ചിറകുകളില്ലാതെ പക്ഷികള്‍ക്ക് പറക്കാന്‍ കഴിയാത്തത് പോലെ, പണമില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാനും സാധ്യമല്ല. പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമാണ് മനുഷ്യാധ്വാനം. സ്വദേശം വെടിഞ്ഞ് മനുഷ്യധ്വാനത്തിന് കൂടുതല്‍ മൂല്യവും ചോദനവുമുളള രാജ്യത്തേക്കൊ പ്രദേശത്തേക്കൊ സഞ്ചരിക്കുകയും അവിടെ ജീവിതായോധനമാര്‍ഗ്ഗം കണ്ടത്തെലാണ് പ്രവാസജീവിതം. മാതൃ രാജ്യത്ത് കിട്ടുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ ശമ്പളം തത്തുല്യ ജോലിക്ക് ലഭിക്കുമെന്നതാണ് അതിന്‍റെ ആഘര്‍ഷണീയത.
പഠനം അവസാനിക്കുകയും ഏതെങ്കലും തൊഴിലില്‍ പ്രവാണ്യം നേടുകയും ചെയ്താല്‍ യുവാക്കള്‍ ജീവിതയോധനത്തിനായി പ്രവാസത്തോട് താല്‍പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. അവരുടെ ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അത് അനിവാര്യവുമാണ്. കാരണം, ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍, തൊഴിലവസരം വളരെ കുറവാണ്. കൂടാതെ കുറഞ്ഞ വേതനം, കുടുംബ ബാധ്യതകള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയും പ്രവാസത്തിന് നിര്‍ബന്ധിക്കുന്നു.
70 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ ജി.സി.സി.രാജ്യങ്ങളിലുണ്ടെന്നാണ് കണക്ക്. അതില്‍ നാല്‍പത് ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ നാലില്‍ മൂന്നു ഭാഗം പേരും ഇടത്തരം, താഴ്ന്ന വരുമാനക്കാരാണ്. അവരുടെ ശരാശരി വരുമാനം 1,500 ദിര്‍ഹം അഥവാ 27,000 രൂപയില്‍ താഴെയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ 8 ലക്ഷം കോടി രൂപ പ്രവാസികളില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ടുണ്ട്.
പ്രവാസജീവിതം മലയാളികളുടെ മാത്രം പ്രത്യേകതയാണെന്ന് കരുതേണ്ടതില്ല. കഴിഞ്ഞ ദശകത്തില്‍ വിദേശത്തേക്ക് പോവുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. കോര്‍പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിച്ചതോടെ ആറ് മില്യനിലധികം അമേരിക്കക്കാര്‍ 160 രാജ്യങ്ങളിലായി ജോലി ചെയ്യുന്നു. ആഗോളവല്‍ക്കരണത്തോടെ ജീവിതയോധനത്തിനും ധന സമ്പാദ്യത്തിനുമുള്ള യാത്രകളും പുനരധിവാസവും വര്‍ധിച്ചു.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം അവരുടെ കുടുംബങ്ങള്‍ക്ക് മാത്രമല്ല, മാതൃ രാജ്യത്തിന്‍റെ പേയ്മെന്‍റെ് ബാലന്‍സിനും പ്രധാനമാണ്. പല വികസ്വര രാജ്യങ്ങളിലും, റെമിറ്റന്‍സ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (ജിഡിപി) അനുപാതത്തെയും വിദേശനാണ്യ വരുമാനത്തെയും പ്രതിനിധീകരിക്കുന്നു. 2008,ല്‍ 52 ബില്യന്‍ ഡോളറായിരുന്നു റെമിറ്റന്‍സായി ഇന്ത്യയിലേക്കത്തെിയത്. അതേ വര്‍ഷം പ്രവാസികള്‍ അയച്ചത് 43,288 കോടി രൂപയായിരുന്നു. സംസ്ഥാന വരുമാനത്തിന്‍റെ 31 ശതമാനം ഇങ്ങനെ ലഭിച്ചതായിരുന്നു. മലയാളികളില്‍ 88.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു ചേക്കേറിയത്.
പ്രവാസ ജീവിതത്തിന് മുന്നൊരുക്കം
യാതൊരു മുന്നൊരുക്കമില്ലാതെ പ്രവാസ ജീവിതത്തിന് മുതിരുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. അയല്‍ സംസ്ഥാനങ്ങളിലേക്കൊ വിദേശ രാജ്യങ്ങളിലേക്കൊ ഒരു നൈപുണ്യവും ആര്‍ജ്ജിക്കാതെ, തൊഴിലനേഷിച്ച് പോവുന്നത് ഗുണകരമല്ല. തൊഴില്‍രഹിതരായ യുവാക്കളോട് ഏത് തൊഴില്‍ അറിയാം എന്ന് ചോദിച്ചാല്‍ പലരും പറയുക എന്തും ചെയ്യാന്‍ തയ്യാര്‍ എന്നാണ്. ഇത് നല്ലൊരു മറുപടിയാണെന്ന് കരുതാന്‍ വയ്യ.
എവടെയാണൊ പ്രവാസ ജീവിതം നയിക്കാന്‍ തീര്‍ച്ചപ്പെടുത്തുന്നത്, ആ രാജ്യത്തേയും അവിടത്തെ നിയമങ്ങളേയും ജനതയേയും സംസ്കാരത്തേയും കുറിച്ചു കൃത്യമായ വിവരം ഉണ്ടായിരിക്കുക. വിസ നടപടികള്‍ പൂര്‍ത്തികരിക്കുക. തദ്ദേശിയരുടെ ഭാഷയില്‍ സമാന്യ പരിജ്ഞാനം നേടുക. അവിടത്തെ നിയമങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കുക.
ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടുക. മത-രാഷ്ട്രീയ പ്രശ്നങ്ങളില്‍ വാഗ്വാദത്തിലേര്‍പ്പെടാതിരിക്കുക. ഭാവിയില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍, സ്വന്തം കുടുംബാംഗങ്ങളുടെ സ്ഥാപനത്തില്‍ പോലും നിയമവിധേയമായിരിക്കണം ജോലി ചെയ്യേണ്ടത്. ഡ്രസ്സ്കോഡ്, പ്രാദേശിക ഉപചാരങ്ങള്‍, ക്രമസമാധാന നിയമങ്ങള്‍, അവിടെ നിരോധിച്ച കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.
മനുഷ്യ ശക്തി കയറ്റുമതി ചെയ്യുന്നതില്‍ ഫിലിപ്പൈന്‍സ് ചെയ്ത്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകമായ പരിശീലനം, ആത്മരക്ഷാര്‍ത്ഥമുള്ള കരാട്ടെ പോലുള്ള കായികാഭ്യാസം, കൃത്യമായ തൊഴില്‍ കരാറുകള്‍, മറ്റ് നിയമപരമായ സഹായങ്ങള്‍ എല്ലാം ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നവര്‍ മക്ക,മദീന എന്നീ വിശുദ്ധ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം,മദ്യ നിരോധം,റമദാനിലെ പകല്‍ സമയത്ത് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിലെ നിരോധം, സുതാര്യമല്ലാത്ത പണമിടപാടുകള്‍, സ്ത്രീകളോട് സംസാരിക്കുമ്പോഴുള്ള സൂക്ഷമത, ആഭ്യന്തര മത-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നവര്‍ സംസാരശേഷിയില്‍ മികവുപുലര്‍ത്തേണ്ടതുണ്ട്. കമ്മ്യുണികേഷന്‍ സ്കില്ലില്‍ മലയാളികള്‍ പൊതുവെ പിന്നിലാണ്. ആ കുറവ് നികത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതാണ്. സ്പോകണ്‍ ഇംഗ്ളീഷ് പോലുള്ള കോര്‍സുകള്‍ക്ക് ചേര്‍ന്ന് കഴിവുകള്‍ വികസിപ്പിക്കുക. കൂടാതെ, തൊഴിലുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളും വ്യക്തിത്വ വികസനം, നേതൃ പരിശീലനം തുടങ്ങിയവയിലും പരിശീലനം നേടുകയും സഭാകമ്പം,അപകര്‍ഷതാബോധം എന്നിവ മാറ്റി എടുക്കേണ്ടതാണ്.
നാട്ടിലെ ബാങ്കില്‍ എകൗണ്ട് തുടങ്ങീട്ടില്ലെങ്കില്‍ അത് തുടങ്ങുക. പലരും വിദേശത്ത് എത്തിയ ശേഷമാണ് എകൗണ്ട് തുടങ്ങുന്നത്. അത് പല പ്രയാസങ്ങളും സൃഷ്ടിക്കുകയും കാലവിളംബം വരുത്തുകയും ചെയ്യുന്നു. ഒന്നിലേറെ തൊഴിലില്‍ വൈദഗ്ധ്യം നേടാന്‍ ശ്രമിക്കുന്നത് ഇന്നത്തെ മല്‍സരാധിഷ്ടിത വിപണിയില്‍ ഗുണകരമാണ്. ഡ്രൈവിംഗ് ഉള്‍പ്പടെ മൂന്ന് നാല് തൊഴിലിലെങ്കിലും വൈദഗ്ധ്യം നേടുക.
അപരന് മുന്‍ഗണന കൊടുക്കുന്നതിലൂടെ മറ്റുള്ളവരുടെ ആദരവ് ആര്‍ജ്ജിക്കാന്‍ കഴിയുന്നതാണ്. മൊബൈലില്‍ സംസാരിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് അലോസരമാവുന്നുണ്ടൊ, താമസ സ്ഥലത്ത് സൗകര്യങ്ങള്‍ പങ്കിടുന്നതിലെ ജാഗ്രത, ഉറങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടൊ തുടങ്ങിയവയെല്ലാം പരിഗണിക്കേണ്ടതാണ്.
പ്രവാസ ലോകത്തെ വെല്ലുവിളികള്‍
പ്രവാസജീവിതം പൂവിരിച്ച മെത്തയല്ല. നിരവധി കാരണങ്ങളാല്‍ പ്രവാസ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. വര്‍ധിച്ചുവരുന്ന തദ്ദേശിയരുടെ തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, യുദ്ധം, സ്വദേശിവല്‍ക്കരണം, ആഘര്‍ഷണീയമല്ലാത്ത വേതന വ്യവസ്ഥ തുടങ്ങി പലതുമാവാം. മണ്ണിന്‍റെ മക്കള്‍ ചിന്താഗതിയും ഉയര്‍ന്ന് വന്നേക്കാം. പ്രവാസികളോടുള്ള വിദ്വേഷത്തെയും വെറുപ്പിനെയും വിളിക്കുന്ന പേരാണ് ഴെനൊഫോബിയ (Xenophobia). യൂറോപ്പ് ഉള്‍പ്പടെ മിക്ക രാജ്യങ്ങളില്‍ ഈ ഴെനൊഫോബിയ വര്‍ധിച്ചുവരുന്നു.
തൊഴില്‍ മേഖലയില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം, ഉത്തമ സ്വഭാവ ഗുണങ്ങള്‍ സ്വീകരിച്ച് സ്വദേശികളുടെ മനസ്സില്‍ ഇടംനേടുകയാണ് ഴെനൊഫോബിയ മറികടക്കാനുള്ള വഴി. സ്നേഹം, കാരണ്യം, വശ്യമായ സംസാരം, ആഘര്‍ഷകമായ പെരുമാറ്റം, വസ്ത്രധാരണം, സത്യസന്ധത തുടങ്ങിയ ഉന്നത മൂല്യങ്ങള്‍ ജീവിതത്തിലുണ്ടായാല്‍ ഏത് പ്രതിസന്ധികളേയും നേരിടുവാനും അതിജീവിക്കാനും മലയാളികള്‍ക്ക് സാധിക്കും. അവരുടെ ശാന്തമായ പ്രകൃതം എല്ലാവരേയും ആഘര്‍ഷിക്കുന്നു.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW