Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ വ്യാപാരം: അവസരങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍

സാങ്കേതിക വിദ്യ, ആശയവിനിമയങ്ങള്‍ തുടങ്ങിയവയുടെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ അനന്തരഫലമായുണ്ടായ ഡിജിറ്റല്‍ സമ്പത്‌വ്യവസ്ഥയുടെ കാലഘട്ടത്തിലാണിപ്പോള്‍ ലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്. രണ്ട് അടിസ്ഥാന ഘടങ്ങളാണ് ഡിജിറ്റല്‍ സമ്പത്‌വ്യവസ്ഥയെ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്; ഇ-ബിസിനസ്സും ഓണ്‍ലൈന്‍ വ്യാപാരവും.
1997-ല്‍ ഐ.ഡി.എം ആണ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്ന് ബിസിനസ്സിനെ വേര്‍തിരിക്കാന്‍ വേണ്ടി ആദ്യമായി ഇ-ബിസിനസ്സ് എന്ന പദം ഉപയോഗിക്കുന്നത്. സുപ്രധാന ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ലളിതവും സൗകര്യപൂര്‍ണ്ണവുമായ രീതിയില്‍ നടപ്പിലാക്കാനുള്ള പ്രക്രിയയായും സിസ്റ്റങ്ങള്‍ വഴി ബിസിനസ്സിന്റെ മൂല്യ വിതരണത്തിനുള്ള സംയോജിതവും ഉദാത്തവുമായ സമീപനമായും ഇ-ബിസിനസ്സ് നിര്‍വ്വചിക്കപ്പെടുന്നു.
അതേസമയം, ഉല്‍പാദനം, വിതരണം, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള കച്ചവടങ്ങള്‍ എന്നിവയുടെ ഏകീകൃത രൂപമായാണ് വേള്‍ഡ് ട്രേഡ് യൂണിയന്‍ ഓണ്‍ലൈന്‍ വ്യാപാരത്തെ പരിചയപ്പെടുത്തിയത്. ഇന്റര്‍നെറ്റ് വഴി ചരക്കുകളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിലൂടെ ഇലക്ട്രോണിക് വ്യാപാര പ്രവര്‍ത്തനങ്ങളെയാണ് ഓണ്‍ലൈന്‍ വ്യാപാരം പ്രതിനിധീകരിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയുള്ള വില്‍പനയും വാങ്ങലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഓണ്‍ലൈന്‍ വ്യാപാരമെങ്കില്‍ ബിസിനസ്സിന്റെ സേവനത്തിനുള്ള സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇ-ബിസിനസ്സ്. ഘടനയനുസരിച്ച് ഇ-ബിസിനസ്സിന് മുമ്പേ ഓണ്‍ലൈന്‍ വ്യാപാരമെന്ന പദം നിലവില്‍ വന്നിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍.

ആഗോള വ്യാപാരത്തില്‍ സുപ്രധാന മാര്‍ഗമായി മാറിയ ഓണ്‍ലൈന്‍ വ്യാപാരം ഒരുപാട് അവസരങ്ങളും നേട്ടങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. കുറഞ്ഞ ചെലവെന്ന സവിശേഷത (പ്രത്യേകിച്ചും വിപണനം, പ്രൊമോഷന്‍, സംഭരണം എന്നിവയില്‍ വരുന്ന ചെലവുകളുമായി ബന്ധപ്പെട്ട്) ആഗോള തലത്തില്‍ അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും പ്രതീക്ഷിക്കുന്ന ഭാവിയിലേക്ക് എത്തിച്ചേരാനാകുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഇന്നിത് ഏതെങ്കിലും ചില നാടുകളിലെന്നല്ല, കാലദേശാന്തരങ്ങള്‍ക്കതീതമായി വിദൂരതയിലുള്ള കുഗ്രാമങ്ങളിലേക്ക് വരെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ചെറിയ പ്രൊജക്റ്റുകളിലേക്ക് മാര്‍ക്കറ്റ് തുറന്ന് കൊടുക്കുകയും പ്രൊഡക്റ്റുകളുടെ വൈവിധ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കുകയും അത് വഴി ആഗോള മാര്‍ക്കറ്റില്‍ ഒരു മത്സരത്തിന് വേദിയൊരുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത് ചരക്കുകളുടെ ഗുണനലവാരത്തില്‍ ഉപഭോക്താവിന് ഗുണമായി വരികയും വില്‍പനാനന്തര സേവനം ഉറപ്പാക്കുകയും ചെയ്യുന്നു. അതുപോലെത്തന്നെ ഇടപാടുകളുടെ ദൈര്‍ഘ്യത്തില്‍ ലാഭവും ഇത് വഴി നേടാനാകുന്നു. എന്നിരുന്നാലും, ഓണ്‍ലൈന്‍ വ്യാപാരം ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതില്‍ പ്രധാനമാണ് നിയമപരമായ പ്രശ്‌നങ്ങള്‍. ചില രാജ്യങ്ങള്‍ വൈദേശികമായ ചരക്കുകളെയും സേവനത്തെയും ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നില്ല. അത്തരം ഇടപാടുകള്‍ക്ക് അവര്‍ വിഘ്‌നമായി നില്‍ക്കുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ വാണിജ്യത്തിന്റെ നിലനില്‍പിനെയും വളര്‍ച്ചയെയും പിന്തുണക്കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണ സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടില്ലാത്ത രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്.
ചിലയിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വഞ്ചനയില്‍ നിന്നും ചതിയില്‍ നിന്നും മതിയായ രീതിയില്‍ സംരക്ഷിക്കാനാകാത്തതിന് പുറമെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ചാരപ്പണികള്‍ക്കും പ്രതിവിധിയായുള്ള സാങ്കേതിക പരിരക്ഷക്ക് അധിക സമ്പത്ത് ചിലവഴിക്കേണ്ടി വരുന്നു.

സ്ഥിതിവിവര കണക്ക്
E-COMMERCE STATISTICS WEBSITE ന്റെ സ്ഥിതിവിവര കണക്ക് പ്രാകാരം ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അളവ് 2003 ല്‍ 3.8 ട്രില്ല്യണ്‍ ഡോളറായിരുന്നു. 2004 ന്റെ അവസാനമായപ്പോഴേക്കും അത് 6.8 ട്രില്ല്യണ്‍ ഡോളറിലേക്കെത്തി. ലോക ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ 80 ശതമാനവും വഹിക്കുന്നത് അമേരിക്കയാണ്. പടുഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ 15 ശതമാനവും ജപ്പാന്‍ 4 ശതമാനവുമാണ് ഉടമപ്പെടുത്തുന്നത്. ബാക്കിയുള്ള ഒരു ശതമാനമാണ് ലോക ഇസ്‌ലാമിക രാജ്യങ്ങളടക്കമുള്ളവരുടെ സാമ്പത്തിക സ്ഥിതിവിവര കണക്ക്. വേള്‍ഡ് ട്രേഡ് യൂണിയന്‍ നല്‍കുന്ന ഡാറ്റ പ്രകാരം 2013നും 2015നുമിയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വിപണന മൂല്യം 56 ശതമാനം വര്‍ദ്ധിച്ച് 25 ട്രില്ല്യണ്‍ ഡോളറിലേക്ക് എത്തിയിട്ടുണ്ട്. അതുപോലെത്തന്നെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, മധ്യ യൂറോപ്പ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ വിപണികളാണ് ആഗോള വിപണന ചെലവിന്റെ 2.5 ശതമാനവും പ്രതിനിധീകരിക്കുന്നത്.

അറബ് ലോകത്തെ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ വിപണന മൂല്യം 7 ബില്ല്യണ്‍ ഡോളറിലേക്ക് എത്തിയിട്ടുണ്ടെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതില്‍ ഒന്നാം സ്ഥാനത്തുള്ള യു.എ.ഇ യുടെ വിപണന മൂല്യം 2.5 ബില്ല്യണ്‍ ഡോളറും രണ്ടാം സ്ഥാനത്തുള്ള സഊദി അറേബ്യയുടെത് 1.5 ബില്ല്യണ്‍ ഡോളറുമാണ്. ബാക്കി മൂന്ന് ശതമാനത്തില്‍ കുവൈത്ത് 0.56, ലെബനാന്‍ 0.28, ജോര്‍ദാന്‍ 0.21 ബില്ല്യണ്‍ ഡോളറകള്‍ വിപണന മൂല്യം പങ്കിടുന്നു. 2020ല്‍ അറബ് ലോകത്തിന്റെ വിപണന മൂല്യം 13.4 ബില്ല്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട സംരംഭങ്ങളെ വികസിപ്പിക്കുന്നതിനുമുള്ള സുവര്‍ണാവസരമാണ് ഓണ്‍ലൈന്‍ വ്യാപാരം. പൊതുവെ തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യാനും(പ്രത്യേകിച്ചും യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ) സാമ്പത്തിക ശാക്തീകരണത്തിന് സഹായകമാകുന്ന ഉല്‍പാദനവും വിപണനവും ശക്തിപ്പെടുത്താനും പേയ്മന്റ് ബാലന്‍സ് നില മെച്ചപ്പെടുത്താനും ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹായകമാകുന്നു. അതോടൊപ്പം തന്നെ, ഇലക്ട്രോണിക് സുരക്ഷ കൈവരിക്കുന്ന മികച്ച നിയമനിര്‍മ്മാണ ഘടന ഉണ്ടാക്കുകയും സ്വകാര്യത, ഉപഭോക്തൃ വിവരങ്ങള്‍ എന്നിവയുലുണ്ടാകുന്ന ലംഘനങ്ങള്‍ തടയുകയും ഏകപക്ഷീയതയില്‍ നിന്ന് അകലെ നികുതികള്‍ യഥാര്‍ത്ഥ ബോധത്തോട് കൂടിത്തന്നെ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചു കൊണ്ടിരിക്കുന്ന ആശയവിനിമയത്തില്‍ സമൂഹങ്ങളുടെ പ്രധാന ആവശ്യമായിത്തീര്‍ന്ന ഇലക്ട്രോണിക് അവബോധം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനുള്ള നിരന്തര പരിശ്രമം ഉണ്ടാവേണ്ടതുണ്ട്. അതോടുകൂടെ, ഇ-ബിസിനസ് പരിശീലിപ്പിക്കാന്‍ യോഗ്യരായവരെ വളര്‍ത്തിയെടുത്ത് ഇത്തരം മാര്‍ഗങ്ങളില്‍ അവരെ വ്യാപൃതരാക്കേണ്ടതുണ്ട്.

തിരുമൊഴിയിലെ സാമ്പത്തിക ഉള്‍കാഴ്ചകള്‍
അംറ് ബ്‌നു ശുഐബ് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) അരുളി: ഒരു കച്ചവടത്തില്‍ വായ്പയും വില്‍പനയും സംയോജിപ്പിക്കുന്നത് ഒരിക്കലും അനുവദനീയമല്ല. അതുപോലെ ഒരു കച്ചവടത്തില്‍ തന്നെ രണ്ട് ഉപാദികള്‍ വെക്കലും കൈവശപ്പെടുത്താത്ത വസ്തുവില്‍ നിന്ന് ലാഭം ഉണ്ടാക്കലും ഉടമസ്ഥതയില്ലാത്ത വസ്തു വില്‍ക്കലും അനുവദനീയമല്ല.(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുല്‍ മുസ്‌ലിം)

മേല്‍പറഞ്ഞ ഹദീസിലെ സാമ്പത്തിക പാഠങ്ങള്‍
1- ഒരു വായ്പയും വില്‍പനയും സംയോജിപ്പിക്കുന്നത് അനുവദനീയമല്ല. ഒരാള്‍ തന്റെ കയ്യിലുള്ള ചരക്ക് വായ്പാടിസ്ഥാനത്തില്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുക. അതില്‍ വിറ്റ് കിട്ടുന്ന കാശ് വായ്പയെക്കാള്‍ അധികമാണെങ്കില്‍ അത് പലിശയാണ്.
2- ഒരു കച്ചവടത്തില്‍ തന്നെ രണ്ട് ഉപാദികള്‍ പാടില്ല. അതവാ, ഒരാള്‍ തന്റെ കയ്യിലുള്ള ചരക്ക് മറ്റൊരാള്‍ക്ക് വില്‍ക്കാമെന്നേല്‍ക്കുകയും വില്‍ക്കപ്പെടുന്ന ചരക്ക് വിറ്റ അതേ വ്യക്തിക്ക് തന്നെ നേരത്തെ വിറ്റതിനേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കണമെന്ന് നിബന്ധന വെക്കുകയും ചെയ്യുക.
3- കൈവശപ്പെടുത്താത്ത വസ്തുവില്‍ നിന്ന് ലാഭം നേടല്‍. ആരെങ്കിലും ഒരു ചരക്ക് വാങ്ങുകയും അത് കൈവശപ്പെടുത്താതിരിക്കുകയും ചെയ്താല്‍ അത് കൈവശപ്പെടുത്തി അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ അത് വില്‍ക്കാന്‍ പാടില്ല.
4- നിങ്ങളുടെ ഉടമസ്ഥതയിലില്ലാത്ത വസ്തു വില്‍ക്കാന്‍ പാടില്ല. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കാതെ അത് വില്‍ക്കരുത്. നിര്‍ണ്ണിത വസ്തു വാങ്ങാമെന്ന് കരാറിലേര്‍പ്പെടുന്നത് പോലെത്തന്നെ വിശേഷണം പറഞ്ഞുള്ള ഇടപാടുകളെയും വില്‍പനകളെയും ഇത് ബാധിക്കുകയില്ല.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം – mugtama.com 

Related Articles