Current Date

Search
Close this search box.
Search
Close this search box.

സെബ്രനീസ വംശഹത്യയുടെ ഇരുപത്താറാമാണ്ട്

ബോസ്‌നിയ ഹെർസഗോവിനയിലെ സെബ്രനീസയിൽ നടന്ന മനുഷ്യരാശിയെ ഞെട്ടിച്ച കൂട്ടക്കൊലയുടെ ഇരുപത്താറാം വാർഷികമായിരുന്നു ഇന്ന്. വംശ ശുദ്ധീകരണം അഥവാ ethnic cleansing ആയിരുന്നു 1992 മുതൽ 1995 വരെ നീണ്ടുനിന്ന ബോസ്നിയൻ യുദ്ധം. എന്നാൽ കിഴക്കൻ ബോസ്നിയയിലെ സെബ്രനീസയിൽ 1995 ജൂലൈ 11നും 13നുമിടയിൽ 8,372 നിരപരാധരായ മുസ്‌ലിംകളെ സെർബ് ഭീകരർ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തതിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കാൻ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇപ്പോഴും തയ്യാറായിട്ടില്ല.

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ കൂട്ടക്കൊല ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. സെർബ് ഭീകരർ വെടിവെച്ചു കൊന്നശേഷം വലിയ കുഴികളിലേക്ക് വലിച്ചെറിയപ്പെട്ട മൃതശരീരങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയപ്പെടാനാവാതെ അക്കാലത്ത് മറവു ചെയ്യുകയായിരുന്നു. എൺപത് വലിയ കുഴികളിൽ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങളിൽ 6,900 എണ്ണം ഇതിനകം കണ്ടെടുക്കപ്പെട്ടു. കണ്ടെടുക്കപ്പെടുന്ന മയ്യിത്തുകൾ ഡി.എൻ.എയിലൂടെ തിരിച്ചറിഞ്ഞ ശേഷം കൂട്ടക്കൊലയുടെ വാർഷികത്തിൽ (ജൂലൈ 11-13) ഖബറടക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി പതിവാണ്. തിരിച്ചറിഞ്ഞ 19 മൃതദേഹങ്ങളാണ് ഇന്നലെ വീണ്ടും ഖബറടക്കിയത്. ഇതോടെ തിരിച്ചറിയപ്പെട്ട 6,700 മൃതദേഹങ്ങൾ ഇതിനകം വ്യവസ്ഥാപിതമായി മറവു ചെയ്യപ്പെട്ടു കഴിഞ്ഞു.

ഒരു പ്രത്യേക സമുദായത്തിൽ പിറന്നുപോയി എന്നത് മാത്രമായിരുന്നു ബോസ്നിയൻ മുസ്ലിംകൾ ചെയ്ത ‘കുറ്റം’. അഞ്ചും പത്തും നൂറും ആയിരവുമല്ല, എണ്ണായിരത്തിലേറെ മനുഷ്യരെ സെർബ് വംശീയ ഭീകരർ നിഷ്ഠൂരമായി കൊന്നു തള്ളിയ സംഭവം ഇന്നലത്തേതു പോലെ മനസ്സിൽ തങ്ങിനിൽക്കുന്നു.

റാഡോവാൻ കരാജിച്ച് എന്ന കൊടുംഭീകരനായ സൈകിയാട്രിസ്റ്റിന്റെ നിർദേശാനുസരണം ജനറൽ റാദ്കോ മിലാദിക് നേതൃത്വം നൽകിയ സെർബ് ഭീകരർ സെബ്രനീസ നഗരം പിടിച്ചടക്കിയതോടെയാണ് കൂട്ടക്കൊലക്ക് വഴിയൊരുങ്ങുന്നത്. മുസ്ലിംകളെ സംരക്ഷിക്കേണ്ട ഡച്ച് സൈനികർ ആയുധം വെച്ച് കീഴടങ്ങിയതോടെ യു.എൻ പ്രഖ്യാപിച്ച സുരക്ഷാ മേഖല രക്തപ്പുഴയായി. പുരുഷന്മാരെയും ചെറിയ കുട്ടികളെയും വാഹനങ്ങളിൽ കയറ്റി ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

തുറന്ന മൈതാനങ്ങൾ, കൃഷിയിടങ്ങൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങി കൂട്ടക്കൊല നടത്താൻ ചുരുങ്ങിയത് ആറ് സ്ഥലങ്ങൾ തയ്യാറാക്കിയിരുന്നുവെന്ന് മിലാദികിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ പറയുന്നു. നിരവധി വാഹനങ്ങളിലായാണ് ഇത്രയും ആളുകളെ വെടിവെപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. വെടിവെച്ചു കൊന്ന ശേഷം വലിയ കുഴിയുണ്ടാക്കി മൃതദേഹങ്ങൾ അതിലിട്ടുമൂടി. ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരും ഉണ്ടായിരുന്നു. സ്ത്രീകൾ കൂട്ട മാനഭംഗത്തിനിരയായി. അത്രയും ഭീകരമായിരുന്നു രംഗം.

ആറു രാത്രികൾ സമീപത്തെ വനത്തിൽ ഒളിഞ്ഞിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ഹസൻ ഹസനോവിക് എന്ന വൃദ്ധൻ ബിബിസി ന്യൂസിനോട് പറയുകയാണ്ടായി. തന്റെ കൺ മുന്നിൽ വെച്ചാണ് നിരവധി പേർ വെടിയേറ്റു മരിച്ചതെന്ന് ഭീതിയോടെ അദ്ദേഹം ഓർത്തെടുക്കുന്നു. പരിഷ്‌കൃത യൂറോപ്പ് ലജ്ജിച്ചു തലതാഴ്ത്തേണ്ട സംഭവമാണ് കാൽ നൂറ്റാണ്ടു പിന്നിട്ട സെബ്രനീസ വംശഹത്യ. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ വംശഹത്യയാണിത്. റാഡോവൻ കരാജിച്ചും മിലാഡിക്കും ഹേഗ് ട്രിബ്യൂണലിലെ വിചാരണക്ക് ശേഷം ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. എന്നാൽ കൂട്ടുപ്രതികൾ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നു. വംശഹത്യയുടെ പേരിൽ പരസ്യമായി മാപ്പു പറയാൻ പോലും ഈ പരിഷ്‌കൃത സമൂഹം തയ്യാറായിട്ടില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 23 കൊല്ലം മുമ്പ് ‘ഡെയിലി ടെലിഗ്രാഫി’ൽ എഴുതിയ ലേഖനത്തിൽ വംശഹത്യക്ക് ഇരയായവരെ അവഹേളിക്കുന്ന പരാമർശങ്ങൾ പോലും നടത്തി. വെറുതെയല്ലല്ലോ ഈ മനുഷ്യൻ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായപ്പോൾ സെർബിയൻ ഭരണകൂടം വല്ലാതെ പുകഴ്ത്തിയത്. സെബ്രനീസ വംശഹത്യക്ക് 25 കൊല്ലം തികഞ്ഞ വേളയിൽ ജോൺസൺ കുമ്പസാരം നടത്തിയത് വിസ്മരിക്കുന്നില്ല. ‘സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച പലരെയും ഇന്നും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെ’ന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

ഹോളോകാസ്റ്റ് നിഷേധം മാപ്പർഹിക്കാത്ത കുറ്റമായി കാണുന്നവർ ബോസ്നിയൻ കൂട്ടക്കൊലയെയും വിശാല സെർബിയ എന്ന ആശയത്തെയും പരസ്യമായി പ്രകീർത്തിക്കുന്നവർക്കെതിരെ ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, പട്ടും വളയും നൽകി ആദരിക്കുകയാണ്. സെര്ബ് ഭീകരൻ സ്ലോബോദൻ മിലോസെവിച്ചിനെ വാഴ്ത്തുകയും സെബ്രനീസ കൂട്ടക്കൊലയെ മിഥ്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പീറ്റർ ഹാൻഡ്കെയെ കഴിഞ്ഞ വർഷം സാഹിത്യത്തിനുള്ള നൊബെയ്ൽ പുരസ്‌കാരം നൽകി ആദരിക്കുക പോലുമുണ്ടായി.

മതപരമായി ഓർത്തോഡക്സ് ക്രിസ്ത്യാനികളും രാഷ്ട്രീയമായി സോഷ്യലിസ്റ്റ്, കമ്യുണിസ്റ്റ് ആഭിമുഖ്യമുള്ളവരുമായിരുന്നു സെർബുകൾ. യുദ്ധക്കുറ്റവാളികളായ റാദ്കോ മിലാദിക് കമ്യുണിസ്റ്റ് പാർട്ടി നേതാവായിരുന്നു. സെർബിയൻ പ്രസിഡന്റ് ആയിരുന്ന മിലോസേവിച്ച് സോഷ്യലിസ്റ്റ് നേതാവും ബോസ്‌നിയൻ സെർബ് ഭീകരൻ റഡോവാൻ കറാജിച് ഡെമോക്രറ്റിക് പാർട്ടി നേതാവുമായിരുന്നു. വിശാല സെർബിയ എന്ന സ്ലാവിക് വംശീയതയാണ് ഇവരെ ഒന്നിപ്പിച്ചത്.

സെബ്രനീസ ആവർത്തിക്കപ്പെട്ടേക്കുമെന്നാണ് കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട വഹീദ് സുൽജിക്ക് പറയാനുള്ളത്. തനിക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് സംഭവത്തിന് ദൃക്‌സാക്ഷിയായതെന്ന് വഹീദ് പറയുന്നു. വർഷങ്ങളോളം ട്രോമയിലായിരുന്നു അദ്ദേഹം. കൂട്ടക്കൊലയെ ഇന്നും തള്ളിപ്പറയാത്ത സെർബുകളുടെ നിലപാട് ഭീതിപ്പെടുത്തുന്നുവെന്നാണ് തന്റെ അനുഭവം അൽ ജസീറയുമായി പങ്കുവെക്കവെ വഹീദ് പറഞ്ഞത്. ഇന്നും സെർബിയയും മോണ്ടിനെഗ്രോയുമൊക്കെ ബോസ്‌നിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് വിശേഷിപ്പിക്കാൻ തയ്യാറായിട്ടില്ല.

 

Related Articles