Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ട്?

 ‘ദ ടൈംസ് ഓഫ് ഇന്ത്യ’ ഇന്ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താകുറിപ്പില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിടെ ഞെട്ടിപ്പിക്കുന്ന കണക്കുകളുണ്ട്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിച്ച പഠനറിപ്പോര്‍ട്ടില്‍ നിന്നെടുത്തതാണ് സ്ഥിതിവിവരക്കണക്ക്. അതനുസരിച്ച് 2012-ല്‍ സെപ്തംബര്‍ വരെ മാത്രം സ്ത്രീകള്‍ക്കുനേരെ 9758 കയ്യേറ്റങ്ങള്‍ നടന്നിരിക്കുന്നു. 715 ബലാല്‍സംഗവും 2798 പീഢനവും 141 തട്ടിക്കൊണ്ടുപോകലും 343 ശല്യം ചെയ്യലുകളും 23 സ്ത്രീധനമരണവും 4050 ഭര്‍തൃബന്ധു പീഢനവും 1688 മറ്റ് അതിക്രമങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവിച്ചതിന്റെ എത്രയോ ചെറിയ അംശയമായിരിക്കും ഇതെന്ന് പറയേണ്ടതില്ലല്ലോ.

ലൈംഗിക പീഢനത്തിനിരയാകുന്നവരില്‍ 25.5 ശതമാനവും പതിനഞ്ചുവയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണ്. അഞ്ചു ശതമാനം അന്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണെന്നത് വിചിത്രമായി തോന്നിയേക്കാം. കൊച്ചുകുട്ടികള്‍ വരെ ബലാല്‍സംഗത്തിനിരയാകുന്നുവെന്നതാണ് സമീപകാല സംഭവങ്ങളില്‍ കാണുന്ന പ്രത്യേകത.

ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റമാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്ന് റിസര്‍ച്ച് കോ ഓഡിനേറ്റര്‍ ഡോക്ടര്‍ താരാഭായി വ്യക്തമാക്കുന്നു.

കേരളം വിദ്യാഭ്യാസപരമായി വളരെ വളര്‍ന്നു. സ്ത്രീകളുടെ ഈ രംഗത്തെ മുന്നേറ്റം അഭിമാനകരമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അധികാരങ്ങളെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്കിവിടെ ഒട്ടും പഞ്ഞമില്ല. സത്രീ സംരക്ഷണത്തിനായുള്ള ഒട്ടേറെ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നു.

ഇവിടെ യഥാര്‍ഥ പ്രതി ലൈംഗിക അരാജകത്വമാണ്. അതിനു പിന്നില്‍ നമ്മുടെ നാട്ടിലെ സിനിമകള്‍ക്കും ചാനല്‍ സീരിയലുകള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും വാരികകള്‍ക്കുമെല്ലാമുള്ള പങ്ക് വളരെ വലുതാണ്. എല്ലാം കുത്തഴിഞ്ഞ ലൈംഗികബന്ധത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നു. സദാചാര നിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും കപടമെന്ന് വിളിച്ച് പരിഹസിക്കുന്നതിലൂടെ അവയെക്കുറിച്ച മതിപ്പ് ഇല്ലാതാക്കുന്നു. അവ പാലിക്കാതിരിക്കാനള്ള പൊതുബോധം വളര്‍ത്തുന്നു. സ്ത്രീ പുരുഷ ബന്ധത്തിലെ എല്ലാ വിലക്കുകളും ലംഘിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയും ആണ്‍-പെണ്‍ കൂടിക്കലരലുകള്‍ സാര്‍വത്രികമാകുകയും ചെയ്തതോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള കയ്യേറ്റങ്ങള്‍ ഇന്നത്തെപ്പോലെ വര്‍ധിക്കാന്‍ തുടങ്ങിയത്.

മതം നിശ്ചയിച്ച പരിധികള്‍ പാലിക്കാന്‍ സമൂഹം സന്നദ്ധമായാല്‍ മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരികയുള്ളൂ. നിയമവും ശിക്ഷയും കര്‍ക്കശമാക്കിയതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നമെന്ന് സമാകാലികാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Related Articles