Current Date

Search
Close this search box.
Search
Close this search box.

ട്രാന്‍സ് ജന്‍ഡര്‍, എല്‍.ജി.ബി.ടി.ക്യു വിഷയത്തില്‍ ഇസ് ലാമിന്റെ നിലപാട് ?

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജന്‍ഡര്‍, ക്വീര്‍ , ഇന്റര്‍സെക്‌സ്, അസെകസ് (LGBTQIA+) തുടങ്ങിയ പേരുകളില്‍ വ്യവഹരിക്കപ്പെടുന്ന ലൈംഗിക സ്വത്വങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും അവര്‍ സമൂഹത്തില്‍ നേരിടുന്ന അവഗണന ഇല്ലാതാക്കുന്നതിന് വേണ്ടിയും അടുത്ത കാലത്ത് രൂപപ്പെട്ടതാണ് ഈ പ്രസ്ഥാനം. ഇപ്പോള്‍ അത് അന്തര്‍ദേശീയ തലത്തില്‍ വലിയ ലോബി ഗ്രൂപ്പായി മാറിയിരിക്കുന്നു. ഈ കൂട്ടായ്മയില്‍ സ്വവര്‍ഗ രതിക്കാരും ട്രാന്‍സ് ജന്‍ഡര്‍ , ഇന്റര്‍സെക്‌സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഭിന്ന ലൈംഗികതയുള്ളവരും ഉള്‍പ്പെടുന്നു. വ്യത്യസ്തമായ ലൈംഗിക ഐഡന്റിയുള്ള ഈ വിഭാഗങ്ങള്‍ ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ കാരണം അവര്‍ സമൂഹത്തില്‍ വിവേചനവും അവഗണനയും നേരിടുന്നുവെന്നതാണ്.

സ്വവര്‍ഗലൈംഗികതയെയും ഭിന്ന ലൈംഗികതയെയും ഒരേ രീതിയിലല്ല ഇസ്ലാം സമീപിക്കുന്നത്. സ്വവര്‍ഗരതി ഇസ്ലാം വ്യക്തമായി വിലക്കിയിട്ടുള്ള പാപകര്‍മവും ലൈംഗിക വൈകൃതവുമാണ്. അതിനെ ഗ്ലോറി ഫൈ ചെയ്യുകയോ പ്രാത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു നിലപാടിനെയും ഇസ്ലാം അംഗീകരിക്കുകയില്ല. സ്വവര്‍ഗരതി പ്രവണതയുള്ളവരെ ബോധവല്‍ക്കരണത്തിലൂടെയും തര്‍ബിയത്തിലൂടെയും മനശ്ശാസ്ത്രപരമായ ഇടപെടലുകളുടെയും അതില്‍ നിന്ന് മാറ്റിയെടുക്കുകയാണ് വേണ്ടത്. ഒരു മുസ്ലിമിന് എത്ര ശ്രമിച്ചിട്ടും ഈ പ്രവണതയെ മാറ്റാന്‍ കഴിയുകയില്ലെങ്കില്‍ അവന്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അതില്‍ നിന്ന് പിന്തിരിയണം. ഇത്തരം പ്രവണതകള്‍ മനുഷ്യന്‍ സ്വാംശീകരിക്കുന്നത് അധികവും വളരുന്ന സാഹചര്യങ്ങളില്‍ നിന്നാണ്. ഇത് പോലെ മറ്റു പല ദുഷ്പ്രവണതകളും ശവരതി, മൃഗ രതി, ഇന്‍സെസ്റ്റ് തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും പല മനുഷ്യരും പ്രകടിപ്പിക്കാറുണ്ട്. അതിനൊക്കെ ന്യായീകരണമുണ്ടാക്കുന്നതിന് ഇസ്ലാമികമായി യാതൊരു അടിസ്ഥാനവുമില്ല.

ജീവ ശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീ, പുരുഷ ശാരീരിക, മാനസിക ഗുണങ്ങള്‍ സമ്മിശ്രമായി കാണപ്പെടുന്നവരാണ് ട്രാന്‍സ് ജന്‍ഡര്‍ , ഇന്റര്‍സെക്‌സ് കാറ്റഗറികളില്‍ ഉള്‍പ്പെടുന്നത്. സെക്‌സും ജന്‍ഡറും രണ്ടായിട്ടാണ് ഇപ്പോള്‍ മനസ്സിലാക്കപ്പടുന്നത്. ഒരാളുടെ ജന്‍ഡര്‍ എന്താണെന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണെന്ന് വാദിക്കപ്പെടുന്നു. ഒരു സ്ത്രീക്ക് താന്‍ പുരുഷനാണെന്ന് തോന്നിയാല്‍, ഒരു പുരുഷന് താന്‍ സത്രീയാണെന്ന് തോന്നിയാല്‍ സമൂഹം അത് അംഗീകരിക്കണം എന്നും ലിംഗമാറ്റം വരെയുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരവാന്‍ അവരെ അനുവദിക്കണം എന്നുമാണ് വാദം. സ്ത്രീ, പുരുഷന്‍ എന്ന ദ്വന്ദത്തിലൂടെയാണ് ഇസ്ലാം സെക്‌സിനെയും ജെന്‍ഡറിനെയും വീക്ഷിക്കുന്നത്. ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇതിന് തെളിവാണ്. രണ്ടിലും പെടാത്ത കുറച്ച് മനുഷ്യര്‍ ലോകത്തുണ്ട്. അവരെ അവരുടെ ജീവശാസ്ത്രപരമായ സവിശേഷത വെച്ച് കൊണ്ട് പ്രത്യേകമായി ഇസ്ലാം പരിഗണിക്കുന്നു.

ഖുന്‍സ എന്ന് പറയപ്പെടുന്ന വിഭാഗത്തെ അവരുടെ ലൈംഗികമായ സവിശേഷതകള്‍ പരിഗണിച്ചു കൊണ്ട് ഏത് സെക്‌സി നോടാണോ കൂടുതല്‍ അടുത്തു നില്‍ക്കുന്നത് അതായി പരിഗണിക്കണം എന്നതാണ് ഫിഖ്ഹിന്റെ കാഴ്ചപ്പാട്. അവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ അനുവദനീയമാണ്.

ഖുന്‍സയില്‍ നിന്ന് വ്യത്യസ്തമാണ് മുഖന്നസ്. സ്ത്രീയുടെ വേഷം ധരിക്കുകയും സ്ത്രീയെപ്പോലെ പെരുമാറുകയും ചെയ്യുന്നവരാണ് മു ഖന്നസ്. ലൈംഗികമായി ഇവര്‍ പുരുഷപ്രകൃതം ഉള്ളവരായിരിക്കും. ഇത്തരം സ്ത്രീകളുമുണ്ട്. (മുതറജല്‍). ദുരുദേശ്യപൂര്‍വം ഇങ്ങനെ വേഷം കെട്ടുന്നവരെയാണ്(മുഖന്നിസ് ) ഹദീസില്‍ ശപിക്കുകയും വീടുകളില്‍ നിന്ന് പുറത്താക്കണം എന്ന് പറയുകയും ചെയ്തിട്ടുള്ളത്. ഇവരില്‍നിന്ന് വ്യത്യസ്തമായി മനസികമായി എതിര്‍ലിംഗമാണെന്ന് സ്വയം തോന്നുകയും അങ്ങനെ പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്. അവരെ അവരുടെ ലിംഗത്തില്‍ തന്നെ ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശിക്ഷണവും മാനസിക ചികിത്സകളും നല്‍കണം എന്നതാണ് ഫിഖ്ഹിന്റെ കാഴ്ചപ്പാട്. ലിംഗമാറ്റ ശസ്ത്രക്രിയ ഇവരുടെ കാര്യത്തില്‍ അനുവദനീയമല്ല.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles