Current Date

Search
Close this search box.
Search
Close this search box.

Economy

ക്രെഡിറ്റ് ഡോക്യുമെന്റും വ്യവഹാരിക കര്‍മശാസ്ത്രവും

സുഫ്തജ എന്നാണ് ക്രെഡിറ്റ് ഡോക്യുമെന്റിന് അറബിയില്‍ പറയുന്നത്. അറബ്-പേര്‍ഷ്യന്‍ പദമാണത്. കോമ്പാക്ട്(ഉടമ്പടി) എന്ന് അര്‍ഥം വരുന്ന സഫ്തഹയില്‍ നിന്നാണത് അറബിയിലേക്കെത്തുന്നത്.(1) വിദൂര നാട്ടിലുള്ള ഒരാള്‍ തന്റെ പകരക്കാരനായി കടം വാങ്ങുന്നവന് വേണ്ടി എഴുതിത്തയ്യാറാക്കുന്ന ബില്ലിനോ രസീതിക്കോ ആണ് കര്‍മശാസത്രത്തിലെ സാമ്പത്തിക വ്യവഹാരങ്ങളില്‍ സുഫ്തജ എന്ന് പറയുന്നത്. താന്‍ ഏത് നാട്ടില്‍ നിന്നാണോ കടം വാങ്ങിയത് അതേ നാട്ടിലെ വില തന്നെയാണ് അവന്‍ തിരികെ നല്‍കേണ്ടത്. ഇമാം നവവി(റ) പറയുന്നു: ഒരു നാട്ടില്‍ ജീവിക്കുന്ന വ്യക്തി മറ്റൊരു നാട്ടില്‍ നിന്നും കടം വാങ്ങിയവന് തിരികെ നല്‍കാന്‍ തന്റെ പകരക്കാരനിലേക്ക് എഴുതുന്ന രേഖയാണ് സുഫ്തജ.(2)

രൂപം: മഹാനായ ഖാളി ഇയാള് അതിനൊരു ഉദാഹരണം പറയുന്നുണ്ട്; ഒരു രാജ്യത്തുള്ള വ്യക്തിക്ക് തന്റെ കുടുംബത്തിലെ ചിലര്‍ക്ക് പണം കടം തിരികെ നല്‍കാനുണ്ട്. തന്റെ നാട്ടിലേക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യം കാരണം അവര്‍ക്ക് കൊടുത്തു വീട്ടാനുള്ള തുക നല്‍കാന്‍ തന്റെ പകരക്കാരനിലേക്കവന്‍ ഒരു കുറിപ്പെഴുതുന്നു. ഇതാണ് സഫ്തജയുടെ രൂപം.(3)

സാമ്പത്തികശാസ്ത്രത്തിലെ സുഫ്തജ: കടം വാങ്ങിയവന്‍ നടത്തുന്ന ഹവാല ഇടപാട്. നിശ്ചിത സമയത്ത് താന്‍ നല്‍കാനുള്ള നിര്‍ണിത തുക മൂന്നാമതൊരാള്‍ തനിക്ക് നല്‍കാന്‍ കടം തന്നവനോട് സമ്മതം ചോദിക്കുന്ന രീതിയാണത്.(4) സാമ്പത്തികശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും സുഫ്തജക്ക് നല്‍കുന്ന വിവക്ഷകള്‍ തമ്മില്‍ സാമ്യതയുണ്ട്. തത്വത്തില്‍ രണ്ടും ഒന്ന് തന്നെയാണെന്ന് പറയുകയുമാവാം.

സുഫ്തജയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന നേട്ടം

1- കടത്തുക കൈമാറാന്‍ ചുമതലയേല്‍പ്പിക്കേണ്ടി വന്നേക്കാവുന്ന വ്യക്തിക്ക് നല്‍കേണ്ട കൂലി ലാഭിക്കാം. കാരണം, കടം പണം തന്നെ ആയിരിക്കണമെന്നില്ല. കടം നല്‍കാവുന്ന ധനമല്ലാത്ത മറ്റു പല വസ്തുക്കളുമാകാം. കടം വാങ്ങിയവനിലേക്ക് അതെത്തിക്കേണ്ട ബുദ്ധിമുട്ടില്‍ നിന്നും സാമ്പത്തിക ചിലവില്‍ നിന്നും സഫ്തജ വഴി രക്ഷപ്പെടാനാകും. കടം നല്‍കിയവന് അതുകൊണ്ട് ഉപകാരമുണ്ടെങ്കില്‍ മാത്രമേ സുഫ്തജ അനുവദനീയമാകൂ.
2- വഴിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളില്‍ നിന്നുമുള്ള രക്ഷ. നഷ്ടപ്പെട്ടു പോവുക, മോഷ്ടിക്കപ്പെടുക തുടങ്ങിയവ കൊണ്ട് സമ്പത്തിന് ഉത്തരവാദിയാകേണ്ടി വരുന്ന അവസ്ഥതയും ഒഴിവാക്കാം. പ്രത്യേകിച്ചും തിരികെ നല്‍കാനുള്ള വലിയ തുകയാണെങ്കില്‍ അപകടത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം അപകടങ്ങളെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സുഫ്തജ.
3- സുഫ്തജയുടെ അടിസ്ഥാന തത്വമെന്നത് കടം നല്‍കിയവനെ അവന്റെ ആവശ്യസമയങ്ങളില്‍ പണം തിരികെ നല്‍കി സഹായിക്കുക എന്ന് തന്നെയാണല്ലോ.

സുഫ്തജയുടെ ഇനങ്ങള്‍

1- ഡെബിറ്റ് പ്രൊപ്പോസല്‍: പല കച്ചവട രീതികളും ഇതിനു കീഴില്‍ വരും. അവധി നിര്‍ണയിക്കപ്പെട്ട കച്ചവട തുക, വാടക, വായ്പ എന്നിവ ചില ഉദാഹരണങ്ങളാണ്. സഫ്തജ വഴി ഇടപാട് നടത്തി കടം പൂര്‍ത്തീകരിച്ചു നല്‍കുന്നതിന് കടം നല്‍കിയവനും വാങ്ങിയവനും സമ്മതമാണെങ്കില്‍ പിന്നെ ആ ഇടപാടില്‍ യാതൊരു പ്രശ്‌നവുമില്ല.

2- ലോണ്‍ പ്രൊപ്പോസല്‍: ഉടനടി തന്നെ ആവശ്യപ്പെട്ടേക്കാവുന്ന പുതിയൊരു കടത്തെക്കൂടി ഉള്‍കൊള്ളുന്നതാണിത്. ഇത് രണ്ടി രീതിയിലുണ്ട്. ഓരോന്നിനും വ്യത്യസ്ത വിധികളും നിയമങ്ങളുമുണ്ട്.

(1) സമ്പൂര്‍ണ ലോണ്‍ പ്രൊപ്പോസല്‍: ലോണെടുത്ത നാട്ടില്‍ നിന്നല്ലാതെ കടം പൂര്‍ത്തീകരിച്ചു നല്‍കാന്‍ അനുവാദമില്ലാത്ത ഇടപാടാണിത്. എങ്കിലും, കടം പൂര്‍ത്തീകരിച്ചു നല്‍കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗം സുഫ്തജയാണെന്ന് ഒരാള്‍ക്ക് തോന്നുന്നുവെങ്കില്‍ കടം നല്‍കിയവന്റെ സമ്മതമില്ലാതെത്തന്നെ അവനത് ചെയ്യാവുന്നതാണ്. ഈ മാര്‍ഗം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളില്ല. മാത്രവുമല്ല, കടം നല്‍കിയവന് തിരികെ നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്നായാണ് ഇത് എണ്ണപ്പെടുക. അബൂ റാഫിഅ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി(സ്വ) ഒരു വ്യക്തിയില്‍ നിന്നും ചെറിയ ഒട്ടകത്തെ കടം വാങ്ങിയിരുന്നു. അന്നേരമാണ് പ്രവാചകന് ഒരു ഒട്ടകം സ്വദഖയായി ലഭിച്ചത്. ഉടനെ ആ വ്യക്തിയുടെ കടം തിരികെ നല്‍കാന്‍ നബി(സ്വ) അബൂ റാഫിഇ(റ)നെ ചുമതലയേല്‍പ്പിച്ചു. അദ്ദേഹം തിരികെവന്ന് പ്രവാചകനോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഒട്ടകങ്ങളുടെ കൂട്ടത്തില്‍ ചെറുതില്ല, എല്ലാം പ്രായം തികഞ്ഞവയാണ്. അതുകേട്ട് അവിടുന്ന് അരുളി: ‘അതുതന്നെ അയാള്‍ക്ക് നല്‍കൂ. ജനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമര്‍ അവരില്‍ കടം പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ നന്നായി നല്‍കുന്നവരാണ്'(മുസ്‌ലിം).(5)

ഇമാം മാലിക്(റ) പറയുന്നു: ചുമക്കാന്‍ സാധ്യമല്ലാത്ത ഒരു വസ്തുവാണ് കടം വാങ്ങിയതെങ്കില്‍ അത് എവിടെനിന്നാണോ കൈപറ്റാനാവുക അവിടെവെച്ച് ഉടമസ്ഥപ്പെടുത്തേണ്ടതാണ്.(6) മുഗ്നിയില്‍ ഗ്രന്ഥരചിയിതാവ് രേഖപ്പെടുത്തുന്നു: നിബന്ധനയൊന്നുമില്ലാതെയാണ് കടം വാങ്ങുന്നതെങ്കില്‍ തിരികെ നല്‍കുമ്പോള്‍ അതിനെക്കാള്‍ അധികരിപ്പിച്ചോ മെച്ചപ്പെട്ടതോ നല്‍കല്‍ അനുവദനീയമാണ്. അപ്രകാരം തന്നെ സഫ്തജ വഴി മറ്റൊരു നാട്ടില്‍ നിന്നാണ് കടം വീട്ടുന്നതെങ്കില്‍ അതും സ്വീകരിക്കപ്പെടുന്നതാണ്. ഇബ്‌നു ഉമര്‍, സഈദ് ബ്‌നു മുസയ്യിബ്, ഹസന്‍, നഖ്ഈ, ശുഅ്ബീ, സുഹ്‌രീ, മക്ഹൂല്‍, ഖതാദത്, മാലിക്, ശാഫിഈ, ഇസ്ഹാഖ് തുടങ്ങിയവരെല്ലാം അതില്‍ വിട്ടുവീഴ്ച നല്‍കിയിട്ടുണ്ട്.(7)

(2) നിബന്ധനകള്‍ക്കതീതമായ ലോണ്‍. അത് രണ്ട് രീതിയിലുണ്ട്;
1. അതുവഴി ലഭിക്കുന്ന നേട്ടത്തില്‍ കടം നല്‍കിയവനും വാങ്ങിയവനും പങ്കാളികളായിരിക്കും. സുഫ്തജ പലപ്പോഴും അടിസ്ഥാന കടത്തുകയെക്കാള്‍ കടം നല്‍കിയവന് നേട്ടമുണ്ടാക്കിക്കൊടുക്കാറുണ്ട്. വേറൊരു രാജ്യത്തില്‍ നിന്നും വീട്ടിനല്‍കുന്ന കടം, കടം നല്‍കിയവനുള്ള നാട്ടിലേക്ക് സൗജന്യമായി എത്തിക്കാനായാല്‍ അത് നേട്ടം തന്നെയാണ്.(8) അത് അനുവദനീയവുമാണ്.
2. പ്രയോജനം പൂര്‍ണമായും കടം നല്‍കിയവന് ലഭിക്കുന്ന അവസ്ഥ. കടം നല്‍കിയവന്‍ തനിക്ക് തരാനുള്ള തുക മറ്റൊരു നാട്ടില്‍ നിന്ന് നല്‍കണമെന്ന് നിബന്ധന വെച്ചാല്‍ അവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
1- കടം വാങ്ങിയ വസ്തു ആവശ്യപ്പെടുന്നിടത്തേക്ക് എത്തിക്കാന്‍ ട്രാന്‍സ്ഫര്‍ ചെലവുണ്ടായിരിക്കുകയും മാര്‍ഗം അപകടം പിടിച്ചതായിരിക്കുകയും ചെയ്യുന്ന അവസ്ഥ. താന്‍ കടം കൊടുത്ത ചരക്ക് മറ്റൊരു നാട്ടിലേക്ക് എത്തിക്കാന്‍ ട്രാന്‍സ്ഫര്‍ ചെലവും വഴി തടസ്സവും ഉള്ളതുകൊണ്ട കടം വാങ്ങിയവനുമേല്‍ അത് താന്‍ ഉദ്ദേശിക്കുന്ന നാട്ടിലേക്ക് എത്തിച്ചു തരണമെന്ന് നിബന്ധന വെക്കുന്നതാണ് അതിന്റെ രൂപം. അഥവാ, കടം നല്‍കിയവന്‍ തനിക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ആ ഇടപാടിനോട് സമീപിച്ചത്. ഇതി നിഷിദ്ധമായ പലിശകളുടെ കൂട്ടത്തില്‍ പെടുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം രൂപത്തില്‍ സഫ്തജ നടത്തുന്നതിനെ സകല പണ്ഡിതരും എതിര്‍ത്തത്.

പ്രമുഖ പണ്ഡിതന്‍ ഇബ്‌നു മുന്‍ദിര്‍(റ) പറയുന്നു: കടം വാങ്ങിയത് തിരികെ നല്‍കുമ്പോള്‍ വാങ്ങിയതിനേക്കാള്‍ അമിതമായോ ഹദിയയെന്ന നിലയിലോ നല്‍കണമെന്ന് നിബന്ധനയോടെയാണ് ഇടപാടെങ്കില്‍ അത് പലിശയാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഒരേസ്വരമാണ്.(9) ഇമാം മാലികിന്റെ ബലാഗിയാത്തില്‍ ഉമറി(റ)നെ ഉദ്ദരിക്കുന്നു; മഹാന്‍ ഒരു വ്യക്തിയില്‍ നിന്നും ഭക്ഷണം കടമായി വാങ്ങി. അന്നേരം കടം നല്‍കിയ വ്യക്തി മറ്റൊരു നാട്ടില്‍വെച്ച് തനിക്കത് കൈമാറണമെന്ന് നിബന്ധന വെച്ചു. അത് ഉമറി(റ)ന് ഇഷ്ടമായില്ല. മഹാന്‍ ചോദിച്ചു: അപ്പോള്‍ പിന്നെ ചമട്ടുകൂലി ആരു നല്‍കും?(10)
2- നാണയം പോലെ ചുമട്ടുകൂലിയില്ലാത്തത്. ഇന്നാലിന്ന നാട്ടില്‍ നിന്നും എനിക്ക് നീ തിരികെ നല്‍കണമെന്ന ഉപാദിയോടെ ഒരാളില്‍ നിന്നും സുഫ്തജ എഴുതി വാങ്ങി നൂറ് ദിര്‍ഹം കടം കൊടുക്കുന്നത് പോലെ. ഈ രൂപത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്;
(1) നിഷിദ്ധം. ബഹുഭൂരിപക്ഷം പണ്ഡിതരും ഈ അഭിപ്രായക്കാരാണ്. സഫ്തജയുടെ അടിസ്ഥാന തത്വത്തോട് വിരുദ്ധമാകുമെന്നതാണ് കാരണം. വല്ല നേട്ടവും നിബന്ധനയായി വെച്ചാല്‍ ‘നേട്ടം ഉണ്ടാക്കിത്തീര്‍ക്കുന്ന കടങ്ങളെല്ലാം പലിശയാണ്’ എന്ന നിയമത്തിന് കീഴിലായിരിക്കും അത് വരിക.
(2) കറാഹത്ത്. അത് അനുവദനീയമാണോ അതോ നിഷിദ്ധമാണോ എന്നതിനിടയില്‍ കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്തതിനാല്‍ അതിനെ കറാഹത്താക്കി. ഹസനുല്‍ ബ്‌സ്വരി, മയ്മൂന്‍ ബ്‌നു അബീ ശബീബ്, അബ്ദത് ബ്്‌നു അബീ ലുബാബത്, മാലിക്, ഔസാഈ, ശാഫിഈ എന്നിവര്‍ ഈ അഭിപ്രായക്കാരാണ്.

(3) അനുവദനീയം. ഹമ്പലികളുടെതാണ് ഈ നിലപാട്. ചില സ്വഹാബികളുടെ പ്രവര്‍ത്തികളും ഫത്‌വകളും അവരെ പിന്തുടര്‍ന്നവരെയുമാണ് അവരതിന് അവലംബിക്കുന്നത്. ഇബ്‌നു മുന്‍ദിര്‍ എന്നവര്‍ അലി, ഇബ്‌നു അബ്ബാസ്, ഹസന്‍ ബ്‌നു അലി, ഇബ്‌നു സുബൈര്‍, ഇബ്‌നു സീരീന്‍, അബ്ദുര്‍റഹ്മാന്‍ ബ്‌നു അസ്‌വദ്, അയ്യൂബ് സഖ്തിയാനീ, ഥൗരീ, അഹ്മദ്, ഇസ്ഹാഖ് എന്നിവരെത്തൊട്ട് ഇത് ഉദ്ധരിച്ചിട്ടുണ്ട്.(11)
ഇമാം അത്വാഅ് പറയുന്നു: ഇബ്‌നു സുബൈര്‍(റ) മക്കക്കാരില്‍ നിന്നും ദിര്‍ഹം സ്വീകരിക്കുമായിരുന്നു. എന്നിട്ടദ്ദേഹം അവര്‍ക്കായി ഇറാഖിലെ മിസ്അബ് ബ്‌നു സുബൈറിന് കത്തെഴുതും. അവരത് അവിടെച്ചെന്ന് വാങ്ങുകയും ചെയ്യും. ഒരിക്കല്‍ അതേക്കുറിച്ച് ഇബ്‌നു അബ്ബാസ് തങ്ങള്‍ അവരോട് ചോദിച്ചു. അദ്ദേഹം അതിലൊരു പ്രശ്‌നവും കണ്ടിരുന്നില്ല. അലി(റ) തങ്ങളും ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ പ്രശ്‌നമുള്ളതായി കണ്ടില്ല.

മുവഫ്ഖുദ്ദീന്‍ ഇബ്‌നു ഖുദാമത് പറയുന്നു: അനുവദനീയമാണെന്നതാണ് പ്രബലം. കാരണം അതാണ് രണ്ടു പേര്‍ക്കും ഗുണം നല്‍കുന്നത്. ശരീഅത്താണെങ്കില്‍ ബുദ്ധമിട്ടും പ്രശ്‌നങ്ങളുമില്ലാത്ത വിഷയങ്ങളില്‍ സാമൂഹിക നന്മയെ തടയുന്നുമില്ല. മാത്രവുമല്ല, ഇത് നിഷിദ്ധമാണെന്ന് ഒരു പ്രമാണത്തിലും വന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ അത് അനുവദനീയമായിത്തന്നെ നിലനിര്‍ത്തപ്പെടുന്നതാണ് ഉചിതം.(12) കുറ്റവും തെറ്റും സംഭവിക്കാത്ത ഇടങ്ങളില്‍ പര്‌സപര സഹായസഹകരണങ്ങള്‍ക്കാണ് മഖാസിദുശ്ശരീഅ പ്രാധാന്യം നല്‍കുക. ഇടപാടുകളുടെ അടിസ്ഥാനം അത് അനുവദനീയമാണെന്നതാണ്. അത്തരം ഇടപാടുകളില്‍ പെട്ടതാണ് ഇതും.

സുഫ്തജയും ഹവാലയും

സ്ഥിരപ്പെട്ട കടത്തിന്റെ ഉത്തരവാദിത്തം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീക്കിലാണ് ഹവാലക്ക് കര്‍മശാസ്ത്രം നല്‍കുന്ന വിശദീകരണം. അങ്ങനെയങ്കില്‍ ഹവാലക്കും സുഫ്തജക്കും ഇടയില്‍ പൊതുവായതും പ്രത്യേകവുമായി ചില ബന്ധങ്ങളുണ്ട്. പൊതുവായി പല കാര്യങ്ങളിലും അവ രണ്ടും തമ്മില്‍ യോജിക്കുന്നുണ്ട്. കടം വാങ്ങിയ ഒരു വ്യക്തി അതില്‍ ഹവാല നടത്തുമ്പോള്‍ ആവശ്യമെങ്കില്‍ മറ്റൊരു നാട്ടിലുള്ളവനിലേക്ക് ഉത്തരവാദിത്തം നല്‍കാറുണ്ട്. സുഫ്തജയിലും ഇത് പതിവാണ്. സ്വന്തം ഉത്തരവാദിത്തത്തില്‍ സ്ഥിരമായ ഒരു കടത്തില്‍ മാത്രമാണ് ഹവാല വരുന്നതെങ്കില്‍ സുഫ്തജ വായ്പയുമായും പ്രത്യേകമാകുന്നുണ്ട്.

സുഫ്തജയും ബാങ്ക് ട്രാന്‍സ്ഫറിംഗ് സംവിധാനവും

ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടാക്കിവെക്കുന്ന സാമ്പത്തിക ഇടപാടില്‍ പെട്ടതാണ് ആധുനിക ബാങ്ക് ട്രാന്‍സ്ഫറിംഗ് സംവിധാനം. ഒരാള്‍ ബാങ്കില്‍ വന്ന് നിശ്ചിത തുക നല്‍കി മറ്റൊരു നാട്ടിലുള്ള തന്റെ കുടുംബത്തിന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴുമിത് സംഭവിക്കുക. ഇടപാടിന്റെ നിയമപരമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്, യാത്രാ ചെലവും വഴിയിലെ അപടകങ്ങളും ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഉപഭോക്താവ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. അതിനാല്‍തന്നെ, ഈ ഇടപാട് പഴയ ഏക്‌സ്‌ചേഞ്ച് ഇടപാടുമായാണ് താരതമ്യം ചെയ്യുക.(13)

കറന്‍സിയും എക്‌സചേഞ്ച് ബില്ലും ചേര്‍ന്നാണ് കൈമാറ്റാം നടക്കുന്നതെങ്കില്‍, അവിടെ നടക്കുന്ന സഫ്തജ പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാണ്. ഇത് അനുവദനീയമാണെന്നതില്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് വ്യക്തമായ വിശദീകരണങ്ങളുണ്ട്. ഇടപാടിന്റെ അടിസ്ഥാനം രണ്ട് ഇടപാടുകാരും മുതല്‍ പരസ്പരം കൈമാറുകയെന്നതാണ്, അത് ഇവിടെ സാധ്യമാകുന്നുണ്ട് എന്നതാണ് അതിലേറ്റവും പ്രബലമായത്. ഹവാലയോട് ചേര്‍ന്നു നില്‍ക്കുന്ന ഇടപാട് തന്നെയാണ് സഫ്തജയും എന്നതാണ് മറ്റൊരു വിശദീകരണം.

അവലംബം:
1- അലി ജുര്‍ജാനി, കിതാബുത്തഅ്‌രീഫാത്ത്. പേ. 120.
2- നവവി, തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്. 3/149.
3- അത്താജു വല്‍ഇക്‌ലീലു ലിമുഖ്തസ്വരി ഖലീല്‍. 6/532.
4- അല്‍മുഅ്ജമുല്‍ വസ്വീത്വ്. പേ. 449.
5- അത്താജു വല്‍ഇക്‌ലീലു ലിമുഖ്തസ്വരി ഖലീല്‍. 6/532.
6- ഇബ്‌നു ഖുദാമത്, മുഗ്നി. 4/240.
7- ഇമാം മാലിക്, മുവത്വ. 2/392
8- ഇബ്‌നു ഖുദാമത്, മുഗ്നി. 4/240.
9- ഇസ്‌ലാമിലെ പലിശയും ഭാഗത്തില്‍ പെടുന്നതാണ് സഫ്തജയും.
10- ഇബ്‌നു ഖുദാമത്, മുഗ്നി. 4/240.
11- ഇബ്‌നു ഖുദാമത്, മുഗ്നി. 4/240.
12- മജ്മൂഉല്‍ ഫതാവാ. 29/531.
13- മജല്ലത്തു മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി. പേ. 256.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles