Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് ബാങ്കിങ്: മലേഷ്യ നമ്മോട് പറയുന്നത്

ഹജ്ജിന് പോകാനാഗ്രഹിക്കുന്ന പ്രദേശവാസികള്‍ക്ക് തങ്ങളുടെ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കുന്നതിനാണ് ആദ്യമായി മലേഷ്യയില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനം ആരംഭിക്കുന്നത്. തബുംഗ് ഹാജി എന്ന (Tabung Haji -Pilgrims Management and Fund Board) പേരില്‍ ആരംഭിച്ച ഈ സ്ഥാപനം അതിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1963 ലാണ്. തുടക്കത്തില്‍ 1281 മെമ്പര്‍മാര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ ആകെയുള്ള നിക്ഷേപം 46600 മലേഷ്യന്‍ റിങ്കിറ്റും. പിന്നീട് അതേ സ്ഥാപനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ 12 മില്യണ്‍ മുസ്‌ലിം ജനസംഖ്യയുള്ള മലേഷ്യയില്‍ നാലുമില്യണിലധികം മെമ്പര്‍മാരും 2 ബില്യണലധികം ഡോളര്‍ നിക്ഷേപവുമുള്ള വലിയ സ്ഥാപനമായി വളര്‍ന്നു. (Towards Islamic Banking: A Case Study of Pilgrims Management & Fund Board, Malaysia-Khalid Rahman is Director Institute of Policy Studies, Islamabad)

മലേഷ്യയില്‍ ഔദ്യോഗികമായി ഇസ്‌ലാമിക് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത് 1983 ല്‍ ബാങ്ക് ഇസ്‌ലാം മലേഷ്യ ബെര്‍ഹാഡ് (Bank Islam Malaysia Berhad (BIMB) എന്ന സ്ഥാപനത്തിന്റെ വരവോടു കൂടിയാണ്. വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കായിരുന്നു അത്. പിന്നീട് മലേഷ്യയുടെ ചരിത്രത്തില്‍ ഇസ്‌ലാമിക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് ധനകാര്യ സ്ഥാപനങ്ങള്‍ പിറന്നു. 1994 ല്‍ ഇസ്‌ലാമിക് ഇന്‍ഷൂറന്‍സ്, മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് (Islamiccapital market -1993), മറ്റു ഇസ്‌ലാമിക ധനകാര്യ  സ്ഥാപനങ്ങളായ ഇസ്‌ലാമിക് ഇന്റര്‍-ബാങ്ക് മണി മാര്‍ക്കറ്റ് (Islamic inter-bank money market -1994), കോലാലമ്പൂര്‍ സ്റ്റോക്ക് എക്‌സചേഞ്ച് (KualaLumpur Stock Exchange -KLSE) ശരീഅ ഇന്‍ഡെക്‌സ് (Shariah Index -1999) തുടങ്ങിയ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക് ധനകാര്യ സ്ഥപനങ്ങളെന്ന നിലയില്‍ പ്രശസ്തമായി. പിന്നീട് മലേഷ്യന്‍ മേഖലയിലെ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ കേന്ദ്രമാക്കാവുന്ന തരത്തിലുള്ള പദ്ധതികള്‍ മലേഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് (Central Bank of Malaysia -BNM) ആവിഷ്‌കരിച്ച് നടപ്പാക്കി. വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ വളരെ ശ്രദ്ധേയമാണ് മലേഷ്യന്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍. 2004-2005 വര്‍ഷത്തില്‍ മലേഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ  ഇസ്‌ലാമിക് ബ്രാഞ്ചുകളുടെ എണ്ണം 126 ല്‍നിന്ന് 766 ആയി ഉയര്‍ന്നു. ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ച 1995 മുതല്‍ മലേഷ്യയുടെ GDP നിരക്ക് ഉയര്‍ത്തുന്നതിനിടയാക്കി.

2011 ലെ കണക്കനുസരിച്ച് ഏകദേശം 1.5 മുതല്‍ 2 ട്രില്യണ്‍ യു.എസ് ഡോളറിന്റെ ആസ്ഥി ആഗോള തലത്തില്‍ ഇസ്‌ലാമിക ഫൈനാന്‍സിനുണ്ട്. ഇന്ന് ഇസ്‌ലാമിക് ബാങ്ക് ഏകദേശം 60 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഇറാന്‍, പാകിസ്ഥാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ബാങ്കിങ് സംവിധാനം അപ്പടി ഇസ്‌ലാമിക സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ബോര്‍ഡിന്റെ (ഐ.എഫ്.എസ്.ബി) കണക്കു പ്രകാരം ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങളുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 15 ശതമാനമാണ്.

വലിയ വളര്‍ച്ചാനിരക്കുള്ള മലേഷ്യന്‍ ഇസ്‌ലാമിക് ഫൈനാന്‍സിന് ആഗോള ഇസ്‌ലാമിക് ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. മലേഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള പലിശ രഹിത സംരംഭങ്ങള്‍ വിപണീ വ്യതിയാനങ്ങളോട് പിടിച്ച് നില്‍ക്കുന്നതിനായി കാലാകാലങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ മലേഷ്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. കാലാനുസൃതമായി നടത്തിവരുന്ന ഈ പരിഷ്‌കരണ പ്രക്രിയ മലേഷ്യയില്‍ ആരംഭിക്കുന്നത് 1990 കളിലാണ്. കാലഘട്ടത്തിന് യോജിച്ച പരിഷ്‌കാരങ്ങളുടെ ഫലമായാണ് ഇസ്‌ലാമിക് ഇന്റര്‍ ബാങ്ക് മണിമാര്‍ക്കറ്റ് (IIMM), മുദാറബ ഇന്റര്‍ ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് (MI), ഇസ്‌ലാമിക് ഇന്റര്‍ ബാങ്ക് ചെക്ക് ക്ലിയറിങ് സിസ്റ്റം (Inter-Bank ChecqueClearing System -IICCS), മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ സെന്റര്‍ (Malaysian International Islamic FinancialCentre -MIFC) എന്നീ സ്ഥാപനങ്ങള്‍ മലേഷ്യയില്‍ രൂപപ്പെട്ടത്.

അന്താരാഷ്ട്ര തലത്തിലും മലേഷ്യയില്‍ പ്രാദേശികമായും വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാന്‍ മലേഷ്യന്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപങ്ങള്‍ക്കായിട്ടുണ്ട്. മലേഷ്യന്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനത്തെക്കുറിച്ച് ഇത്രയും വിശദീകരിച്ചതിന്റെ ഉദ്ദേശ്യം പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥകളെ വെല്ലുന്ന തരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനും പ്രായോഗിക രംഗത്ത് മഹത്തായ മാതൃക കാണിക്കാനും മലേഷ്യക്കായി എന്ന് സൂചിപ്പിക്കാനാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ബദലാകന്‍ ഇസ്‌ലാമിക് ബാങ്കിങ്ങിന് കഴിയും എന്നതിന്റെ അനുഭവ സാക്ഷ്യമാണ് മലേഷ്യ.

Related Articles