Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

തെക്കെ ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിലെ വിദ്യാലയങ്ങളിൽ നടപ്പിലായ ഹിജാബ് നിരോധനവും രാജ്യത്ത് തുടർന്നുണ്ടായ മുസ്ലിം വിരുദ്ധ അക്രമങ്ങളും ഇതിനോടകം ലോക ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. ഇരകൾക്ക് പരിപൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന മദ്ധ്യപൗരസ്ത്യദേശക്കാരുടെ നിലപാടാണ് ഇതിലേറ്റവും ശ്രദ്ധേയം.

പലസ്തീനിയൻ മോഡൽ ബെല്ല ഹദീദ് മുതൽ സമാധാന നോബേൽ സമ്മാന ജേതാവ് മലാല യുസൂഫ് സായ് വരെയുള്ള നിരവധി പ്രമുഖരാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ നേരിടുന്ന വസ്ത്ര സ്വാതന്ത്ര്യ വിവേചനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സ്കൂൾ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട മുസ്ലിം വിദ്യാർഥിനികളുടെ വീഡിയോകൾ സ്ഥാപനത്തിന് പുറത്ത് അവർ നേരിട്ട ദുരനുഭവങ്ങളുടെ നേർസാക്ഷ്യമാണ്.

ഹിജാബിനോടുള്ള വിരോധം പ്രകടിപ്പിക്കാനായി ഹിന്ദു വിദ്യാർഥികൾ കാവി വസ്ത്രങ്ങൾ നിരന്തരം ചുഴറ്റിക്കൊണ്ടിരുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം. ഏതാനും ദിവസങ്ങൾക്കിപ്പുറം മുഖം മറച്ച ഉപഭോക്താവിനെ പണം പിൻവലിക്കാൻ അനുവദിക്കാതിരുന്ന ബാങ്കിന്റെ നിലപാടും ഏറെ വിവാദങ്ങൾ സൃഷ്ടിക്കാനിടയായിരുന്നു. ഹിജാബ് നിരോധനം തങ്ങളുടെ മത സ്വാതന്ത്ര്യത്തിന് കൂച്ചുവിലക്കിടുമോയെന്ന ഭയപ്പെടുന്ന ഇന്ത്യയിലെ ഇരുന്നൂറ് മില്യനോളം വരുന്ന മുസ്ലിം ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക എന്ത് കൊണ്ടും സഗൗരവം ചർച്ച ചെയ്യേണ്ടതാണ്.

കർണ്ണാടകയിലെ വിവാദ സംഭവങ്ങൾ അറബ് ലോകത്ത് പുത്തൻ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. പ്രതിഷേധ പ്ലക്കാർഡുകളേന്തി ഇന്ത്യൻ എംബസ്സിക്ക് മുന്നിൽ സമരത്തിനിറങ്ങിയ നിരവധി പ്രതിഷേധ പ്രകടനങ്ങൾ കുവെത്തിൽ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ അരങ്ങേറിയിട്ടുണ്ട്. വിവാദനിലപാടിൽ നിരാശരേഖപ്പെടുത്തിയ കുവൈത്തി പൗരന്മാർ ഇന്ത്യൻ എംബസ്സി ബഹിഷ്കരണത്തിന് വരെ ആഹ്വാനം ചെയ്തിരുന്നുവെന്നതാണ് ഏറെ കൗതുകം. അറബി, ഇംഗ്ലീഷ് ഭാഷകളിലായി ഹാഷ്ടാഗുകളുടെ അകമ്പടിയോടെ ആരംഭിച്ച പ്രതിഷേധം പൗരസമൂഹത്തിനിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ട്വിറ്ററിലെ ട്രെൻഡിംങ്ങ് ലിസ്റ്റിൽ ഇടം നേടിയത് പ്രതിഷേധം ജനസ്വീകാര്യത നേടിയതിന്റെ വ്യക്തമായ തെളിവാണ്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നായിരുന്നു പല കുവൈത്ത് പൗരന്മാരും ആവശ്യപ്പെട്ടത്.

പൊതു ജനത്തിനിടെയിൽ ആരംഭിച്ച എതിർപ്പ് ഒടുവിൽ രാഷ്ട്രീയ നേതൃത്വം വരെ ചർച്ച ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ആഴ്ച കുവൈത്തിലെ ചില പാർലമെന്ററി അംഗങ്ങൾ രംഗത്ത് വന്നിരുന്നു. പൊതു മദ്ധ്യത്തിൽ മുസ്ലിം വിദ്യാർഥിനികൾ പീഢിപ്പിക്കുന്നത് കണ്ട് കൈയ്യും കെട്ടിനോക്കി നിൽക്കാൻ കഴിയില്ലെന്നാണ പാർലമെന്ററി അംഗങ്ങൾ മേലധികാരികൾക്ക് കത്തെഴുതിയത്. ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സർക്കാർ നിലപാടിനെ ശക്തമായ രീതിയിൽ കുറ്റപ്പെടുത്തി രംഗത്തെത്തിയ ഇറാഖ് മുസ്ലിം പണ്ഡിത സഭ മുസ്ലിം സ്ത്രീകൾക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന മത വിരുദ്ധ നയങ്ങൾ ചൂണ്ടിക്കാണിക്കാനും മറന്നില്ല.

ഹിജാബ് നിരോധനത്തെ അപലപിച്ച് എൻ.ജി.ഒ സംഘടനകളുടെ നേതൃത്വത്തിൽ ഇസ്താംബൂളിൽ അരങ്ങേറിയ ധർണ്ണയും ആഗോള തലത്തിൽ ഹിജാബ് നിരോധന നിയമം എത്രത്തോളം വിമർശനവിധേയമാകുന്നുവെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.

മതവിശ്വാസികൾക്കുമേൽ വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് ഞങ്ങളംഗീകരിക്കില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഗുൽഡൻ സോൻമെസ് പ്രതികരിച്ചത്. തെൽ അവീവിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രതിഷേധ സമരത്തിനിടെ ഹിജാബ് വ്യക്തി സ്വാതന്ത്ര്യമാണ്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്.

ഹിജാബ് ധരിച്ച വിദ്യാകൾക്ക് കലാലയ പ്രവേശനവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ളനിയമ നടപടി തീർത്തും നിരാശാജനകവും ഭീതിപ്പെടുത്തുന്നതുമാണെന്ന് നോബേൽ സമ്മാന ജേതാവ് മലാല യൂസുഫ് സായ് ട്വിറ്റിൽ കുറിച്ചത്. മുസ്ലിം സ്ത്രീകളെ അരികുവത്കരിക്കുന്ന നിലപാടിൽ നിന്ന് ഇനിയെങ്കിലും ഇന്ത്യൻ ഭരണകൂടം പിന്മാറണമെന്നും മലാല ആവശ്യെപ്പെട്ടു.

അതേ സമയം, ഹിജാബ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ച രാജ്യങ്ങളോട് സത്യാവസ്ഥ മനസ്സിലാക്കാനും ന്യൂനപക്ഷസമൂഹത്തോടൊപ്പം നിലയുറപ്പിക്കണമെന്നുമായിരുന്നു ഫലസ്തീൻ സൂപ്പർ മോഡൽ ബെല്ല ഹദീദ് സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാം വഴി ലോകത്തോട് അഭ്യർഥിച്ചത്.

മുസ്ലിം സ്ത്രീകൾക്കെതിരെ വിവേചനപരമായ ഭരണപരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ഇന്ത്യ, ഫ്രാൻസ്, ബെൽജിയം, കൂബ തുടങ്ങിയ രാജ്യങ്ങളോട് നിലവിൽ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്മാറണമെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുന്നു, സ്വന്തം ഉടമസ്ഥതയിൽ പോലുമല്ലാത്ത ശരീരങ്ങളിൽ നിങ്ങൾ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങളുടെ പരിണിത ഫലം അതി ഗുരുതരമാണെന്നു കൂടി സൂചിപ്പിക്കുന്നുവെന്നായിരുന്നു ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടത്.

 

വിവ- ആമിർ ഷെഫിൻ

Related Articles