Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗരതി നിരോധം കോണ്‍ഗ്രസിന് മനുഷ്യാവകാശ പ്രശ്‌നമാകുമ്പോള്‍….

compete.jpg

കഴിഞ്ഞവാരം കടന്ന് പോയത് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്തങ്ങളായ വാര്‍ത്തകളിലൂടെയാണ്. ഒന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസിസ്‌ററന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മുല്ലയെ വിമോചന യുദ്ധകാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ തൂക്കിലേറ്റിയതായിരുന്നു. മറ്റൊന്ന് സ്വവര്‍ഗരതിയും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളും നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയും അതിനോടനുബന്ധിച്ച വാര്‍ത്തകളുമായിരുന്നു.

അബ്ദുല്‍ ഖാദര്‍ മുല്ല തൂക്കിലേറ്റപ്പെട്ടത് 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക് സൈനികരുടെ അതിക്രമങ്ങളുമായി സഹകരിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ടാണ്. ഒരു രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുകയും, ആ കാലത്തിന്റെയും പ്രസ്തുത സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ എടുത്ത നിലപാടുകളുടെ പേരില്‍, ആ രാജ്യം വിഭജിക്കപ്പെട്ടതിനു ശേഷം ഭരണത്തിലിരിക്കുന്ന കക്ഷി തങ്ങളുടെ നിലപാടിനു വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു എന്നതിന്റെ പേരിലും, സര്‍വോപരി ശത്രുവിന്റെ രാഷ്ട്രീയ ഉന്മൂലനം ആഗ്രഹിച്ചുമാണ് ഈ വധശിക്ഷ നടപ്പാക്കിയത്. തീര്‍ത്തും മനുഷ്യാവകാശ ലംഘനത്തിന്റെ ഭീകര കാഴ്ചകളായിരുന്നു ഈ സംഭവം. പക്ഷെ ഈ വിഷയത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് മനുഷ്യാവകാശ പക്ഷത്ത് നിന്ന് സംസാരിക്കുകയോ എന്തെങ്കിലും ഇടപെടല്‍ നടത്തുന്നതായോ കാണാന്‍ സാധിച്ചില്ല. രാഷ്ട്രം പ്രക്ഷുബ്ധാവസ്ഥയില്‍ വീര്‍പ്പുമുട്ടുന്നതിനിടയില്‍ ഒരു പ്രമുഖ നേതാവിന്റെ വധശിക്ഷ നടപ്പാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മനുഷ്യാവകാശ ലംഘനത്തിന്റെ അപ്പോസ്തലന്മാരാണെങ്കിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ബംഗ്ലാദേശ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റൊരു തിരക്കിലായിരുന്നല്ലോ!!

ഹിജഡകളുടെയും സ്വവര്‍ഗ്ഗാനുരാഗികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാസ്  ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒ 2011-ല്‍ സ്വവര്‍ഗരതിയെ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി കാണാനാവില്ലെന്നും 377-ാം വകുപ്പ് നിയമ സാധുതയില്ലെന്നുമുള്ള ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. മനുഷ്യ സമൂഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വിധിയായിരുന്നു സുപ്രീംകോടതിയുടെത്. സ്വവര്‍ഗ്ഗരതി നിയമവിരുദ്ദവും ക്രിമിനല്‍ കുറ്റവുമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. രാജ്യത്തിന്റെ പകുതിയോളം വരുന്ന ദാരിദ്ര്യരേഖക്ക് താഴെ വരുന്ന ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പോലും ഈ രാജ്യത്ത് പൂര്‍ണമായി പരിരക്ഷിക്കപ്പെടുന്നില്ല. എന്നിട്ട് ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും പ്രകൃതിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള വിധിയില്‍ മനംനൊന്ത്, സ്വവര്‍ഗാനുരാകികളുടെ അവകാശത്തിനായി രംഗത്ത് വന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തിയോ ഓര്‍ഡിനന്‍സ് കൊണ്ടുവന്നോ സ്വവര്‍ഗരതി കുറ്റമാക്കിയ 377-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട നീക്കവും നടത്തി. കൂടാതെ സുപ്രീംകോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് സോണിയാഗാന്ധി വിഷയം പാര്‍ലമെന്റ് പരിഗണിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് വാര്‍ത്താകുറിപ്പ് ഇറക്കി. മകനും വിട്ടുകൊടുത്തില്ല. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അനുവദിച്ച ദല്‍ഹി ഹൈക്കോടതിയെയാണ് താന്‍ പിന്തുണക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു.

യു എ പി എ പ്രകാരം ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കള്‍ അകാരണമായി ജയിലിലടക്കപ്പെട്ട് വിചാരണ കൂടാതെ കഴിയുമ്പോള്‍, ഇന്ത്യയിലെ ഒരു പ്രമുഖ മതപണ്ഡിതനായ മഅ്ദനി മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ ഇരയായി. ഈ രാജ്യത്തിന്റെ മനുഷ്യാവകാശ പാരമ്പര്യത്തിന്റെ മുന്നില്‍ ഒരു വലിയ ചോദ്യഛിഹ്നമായി നിലകൊള്ളുമ്പോള്‍ തന്നെയാണ് ലോകം അറിയപ്പെടുന്ന ഒരു ഇസ്‌ലാമിക പണ്ഡിതനും ഒരു പ്രസ്ഥാനത്തിന്റെ നായകനുമായ അബ്ദുല്‍ ഖാദര്‍ മുല്ലക്കെതിരെയുള്ള ബംഗ്ലാദേശ് സെക്യുലറിസ്റ്റ് സര്‍ക്കാറിന്റെ മനുഷ്യാവകാശ വിരുദ്ധ നിലപാടില്‍ അയല്‍ രാജ്യവും സ്വാതന്ത്ര്യസമരത്തിന്റെ വലിയൊരു പൈതൃകമുള്ള ലോകരാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യ കണ്ണടക്കുന്നത്. മനുഷ്യാവകാശ ലംഘനത്തിന്റെ തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ ജനാധിപത്യ പോരാട്ടത്തിന്റെ ചെങ്കടലുകളില്‍ മുങ്ങിത്താഴ്ന്ന ഫറോവമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
 

Related Articles