച്ചതായി മാറുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകത്തെ പല രാജ്യങ്ങളിലെയും ബാങ്കിംഗ് മേഖല പ്രതിസന്ധിയിലായപ്പോൾ ഇസ്ലാമിക സ്ഥാപനങ്ങൾ സുരക്ഷിതമായാണ് നിലകൊണ്ടത്.

ഇതെല്ലാം ഈ ബാങ്കുകളിലുള്ള പൊതുവിലുള്ള വിശ്വാസം വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, സാമ്പത്തിക നേട്ടത്തിന്റെയും ബിസിനസ് വിപുലീകരണത്തിന്റെയും പേരിൽ അടിസ്ഥാന തത്ത്വങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

അവസാന കാര്യം

പലിശ രഹിത ബാങ്കിംഗും ധനകാര്യവും ഇന്ത്യയിൽ അതിന്റെ പ്രാധാന്യവും ആവശ്യകതയും എല്ലാം ചർച്ച ചെയ്തിട്ടുണ്ട്. അടുത്തിടെ റഷ്യയിൽ വന്ന വാർത്ത വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി എന്നും നമുക്ക് മനസ്സിലാക്കാം. പലിശ രഹിത ബാങ്കിംഗിനെക്കുറിച്ച് വിശദീകരിക്കൽ ഇവിടെ ഉദ്ദേശ്യമല്ല. എന്നാൽ രണ്ട് കോടിയോളം മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യത്ത് പലിശ രഹിത ബാങ്കിംഗ് നടപ്പിലാക്കാൻ കഴിയുമെന്നത് ഉറപ്പാണ്. ഇത് മുസ്ലികൾക്ക് മാത്രമല്ല, എല്ലാ ഇന്ത്യക്കാർക്കും ഗുണം ചെയ്യും. തൽഫലമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അത് നല്ല സ്വാധീനവും ചെലുത്തും. നിലവിൽ രാജ്യത്തെ ബാങ്കുകൾ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിനുള്ള പരിഹാരങ്ങൾ തേടുമ്പോൾ പലിശ രഹിത ബാങ്കിംഗും പരിഗണിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് നമ്മുടെ പക്ഷം. ലോകത്തെ 75 രാജ്യങ്ങളിലെ 560 ബാങ്കുകളുടെയും 1900-ഓളം മ്യൂച്വൽ ഫണ്ടുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രകടനം ഏറെ ശ്രദ്ധേയമാണന്നതും തിരിച്ചറിയേണ്ടതാണ്. പേരിൽ ഇസ് ലാം വേണമെന്ന് ഒരു നിർബന്ധവുമില്ല. പകരം മറ്റ് പേരുകളും നിർദ്ദേശിക്കാവുന്നതാണ്. Interest free Banking , Ethical Banking , Participatory Banking എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ അത്തരം സംവിധാനങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles