Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തിന് അന്യമാകുന്ന ധാര്‍മികത

നമ്മുടെ ധാര്‍മിക സദാചാര രംഗം നാള്‍ക്കുനാള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നുവെന്നതിന് പ്രത്യേകം സ്ഥിതി വിവരക്കണക്കുകള്‍ ആവശ്യമില്ല. സമൂഹത്തില്‍ അധാര്‍മികത വരുത്തുന്ന വിനയും ദുസ്വാധീനവും വര്‍ധിക്കുന്നുവെന്നതിനും നമുക്ക് തെളിവുകള്‍ വേണ്ട. ഓരോ ദിവസങ്ങളിലെയും വാര്‍ത്തകള്‍ പകര്‍ത്തുന്ന ദൃശ്യശ്രാവ്യ മാധ്യമങ്ങളും  സോഷ്യല്‍ മീഡിയകളും അതാണ് നമ്മോട് വിളിച്ചു പറയുന്നത്. നിത്യേനെ നാം കേള്‍ക്കുന്ന നിര്‍ലജ്ജമായ വാര്‍ത്തകള്‍ സകലമാന സീമകളും അതിലംഘിച്ച് മുന്നേറുകയാണ്. നമ്മുടെ നാട് ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ പുരോഗതിയുടെ മറ്റൊരു തിരിച്ചടി ഏറ്റു വാങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊല, കൊള്ള, ചതി, ബലാല്‍സംഗം, ചൂഷണം, അഴിമതി തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങളും  സംഭവിക്കാന്‍ പാടില്ലാത്ത നെറികേടുകള്‍ എന്തൊക്കെയുണ്ടോ അതെല്ലാം നമ്മുടെ ചുറ്റുവട്ടത്ത് പോലും രാപ്പകല്‍ ഭേദമില്ലാതെ നടന്നു കൊണ്ടിരിക്കുന്നു.  പ്രസവരംഗം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാന്‍ നമ്മുടെ ഭിഷഗ്വരന്മാര്‍ വരെ തുനിയുമ്പോള്‍ നമ്മുടെ സദാചാര ധാര്‍മിക ബോധം എവിടെയെത്തി നില്ക്കുന്നു?

മനുഷ്യനെ ഗ്രസിച്ചിരിക്കുന്ന സദാചാര തകര്‍ച്ച വളരെ ഭീകരമായി മുന്നേറുകയാണ്. നാണവും മാനവുമില്ലാത്ത വിദ്യാസമ്പന്നരാണ് നെറികേടുകളുടെ വക്താക്കളില്‍ ചിലരെന്ന്  നാം തിരിച്ചറിയുമ്പോള്‍ നമുക്ക് തല താഴ്‌ത്തേണ്ടി വരികയാണ്.  ഇത്തരക്കാരുടെ കഴുകക്കണ്ണുകളില്‍ നിന്നും പൈശാചിക വൃത്തികളില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ എന്ത് മുന്നൊരുക്കങ്ങളാണ് നമുക്ക് ചെയ്യാനാകുക? സഹോദരികളുടെ മാനം കവര്‍ന്നു ആസ്വദിക്കുന്ന കരാള ഹസ്തങ്ങളില്‍ നിന്നും എങ്ങനെ സമൂഹത്തിന് മോചനം ലഭിക്കും? നമ്മുടെ പുകള്‍പെറ്റ  ധാര്‍മികബോധം എങ്ങുപോയി? നമ്മുടെ സത്യസന്ധതക്കും മൂല്യബോധത്തിനും കാര്യമായ വിള്ളലുകള്‍ സംഭവിച്ചുവോ?  തെമ്മാടികൂട്ടങ്ങള്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ നോക്കു കുത്തിയാവാന്‍ നമ്മുടെ ഭരണകൂടത്തെ നാം  അനുവദിക്കരുത്. നിയമ പാലകരും കോടതിയും സന്നദ്ധ സംഘങ്ങളും അവരുടെ കടമ ഭംഗിയായി നിര്‍വഹിക്കണം. മൂല്യവിചാരമുള്ള പുതുതല മുറയുടെ അനിവാര്യത കൂടി ഈ കാലഘട്ടത്തില്‍ നമ്മെ ബോധ്യ പ്പെടുത്തുകയാണിപ്പോള്‍. ധാര്‍മികവിദ്യ കൈമോശം വന്ന ‘വിദ്യാസമ്പന്നര്‍’ തകര്‍ത്തെറിയുന്ന നമ്മുടെ സഹോദരികളുടെ അഭിമാനത്തിനും അന്തസ്സിനും  നമുക്കെന്ത് വില നല്കാന്‍ കഴിയും?

നമ്മുടെ നാട്ടില്‍ ലൈംഗിക ജീവിതം ഇതു പോലെ കുത്തഴിഞ്ഞ മറ്റൊരു കാലം നേരത്തെ ഉണ്ടായിട്ടില്ല എന്ന് പറയേണ്ടുന്ന സ്തിഥി വിശേഷമാണ് സംജാതമായിരിക്കുന്നത്.  ലജ്ജയും മാനവുമില്ലാതെ സ്വന്തം രക്തത്തില്‍ പിറന്നവരെ പോലും തിരിച്ചറിയാത്ത കാമഭീകരന്മാരുടെ സ്വൈര വിഹാരം നടക്കുന്ന ഒരു അസുര കാലം നമ്മുടെ നാട്ടില്‍ പ്രത്യക്ഷ പ്പെട്ടിരിക്കുന്നു എന്ന ഗൗരവമായ ചിന്ത നമുക്കെപ്പോഴും വേണം. ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാതെ മൗനിയാവാനാണ് നമ്മുടെ ഭാവമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരും കാലങ്ങളില്‍ അതിഭീകരമാം വിധം നാം അഭിമുഖീകരിക്കേണ്ടിവരും എന്ന് കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. നമ്മുടെ ഉന്നതമായ സദാചാര ബോധം നഷ്ടപ്പെട്ടുവോ? നെറികേടുകളും വൃത്തികേടുകളും കാണുമ്പോള്‍ മുമ്പൊക്കെ ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നവര്‍ക്ക് ഇന്ന് എന്ത് പറ്റി?  നമ്മുടെ ദുരവസ്ഥക്ക് പലപ്പോഴും കാരണക്കാര്‍ നമ്മള്‍ തന്നെയാണ് എന്ന സത്യം നാം വിസ്മരിക്കുകയാണ്. ചെയ്യേണ്ട ഉത്തരവാദിത്തം അപ്പപ്പോള്‍ നിര്‍വഹിക്കുന്നതില്‍ നാം വീഴ്ച വരുത്തുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ അധികരിക്കാന്‍ ഹേതുവായത്.

നമ്മുടെ ജീവിതത്തെ കുറിച്ചുള്ള ചില അടിസ്ഥാന ചിന്തകള്‍ നമുക്കെപ്പോഴുമുണ്ടാകണം. ദിശാബോധം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന്‍ മൃഗതുല്യനായി അധപതിക്കുന്നത്. മരണത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെയുള്ള യാഥാര്‍ത്യ ബോധ്യത്തില്‍ നിന്നേ ധാര്‍മിക മൂല്യങ്ങളും സദാചാരബോധവും മനുഷ്യനുണ്ടാകൂ. മൂല്യ ബോധമുണ്ടെങ്കിലേ  മനുഷ്യന്‍ സുകൃതവാനാകൂ. കണിശമായ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ മനുഷ്യരുടെ ഓരോ കര്‍മവും വാക്കുകളും സൃഷ്ടാവ് വിചാരണക്ക് വിധേയമാക്കും. ഈ ഒരു ദൃഢമായ ബോധം നഷ്ടപ്പെടുന്നതാണ് മനുഷ്യര്‍ നരാധമന്മാരും നെറികേടുകളുടെ വക്താക്കളുമായി മാറുന്നത്. ശക്തമായ ബോധവത്കരണം ഈ വിഷയത്തില്‍ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. അധാര്‍മികതയെ തുടച്ചു നീക്കാന്‍ ശക്തമായ ശ്രമങ്ങളും ബോധവത്കരണ പരിപാടികളും ആസൂത്രണത്തോടെ നടക്കേണ്ടിയിരിക്കുന്നു. എങ്കിലെ ഒരു പരിധിവരെ അരങ്ങ് തകര്‍ക്കുന്ന അധാര്‍മികതയെന്ന സാമൂഹ്യ വിപത്ത് നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ കഴിയൂ. ഓരോ വ്യക്തിയും സന്നദ്ധ സംഘങ്ങളും  പ്രസ്ഥാനങ്ങളും അവരുടെ ഒരു ധാര്‍മിക ഉത്തരവാദിത്തമായി ഏറ്റെടുത്തു സമൂഹത്തിലെ ഈ അധാര്‍മികതക്കെതിരെ ശക്തമായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായിരിക്കട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

Related Articles